Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രത്യക്ഷപ്പെടുന്നത് ബാങ്ക് മാനേജർ, റവന്യു ഉദ്യോഗസ്ഥൻ, കലക്ടറുടെ അസിസ്റ്റന്റ്, ഗൾഫിലെ വ്യവസായിയുടെ പഴ്‌സനൽ അസിസ്റ്റന്റ് തുടങ്ങിയ വേഷങ്ങളിൽ; സ്ത്രീകളെ പരിചയപ്പെട്ട് സാമ്പത്തിക സഹായമോ പലിശയില്ലാത്ത വായ്പയോ വാഗ്ദാനം ചെയ്യും; അപേക്ഷ നൽകാൻ കയറുമ്പോൾ സ്വർണാഭരണം ധരിക്കാൻ പാടില്ലെന്നു വിശ്വസിപ്പിച്ചു തഞ്ചത്തിൽ ഊരിവാങ്ങും; അപേക്ഷ എഴുതാൻ കടലാസ് വാങ്ങാനെന്ന് പറഞ്ഞു മുങ്ങും; ലക്ഷങ്ങൾ കവർന്ന തട്ടിപ്പു വീരൻ മുസ്തഫ ഒടുവിൽ പെട്ടു

പ്രത്യക്ഷപ്പെടുന്നത് ബാങ്ക് മാനേജർ, റവന്യു ഉദ്യോഗസ്ഥൻ, കലക്ടറുടെ അസിസ്റ്റന്റ്, ഗൾഫിലെ വ്യവസായിയുടെ പഴ്‌സനൽ അസിസ്റ്റന്റ് തുടങ്ങിയ വേഷങ്ങളിൽ; സ്ത്രീകളെ പരിചയപ്പെട്ട് സാമ്പത്തിക സഹായമോ പലിശയില്ലാത്ത വായ്പയോ വാഗ്ദാനം ചെയ്യും; അപേക്ഷ നൽകാൻ കയറുമ്പോൾ സ്വർണാഭരണം ധരിക്കാൻ പാടില്ലെന്നു വിശ്വസിപ്പിച്ചു തഞ്ചത്തിൽ ഊരിവാങ്ങും; അപേക്ഷ എഴുതാൻ കടലാസ് വാങ്ങാനെന്ന് പറഞ്ഞു മുങ്ങും; ലക്ഷങ്ങൾ കവർന്ന തട്ടിപ്പു വീരൻ മുസ്തഫ ഒടുവിൽ പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശ്ശൂർ കലക്ട്രേറ്റ് കേന്ദ്രീകരിച്ചു സ്ത്രീകളെ വെട്ടിൽവീഴ്‌ത്തി സ്വർണാഭരണങ്ങളും പണവും തട്ടിയ തട്ടിപ്പുവീരൻ ഒടുവിൽ അറസ്റ്റിൽ. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫയാണ് (43) പലവിധ തട്ടിപ്പുകൾക്കൊടുവിൽ പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്. കലക്ടറേറ്റിൽ നിന്നു വായ്പ തരപ്പെടുത്തി നൽകാമെന്നു തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ സ്വർണമാല ഊരിവാങ്ങി കടന്നു കളഞ്ഞ കേസിലാണ് ഇയാളെ പൊലീസ് പൊക്കിയത്. സാധുക്കളായ നിരവധി സ്ത്രീകളെയും ഇയാൾ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

പണവും മാലയുമായി മുസ്തഫ തിരിച്ചെത്തുന്നതും കാത്ത് മണിക്കൂറുകളോളം കലക്ടറേറ്റ് പടിക്കൽ കാത്തുനിന്ന വെളുത്തൂർ സ്വദേശിനി സീതമ്മ (62) കണ്ണീരോടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി സങ്കടം പറഞ്ഞപ്പോഴേക്കും മുസ്തഫ മുങ്ങിയിരുന്നു. എന്നാൽ, പൊലീസ് ഇയാളെ സമർത്ഥമായി പൊക്കുകയും ചെയ്തു. സമാന മാതൃകയിൽ ആഭരണങ്ങൾ കവർന്നതിന്റെ പേരിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ആശുപത്രികൾ, കോടതികൾ, സർക്കാർ ഓഫിസുകളുടെ പരിസരം എന്നിവിടങ്ങളിൽ കാത്തുനിന്നാണ് തട്ടിപ്പ് നടത്തുന്നത്. പ്രായമായ സ്ത്രീകളെയാണ് ഇയാൾ ശരിക്കും വെട്ടിലാക്കുന്നത്. ഇവരെ പരിചയപ്പെട്ട് സാമ്പത്തിക സഹായമോ പലിശയില്ലാത്ത വായ്പയോ വാഗ്ദാനം ചെയ്തു അടുത്തു കൂടുകയാണ് ചെയ്യുക. കലക്ടറുടെ അസിസ്റ്റന്റാണ് എന്നു വരെ പറഞ്ഞാണ് ഇയാൾ ആളുകളെ വെട്ടിലാക്കിയിരുന്നത്.

ഒരു സംശയവും തോന്നാത്ത വിധത്തിൽ ആഭരണങ്ങൾ ഊരിവാങ്ങുന്നതിൽ മിടുക്കനാണ് ഇയൾ. വെളുത്തൂർ സ്വദേശിനി സീതമ്മയെ നവംബർ 30ന് ജില്ലാ ആശുപത്രിക്കു സമീപത്തു വച്ചാണ് മുസ്തഫ പരിചയപ്പെട്ടത്. പ്രായമായ സ്ത്രീകൾക്ക് പലിശയില്ലാതെ 3 ലക്ഷം രൂപ കലക്ടറുടെ ഓഫിസിൽ നിന്നു വായ്പയായി നൽകുന്നുണ്ടെന്നായിരുന്നു മുസ്തഫ സീതമ്മയോടു പറഞ്ഞത്. ഈ വാഗ്ദാനം കേട്ടു വീണ സീതാമ്മയെ വായ്പ വാങ്ങിനൽകാമെന്നു പറഞ്ഞ് കലക്ടറേറ്റിലേക്കു കൂട്ടിക്കൊണ്ടുപോയ ശേഷം സ്വർണമാല ഊരിവാങ്ങി മുങ്ങുകയായിരുന്നു.

പല വേഷങ്ങളിലാണ് ഇയാൾ അവതരിക്കാറുള്ളത്. ബാങ്ക് മാനേജർ, റവന്യു ഉദ്യോഗസ്ഥൻ, കലക്ടറുടെ അസിസ്റ്റന്റ്, ഗൾഫിലെ വ്യവസായിയുടെ പഴ്‌സനൽ അസിസ്റ്റന്റ് തുടങ്ങിയ വേഷങ്ങളിലാണ് മുസ്തഫ പ്രത്യക്ഷപ്പെടുന്നത്. കലക്ടറുടെ ഓഫിസിലേക്കു വായ്പയുടെ അപേക്ഷ നൽകാൻ കയറുമ്പോൾ സ്വർണാഭരണം ധരിക്കാൻ പാടില്ലെന്നു വിശ്വസിപ്പിക്കും. സ്വർണാഭരണമുണ്ടെങ്കിൽ വായ്പ കിട്ടില്ലെന്നാണ് വിശ്വസിപ്പിക്കുക. ആഭരണങ്ങൾ ഊരി ബാഗിൽ വച്ചാൽ കണ്ടുപിടിക്കാൻ കലക്ടറുടെ ഓഫിസിൽ മെഷീൻ ഉണ്ടെന്നുകൂടി പറയുമ്പോൾ പലരും സ്വർണം ഊരി മുസ്തഫയെ സൂക്ഷിക്കാൻ ഏൽപ്പിക്കും. അപേക്ഷ എഴുതാനുള്ള കടലാസ് വാങ്ങിക്കൊണ്ടു വരാമെന്നു പറഞ്ഞാണ് മുങ്ങൽ.

വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട്, എറണാകുളം ജില്ലകളിലും കർണാടകയിലും മുസ്തഫ ഇത്തരം തട്ടിപ്പുകൾ നടത്തി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രായമായ സ്ത്രീകൾക്ക് പിന്നീടു തന്നെ തിരിച്ചറിയാൻ സാധിക്കില്ലെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. ആഡംബര ജീവിതത്തിനു പണം കണ്ടെത്താനായിരുന്നു തട്ടിപ്പ്. ക്രൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്റെ മേൽനോട്ടത്തിൽ വെസ്റ്റ് എസ്ഐ ഉമേഷ്, സിറ്റി ക്രൈം സ്‌ക്വാഡ് എസ്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എഎസ്ഐമാരായ ജയനാരായണൻ, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിപിഒമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സിപിഒമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, അബീഷ്, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP