Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും; വൈകിട്ടോടെ നട തുറക്കുക മേൽശാന്തി സുധീർ നമ്പൂതിരി; ആഴിയിലെ കരി നീക്കം ചെയ്ത് ദേവസ്വം നടപടി; പമ്പയിൽ കനത്ത പൊലീസ് കാവൽ; മകരവിളക്ക് ജനുവരി 15ന്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: മകരവിളക്ക് തീർത്ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ഭക്തർക്ക് ദർശന സൗകര്യം ഒരുക്കും. നെയ്യഭിഷേകവും പൂജകളും നാളെ രാവിലെ തുടങ്ങും.മകരവിളക്ക് 15ന് ആണ്. മകരസംക്രമ പൂജ അന്ന് പുലർച്ചെ 2.30 ന്. 19 വരെ നെയ്യഭിഷേകവും തീർത്ഥാടകർക്ക് 20 വരെ ദർശനവും ഉണ്ട്. തീർത്ഥാടനത്തിനു സമാപനം കുറിച്ച് 21 ന് രാവിലെ 6.30ന് നട അടയ്ക്കും.

തിരക്ക് നിയന്ത്രണത്തിനുള്ള പൊലീസ് സംഘം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ എത്തി. ഇന്ന് രാവിലെ ചുമതലയേൽക്കും.തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിലാണ് മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽനട തുറന്ന് ദീപം തെളിക്കുന്നത്.. മേൽശാന്തിതന്നെ ഉപദേവതാക്ഷേത്രനടകളും തുറക്കും. തുടർന്ന്, തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് ഭക്തർക്ക് വിഭൂതിപ്രസാദം നൽകും.

പതിനെട്ടാംപടിക്കു മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്‌നി പകരും. തുടർന്ന്, അയ്യപ്പഭക്തരെ പതിനെട്ടാംപടി കയറി ദർശനം നടത്താൻ അനുവദിക്കും. നട തുറക്കുന്ന ദിവസം മറ്റുപൂജകൾ ഇല്ല. രാത്രി 9.50-ന് ഹരിവരാസനം പാടി 10-ന് ക്ഷേത്രനട അടയ്ക്കും.31-ന് രാവിലെ മൂന്നുമണിക്ക് ക്ഷേത്രനട തുറക്കും. 3.05-ന് നിർമ്മാല്യദർശനം, അഭിഷേകം, 3.15 മുതൽ ഏഴുമണിവരെ നെയ്യഭിഷേകം, 7.30-ന് ഉഷഃപൂജ, എട്ടുമണിമുതൽ 11.15 വരെ നെയ്യഭിഷേകം. ഒരുമണിക്ക് നടയടയ്ക്കും. വൈകീട്ട് നാലുമണിക്ക് തുറക്കും. 6.30-ന് ദീപാരാധന, രാത്രി 10.50-ന് ഹരിവരാസനം പാടി 11-ന് നടയടയ്ക്കും.

2020 ജനുവരി 15-നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50-ന് മകരസംക്രമപൂജ, വൈകീട്ട് 6.30-ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക്, മകരജ്യോതി ദർശനം. ജനുവരി 16 മുതൽ 20 വരെ മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്ത്. 19-ാംതീയതി വരെമാത്രമേ ഭക്തർക്ക് നെയ്യഭിഷേകം നടത്താനാകൂ. 20-ാംതീയതി പന്തളം രാജകുടുംബത്തിന്റെ വക നെയ്യഭിഷേകവും കളഭാഭിഷേകവും. ഭക്തർക്ക് അന്നുകൂടിയേ ദർശനമുള്ളൂ.ജനുവരി 21-ന് പന്തളം കൊട്ടാരം പ്രതിനിധി അയ്യപ്പനെ ദർശിച്ച് മടങ്ങുന്നതോടെ രാവിലെ 6.30-ന് ക്ഷേത്രനട അടയ്ക്കും.

ആഴിയിലെ കരി നീക്കം ചെയ്തു; നീക്കം അപകടസാധ്യത മുന്നിൽ കണ്ട്

41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിനുശേഷം സന്നിധാനത്തെ ആഴിയിലെ കരി നീക്കംചെയ്തു. മണിക്കൂറുകൾ നീണ്ട യത്‌നത്തിനൊടുവിൽ പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശുദ്ധിസേനയുടെ സഹായത്തോടെയാണ് കരി നീക്കിയത്.
നെയ്‌ത്തേങ്ങയിൽനിന്ന് അഭിഷേകത്തിനായി നെയ്യ് മാറ്റിയശേഷമുള്ള തേങ്ങയാണ് ഭക്തർ ആഴിയിലെ ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്നത്. പതിനെട്ടാംപടിക്ക് മുന്നിലെ ആഴി 2017-ൽ നവീകരിച്ചിരുന്നു. ചൂടുകൂടിയ കരി ഉയർന്ന് അപകടമുണ്ടാകുന്നതും ആഴിയുടെ ഭിത്തിക്ക് കേടുപാടുണ്ടാകുന്നതും തടയാനാണ് പൊതുമരാമത്ത് വകുപ്പ് പുതിയ സംവിധാനം ഒരുക്കിയത്.

കരി പൊങ്ങുമ്പോൾ ചതുരാകൃതിയിലുള്ള ആഴിയുടെ ഉൾവശത്ത് സ്ഥാപിച്ച പൈപ്പിൽനിന്ന് വെള്ളം തുറന്ന് ചൂട് ക്രമീകരിക്കും. ഇതിനായി ആഴിക്കുപുറത്ത് വാൽവുണ്ട്. വെള്ളം തുറക്കുമ്പോൾ, ചാരം അടിഭാഗത്തുകൂടി വലിയനടപ്പന്തലിലെ ഓടയിലൂടെ ഒഴുകിപ്പോകും. അവശേഷിക്കുന്ന ചിരട്ടക്കരി ശേഖരിച്ച് ലേലംചെയ്യും.

ജലവിതരണപൈപ്പുകളിലെ ചോർച്ച നീക്കുന്നതുൾപ്പെടെ അറ്റകുറ്റപ്പണികൾ വാട്ടർ അഥോറിറ്റി തീർത്തു. വൈദ്യുതിവിതരണത്തിലെ ന്യൂനതകൾ കെ.എസ്.ഇ.ബി. പരിഹരിച്ചു. വിശുദ്ധിസേനാംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം അന്തിമഘട്ടത്തിലാണ്. ശബരിമലയിൽമാത്രം 290 വിശുദ്ധിസേനാംഗങ്ങളുണ്ട്. സന്നിധാനത്തിനുപുറമേ പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി മൊത്തം 900 വിശുദ്ധിസേനാംഗങ്ങൾ സേവനം ചെയ്യുന്നു.പുണ്യം പൂങ്കാവനം സംരംഭത്തിന്റെ സന്ദേശങ്ങൾ അറിയിക്കുന്ന വീഡിയോവാൾ തിങ്കളാഴ്ച സ്ഥാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP