Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിൽ തർക്കം തുടങ്ങിയതോടെ കുട്ടനാട്ടിൽ പൊതുസമ്മതനായ സ്വതന്ത്രനെ നിർത്താൻ ആലോചന തുടങ്ങി യുഡിഎഫ്; അരൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച പി ടി തോമസിന് മേൽനോട്ട ചുമതല നൽകാൻ നീക്കം; തോമസ് ചാണ്ടിയുടെ കുടുംബാംഗത്തെ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി എൻസിപിയും; സഹതാപ തരംഗം മുതലെടുക്കാൻ ഭാര്യ മേഴ്‌സിയെ സ്ഥാനാർത്ഥിയാക്കണം എന്ന് പൊതുഅഭിപ്രായം; സഹേദരനെയും പരിഗണിക്കുന്നു

പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിൽ തർക്കം തുടങ്ങിയതോടെ കുട്ടനാട്ടിൽ പൊതുസമ്മതനായ സ്വതന്ത്രനെ നിർത്താൻ ആലോചന തുടങ്ങി യുഡിഎഫ്; അരൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച പി ടി തോമസിന് മേൽനോട്ട ചുമതല നൽകാൻ നീക്കം; തോമസ് ചാണ്ടിയുടെ കുടുംബാംഗത്തെ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി എൻസിപിയും; സഹതാപ തരംഗം മുതലെടുക്കാൻ ഭാര്യ മേഴ്‌സിയെ സ്ഥാനാർത്ഥിയാക്കണം എന്ന് പൊതുഅഭിപ്രായം; സഹേദരനെയും പരിഗണിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ യുഡിഎഫിൽ അടിമുടി ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. കേരളാ കോൺഗ്രസിനുള്ളിലെ തമ്മിലടിയാണ് ഇവിടെ പ്രധാന പ്രശ്‌നമായി മാറുന്നത്. അതുകൊണ്ട് തന്നെ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് യുഡിഎഫിനുള്ളിലെ ആലോചന. എംഎ‍ൽഎ.യായിരുന്ന തോമസ് ചാണ്ടി മരിച്ചതിനുപിന്നാലെ സീറ്റിന് അവകാശമുന്നയിച്ച് മുന്നണി ഘടകകക്ഷികൾ പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണിത്.

കഴിഞ്ഞദിവസങ്ങളിൽ കേരളാകോൺഗ്രസ് ജോസഫ്-ജോസ് വിഭാഗം നേതാക്കളാണ് സീറ്റിനു മേൽ അവകാശമുന്നയിച്ചത്. സ്ഥാനാർത്ഥി നിർണയത്തിന് ജനുവരി ആറിന് യോഗം ചേരുമെന്ന് ജോസഫ് വിഭാഗം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടനാട്ടുകാരനായ അദ്ധ്യാപകനെ സ്ഥാനാർത്ഥിയാക്കുമെന്ന് ജോസ് വിഭാഗം മുതിർന്ന നേതാവ് ജേക്കബ് തോമസ് അരികുപുറം ഇതിനു മറുപടിയും പറഞ്ഞു. തൊട്ടുപിന്നാലെ, സീറ്റ് വിഷയത്തിൽ പരസ്യ അഭിപ്രായപ്രകടനം പാടില്ലെന്ന അഭ്യർത്ഥനയുമായി യു.ഡി.എഫ്. ആലപ്പുഴ ജില്ലാ ചെയർമാൻ എം. മുരളിയുമെത്തി.

കഴിഞ്ഞതവണ തോമസ് ചാണ്ടിയോട് മത്സരിച്ചത് യു.ഡി.എഫിലെ ജോസഫ് വിഭാഗക്കാരനായ ജേക്കബ് എബ്രഹാമായിരുന്നു. സ്വാഭാവികമായും സീറ്റ് ജോസഫ് ഗ്രൂപ്പിനു കിട്ടുമെന്ന പ്രതീക്ഷയിലാണ് അവർ. കേരളാകോൺഗ്രസിലെ ഏതു വിഭാഗത്തിനു സീറ്റുകൊടുത്താലും മറുവിഭാഗം വാരുമെന്ന ആശങ്കയാണ് മുന്നണി നേതൃത്വത്തിനുള്ളത്. പാലായിലെ ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠവുമതാണ്.

തമ്മിലടിക്കുന്ന കേരളാകോൺഗ്രസ് വിഭാഗങ്ങൾക്ക് സീറ്റ് കൊടുക്കാതെ കോൺഗ്രസ് മത്സരിക്കണമെന്ന താത്പര്യം പാർട്ടിനേതാക്കൾക്കുണ്ട്. എന്നാലിത് ഘടകകക്ഷി സീറ്റ് അടിച്ചുമാറ്റിയെന്ന ആക്ഷേപത്തിനു വഴിവെക്കും. ഇതിനുള്ള പോംവഴിയാണ് പൊതുസമ്മതനായ സ്വതന്ത്രൻ എന്നത്. മണ്ഡലത്തിൽ സ്വാധീനമുള്ള ചില നേതാക്കളെ മുന്നണിയിലെ മുതിർന്ന നേതാക്കൾ സമീപിച്ചതായാണ് വിവരം. വൈകാതെ മണ്ഡലത്തിൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും. അരൂർ ഉപതിരഞ്ഞെടുപ്പിനു ചുക്കാൻപിടിച്ച പി.ടി. തോമസ് എംഎ‍ൽഎ.യ്ക്കു തന്നെയായിരിക്കും ചുമതലയെന്നാണ് സൂചന.

അതേസമയം കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിയുടെ കുടുംബത്തിലെ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കാനാണ് എൻസിപി ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ആദ്യം കുടുംബത്തിന്റെ അഭിപ്രായം ആരായും. ജില്ലയുടെ പുറത്ത് നിന്ന് സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും എൻ.സി.പി ജില്ലാ അധ്യക്ഷൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങൾ എൽ.ഡി.എഫിലും എൻ.സി.പിയിലും സജീവമാണ്. സ്ഥാനാർത്ഥിയെ പറ്റിയുള്ള പ്രാരംഭ ചർച്ചകൾ ഉടൻ ആരംഭിക്കും. സഹതാപ തരംഗം സൃഷ്ടിച്ച് കുട്ടനാട് സീറ്റ് നിലനിർത്തണമെങ്കിൽ എൻ.സി.പിക്ക് തോമസ് ചാണ്ടിയുടെ കുടുംബത്തിലെ ഒരാളെ സ്ഥാനാർത്ഥിയാക്കേണ്ടതുണ്ട്.

തോമസ് ചാണ്ടിയുടെ ഭാര്യ മേഴ്‌സിയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പൊതു അഭിപ്രായം. അല്ലാത്ത പക്ഷം സഹോദരനെ സ്ഥാനാർത്ഥിയാക്കാനും ആലോചന നടക്കുന്നനുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് നൽകുമെന്ന അഭ്യൂഹം പരന്നെങ്കിലും അതുണ്ടാകില്ലെന്ന് സിപിഎം ജില്ലാ ഘടകം വ്യക്തമാക്കി. സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് എൻ.സി.പിയും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP