Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാശ്മീർ വിഷയത്തിൽ പാക് അനുകൂല നിലപാടുമായി സൗദി അറേബ്യ; കാശ്മീർ വിഷയം ചർച്ച ചെയ്യാൻ ഇസ്ലാമിക രാഷ്ട്ര സംഘടനയുടെ വിദേശകാര്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിക്കാൻ സൗദി; ഇമ്രാൻഖാന്റെ താൽപ്പര്യത്തിന് എംബിഎസ് വഴങ്ങുന്നത് മലേഷ്യ വിളിച്ചു ചേർത്ത മുസ്ലിം ഉച്ചകോടിയിൽ നിന്നും പാക്കിസ്ഥാൻ പിന്മാറിയതിന്റെ ഉപകാര സ്മരണയ്ക്ക്; കടുത്ത അതൃപ്തി അറിയിക്കാൻ ഒരുങ്ങി ഇന്ത്യ; ഇന്ത്യൻ പൗരത്വനിയമത്തിൽ ആശങ്കയുണ്ടെന്ന് പറഞ്ഞത് പിന്നാലെ ഒഐസി ഇടപെടൽ ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധം

കാശ്മീർ വിഷയത്തിൽ പാക് അനുകൂല നിലപാടുമായി സൗദി അറേബ്യ; കാശ്മീർ വിഷയം ചർച്ച ചെയ്യാൻ ഇസ്ലാമിക രാഷ്ട്ര സംഘടനയുടെ വിദേശകാര്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിക്കാൻ സൗദി; ഇമ്രാൻഖാന്റെ താൽപ്പര്യത്തിന് എംബിഎസ് വഴങ്ങുന്നത് മലേഷ്യ വിളിച്ചു ചേർത്ത മുസ്ലിം ഉച്ചകോടിയിൽ നിന്നും പാക്കിസ്ഥാൻ പിന്മാറിയതിന്റെ ഉപകാര സ്മരണയ്ക്ക്; കടുത്ത അതൃപ്തി അറിയിക്കാൻ ഒരുങ്ങി ഇന്ത്യ; ഇന്ത്യൻ പൗരത്വനിയമത്തിൽ ആശങ്കയുണ്ടെന്ന് പറഞ്ഞത് പിന്നാലെ ഒഐസി ഇടപെടൽ ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാടുമായി സൗദി അറേബ്യ. കാശ്മീർ ഇന്ത്യയുടേതാണന്നും ഈ വിഷയത്തിൽ മറ്റൊരു രാജ്യം ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും നിലപാടെടുക്കുന്ന ഇന്ത്യക്ക് തിരിച്ചടിയായി കാശ്മീർ വിഷയം ചർച്ച ചെയ്യാൻ വേണ്ടി ഇസ്ലാമിക രാഷ്ട്ര സംഘടന(ഒഐസി)യുടെ പ്രത്യേക യോഗം വിളിക്കാനാണ് സൗദി ഒരുങ്ങുന്നത്. ഇക്കാര്യം പാക്കിസ്ഥാൻ മാധ്യമം ഡോൺ ആണ് റിപ്പോർട്ടു ചെയ്തത്. ഒഐസിയിൽ അംഗങ്ങളായ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം ചേർന്ന് കാശ്മീർ ചർച്ച ചെയ്യും എന്നാണ് പുറത്തുവരുന്ന വാർത്ത. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രത്യേക തൽപ്പര്യ പ്രകാരമാണ് കാശ്മീർ വിഷയം ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയുമായി അടുത്ത ബന്ധമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുള്ളത്.

അടുത്തിടെ മലേഷ്യ ക്വാലാലംപൂരിൽ വിളിച്ചുചേർത്ത മുസ്‌ലിം ഉച്ചകോടിയിൽ നിന്നും പാക്കിസ്ഥാൻ പിന്മാറിയത് സൗദി അറേബ്യയുടെ കടുത്ത സമ്മർദ്ദങ്ങളുടെ ഫലായിട്ടായിരുന്നു. സൗദി നിലപാടിനപ്പം നിന്നതിന്റെ പ്രത്യുപകാരം എന്ന നിലയിൽ കാശ്മീർ വിഷയം ഒഐസി ചർച്ച ചെയ്യണമെന്ന നിലപാട് സൗദി അംഗീകരിക്കുകയായിരുന്നു എന്നാണ് സൂചന. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ അത് കടുത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ മലേഷ്യ വിളിച്ച മുസ്ലി ഉച്ചകോടി ഒഐസിക്ക് ബദൽ എന്ന നിലയിലാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ യോഗത്തിനെതിരെ കടുത്ത വിമർശനമാണ് സൗദി അറേബ്യ ഉന്നയിച്ചത്. 57 അംഗ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്കു ബദലായി ക്വാലലംപുരിൽ നടന്ന ചതുർദിന ഉച്ചകോടിയിൽ പ്രമുഖ മുസ്‌ലിം രാജ്യങ്ങളായ ഇറാൻ, തുർക്കി, ഖത്തർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

പുതിയ സംഘടനയ്ക്കുള്ള ശ്രമമല്ല ഉച്ചകോടിയെന്നും ഇസ്‌ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യമെന്നും മലേഷ്യയുടെ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ഇതേക്കുറിച്ച് ആശങ്ക അറിയിച്ച സൗദിയിലെ സൽമാൻ രാജാവിനു മറുപടി നൽകിയിരുന്നു. സൽമാൻ രാജാവിനെയും ഉച്ചകോടിക്കു ക്ഷണിച്ചിരുന്നെങ്കിലും സ്വീകരിച്ചില്ല. സൗദിയുടെ സമ്മർദത്തിനു വഴങ്ങി പാക്കിസ്ഥാനും അവസാന നിമിഷം പിന്മാറുകയാണ് ഉണ്ടായത്. ഇത്തരം ഉച്ചകോടികൾ മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായേക്കുമെന്ന് ഒഐസി സെക്രട്ടറി ജനറൽ യൂസഫ് അൽ ഉത്തൈമീൻ വിമർശിച്ചു. യുഎസിന്റെ സാമ്പത്തിക ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് ഇറാന്റെ പ്രസിഡന്റ് ഹസൻ റൂഹാനി ഉച്ചകോടിയിൽ ആഹ്വാനം ചെയ്യുകയും ഉണ്ടായി.

മുസ്ലിം ഉച്ചകോടിയിൽ നിന്നും പിന്മാറിയതിന് ഉപകാര സ്മരണ എന്നോണമാണ് ഒഐസി കാശ്മീർവിഷയം ചർച്ചചെയ്യാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും മുസ്ലിംരാജ്യങ്ങൾ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട ഇന്ത്യയിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി നേരത്തെ രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ പുതിയ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ അറിയിച്ചു.

അയോധ്യ വിധി, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിലാണ് ഒഐസി ആശങ്ക പ്രകടിപ്പിക്കുന്നത്. 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. സൗദി അറേബ്യ, തുർക്കി, മലേഷ്യ, .യുഎഇ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ പ്രധാനികൾ. കശ്മീർ വിഷയത്തിലും ഒഐസി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിഷയങ്ങൾ ഒഐസിയുടെ ജനറൽ സെക്രട്ടറിയേറ്റ് നിരീക്ഷിക്കുന്നുണ്ട്. മുസ്ലിങ്ങളുടെ സുരക്ഷ ഇന്ത്യൻ ഭറണകൂടം ഉറപ്പാക്കണം. മുസ്ലിം മതസ്ഥാപനങ്ങൾ സംരക്ഷിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു. വിവേചനം കൂടാതെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ ഇന്ത്യ പാലിക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നത് മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും മൊത്തത്തിൽ ബാധിക്കുമെന്നും ഒഐസി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെ കാശ്മീർ വിഷയം ചർച്ച ചെയ്യാൻ ഒഐസി യോഗം ചേരുന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോഴത്തെ നീക്കങ്ങളിലെല്ലാം പ്രധാനമായിരിക്കുന്ന കാര്യം. അടുത്തിടെ യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയത് സൗദി കിരീടാവകാശി നൽകിയ പ്രത്യേക വിമാനത്തിലായിരുന്നു. യുഎൻ സമ്മേളനത്തിന് പോകാനായി യാത്രാവിമാനം ഉപയോഗിക്കാനായിരുന്നു ഇമ്രാൻ ഖാൻ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ അദ്ദേഹത്തെ അതിഥിയായി കണക്കാക്കിയാണ് സൗദി കിരീടാവകാശി ഇമ്രാൻ ഖാന് വേണ്ടി പ്രത്യേക വിമാനം നൽകിയത്. അത്രയ്ക്ക് സൗഹൃദം ഇരുവർക്കും ഇടയിലുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാക്കിസ്ഥാൻ. സൗദിയിൽ നിന്നടക്കം കൂടുതൽ നിക്ഷേപം രാജ്യത്ത് എത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നനുണ്ട്. അടുത്തിടെ മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാനിലും സന്ദർശിച്ചിരുന്നു. രണ്ടായിരം കോടി ഡോളറിന്റെ നിക്ഷേപ-സഹകരണ പദ്ധതികളാണ് കൂടിക്കാഴ്ചയിൽ ഒപ്പു വെച്ചത്. പാക് സന്ദർശനത്തിന് ശേഷം അദ്ദേഹം ഇന്ത്യയും സന്ദർശിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് നേരത്തെ ആറായിരം കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു സൗദി അറേബ്യ. നേരത്തെ യുഎൻ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ വിഷയം ഉയർത്തിയിരുന്നു പാക്കിസ്ഥൻ. അതിനൊക്കം അന്ന് ഇന്ത്യ കൃത്യമായ മറുപടിയും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP