Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടി കൂറു തെളിയിച്ചു; സംയുക്ത സേനാ മേധാവി പദവി ബിപിൻ റാവത്തിന് തന്നെ; പ്രതിപക്ഷ പാർട്ടികളുടെ കനത്ത എതിർപ്പിനിടയിൽ മൂന്ന് സേനകളുടെയും തലവനാകാൻ ഒരുങ്ങി കരസേന മേധാവി; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനം വൻ വിവാദത്തിലേക്ക് നീങ്ങിയേക്കും

രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടി കൂറു തെളിയിച്ചു; സംയുക്ത സേനാ മേധാവി പദവി ബിപിൻ റാവത്തിന് തന്നെ; പ്രതിപക്ഷ പാർട്ടികളുടെ കനത്ത എതിർപ്പിനിടയിൽ മൂന്ന് സേനകളുടെയും തലവനാകാൻ ഒരുങ്ങി കരസേന മേധാവി; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനം വൻ വിവാദത്തിലേക്ക് നീങ്ങിയേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പതിവിൻ നിന്നും വിപരീതമായി രാഷ്ട്രീയ അഭിപ്രായം രേഖപ്പെടുത്തിയ കരസേന മേധാവിക്കെതിരെ കടുത്ത രോഷമാണ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉയരുന്നത്. രാജ്യത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ബിപിൻ റാവത്ത് നടത്തിയ പരാമർശമാണ് ഈ എതിർപ്പുകൾ ക്ഷണിച്ചു വരുത്തിയത്. എന്നാൽ ഈ പരാമർശം ഒരു മണിയടിയുടെ ഭാഗമാണ് എന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാർ പുതുതായി രൂപം നൽകിയ സംയുക്ത സേനാധിപൻ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സിഡിഎസ്) എന്ന പദവിയിലേക്കു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് നിയമിതനാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. റാവത്തിനെ നിയമിച്ചാൽ ഇതിനെതിരെ പ്രതികരിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ഒരുങ്ങുന്നത.

കര, നാവിക, വ്യോമ സേനാ മേധാവികളുടെ സംയുക്ത സമിതിയായ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇന്നലെ നടത്താനിരുന്ന ചടങ്ങ് മാറ്റിവച്ചതോടെയാണിത്. മൂന്നു മേധാവികളിൽ ഏറ്റവും മുതിർന്നയാളെന്ന നിലയിൽ റാവത്താണു കമ്മിറ്റിയുടെ അധ്യക്ഷൻ. ഈ മാസം 31നു കരസേനയിൽ നിന്നു വിരമിക്കുന്ന സാഹചര്യത്തിൽ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം നാവികസേനാ മേധാവി അഡ്‌മിറൽ കരംബീർ സിങ്ങിനു റാവത്ത് കൈമാറുന്ന ചടങ്ങാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ചടങ്ങ് 31ലേക്കു മാറ്റിയതായി ഇന്നലെ അറിയിപ്പെത്തി.

സിഡിഎസ് പദവിയിൽ റാവത്ത് നിയമിതനായാൽ, കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹത്തിനു തുടരാനാവും. റാവത്ത് സിഡിഎസ് ആകുമെന്നതിന്റെ സൂചനയാണു ചടങ്ങ് അവസാന നിമിഷം മാറ്റിയതെന്നു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ സൂചിപ്പിച്ചു റാവത്ത് കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിനെതിരായ പ്രതിഷേധം അടങ്ങിയിട്ടില്ല. സേനാ ഉദ്യോഗസ്ഥർ രാഷ്ട്രീയ പരാമർശങ്ങൾ നടത്തരുതെന്ന കരസേനാ ചട്ടത്തിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണു റാവത്തിന്റെ നടപടിയെന്ന ആക്ഷേപവും ശക്തം.

അതിനിടെ ബിപിൻ റാവത്തിന്റെ പ്രസ്താനയെ പിന്തുണച്ചു കൊണ്ട് മുൻ കരസേന മേധാവി വി കെ സിങ് രംഗത്തുവന്നു. 'ഞാനതിൽ ഒരു രാഷ്ട്രീയവും കാണുന്നില്ല, അദ്ദേഹം അത് പറയാനുണ്ടായ സാഹചര്യം മാധ്യമങ്ങൾ പരിശോധിക്കുക'' വി.കെ സിങ് വ്യക്തമാക്കി. പ്രതിഷേധം നടത്തുമ്പോൾ സമാധാനം നിലനിർത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതിൽ എവിടെയാണ് രാഷ്ട്രീയം എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർ നേതാക്കളല്ലെന്നും, അക്രമങ്ങൾ നടത്താൻ ജനക്കൂട്ടത്തെ വിദ്യാർത്ഥികൾ നയിക്കുന്നത് നല്ലതല്ലെന്നുമായിരുന്നു റാവത്തിന്റെ പ്രസ്താവന.

രാഷ്ട്രീയത്തിന് അതീതനും നിക്ഷ്പക്ഷനും ആയിരിക്കേണ്ട കരസേനാ മേധാവി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെപ്പറ്റി രാഷ്രട്രീയപരമായി സംസാരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ നമ്മുടെ രാജ്യത്ത് പ്രതിപക്ഷത്തിന് എന്തും ഒരു വിവാദമാക്കി മാറ്റാൻ കഴിയും. അദ്ദേഹം ഏതു സാഹചര്യത്തിലാണ് ആ പ്രസ്താവന നടത്തിയത് എന്നതാണ് പ്രധാനം. എന്താണ് ഉദേശിച്ചത് എന്ന് റാവത്തിനോട് തന്നെ ചോദിക്കുക. അനാവശ്യമായി പൊതുമുതൽ നശിപ്പിക്കരുതെന്നു ഞാൻ വിദ്യർത്ഥികളോട് പറഞ്ഞാൽ അത് രാഷ്ട്രീയമാകുമോ. അതാണ് അദ്ദേഹവും ചെയ്തത്. ഈ ചോദ്യം നിങ്ങളോടു തന്നെ ചോദിച്ച് ഉത്തരം കണ്ടെത്തുക എന്നും വി.കെ സിങ് പറഞ്ഞു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സർക്കാർ ഒരാഴ്‌ച്ച് മുമ്പാണ് അംഗീകാരം നൽകിയത്. പുതുതായി രൂപവത്കരിക്കുന്ന സൈനിക വകുപ്പിന്റെ മേധാവിയായിരിക്കും 4 സ്റ്റാർ ജനറൽ പദവിയുള്ള സിഡിഎസ്. സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടായിരിക്കും. സർക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാനായും സിഡിഎസ് പ്രവർത്തിക്കും.

കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മേധാവിമാരിൽ ഏറ്റവും മുതിർന്നയാളെയാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചേക്കുക. മൂന്ന് സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതും സർക്കാരിന് സൈനിക ഉപദേശങ്ങൾ നൽകുകയുമാണ് സിഡിഎസിന്റെ പ്രധാന ചുമതല. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളിലും സമാനമായ പദവി നിലവിലുണ്ട്.

കാർഗിൽ യുദ്ധത്തിന് ശേഷമാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി വേണമെന്ന നിർദ്ദേശമുയർന്നത്. വിവിധ സൈനിക വിഭാഗങ്ങളെ ഏകോപിപ്പിക്കാനും അതിന്റെയെല്ലാം തലവനായി പ്രവർത്തിക്കാനും സർക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു നിർദ്ദേശം. മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP