Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചു: മന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും ഓണറേറിയം വർധിപ്പിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അങ്കണവാടി വർക്കർ, മിനി അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ എന്നിവരുടെ പ്രതിമാസ ഓണറേറിയം യഥാക്രമം 12,000, 11,000, 8,000 രൂപയായാണ് വർധിപ്പിച്ചത്. വർധിപ്പിച്ച ഓണറേറിയം നൽകുന്നതിനായി 29,76,48,000 രൂപ ബജറ്റ് വിഹിതത്തിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ബജറ്റ് വിഹിതം തീരുന്ന മുറയ്ക്ക് അധിക ധനാനുമതിക്കുള്ള ശിപാർശ സമർപ്പിക്കാൻ വനിത ശിശുവികസന ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ 33,115 അങ്കണവാടി വർക്കർമാർക്കും 32,986 ഹെൽപ്പർമാർക്കും പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണുള്ളതെങ്കിലും ബഹുഭൂരിപക്ഷം തുകയും സംസ്ഥാനമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ അങ്കണവാടി വർക്കർമാരുടെ ഓണറേറിയം 4,500 രൂപയായും ഹെൽപ്പർമാരുടെ ഓണറേറിയം 2,250 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് യഥാക്രമം കേന്ദ്ര സർക്കാർ നൽകുന്നത്. ബാക്കി വരുന്ന അങ്കണവാടി വർക്കർമാർക്കുള്ള 9,300 രൂപയും ഹെൽപ്പർമാർക്കുള്ള 6,650 രൂപയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ അംഗൻവാടി ജീവനക്കാർക്ക് നൽകുന്ന വേതനം മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാർക്ക് നൽകുന്നതിനേക്കാൾ വളരെ കൂടുതലാണ്. അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഹോണറേറിയം 6,600 രൂപയും 4,100 രൂപയുമായിരുന്നത് യഥാക്രമം 10,000 രൂപയും, 7,000 രൂപയും ആയി വർദ്ധിപ്പിച്ചിരുന്നെങ്കിലും വർദ്ധിപ്പിച്ച തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ വർദ്ധനവ് പ്രാബല്യത്തിൽ വന്നിരുന്നില്ല. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വർദ്ധനവിന്റെ 50 ശതമാനം സാമൂഹ്യ നീതി വകുപ്പ് വഹിക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിച്ച തുക ജീവനക്കാർക്ക് ലഭ്യമാക്കി. 2018-19 മുതൽ സാമൂഹ്യ നീതി വകുപ്പ് വഴി തന്നെ വർദ്ധിപ്പിച്ച തുക മുഴുവനായും നൽകി വരുന്നു. ഇതുകൂടാതെ അംഗൻവാടി വർക്കർമാരുടെ പെൻഷൻ 500 രൂപയിൽ നിന്നും 2,000 രൂപയായും ഹെൽപ്പർമാരുടെ പെൻഷൻ 300 രൂപയിൽ നിന്നും 1200 രൂപയായും അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു.

ഇതിന് പുറമേ അങ്കണവാടി ഹെൽപ്പർമാർക്ക് അങ്കണവാടി സെന്ററുകളുടെ ശരിയായ നടത്തിപ്പിൽ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 250 രൂപ പെർഫോമൻസ് ഇൻസന്റീവ് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതി പ്രകാരം അങ്കണവാടി വർക്കർമാർക്കും 500 രൂപ പെർഫോമൻസ് ഇൻസന്റീവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP