Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുരാരിയിലെ പതിനൊന്ന് പേരുടെ ദുരൂഹമരണം: ആത്മാക്കൾ ഗതികിട്ടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്ന് ബുരാരി ഗ്രാമവാസികൾ; ഭൂതത്തിലും പ്രേതത്തിലും വിശ്വാസമില്ല, പ്രതീക്ഷിച്ച വാടകയിൽ എല്ലാ സൗകര്യങ്ങളോട് കൂടി ഒരു വീട് കിട്ടി; പ്രേതബംഗ്ലാവെന്ന് മുദ്രകുത്തിയ വീട്ടിൽ ഒടുവിൽ പുതിയ താമസക്കാർ എത്തി

ബുരാരിയിലെ പതിനൊന്ന് പേരുടെ ദുരൂഹമരണം: ആത്മാക്കൾ ഗതികിട്ടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്ന് ബുരാരി ഗ്രാമവാസികൾ; ഭൂതത്തിലും പ്രേതത്തിലും വിശ്വാസമില്ല, പ്രതീക്ഷിച്ച വാടകയിൽ എല്ലാ സൗകര്യങ്ങളോട് കൂടി ഒരു വീട് കിട്ടി; പ്രേതബംഗ്ലാവെന്ന് മുദ്രകുത്തിയ വീട്ടിൽ ഒടുവിൽ പുതിയ താമസക്കാർ എത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2018 ജൂലൈ ഒന്നാം തീയതി. അന്നായിരുന്നു വടക്കു കിഴക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിൽ കൂട്ട ആത്മഹത്യ നടക്കുന്നത്. ഒരു കുടുംബത്തിലെ പതിനൊന്നു പേരാണ് ഒരേദിവസം അന്ന് ആത്മഹത്യ ചെയ്തത്. അതിനുശേഷം കഴിഞ്ഞ ഒന്നരക്കൊല്ലമായി ഈ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജനം അതിനെ പ്രേതവീടായി എന്നു രഹസ്യമായി വിളിച്ചുപോന്നു. ആ വീട് രണ്ടാമതും വാടകയ്ക്ക് നൽകാൻ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും നടന്നില്ല. പലരും വീടിന് അഡ്വാൻസ് വരെ നൽകിയിട്ടുണ്ടെങ്കിലും, താമസം മാറുംമുമ്പ് വീടിന്റെ ചരിത്രമറിഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

ഒരുവിധം അവിടെ താമസിക്കാൻ എത്തിയ ചിലരാകട്ടെ ഒന്നോ രണ്ടോ ദിവസം നിന്നശേഷം ആത്മാക്കളുടെ ശബ്ദം കേട്ടു എന്നൊക്കെ പരാതിപ്പെട്ട് സ്ഥലം വിടുകയായിരുന്നു. ആ വീട്ടിൽ അന്ന് ആത്മാഹുതി ചെയ്ത പതിനൊന്നു പേരുടെയും ആത്മാക്കൾ ഗതികിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട് എന്ന് ബുരാരി ഗ്രാമക്കാർ പറഞ്ഞ് നടക്കുന്നത്. ആ കഥകളിൽ വിശ്വസിച്ചാകും, ഇന്നോളം അവിടെ താമസിക്കാൻ മറ്റാരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല.

എല്ലാ കഥകളും അറിഞ്ഞിട്ടും ഇവിടെ താമസിക്കാൻ ഒരാൾ ഇപ്പോൾ എത്തിയിരിക്കുകയാണ്. പത്തോളജിസ്റ്റായ ഡോ. മോഹൻ കശ്യപാണ് പ്രേതവീടെന്ന് ഗ്രാമവാസികൾ എന്ന് വിളിക്കുന്ന ആ വീട്ടിൽ എത്തിയിരിക്കുന്നത്. 'ഭൂതത്തിലും പ്രേതത്തിലും ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ പ്രതീക്ഷിച്ച വാകടകയിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് കിട്ടി' എന്നാണ് പത്തോളജിസ്റ്റായ ഡോ. മോഹൻ കശ്യപ് പറയുന്നത്. ഭാര്യയും രണ്ട് മക്കളും തന്റെ കൂടെയുണ്ടാകും. വെറും 25,000 രൂപയാണ് വാടക. ഈ വാടകയ്ക്കു ഇത്രയും സൗകര്യമുള്ള ഒരു വീട് ഇവിടെ വേറെ കിട്ടില്ലെന്നും മോഹൻ കശ്യപ് പറഞ്ഞു.

ഭാട്ടിയ കുടുംബത്തിൽ അവശേഷിച്ച ഒരേയൊരു മകൻ ദിനേശ് ഛന്ദാവത്തിന്റെ പേരിലാണ് ഇപ്പോൾ വീട്. ഒക്ടോബറിലാണ് വീട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാകുന്നത്. കൂട്ടമരണം നടക്കുന്ന സമയത്ത് രാജസ്ഥാനിലെ ക്വാട്ടയിലായിരുന്നു അദ്ദേഹം. അവിടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദിനേശ് കൂട്ടമരണത്തിനു ശേഷം ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലുമെത്തി തങ്ങിയിരുന്നു. വീടുമായി ബന്ധപ്പെട്ടു പരന്ന അന്ധവിശ്വാസങ്ങൾ മാറ്റുന്നതിനു വേണ്ടിയായിരുന്നു അത്. ഒക്ടോബർ മധ്യത്തിലാണ് ദിനേശും കുടുംബവും വീട്ടിൽ താമസിച്ചത്. ഒട്ടേറെ പൂജാകർമങ്ങൾ ചെയ്തതിനു ശേഷമായിരുന്നു അത്.

ആ ഇരുനില വീട്ടിൽ താമസമുണ്ടായിരുന്ന ചന്ദാവത്ത് കുടുംബത്തിലെ പതിനൊന്നു പേരാണ് കഴിഞ്ഞ കൊല്ലം ഒരേ ദിവസം ജീവനൊടുക്കിയത്. ഭാട്ടിയാ കുടുംബം എന്നും അറിയപ്പെട്ടിരുന്ന ആ കുടുംബം, രാജസ്ഥാനിൽ നിന്ന് ബുരാരിയിലെ സന്ത് നഗറിലേക്ക് ചേക്കേറിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരുന്നു. അവർക്ക് ഒരു പലചരക്കുകടയും ഒരു പ്ലൈവുഡ് വില്പനശാലയും സ്വന്തമായുണ്ടായിരുന്നു. നാരായണി ദേവി- 77, രണ്ട് മക്കൾ ഭാവനേഷ് - 50, ലളിത് - 45, മരുമക്കൾ സവിത - 48, ടീന - 42, നാരായണിയുടെ മകൾ പ്രതിഭ ഭാട്ടിയ - 57, കൊച്ചുമകൾ പ്രിയങ്ക - 33 (പ്രതിഭയുടെ മകൾ), നിധി- 25 (ഭാവനേഷിന്റെ മൂത്ത മകൾ), മേനക- 23 (ഭാവനേഷിന്റെ ഇളയ മകൾ ), ധ്രുവ് - 15 (ഭവാനിഷിന്റെ ഇളയ മകൻ), ശിവം - 15 (ലളിതിന്റെ ഒരേയൊരു മകൻ) എന്നിവരാണ് ആ കുടുംബത്തിലുണ്ടായിരുന്നത്.

ഒരു മുറിയുടെ നിലത്ത് നാരായണി ദേവിയുടെ മൃതദേഹം കിടന്നിരുന്നു. തൊട്ടടുത്ത മുറിയിൽ പല റെയിലിങ്ങുകളിലായി തൂങ്ങിയാടുന്ന നിലയിൽ ഭാവനേഷ്, ലളിത്, സവിത, ടീന, നിധി, മേനക, ധ്രുവ്, ശിവം എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. പ്രതിഭയുടെ മൃതദേഹം കണ്ടെടുത്തത് വേറൊരു മുറിയുടെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ്. അതേ മുറിയിൽ ചലനമറ്റു കിടക്കുന്നുണ്ടായിരുന്നു പ്രതിഭയുടെ മകൾ പ്രിയങ്കയും. അന്ന് ആ വീട്ടിൽ മരിക്കാതെ അവശേഷിച്ചത് അവരുടെ വീട്ടിലെ പട്ടി മാത്രമാണ്. അതും ഇരുപതു ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം വന്ന് മരണമടഞ്ഞിരുന്നു. എന്നാൽ പുതിയ താമസക്കാർ എത്തിയെങ്കിലും പ്രേത ഭീതി ഇപ്പോഴുമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP