Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടകളിൽ ഇനി 'പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം' എന്ന് ബോർഡ് സ്ഥാപിക്കണം: ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള വലിയ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കർശ്ശനമായ പരിശോധനകൾ: നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടർ; ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം

കടകളിൽ ഇനി 'പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം' എന്ന് ബോർഡ് സ്ഥാപിക്കണം: ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള വലിയ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കർശ്ശനമായ പരിശോധനകൾ: നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടർ; ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: ജനുവരി ഒന്ന് മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയിൽ കർശ്ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം തീയതി മുതൽ തദ്ദേശ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

പ്ലാസ്റ്റിക് നിരോധനത്തിൽ മുഖ്യ പങ്ക് വഹിക്കാനുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വരും തലമുറയ്ക്ക് വേണ്ടി എല്ലാവരും നിയമത്തിന്റെ നടത്തിപ്പിനായി സഹകരിക്കണമെന്ന് പറഞ്ഞ കളക്ടർ നിരോധനത്തിന്റെ പരിധിയിൽ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമാക്കി.

തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തുന്ന പരിശോധനകൾക്ക് റവന്യൂ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കുമെന്ന് പറഞ്ഞ കളക്ടർ ശുചിത്വമിഷന്റെ നിർദ്ദേശങ്ങൾ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ പഠിക്കണമെന്നും നിർദ്ദേശിച്ചു. അടുത്തമാസം 25ന് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കണമെന്നും കളക്ടർ പറഞ്ഞു. നിരോധനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി സംഘടനകളുമായി ചേർന്ന് താഴെത്തട്ടിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം എന്ന ബോർഡ് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശ്ശിപ്പിക്കാൻ ശ്രമിക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള വലിയ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കർശ്ശനമായ പരിശോധനകൾ നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

ഇ.പി.ആർ പരിധിയിൽ വരുന്ന ബ്രാന്റുകളുടെ ഉത്പന്നങ്ങൾക്ക് നിരോധനത്തിൽ ഇളവുകളുണ്ട്. ഇ.പി.ആർ പരിധിയിൽ വരുന്ന ബ്രാന്റുകൾ അവർ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനാലാണ് ഇളവ് അനുവദിക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തെ നേരിടുന്നതിനായി ജില്ലിയിലെ കുടുംബ ശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന രണ്ട് രൂപ മുതൽ വിലയുള്ള തുണി സഞ്ചികൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് പ്ലാസ്റ്റിക് വിമുക്ത ജില്ലയ്ക്കായി കൂട്ടായ പരിശ്രമം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളോട് അഭ്യർത്ഥിച്ചു. നിരോധനവുമായി ബന്ധപ്പെട്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. പ്ലാസ്റ്റിക് വിമുക്ത സമൂഹം ഒരു സംസ്‌കാരമായി വളർത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റി സെക്രട്ടറി സലീന വി.ജി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ സുജിത് കരുൺ, ജില്ലിയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP