Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഴുവൻ വീഡിയോ ദൃശ്യങ്ങളുമായി എത്തണം; കണ്ണൂർ സർവകലാശാല വി സിയോട് ഗവർണർ; പ്രതികരിച്ചത് ഭരണഘടന ആക്രമിക്കപ്പെടുന്നെന്ന് കുറ്റപ്പെടുത്തിയപ്പോൾ; അതുകൊണ്ടാണ് എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയത്; പ്രതിഷേധം അക്രമാസക്തമാകുന്നത് അംഗീകരിക്കാനാവില്ലെന്നും വിശദീകരണം; സർക്കാർ സ്പോൺസേഡ് പ്രതിഷേധം; ഗവർണർക്കു സംരക്ഷണം കൊടുക്കാൻ സർക്കാരിന് ആവില്ലെങ്കിൽ കേന്ദ്രം ബദൽ മാർഗം തേടുമെന്ന് ബിജെപി; ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ വിവാദം

മുഴുവൻ വീഡിയോ ദൃശ്യങ്ങളുമായി എത്തണം; കണ്ണൂർ സർവകലാശാല വി സിയോട് ഗവർണർ; പ്രതികരിച്ചത് ഭരണഘടന ആക്രമിക്കപ്പെടുന്നെന്ന് കുറ്റപ്പെടുത്തിയപ്പോൾ; അതുകൊണ്ടാണ് എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയത്; പ്രതിഷേധം അക്രമാസക്തമാകുന്നത് അംഗീകരിക്കാനാവില്ലെന്നും വിശദീകരണം; സർക്കാർ സ്പോൺസേഡ് പ്രതിഷേധം; ഗവർണർക്കു സംരക്ഷണം കൊടുക്കാൻ സർക്കാരിന് ആവില്ലെങ്കിൽ കേന്ദ്രം ബദൽ മാർഗം തേടുമെന്ന് ബിജെപി; ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസ് പരിപാടിക്കിടെയുണ്ടായ പ്രതിഷേധ സംഭവത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയുടെ മുഴുവൻ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്താനാണ് വി സിക്ക് ഗവർണർ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെ ബിജെപിയും സർക്കാറിനെതിരെ രംഗത്തെത്തി. പരിപാടിക്കിടെ വിവാദപരാമർശം നടത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതിഷേധം നേരിട്ട ഗവർണർ വിശദീകരിച്ചു.

പ്രതിഷേധം അക്രമാസക്തമാകുന്നത് അംഗീകരിക്കാനാവില്ല. ജനകീയ പ്രതിഷേധങ്ങളോട് തോറ്റുകൊടുത്താൽ വിപരീത ഫലമുണ്ടാകും. ചരിത്ര കോൺഗ്രസിൽ തികഞ്ഞ അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചത്. ഭരണഘടന അക്രമിക്കപ്പെട്ടെന്ന് മറ്റ് അതിഥികൾ കുറ്റപ്പെടുത്തിയത് തനിക്ക് അംഗീകരിക്കാനായില്ല. തന്റെ പ്രസംഗം തടസ്സപ്പെടുത്തിയവരോട് ദേഷ്യമില്ലെന്നും ഗവർണർ പറഞ്ഞു. പ്രതികരിച്ചത് ഭരണഘടന ആക്രമിക്കപ്പെടുന്നെന്ന് കുറ്റപ്പെടുത്തിയപ്പോഴാണ്. അതുകൊണ്ടാണ് എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയത്. ഭരണഘടന തകർന്നുവെന്ന് അംഗീകരിക്കാൻ തനിക്കാവില്ല. ചരിത്ര കോൺഗ്രസ് രണ്ട് നൂറ്റാണ്ടുകളായി അസഹിഷ്ണുത പ്രകടിപ്പിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

അതേസമയം കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ ഗവർണർക്ക് സംരക്ഷണം കൊടുക്കാൻ സംസ്ഥാന സർക്കാരിന് ആവുന്നില്ലെങ്കിൽ കേന്ദ്രം ബദൽ മാർഗം ആലോചിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പ്രതികരിച്ചു. സർക്കാർ സ്പോർൺസേഡ് പ്രതിഷേധമാണ് കണ്ണൂരിൽ ഗവർണർക്കെതിരെ ഉണ്ടായതെന്ന് രമേശ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയാണ് ഗവർണർ. രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. ഭരണഘടനാപരമായ ചുമതല വഹിക്കുന്ന ഗവർണർക്കു സംരക്ഷണം കൊടുക്കാനുള്ള ബാധ്യത സംസ്ഥാനത്തിനുണ്ട്. സംസ്ഥാനം ആ ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന് ബദൽ മാർഗം തേടേണ്ടിവരും- എംടി രമേശ് പറഞ്ഞു.

പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പുവച്ച് അംഗീകരിക്കുകയും ചെയ്ത ഒരു നിയമത്തിന് എതിരായി ഗവർണർ സംസാരിക്കണമെന്നാണോ പറയുന്നത്? അതെങ്ങനെ സാധ്യമാവും? ഗവർണർക്ക് ഭരണഘടനയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിൽ അദ്ദേഹം നിലപാട് സ്വീകരിക്കുന്നത്. ഗവർണർക്കെതിരെ ചില മന്ത്രിമാരും സ്പീക്കറും സംസാരിക്കുന്നതു കണ്ടു. അവർ ഭരണഘടന വായിച്ചു മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് എംടി രമേശ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇത്തരത്തിൽ ഒരു യോഗത്തിന് പ്രസക്തിയൊന്നുമില്ല. എന്നാൽ മുഖ്യമന്ത്രി വിളിച്ച യോഗത്തോട് ബിജെപിക്കു നിഷേധാത്മക സമീപനവുമില്ല. പങ്കെടുക്കുകയാണെങ്കിൽ ഗവർണർക്കെതിരെ ഉണ്ടായ പ്രതിഷേധം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിക്കുമെന്ന് രമേശ് അറിയിച്ചു.

ഇന്ന് രാവിലെ കണ്ണൂരിൽ ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കവേയാണ് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്. ചരിത്ര കോൺഗ്രസിലെ പ്രതിനിധികളും വിദ്യാർത്ഥികളുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഉദ്ഘാടന പ്രസംഗത്തിൽ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. തുടക്കത്തിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടഞ്ഞു. എന്നാൽ പിന്നീട് പൊലീസ് നാല് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധങ്ങൾക്കിടയിലും ഗവർണർ പ്രസംഗം പൂർത്തിയാക്കി.

എന്നാൽ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ല. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, എന്നും ഗവർണർ. കേരളത്തിലെമ്പാടും പല പരിപാടികളിലും പങ്കെടുക്കുന്ന ഗവർണർ തുടർച്ചയായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിക്കുന്നുണ്ടായിരുന്നു.

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത ചരിത്രകാരന്മാരും വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടർന്ന് കയ്യിലുള്ള കടലാസുകളിൽ 'പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക' എന്നെഴുതിയ പ്ലക്കാർഡുകളായി എഴുതി അവർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ഇടപെട്ടത്. പ്രതിനിധികളെയും വിദ്യാർത്ഥികളെയും ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിലെടുക്കാൻ നീക്കമുണ്ടായെങ്കിലും ഇത് സംഘാടകർ തടയുകയായിരുന്നു.

പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട് ഗവർണർ തുടർന്നതോടെയാണ് സദസ്സിൽനിന്ന് പ്രതിഷേധം ഉയർന്നത്. ഗവർണർക്ക് നേരെ ഷെയിം ഷെയിം വിളികളുമായി മുൻനിരയിൽനിന്നുള്ള പ്രതിനിധികൾ എഴുന്നേറ്റു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളും ഉയർന്നു. സി.എ.എക്കും പൗരത്വപട്ടികക്കുമെതിരെ പ്ലകാർഡുകളും ഇവർ ഉയർത്തിക്കാട്ടി. പ്രതിഷേധിച്ചവരെ സദസ്സിൽ നിന്ന് പിടിച്ചുമാറ്റാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജെ.എൻ.യു, അലീഗഡ് യൂനിവേഴ്സിറ്റികളിൽ നിന്നെത്തിയ പ്രതിനിധികളാണ് പ്രതിഷേധിച്ചത്.

എന്നാൽ പ്രതിഷേധം വകവെക്കാതെ ഗവർണർ ഏതാനും മിനുട്ടുകൾ കൂടി പ്രസംഗം തുടർന്നു. എന്നാൽ പ്രതിഷേധം രൂക്ഷമാകുന്നത് കണ്ട ചടങ്ങിലെ അധ്യക്ഷൻ പ്രമുഖ ചരിത്രകാരൻ ഇൻഫാൻ ഹബീബ് പ്രസംഗം അവസാനിപ്പിക്കാൻ ഗവർണറോട് നിർദ്ദേശിക്കുകയായിരുന്നു. 15 മിനിട്ടിനകം പ്രസംഗം അവസാനിപ്പിച്ച് ഗവർണർ വേദി വിടുമ്പോഴും സദസ്സിൽനിന്ന് ശക്തമായ പ്രതിഷേധവും കൂവലും ഉയർന്നു. ഗവർണർ പുറത്തേക്ക് പോകുമ്പോൾ നിയമ ഭേദഗതിക്കുമെതിരെ പ്രതിനിധികളിൽ നിന്ന് നിരവധി പേർ എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP