Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല ഡ്യൂട്ടിക്ക് നൽകിയിരുന്ന ഭക്ഷണം ഇപ്പോൾ വെറും കഞ്ഞിയും പയറും; ഭക്ഷണചെലവ് ഒരു ദിവസം എഴുപത് രൂപയിൽ കൂടാൻ പാടില്ലെന്ന ഡിജിപിയുടെ ഉത്തരവോടെ മെസ്സിൽ നൽകുന്നത് മോശം ഭക്ഷണം; ഡ്യൂട്ടിക്ക് മുൻപ് അഡ്വാൻസ് ആയി നൽകാറുള്ള ടിഎ ഡ്യൂട്ടി കഴിഞ്ഞുപോയിട്ടും ലഭിച്ചില്ല; അസോസിയേഷൻ നേതാക്കൾ എട്ടുകാലി മമ്മൂഞ്ഞുകളാണെന്ന് എന്നേ ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അമർഷത്തോടെ പൊലീസുകാരും; യുവതീ പ്രവേശന നീരസമുള്ള മുഖ്യമന്ത്രി പൊലീസുകാർക്ക് പണികൊടുത്തോ?

ശബരിമല ഡ്യൂട്ടിക്ക് നൽകിയിരുന്ന ഭക്ഷണം ഇപ്പോൾ വെറും കഞ്ഞിയും പയറും; ഭക്ഷണചെലവ് ഒരു ദിവസം എഴുപത് രൂപയിൽ കൂടാൻ പാടില്ലെന്ന ഡിജിപിയുടെ ഉത്തരവോടെ മെസ്സിൽ നൽകുന്നത് മോശം ഭക്ഷണം; ഡ്യൂട്ടിക്ക് മുൻപ് അഡ്വാൻസ് ആയി നൽകാറുള്ള ടിഎ ഡ്യൂട്ടി കഴിഞ്ഞുപോയിട്ടും ലഭിച്ചില്ല; അസോസിയേഷൻ നേതാക്കൾ എട്ടുകാലി മമ്മൂഞ്ഞുകളാണെന്ന് എന്നേ ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അമർഷത്തോടെ പൊലീസുകാരും; യുവതീ പ്രവേശന നീരസമുള്ള മുഖ്യമന്ത്രി പൊലീസുകാർക്ക് പണികൊടുത്തോ?

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമലയിലെ പൊലീസുകാരുടെ മെസ് ഫീസ് ചെലവ് വെട്ടിക്കുറക്കാൻ ഡിജിപിയുടെ ഉത്തരവ്. ശബരിമലയിലെ ഒരു ദിവസത്തെ ഭക്ഷണ ചെലവ്ക്കുള്ള പണം 70 രൂപയാക്കി കുറച്ചു കൊണ്ടുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. ശബരിമലയിൽ സേവനം അനുഷ്ടിക്കുന്ന പൊലീസുകാരന്റെ ഭക്ഷണ ചെലവ്ക്ക് അനുവദനീയമായ തുക 70 രൂപയാണെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ശബരിമല ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാർക്ക് സാധാരണ ലഭിക്കുന്ന ടിഎയും ഇത്തവണ നൽകിയിട്ടില്ല. ഡ്യൂട്ടിക്ക് തിരിക്കും മുൻപ് തന്നെ ടിഎ പൊലീസുകാർക്ക് അനുവദിക്കാറുള്ളതാണ്. ഇക്കുറി പൊലീസുകാരുടെ ബാച്ചുകൾ ഡ്യൂട്ടിക്ക് പോയി തിരികെ വന്നിട്ടും ഇതുവരെ ടിഎ അനുവദിച്ചിട്ടില്ല.

ഒരു ബാച്ച് ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയും അടുത്ത ബാച്ച് ഡ്യൂട്ടിക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ശബരിമല ഡ്യൂട്ടിക്ക് പോയി തിരികെ വന്നവർക്കും ടിഎ ലഭിച്ചിട്ടില്ല. അതേസമയം ഡ്യൂട്ടിക്ക് എത്തിയവർക്കും ടിഎ ലഭിച്ചിട്ടില്ല. സാധാരണ അഡ്വാൻസ് ആയി നൽകാറുള്ള ടിഎയാണ് ഡ്യൂട്ടി കഴിഞ്ഞു പോയിട്ടും ലഭിക്കാതെയിരിക്കുന്നത്. ഇത് അന്വേഷിച്ച പൊലീസുകാർക്ക് ലഭിച്ച മറുപടി സാമ്പത്തിക പ്രതിസന്ധിയാണ്. ഫണ്ട് ഇല്ല. ഫണ്ട് വരുമ്പോൾ ടിഎ നൽകും എന്നാണ്. ഇങ്ങിനെ ടിഎ പോലും ലഭിക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ മെസ് ചെലവ് ആണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. ഉത്തരവ് വന്നതോടെ ശബരിമല പൊലീസ് മെസ്സിലെ ഭക്ഷണം വളരെ മോശമായി. പതിനാലു മണിക്കൂറോളം ഡ്യൂട്ടി കഴിഞ്ഞു വരുന്ന ശബരിമലയിലെ പൊലീസുകാരന് വെറും കഞ്ഞിയും പയറുമാണ് മെസിൽ നിന്നും നൽകുന്നത്. കടുത്ത ഡ്യുട്ടിക്ക് പൊലീസുകാർക്ക് നല്കിയിരുന്ന സുഭിക്ഷ ഭക്ഷണമാണ് ഇപ്പോൾ വെറും കഞ്ഞിയും പയറുമായി മാറിയിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സംസ്ഥാന പൊലീസ് സേനയിലെ വലിയൊരു വിഭാഗം നിലകൊണ്ട പ്രശ്‌നത്തിൽ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് നീരസം നിലനിൽക്കെയാണ് ശബരിമല ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ അവകാശങ്ങൾ ഒന്നൊന്നായി ആഭ്യന്തരവകുപ്പ് പിച്ചിചീന്തിയിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം മെസ് നടത്തിപ്പുകാർക്ക് ഒരു ദിവസം എഴുപതു രൂപയിൽ കൂടുതൽ ഒരു പൊലീസുകാരന്റെ ഭക്ഷണത്തിനു ചെലവിടാൻ അനുവാദമില്ല. ശബരിമല പോലുള്ള ഇത്രയും തിരക്കുള്ള ക്ഷേത്രത്തിലെ ആയാസകരമായ ഡ്യുട്ടി അനുഷ്ടിക്കുമ്പോൾ ഭക്ഷണ നിയന്ത്രണം നടപ്പിൽ വരുത്താറില്ല. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയുള്ള ഡ്യൂട്ടിയാണ് പൊലീസുകാർ അനുഷ്ടിക്കുന്നത്. ഈ രീതിയിലുള്ള ഡ്യൂട്ടി എടുക്കുന്ന പൊലീസുകാരുടെ മെസ് അലവൻസ് വെട്ടിക്കുറക്കുന്ന ഒരുത്തരവ് ഇതിനു മുൻപ് ശബരിമലയിൽ ഇറങ്ങിയിട്ടുമില്ല. ഉത്തരവിനെതിരെ കടുത്ത രോഷമാണ് പൊലീസുകാരിൽ നിന്നും ഉയരുന്നത്. മൂന്നു നേരത്തെ ഭക്ഷണത്തിനാണ് 70 രൂപ അനുവദിച്ചിരിക്കുന്നത്.

അതായത് ഒരു നേരത്തെ ഭക്ഷണത്തിനു അനുവദിച്ചിരിക്കുന്നത് ഇരുപത്തിയഞ്ചു രൂപയിൽ താഴെ മാത്രമുള്ള തുകയാണ്. ഉത്തരവ് വന്നതോടെ ഭക്ഷണ നിയന്ത്രണം ശബരിമല പൊലീസ് മെസ്സിൽ നിലവിൽ വരുകയും ചെയ്തു. ഭക്ഷണത്തിന്റെ ക്വാളിറ്റിയിലും അളവിലും വ്യത്യാസം വരുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പൊലീസുകാർ മുറുമുറുപ്പുമായി രംഗത്ത് വന്നത്. എത്ര ദിവസം ഈ കഞ്ഞിയും പയറും മാത്രം കഴിക്കുമെന്നാണ് പൊലീസുകാർ ചോദിക്കുന്നത്. ടിഎ പ്രശ്‌നത്തിലും പൊലീസുകാർക്കിടയിൽ രോഷം പുകയുന്നുണ്ട്. നാളെ ശബരിമല ഡ്യൂട്ടിക്ക് പോകണമെങ്കിൽ ഇന്നു വൈകുന്നേരം തന്നെ പൊലീസുകാരുടെ അക്കൗണ്ടിലേക്ക് ടിഎ എത്തുമായിരുന്നു. ഈ പതിവ് രീതിക്കാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്.

പൊലീസുകാരുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ വൻ രോഷമാണ് ഈ പ്രശ്‌നത്തിൽ കത്തിപ്പടരുന്നത്. രോഷപ്രകടനം മുഴുവൻ പൊലീസ് അസോസിയേഷൻ നേതാക്കൾക്ക് എതിരെയാണ്. രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെ സ്‌ട്രൈക്കർ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ മാനസികാവസ്ഥ നിങ്ങൾ മനസിലാക്കുന്നുണ്ടോ എന്നാണ് പൊലീസുകാർ ഉന്നതതലങ്ങളിലേക്ക് ചോദ്യം എറിയുന്നത്. മുൻപ് അഞ്ച് ടേൺ ഉണ്ടായിരുന്ന ശബരിമല ഡ്യൂട്ടി നാല് ഫേസ് ആവുകയും ജോലി ഭാരം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഡ്യൂട്ടി ചെയ്യുന്നവർക്ക് വിശ്രമവും ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഈ അവസ്ഥ തുടരുമ്പോൾ തന്നെയാണ് മെസിൽ ചെലവ് വെട്ടിക്കുറച്ചുള്ള നിയന്ത്രണവും വരുത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പതയുന്ന പൊലീസ് രോഷപ്രകടനം ഇങ്ങനെ:

പ്രിയപ്പെട്ട എസ്എപി അസോസിയേഷൻ നേതാക്കളെ,
നിങ്ങളൊക്കെ ഉറങ്ങുകയാണോ?
ഉറക്കം നടിക്കുകയാണോ?

സുഖലോലുപതയുടെ അന്ത:പുരങ്ങളിൽ അഭിരമിക്കുമ്പോൾ ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങൾക്ക് കൂടി പരിഹാരം കാണേണ്ടതുണ്ട്.ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഉള്ള തള്ളുകൾ ലേശമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ദയവായി അവസാനിപ്പിക്കുക.

സാധാരണ ശബരിമല ഡ്യൂട്ടിക്ക് പോകുന്നവർക്ക് അഡ്വാൻസ് ടിഎ നൽകാറുണ്ടായിരുന്നു.
ഇപ്പൊ ഡി ഫേസ് ഡ്യൂട്ടി ആയി സി ഫേസ് ഡ്യൂട്ടികാർക്ക് പോലും അഡ്വാൻസ് ടിഎ ലഭിച്ചിട്ടില്ല. നിങ്ങൾ അറിഞ്ഞുവോ?

മുൻപ് അഞ്ച് ടേൺ ഉണ്ടായിരുന്ന ശബരിമല ഡ്യൂട്ടിനാല് 4 ഫേസ് ആവുകയും ജോലിഭാരം വർധിക്കുകയും ചെയ്തു. അതിൽ ഡ്യൂട്ടി ചെയ്ത ആർക്കെങ്കിലും റസ്റ്റ് ലഭിച്ചോയെന്ന് നിങ്ങൾ അന്വേഷിച്ചോ? കഴിഞ്ഞ സി ഫേസ് കഴിഞ്ഞ് റെസ്റ്റിന്റെ ഓർഡർ പോലും വന്നു കണ്ടില്ല.

ഡ്യൂട്ടി പരിഷ്‌ക്കരണം എന്ന നിലയിൽനിങ്ങൾ തള്ളിയ രാവിലെ 8.00 മണി മുതൽ രാത്രി 8.00 വരെയാക്കിയ സ്ട്രൈക്കർ ഡ്യൂട്ടിയിൽ അത് ചെയ്യുന്ന ഡ്യൂട്ടിക്കാരുടെ അവസ്ഥ നിങ്ങൾ അറിഞ്ഞോ? ലീവ് വയ്ക്കാതെ ഒരു ദിവസം മുഴുവൻ ഡ്യൂട്ടി ചെയ്ത് ഒരു ദിവസം റസ്റ്റ് കിട്ടി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സ്ട്രൈക്കർ ഡ്യൂട്ടി നിങ്ങൾ നഷ്ട്ടപെടുത്തിയില്ലേ?

8.00 മണിക്ക് ഫാൾ ഇൻ സമയം ആക്കിയ ക്വാർട്ടർ ഗാർഡ് ഡ്യൂട്ടിയെ പറ്റി സെക്രട്ടറിയുടെ പേരിൽ വന്ന മെസ്സേജിന്റെ അന്ന്മുതൽ ഓഫ് ഗാർഡ് ആണെന്ന് നിങ്ങൾ അറിഞ്ഞോ?

എസ്എപി യുടെ അഭിമാനമായിരുന്ന വിവിധ ഗാർഡുകൾ നഷ്ട്ടപെട്ടപ്പോൾ നിങ്ങൾ മൗനിബാവകളായി നോക്കി നിന്നില്ലേ?

ബറ്റാലിയന്റെ മുഖമുദ്രയായിരുന്ന ട്രെയിനിങ് സെന്റർ പദവി നഷ്ട്ടപെട്ടത് നിങ്ങൾ അറിഞ്ഞുവോ?

പ്രതിബദ്ധതയുണ്ട് എന്ന് എല്ലാ മെസ്സേജിലും പറയുന്ന സംഘടനയ്ക്ക് എന്തിലാണ് പ്രതിബദ്ധതയുള്ളത്?

നിങ്ങൾ എട്ടുകാലി മമ്മൂഞ്ഞുകളാണെന്ന് എന്നേ എസ് എ പി തിരിച്ചറിഞ്ഞുകഴിഞ്ഞു.
മഹത്തായ സംഘടനാ സംവിധാനത്തിന് ശവപെട്ടിയൊരുക്കി കാത്തിരിക്കുന്ന കപടനേതാക്കൾക്ക് വിനീത നമസ്‌കാരം. ?

(തിരമാലയൊഴിഞ്ഞ ശേഷം കടൽ കടക്കുമെന്ന തരത്തിൽ പ്രത്യേക സാഹചര്യമായതുകൊണ്ടാണ് ഇടപെടാൻ കഴിയാത്തതെന്നും 1950 കളിൽ ഇങ്ങനെ ആയിരുന്നുവെന്നുമുള്ള തരത്തിലുള്ള സ്ഥിരം പല്ലവിതള്ളുകൾ പ്രതീക്ഷിക്കുന്നു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP