Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു കൊടുക്കാനുള്ള തീരുമാനം വിശ്വാസികളുടെ നെഞ്ചിൽ കുത്തി വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴി; പതിച്ചു കൊടുക്കുന്ന മുഴുവൻ ഭൂമിയുടെയും കമ്പോള വില ഈടാക്കുന്നത് വഴി പ്രതീക്ഷിക്കുന്നത് ശതകോടികൾ; ഒരേക്കറിൽ അധികം വരുന്ന ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കുന്നത് ക്ഷേത്രങ്ങൾക്ക്; പതിച്ചു കൊടുക്കുന്ന ഭൂമിയിൽ പാരിഷ്ഹാൾ പണിതാൽ പോലും പണിയാകും

ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു കൊടുക്കാനുള്ള തീരുമാനം വിശ്വാസികളുടെ നെഞ്ചിൽ കുത്തി വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴി; പതിച്ചു കൊടുക്കുന്ന മുഴുവൻ ഭൂമിയുടെയും കമ്പോള വില ഈടാക്കുന്നത് വഴി പ്രതീക്ഷിക്കുന്നത് ശതകോടികൾ; ഒരേക്കറിൽ അധികം വരുന്ന ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കുന്നത് ക്ഷേത്രങ്ങൾക്ക്; പതിച്ചു കൊടുക്കുന്ന ഭൂമിയിൽ പാരിഷ്ഹാൾ പണിതാൽ പോലും പണിയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ധൂർത്തുകൾക്ക് ഒട്ടും കുറവില്ല താനും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു കൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനതത്തിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത് വളഞ്ഞ വഴികളിലൂടെ സാമ്പത്തിക പ്രതിസന്ധി തീർക്കാനാണെന്ന ആക്ഷേപമാണ് ഉടലെടുത്തിരിക്കുന്നത്. ഇത്തരമൊരു നടപടിയിലേക്ക് സർക്കാർ നീങ്ങിയത് പ്രധാനമായും ആവശ്യത്തിന് രേഖകൾ ഇല്ലാത്ത ഭൂമി ആരാധാലയങ്ങൾ കൈവശം വെക്കുന്നുണ്ട് എന്ന ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ്. ഈ ഭൂമി പിടിച്ചെടുക്കുകയോ അല്ലെങ്കിൽ സർക്കാറിന് പണം അടച്ച് സ്വന്തമാക്കുകയോ ചെയ്യാം എന്നതാണ് സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്ന ഓഫർ.

അതേസമയം ഈ നിലപാട് കൈക്കൊള്ളുന്നതോടെ ആരാധനാലയങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ സാധിക്കില്ല എന്ന അവസ്ഥ വരും. ക്ഷേത്രങ്ങൾക്കാകും ഏറ്റവും കൂടുതൽ ഭൂമി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുക. ആരാധനാലയങ്ങളുടെ കൈവശം രേഖകളില്ലാതെയുള്ള ഭൂമിയിൽ ഒരേക്കർ വരെ തുക ഈടാക്കി പതിച്ചുനൽകാം എന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഒരേക്കറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ എന്തു ചെയ്യും എന്നതിനെ കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല. ഇതാകും ക്ഷേത്രങ്ങളം സാരമായി ബാധിക്കുക എന്നാണ് ആക്ഷേപം.

ഒരേക്കൾ പണം അടച്ചു വാങ്ങായാലും ഈ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കും വാണിജ്യ നിർമ്മാണങ്ങൾക്കും ഉപയോഗിക്കരുതെന്ന വ്യവസ്ഥയുണ്ടാകും. ഇതു ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കും. കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകില്ല. എന്നാൽ പാട്ടം പുതുക്കി നൽകും. പതിച്ചുനൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു തടസ്സമില്ല.

ആരാധനാലയങ്ങൾ ഒഴികെയുള്ള മതസ്ഥാപനങ്ങളും കലാ, സാംസ്‌കാരിക സംഘടനകളും വായനശാലകളും ധർമസ്ഥാപനങ്ങളും രേഖകളില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയിൽ പരമാവധി 15 സെന്റ് വിപണി വില ഈടാക്കി പതിച്ചുനൽകും. എന്നാൽ, നഗര ഹൃദയങ്ങളിൽ നൽകില്ല. ഇത്തരം സ്ഥാപനങ്ങളും സംഘടനകളും വാണിജ്യ ആവശ്യങ്ങൾക്കൊഴികെ കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ ഓരോന്നിന്റെയും ആവശ്യം നിറവേറ്റുന്നതിനുള്ള ഭൂമിയാകും (ഏറ്റവും കുറഞ്ഞ വിസ്തീർണം) പതിച്ചുനൽകുക; മതസ്ഥാപനങ്ങൾക്കു പരമാവധി 50 സെന്റും മറ്റുള്ളവയ്ക്കു പരമാവധി 10 സെന്റും. ഇവയ്ക്ക് ഈടാക്കുന്ന തുക ആരാധനാലയങ്ങളുടേതിനേക്കാൾ കൂടുതലുമായിരിക്കും.

സ്വാതന്ത്ര്യത്തിനു മുൻപേയുള്ള കൈവശ ഭൂമിയെങ്കിൽ ന്യായവിലയുടെ 25%;.സ്വാതന്ത്ര്യത്തിനു ശേഷവും കേരളപ്പിറവിക്കു മുൻപുമാണെങ്കിൽ 50%. കേരളപ്പിറവിക്കു ശേഷവും 1990 ജനുവരി ഒന്നിനു മുൻപും കൈവശമായതിനു 100% ന്യായവില ഈടാക്കും. എല്ലാ കേസുകളിലും രേഖ സഹിതം വിശദനിർദ്ദേശം സർക്കാരിനു സമർപ്പിക്കണം. ഓരോ കേസിലും സർക്കാർ വിവേചനാധികാരം ഉപയോഗിച്ചു തീരുമാനിക്കും.

അതേസമയം ആരാധനാലയങ്ങൾക്ക് ഒരേക്കർ വരെ പതിച്ചുനൽകുമ്പോൾ ശേഷിക്കുന്ന സ്ഥലം തിരികെയെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണ് എന്ന സംശയം ഉയർന്നിട്ടുണ്ട്. കൈവശാവകാശം നൽകി പാട്ടത്തിനോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ ഈ സ്ഥലം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. ഭൂമി പതിച്ചുനൽകാൻ ചട്ടം ഭേദഗതി ചെയ്യില്ല. 1964 ലെ ഭൂപരിഷ്‌കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണു നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചുനൽകുന്നത്. 1995 ലെ മുനിസിപ്പൽ, കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാം.

അതേസമയം ആരാധനാലയ വിഷയങ്ങൾ എപ്പോഴും വൈകാരിക വിഷയങ്ങൾ ആണെന്നിരിക്കെ ഈ തീരുമാനത്തിൽ മന്ത്രിമാർക്ക് അടക്കമുള്ളവർക്ക് ആശങ്കയും ഉണ്ട്. മന്ത്രിസഭാ യോഗത്തിൽ ഈ ആശങ്ക മന്ത്രിമാർ പങ്കുവെക്കുകയും ചെയ്തു. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നം നീട്ടിക്കൊണ്ടു പോകുന്നതു ശരിയല്ലെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. രേഖകളില്ലാത്ത ഭൂമി ഉണ്ടാകാൻ പാടില്ല. 2 വർഷമായി വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ട്. വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തീരുമാനം നടപ്പാക്കാമെന്നു നിയമ, ധന വകുപ്പുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും റവന്യു മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിസഭാ നിർദ്ദേശങ്ങൾ പരിഗണിച്ചും നിയമ, പ്രായോഗിക പ്രശ്‌നങ്ങൾ പഠിച്ചും തീരുമാനമെടുക്കാനാണ് ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരിക്കുന്നത്. തീരുമാനങ്ങളിൽ കാതലായ മാറ്റം ഉണ്ടാകാനിടയില്ല. നയപരമായ മാറ്റം വേണ്ടിവന്നാൽ വീണ്ടും മന്ത്രിസഭയിൽ വരും. ഇല്ലെങ്കിൽ റവന്യു മന്ത്രിയുമായി ചർച്ചചെയ്ത് സർക്കാർ ഉത്തരവിന് അന്തിമ രൂപം നൽകാം.

അതിനിടെ ആരാധനാലയങ്ങളുടെ അധികഭൂമി സംബന്ധിച്ച സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമെന്ന് പറഞ്ഞ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തുവന്നു കഴിഞ്ഞു. എരുമേലിയിൽ വരാൻ പോകുന്ന വിമാനത്താവളത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹം നിലനിൽക്കുന്ന സാഹചര്യത്തിലാണു സർക്കാർ ഈ തീരുമാനത്തിനു മുതിരുന്നത്. ഇതിൽ നിന്നു സർക്കാർ പിന്തിരിയണം. ക്ഷേത്രങ്ങളെയാണു തീരുമാനം കൂടുതൽ ബാധിക്കുന്നത്. സർക്കാർ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്കു വീതിച്ചു കൊടൂക്കാനാണു നീക്കം. ക്ഷേത്രഭൂമി സംബന്ധിച്ചു വ്യക്തമായ മാനദണ്ഡങ്ങളും കമ്മിഷൻ റിപ്പോർട്ടും കോടതി വിധികളും ഉണ്ട്. ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് ക്ഷേത്രങ്ങൾക്കു നഷ്ടപ്പെട്ടത്.

എരുമേലി ദേവസ്വത്തിനു നഷ്ടമായ ആയിരക്കണക്കിന് ഏക്കർ ചോദിക്കാൻ പോലും കഴിയാത്ത വിധം ദേവസ്വം ബോർഡ് കള്ളക്കളി നടത്തി. കേണൽ മൺറോയുടെ കാലത്ത് 4 ലക്ഷം ഏക്കർ ദേവസ്വത്തിനു നഷ്ടമായി. അതെല്ലാം റവന്യു ഭൂമിയായി അന്നു കണക്കാക്കി. ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി മുഴുവൻ തിരിച്ചുകൊടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP