Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെതിരെ അടിയന്തര നടപടി വേണം; അക്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല; ഉത്തർ പ്രദേശ് പൊലീസിനെതിരെ തുറന്നടിച്ചു കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി; പ്രതിഷേധങ്ങളെ നേരിടുന്നതിൽ ബിജെപിയിലും വിമതസ്വരം; ലഖ്നൗവിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തവർ 'പാക്കിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന പൊലീസിന്റെയും ബിജെപിയുടെയും വാദങ്ങൾ തെറ്റെന്നും റിപ്പോർട്ട്

പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെതിരെ അടിയന്തര നടപടി വേണം; അക്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല; ഉത്തർ പ്രദേശ് പൊലീസിനെതിരെ തുറന്നടിച്ചു കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി; പ്രതിഷേധങ്ങളെ നേരിടുന്നതിൽ ബിജെപിയിലും വിമതസ്വരം; ലഖ്നൗവിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തവർ 'പാക്കിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന പൊലീസിന്റെയും ബിജെപിയുടെയും വാദങ്ങൾ തെറ്റെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഉയർത്തുന്നവരെ നേരിടുന്ന ഉത്തർപ്രദേശ് പൊലീസിന്റെ ശൈലിക്കെതിരെ ബിജെപിക്കുള്ളിലും വിമർശനം. ഉത്തർപ്രദേശിലെ മീററ്റിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി എടുക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ മീററ്റ് എസ്‌പി പ്രതിഷേധക്കാരോട് വർഗീയ പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി. ഇതേ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

വീഡിയോയിലുള്ള ദൃശ്യങ്ങൾ യാഥാർത്ഥ്യമാണെങ്കിൽ അപലപിക്കുന്നു. അടിയന്തരമായി ആ പൊലീസുകാരനെതിരെ നടപടി വേണം. നഖ്വി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. അക്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല. അതൊരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാക്കാൻ സാധിക്കില്ല. നിരപരാധികളെ ബുദ്ധിമുട്ടിലാക്കാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മീററ്റ് എസ്‌പി. അഖിലേഷ് നാരായൺ സിങ്ങാണ് പ്രതിഷേധക്കാർക്കെതിരേ വർഗീയച്ചുവയോടെ സംസാരിച്ചത്. വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞു മടങ്ങുന്ന ചിലരെ സമീപിച്ച സിങ്, പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്കു പോകാൻ പറയുന്നതാണ് ദൃശ്യം.

ഓരോവീട്ടിൽനിന്നും ഒരാളെവീതം ജയിലിലടയ്ക്കുമെന്നും എല്ലാവരെയും നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. സിങ്ങിന്റെ പരാമർശം കടുത്തുപോയെന്നു പറഞ്ഞ എ.ഡി.ജി.പി. പ്രശാന്ത് കുമാർ അദ്ദേഹം പരമാവധി സംയമനം പാലിച്ചിട്ടുണ്ടെന്നുമാണ് പ്രതികരിച്ചത്. അതേസമയം ലഖ്നൗവിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തവർ 'പാക്കിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന പൊലീസിന്റെയും ബിജെപിയുടെ വാദങ്ങളും തെറ്റാണെന്ന് വ്യക്തമായി. ബിജെപി സാമൂഹ്യ മാധ്യമ സെൽ തലവനായ അമിത് മാളവ്യയാണ് ഇന്നലെ ഇക്കാര്യം ആരോപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഇതിനെ പൊളിച്ചുകൊണ്ടാണ് 'ആൾട്ട് ന്യൂസ്' വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

വീഡിയോ അടക്കം ഇട്ടായിരുന്നു മാളവ്യയുടെ ട്വീറ്റ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിക്കുന്ന മീററ്റ് എസ്‌പി അഖിലേഷ് നാരായൺ സിങ്ങിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായതിനെത്തുടർന്നായിരുന്നു പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നുവെന്ന പേരിൽ മറ്റൊരു വീഡിയോ പ്രചരിച്ചത്. ചിലർ 'പാക്കിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചിരുന്നുവെന്നും അവർക്കുള്ള മറുപടിയായാണ് പാക്കിസ്ഥാനിലേക്കു പോകാൻ പറഞ്ഞതെന്നും എസ്‌പി ന്യായീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹരിയാന ബിജെപിയുടെ ഐ.ടി സെൽ തലവൻ അരുൺ യാദവും അതിനുശേഷം മാളവ്യയും ട്വീറ്റ് ചെയ്തു.

ഇതിനിടെ 'പാക്കിസ്ഥാൻ സിന്ദാബാദ്' വിളിച്ചുകൊണ്ടാണു പ്രതിഷേധക്കാർ എത്തിയതെന്നു സ്ഥാപിച്ചുകൊണ്ട് 'സീ ന്യൂസും' വാർത്ത നൽകി. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം പാർട്ടിയുടെ കൊടിയും അതിലുണ്ടായിരുന്നതായി സീ ന്യൂസ് ദൃശ്യങ്ങളിൽ എടുത്തു കാണിച്ചു. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയും അങ്ങനെ തന്നെ റിപ്പോർട്ട് ചെയ്തു. ഡിസംബർ 13-ന് ലഖ്നൗവിൽ എ.ഐ.എം.ഐ.എം നടത്തിയ റാലിയെക്കുറിച്ചായിരുന്നു ഈ ആരോപണങ്ങളൊക്കെയും. എന്നാൽ ആൾട്ട് ന്യൂസ് നടത്തിയ വസ്തുതാ പരിശോധനയിൽ 'പാക്കിസ്ഥാൻ സിന്ദാബാദ്' എന്നല്ല പ്രതിഷേധക്കാർ വിളിക്കുന്നതെന്നും 'കാഷിഫ് സാബ് സിന്ദാബാദ്' ആണെന്നും വ്യക്തമായി.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നിരുന്നു. ഞെട്ടിക്കുന്ന കർശനമായ പൊലീസ് നടപടി പ്രക്ഷോഭകരെ നിശബ്ദരാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞു. 'പ്രശ്‌നക്കാരായ എല്ലാ പ്രക്ഷോഭകരും ഭയന്നു. യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടികളിൽ അക്രമികൾ അച്ചടക്കമുള്ളവരായി. ആരൊക്കെയാണോ പൊതുമുതൽ നശിപ്പിച്ചത് അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അവരിൽ നിന്നെല്ലാം പിഴ ഈടാക്കും. ഓരോ അക്രമിയും ഇപ്പോൾ കരയുകയാണ്. കാരണം ഉത്തർപ്രദേശിൽ യോഗി സർക്കാരാണ്.' യോഗി ആദിത്യനാഥ് പറഞ്ഞു.

'ദ് ഗ്രേറ്റ് സിഎം യോഗി' എന്ന ഹാഷ്ടാഗിലാണ് യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനു പുറമെ പ്രക്ഷോഭകരിൽനിന്നു ലക്ഷങ്ങൾ പിഴ ഈടാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ 21 പേരാണ് യുപിയിൽ മരിച്ചത്. ആയിരക്കണക്കിനു പേരെ കസ്റ്റഡിയിലെടുത്തു. എങ്ങനെയാണ് അക്രമികളെ കൈകാര്യം ചെയ്യേണ്ടതെന്നു യുപി സർക്കാർ തെളിയിച്ചു എന്ന് യോഗി ആദിത്യനാഥ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു. പിഴ ഈടാക്കേണ്ട 498 പേരുടെ പട്ടികയാണു യുപി പൊലീസ് സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1113 പേരെ അറസ്റ്റ് ചെയ്തു. യുപിയിൽ സ്ഥിതി ശാന്തമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP