Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരാധനാലയങ്ങളുടെ അധികഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിൽ പിണറായി സർക്കാരിന് കൈപൊള്ളുമോ? തീരുമാനം എരുമേലിയിൽ വിമാനത്താവളം കൊണ്ടുവരാൻ കൊണ്ടുപിടിച്ചുള്ള ശ്രമത്തിനിടെ; സർക്കാർ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്ക് വീതിച്ചുകൊടുക്കാനാണ് നീക്കമെന്നും ക്ഷേത്രങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും ബിജെപി; ഒരേക്കർ വരെയുള്ള രേഖകളില്ലാത്ത ഭൂമി നിശ്ചിതതുക ഈടാക്കി പതിച്ചുനൽകാനുള്ള തീരുമാനം കയ്യേറ്റക്കാർക്ക് തുണയാകുമെന്ന വിമർശനവും മുറുകുന്നു

ആരാധനാലയങ്ങളുടെ അധികഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിൽ പിണറായി സർക്കാരിന് കൈപൊള്ളുമോ? തീരുമാനം എരുമേലിയിൽ വിമാനത്താവളം കൊണ്ടുവരാൻ കൊണ്ടുപിടിച്ചുള്ള ശ്രമത്തിനിടെ; സർക്കാർ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്ക് വീതിച്ചുകൊടുക്കാനാണ് നീക്കമെന്നും ക്ഷേത്രങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും ബിജെപി; ഒരേക്കർ വരെയുള്ള രേഖകളില്ലാത്ത ഭൂമി നിശ്ചിതതുക ഈടാക്കി പതിച്ചുനൽകാനുള്ള തീരുമാനം കയ്യേറ്റക്കാർക്ക് തുണയാകുമെന്ന വിമർശനവും മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ അധികഭൂമി തിരിച്ചുപിടിക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമാകുന്നു. ആരാധനാലയങ്ങളുടെ ഒരേക്കർ വരെയുള്ള രേഖകളില്ലാത്ത ഭൂമി നിശ്ചിതതുക ഈടാക്കി പതിച്ചുനൽകാനുള്ള നിർദേശത്തിനാണ് ഇന്നലെ മന്ത്രിസഭാ യോഗം തത്ത്വത്തിൽ അനുമതിനൽകിയത്. രേഖകളില്ലാത്ത ഒരേക്കറിൽ കൂടുതലുള്ള ഭൂമി തിരിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പഠിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമെന്നാണ് കുമ്മനം രാജശേഖരൻ ആരോപിച്ചത്. എരുമേലിയിൽ വരാൻ പോകുന്ന വിമാനത്താവളത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹം നിലനിൽക്കുന്ന സാഹചര്യത്തിലാണു സർക്കാർ തീരുമാനത്തിനു മുതിരുന്നത്. ഇതിൽ നിന്നു പിന്തിരിയണം. ക്ഷേത്രങ്ങളെയാണു തീരുമാനം കൂടുതൽ ബാധിക്കുന്നത്. സർക്കാർ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്കു വീതിച്ചു കൊടൂക്കാനാണു നീക്കമെന്നും കുമ്മനം ആരോപിച്ചു.

ആരാധനാലങ്ങളുടെയും ക്ലബ്ബുകളുടെയും കൈവശമുള്ള രേഖകളില്ലാത്ത ഭൂമി സർക്കാർ നിശ്ചയിച്ച തുക നൽകി പതിച്ചുനൽകാനുള്ള റവന്യൂ വകുപ്പിന്റെ നിർദ്ദേശം നേരത്തേ മന്ത്രിസഭാ പരിഗണനയിലുണ്ടായിരുന്നു. ഇതിൽ കൂടുതൽ പഠനം വേണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. വിവാദമായേക്കാവുന്ന തീരുമാനങ്ങൾ കരുതിമാത്രം മതിയെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പഠനത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

ആരാധനാലയങ്ങൾക്ക് ഒരു ഏക്കർ വരെയും ശ്മശാനങ്ങൾക്ക് 75 സെന്റും പതിച്ചുനൽകാനാണ് ഇപ്പോൾ അനുമതി. തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ ആരാധനാലയങ്ങളും ശ്മശാനങ്ങളും ഒഴികെയുള്ളവയ്ക്ക് ഭൂമി നൽകില്ല. കലാ, കായിക, സാംസ്‌കാരിക സംഘടനകൾക്ക് 15 സെന്റ് വരെ ഭൂമി തുക ഈടാക്കി നൽകും. അതിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ അധികഭൂമി തിരിച്ചെടുക്കും. മതിയായ രേഖകളില്ലാത്ത ഭൂമിയാണെങ്കിൽ അതു സർക്കാർ ലാൻഡ് ബാങ്കിലേക്കു മാറ്റാനും നിർദേശിക്കുന്നു. ഭൂമിയില്ലാത്തവർക്കുള്ള സ്ഥലം നൽകാൻ ഇത് ഉപയോഗിക്കും. നാലു വിഭാഗങ്ങളായി തിരിച്ചാണ് പതിച്ചുനൽകുക. സ്വാതന്ത്ര്യത്തിനു മുമ്പു പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ ന്യായവിലയുടെ പത്തുശതമാനം തുക ഒടുക്കിയാൽ മതി. 1947 ഓഗസ്റ്റ് 15-നും കേരളപ്പിറവിക്കും ഇടയ്ക്ക് പാട്ടത്തിനെടുത്തതോ കൈവശാവകാശം വെച്ചു വരുന്നതോ ആയ ഭൂമിയാണെങ്കിൽ ന്യായവിലയുടെ 25 ശമാനം തുക അടയ്ക്കണം. 1956 നവംബർ ഒന്നിനും 1990 ജനുവരി ഒന്നിനും മധ്യേ കൈവശമുള്ള ഭൂമിയാണെങ്കിൽ ന്യായവില നൽകണം. 1990 ജനുവരി ഒന്നിനും 2008 ഓഗസ്റ്റ് 25-നും മധ്യേ പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ നിലവിലെ വിപണിവില.

സർക്കാർഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആരാധനാലയങ്ങൾ, വായനശാലകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയ്ക്ക് അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനൽകി ബാക്കി സർക്കാർ ഏറ്റെടുക്കുകയാണ് ലക്ഷ്യം. കാലപ്പഴക്കമനുസരിച്ച് സ്ലാബ് തിരിച്ച് പണം ഈടാക്കിയായിരിക്കും ഭൂമി വിട്ടുനൽകുക. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് ആവശ്യമെന്ന് സർക്കാർ വിലയിരുത്തുന്ന ഭൂമി മാത്രമായിരിക്കും വിട്ടുനൽകുക. ഇങ്ങനെ നൽകുന്ന ഭൂമി പിന്നീട് മറ്റാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

കളക്ടർ അധ്യക്ഷനായ സമിതി, ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി എത്ര ഭൂമി വേണമെന്ന് പരിശോധിക്കും. ഉൾപ്രദേശങ്ങളിൽ ഏക്കർകണക്കിന് സർക്കാർഭൂമി അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. നഗരങ്ങളിൽ വിസ്തൃതി കുറവെങ്കിലും ഒരു രേഖയുമില്ലാതെ സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്ന കേസുകളുമുണ്ട്. അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളമടക്കമുള്ള സ്ഥാപനങ്ങളെ ഒഴിപ്പിച്ച് സർക്കാർഭൂമി മുഴുവൻ ഏറ്റെടുക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണ് അത്യാവശ്യത്തിനുള്ള ഭൂമി വിട്ടുനൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമി നിയമാനുസൃതമാകുമെന്നതാണ് ഇത് കൈവശം വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ നേട്ടം.

അതേസമയം, സ്വന്തം സ്ഥലത്ത് സ്ഥിതിചെയ്യുകയും എന്നാൽ അതിനോട് ചേർന്നുള്ള സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് ഈ ആനൂകൂല്യം ലഭിക്കില്ല. സർക്കാർ പാട്ടത്തിനും മറ്റും നൽകിയ ഭൂമി ക്രമപ്പെടുത്താനും ഇതുവഴി കഴിയില്ല.
മുഖ്യമന്ത്രിയുടെ അനുമതിയോടെ റവന്യൂ വകുപ്പാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇതു നടപ്പാക്കാൻ ഭൂപതിവ് ചട്ടത്തിൽ വ്യവസ്ഥയുള്ളതിനാൽ പ്രത്യേക നിയമനിർമ്മാണം വേണ്ടിവരില്ല. സർക്കാർ ഉത്തരവ് മതിയാകും. അതേസമയം, അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയവർക്ക് അതു വിട്ടുനൽകുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ, ധാരാളം ഭൂമി അന്യാധീനമായി കിടക്കുന്നതിനാൽ പ്രവർത്തനത്തിന് വേണ്ടതുമാത്രം വിട്ടുകൊടുത്ത് ബാക്കി ഏറ്റെടുക്കുന്നതാണ് പ്രായോഗികമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. വായനശാലകൾക്ക് ഇത്തരത്തിൽ സ്ഥലം നൽകുന്നത് രാഷ്ട്രീയ പാർട്ടികൾ കൈയൂക്കുകൊണ്ട് കൈവശമാക്കിയ പല സ്ഥലങ്ങളും അവരുടെ സ്വന്തമാകാൻ വഴിതുറക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.

കുമ്മനത്തിന്റെ വിമർശനം

ക്ഷേത്രഭൂമി സംബന്ധിച്ചു വ്യക്തമായ മാനദണ്ഡങ്ങളും കമ്മിഷൻ റിപ്പോർട്ടും കോടതി വിധികളും ഉണ്ട്. ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണു ക്ഷേത്രങ്ങൾക്കു നഷ്ടപ്പെട്ടത്. ശബരിമല, എരുമേലി ദേവസ്വങ്ങൾക്ക് ഒട്ടേറെ ഭൂമി നഷ്ടപ്പെട്ടു. എരുമേലി ദേവസ്വത്തിനു നഷ്ടമായ ആയിരക്കണക്കിനു ഏക്കർ ഭൂമി ചോദിക്കാൻ പോലും കഴിയാത്ത വിധം ദേവസ്വം ബോർഡ് കള്ളക്കളി നടത്തി. കേണൽ മൺറോയുടെ കാലത്ത് നാലു ലക്ഷം ഏക്കർ ഭൂമി ദേവസ്വത്തിനു നഷ്ടമായി. അതെല്ലാം റവന്യു ഭൂമിയായി അന്നു കണക്കാക്കി.ക്ഷേത്രത്തിനു അവകാശപ്പെട്ട ഭൂമി മുഴുവൻ തിരിച്ചു കൊടുക്കുകയാണു വേണ്ടത്. അവകാശപ്പെട്ടതും നഷ്ടപ്പെട്ടതുമായി ഭൂമി വീണ്ടെടുക്കാൻ ക്ഷേത്രവിശ്വാസികൾ വലിയൊരു മുന്നേറ്റത്തിനു തയാറാകുമെന്നും കുമ്മനം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP