Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭരണഘടനയെ സംരക്ഷിക്കേണ്ടത് എന്റെ ചുമതല; പാർലമെന്റ് പാസാക്കിയ നിയമത്തെ സംരക്ഷിക്കാൻ ഞാൻ ഏതറ്റംവരേയും പോകും; എനിക്ക് ഒപ്പമുള്ളവരെ ഇർഫാൻ ഹബീബ് കൈയേറ്റം ചെയ്തു; ഇതിലും മോശം സാഹചര്യം ഞാൻ അനുഭവിച്ചിട്ടുണ്ട്; മുമ്പ് മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്; രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയുമായി എനിക്ക് ബന്ധമില്ല; ഇത്തരം കാര്യങ്ങൾ ബാധിക്കാറുമില്ല'; അഭിപ്രായവ്യത്യാസം ജനാധിപത്യത്തിന്റെ ഭാഗമെന്നും അതിൽ എതിർപ്പില്ലെന്നും നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

'ഭരണഘടനയെ സംരക്ഷിക്കേണ്ടത് എന്റെ ചുമതല; പാർലമെന്റ് പാസാക്കിയ നിയമത്തെ സംരക്ഷിക്കാൻ ഞാൻ ഏതറ്റംവരേയും പോകും; എനിക്ക് ഒപ്പമുള്ളവരെ ഇർഫാൻ ഹബീബ് കൈയേറ്റം ചെയ്തു; ഇതിലും മോശം സാഹചര്യം ഞാൻ അനുഭവിച്ചിട്ടുണ്ട്; മുമ്പ് മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്; രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയുമായി എനിക്ക് ബന്ധമില്ല; ഇത്തരം കാര്യങ്ങൾ ബാധിക്കാറുമില്ല'; അഭിപ്രായവ്യത്യാസം ജനാധിപത്യത്തിന്റെ ഭാഗമെന്നും അതിൽ എതിർപ്പില്ലെന്നും നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ ചരിത്ര കോൺഗ്രസിൽ ഉണ്ടായ സംഭവത്തിൽ തന്റെ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണ്. പാർലമെന്റ് പാസാക്കിയ നിയമത്തെ സംരക്ഷിക്കാൻ താൻ ഏതറ്റംവരേയും പോകുമെന്ന് ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ആദ്യമായല്ല ആക്രമിക്കപ്പെടുന്നത്. മുമ്പ് മൂന്ന് തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയുമായി തനിക്ക് ബന്ധമില്ല. തനിക്ക് ഒപ്പമുള്ളവരെ ഇർഫാൻ ഹബീബ് കൈയേറ്റം ചെയ്തു. ഇതിലും മോശം സാഹചര്യം താൻ അനുഭവിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ല.അഭിപ്രായ വ്യത്യാസം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിൽ തനിക്ക് എതിർപ്പില്ലെന്നും ഗവർണർ വ്യക്തമാക്കി.ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിനു പിന്നാലെ ഗവർണർ ചീഫ് സെക്രട്ടറിയെ രാജ്ഭവനിൽ വിളിച്ചുവരുത്തി. സുരക്ഷാവീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം തേടിയെന്നാണ് സൂചന. ശക്തമായി നടപടികളിലേക്ക് ഗവർണർ നീങ്ങുന്നതിന്റെ സൂചനയാണ്.

കണ്ണൂരിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ ഗവർണർ മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന ആരോപണം സിപിഎം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് ഗവർണർ വ്യക്തമാക്കിയത്.
അതേസമയം, ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഗവർണർ ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന ആരോപണം ചരിത്രകാരൻ ഇർഫാൻ ഹബീബ് നിഷേധിച്ചു. ചരിത്ര കോൺഗ്രസ് വേദിയിൽ പൊലീസുകാർ എന്തിനെത്തിയെന്ന് പിണറായി സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടില്ല. ഗവർണറാണ് ചർച്ച വഴിതിരിച്ചുവിട്ടതെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും പ്രൊഫസർ ഹബീബ് പറഞ്ഞു. പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന വിസിയുടെ വാദമാണ് ഇർഫാൻ ഹബീബ് തള്ളിയത്. സംഘാടക സമിതിയും ഇർഫാൻ ഹബീബിനെ ശരിവച്ചു. .

'ഞാൻ ഗവർണറെ ക്ഷണിച്ചിട്ടില്ല. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസും ഗവർണറെ ക്ഷണിച്ചിട്ടില്ല. അവർ പൊലീസിനെയും ക്ഷണിച്ചില്ല. അവർ അവിടെ വേലികളും സ്ഥാപിച്ചില്ല. ഇത് നമ്മൾ എങ്ങനെ അറിയും? ഇതിന് മറുപടി പറയേണ്ടത് കേരള സർക്കാരാണ്. കേരള പൊലീസാണ് എത്തിയത്. അവർ നാലുപേരെ തടഞ്ഞുവച്ചു', പ്രൊഫസർ ഹബീബിന്റെ വാക്കുകൾ ഇങ്ങനെ. ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ ഗവർണർ രാഷ്ട്രീയം പറയാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ ചരിത്ര കോൺഗ്രസ് എന്നത് സ്വതന്ത്ര സംഘടനയാണ്. കണ്ണൂർ സർവകലാശാലയാണ് ഗവർണറെ ഈ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്. അതുകൊണ്ടുതന്നെ പ്രോട്ടോക്കോൾ ലംഘനം അടക്കമുള്ള കാര്യങ്ങൾ ചരിത്ര കോൺഗ്രസിന് ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരം പറയേണ്ടത് സംസ്ഥാന സർക്കാരാണ്. പരിപാടിയിൽ രാജ്യസഭാ അംഗങ്ങൾ അടക്കമുള്ളവരെ ക്ഷണിച്ചതും സർവകലാശാലയാണെന്നും അദ്ദേഹം പഞ്ഞു. ചരിത്ര കോൺഗ്രസിലെ പ്രതിനിധികളെ തടയാൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു നടപടിയുണ്ടാകുന്നത് പ്രതിഷേധാർഹമാണ്. തന്നെയടക്കം തടയുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായ ഉദ്ഘാടന ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന് സർവകലാശാല വൈസ് ചാൻസലർ. ഇർഫാൻ ഹബീബിന്റെ പ്രസംഗം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരിപാടിയിൽ പല കാര്യങ്ങളും ശരിയായ രീതിയിലായിരുന്നില്ലെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. എന്നാൽ, ചരിത്ര കോൺഗ്രസ് സംഘാടക സമിതി വിസിയുടെ വാദം തള്ളി. ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടില്ല. പരിപാടികൾ തീരുമാനിച്ചത് രാജ്ഭവന്റെ അനുമതി വാങ്ങിയ ശേഷമാണ്. അനുമതി കിട്ടാത്തവ കാര്യങ്ങൾക്ക് കീഴ് വഴക്കങ്ങൾ പോലും മാറ്റി വയ്‌ക്കേണ്ടി വന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഇത്തവണ സദസിലാണ് ഇരുന്നത്. പരിപാടികളിൽ ഗവർണറുടെ ഓഫീസ് മാറ്റം വരുത്തുകയും ചെയ്തുവെന്ന് സംഘാടക സമിതി വിശദീകരിച്ചു.

ഇന്നലെ ഇന്ത്യൻ ചരിത്രകോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യൻ ചരിത്ര കോൺഗ്രസ് കണ്ണൂർ സർവകലാശാലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവർണർക്കെതിരെ പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോൺഗ്രസ് പ്രതിനിധികൾ പ്രതിഷേധിച്ചത്. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധസ്വരമുയർത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ മടങ്ങിയിരുന്നു. എന്നാൽ ഇർഫാൻ ഹബീബ് ബലമായി തന്നെ തടയാൻ ശ്രമിച്ചെന്നും ഇതിന് വീഡിയോ ദൃശ്യങ്ങൾ തെളിവാണെന്നും ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. ഗവർണറുടെ പ്രസംഗത്തിനിടെ പ്രതിഷേധങ്ങളുണ്ടായതിനെ തുടർന്ന് ഗവർണർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറെ നേരിട്ട് വിളിപ്പിക്കുന്ന സാഹചര്യമുണ്ടായി.

ഗവർണർക്കെതിരായ പ്രതിഷേധം അതിരുവിടരുതെന്ന് മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിൽ ഇന്ന് ആവശ്യപ്പെട്ടു. വർഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാൽ കർശന നടപടിയെടുക്കും. പ്രക്ഷോഭങ്ങളിൽ ആവശ്യമില്ലാത്തവർക്ക് ഇടം കൊടുക്കരുത്. സർവകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദ്ദേശം.

അതേസമയം, പദവിക്ക് നിരക്കാത്ത തരത്തിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണഘടനാ പദവി വഹിക്കുന്നവർ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങൾ പരസ്യമായി ലംഘിക്കുകയാണ് ഗവർണർ ചെയ്യുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതിൽ ബിജെപി നേതൃത്വത്തെ പോലെയാണ് കേരള ഗവർണറുടെ നീക്കങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകം ആദരിക്കുന്ന ചരിത്രകാരന്മാർ ഉൾപ്പെടെ പങ്കെടുത്ത ചരിത്ര കോൺഗ്രസിൽ, മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തത്. വളരെ ചെറുപ്പത്തിൽ എംപി ആയിരുന്നതിനാൽ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണ്. ഇന്നലത്തെ രാഷ്ട്രീയ പ്രവർത്തനമല്ല ഇന്നത്തെ ഭരണഘടനാ പദവിയുടെ നിർവഹണം ആവശ്യപ്പെടുന്നതെന്ന് ഗവർണർ തിരിച്ചറിയണം. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനം നടത്താൻ തയ്യാറാവുകയാണ് വേണ്ടത്.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതിൽ ബിജെപി നേതൃത്വത്തെ പോലെയാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ. രാജ്യത്ത് ആദ്യമായി മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്. പാർലമെന്റ് പാസാക്കിയ നിയമം ഭരണഘടനക്ക് അനുസൃതമാണോയെന്ന് പരിശോധിക്കാനുള്ള അവകാശം സുപ്രീം കോടതിയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. രാജ്യത്തെ ഭരണഘടന ഗവർണർക്ക് അങ്ങനെയൊരു സവിശേഷ അധികാരം നൽകുന്നില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടുകളുടെ രാഷ്ട്രീയ പ്രചാരണ ചുമതലയും ഗവർണറിൽ നിക്ഷിപ്തമല്ല.

കഴിഞ്ഞ ബിജെപി സർക്കാർ നിയമിച്ചതാണെങ്കിലും പദവിയുടെ അന്തസത്തക്ക് ചേരുന്ന രീതിയിലായിരുന്നു കഴിഞ്ഞ ഗവർണർ പ്രവർത്തിച്ചിരുന്നതെന്നും പ്രസക്തം. അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ഇപ്പോഴത്തെ ഗവർണർ തയ്യാറാകണം. ഗവർണർമാർ പ്രാദേശിക രാഷ്ട്രീയ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് സർക്കാരിയ കമ്മീഷൻ വ്യക്തമായി ശുപാർശ നൽകിയിട്ടുണ്ട്. ഗവർണർ പദവിയെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്ന രീതി കോൺഗ്രസിന്റെ കാലത്ത് തുടങ്ങിയതാണ്. ബിജെപി ഭരണം ഈ പ്രവണതയെ ശക്തിപ്പെടുത്തി.

സംസ്ഥാനങ്ങളിൽ അധികാരം പിടിക്കുന്നതിനായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ഗവർണർമാരെ ഉപയോഗിച്ചു. കർണാടകയിലും മഹാരാഷ്ട്രയിലും അപമാനകരമായ രീതിയിലേക്ക് ഗവർണർമാർ തരംതാഴ്ന്നു. ആ ഗണത്തിൽ പരിഗണിക്കാവുന്ന രൂപത്തിലാണ് കേരള ഗവർണറുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. ഭരണഘടനാ പദവിയുടെ അന്തസത്ത ഉൾക്കൊണ്ട് ഉയർന്നു പ്രവർത്തിക്കാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാകണമെന്ന് കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP