Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക് ക്രിക്കറ്റിലേക്ക് മതവെറി കൊണ്ടുവന്നത് സയിദ് അൻവർ; യൂസഫ് യുഹാനയെന്ന ക്രിക്കറ്റർ മതംമാറി മുഹമ്മദ് യൂസഫായത് അപരവത്ക്കരണം താങ്ങാനാവാത്തതിനാൽ; രാജ്യം ഉണ്ടായതുതൊട്ട് ഇന്നു വരെ ടീമിൽ ഇടംപിടിച്ചത് വെറും ഏഴു അമുസ്ലീങ്ങൾ; വിരാട് കോഹ്ലി സെഞ്ച്വറി അടിച്ചതിന് കോഹ്ലി സമുദായക്കാരെ തല്ലുന്ന ജനം; ഹിന്ദു ആയതുകൊണ്ട് ഒരേ തീന്മേശയിലിരുന്ന് ഭക്ഷണം കഴിക്കാൻപോലും ഡാനിഷ് കനേരിയയെ അനുവദിച്ചില്ലെന്ന വെളിപ്പെടുത്തൽ ഒറ്റപ്പെട്ടതല്ല; പാക്കിസ്ഥാനിൽ ക്രിക്കറ്റ് മാത്രമല്ല സർവ്വവും മതമയം

പാക് ക്രിക്കറ്റിലേക്ക് മതവെറി കൊണ്ടുവന്നത് സയിദ് അൻവർ; യൂസഫ് യുഹാനയെന്ന ക്രിക്കറ്റർ മതംമാറി മുഹമ്മദ് യൂസഫായത് അപരവത്ക്കരണം താങ്ങാനാവാത്തതിനാൽ; രാജ്യം ഉണ്ടായതുതൊട്ട് ഇന്നു വരെ ടീമിൽ ഇടംപിടിച്ചത് വെറും ഏഴു അമുസ്ലീങ്ങൾ; വിരാട് കോഹ്ലി സെഞ്ച്വറി അടിച്ചതിന് കോഹ്ലി സമുദായക്കാരെ തല്ലുന്ന ജനം; ഹിന്ദു ആയതുകൊണ്ട് ഒരേ തീന്മേശയിലിരുന്ന് ഭക്ഷണം കഴിക്കാൻപോലും ഡാനിഷ് കനേരിയയെ അനുവദിച്ചില്ലെന്ന വെളിപ്പെടുത്തൽ ഒറ്റപ്പെട്ടതല്ല; പാക്കിസ്ഥാനിൽ ക്രിക്കറ്റ് മാത്രമല്ല സർവ്വവും മതമയം

എം മാധവദാസ്

ന്യൂഡൽഹി: ഹിന്ദുആയതുകൊണ്ട് ക്രിക്കറ്റർ ഡാനിഷ് കനേരിയക്ക് പാക്ക് ക്രിക്കറ്റ് ടീമിൽ ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ഇപ്പോൾ ലോക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഒരേ തീന്മേശയിലിരുന്ന് ഭക്ഷണം കഴിക്കാൻപോലും മറ്റ് ടീം അംഗങ്ങൾ കനേറിയയെ അനുവദിച്ചില്ലെന്ന മുൻ ക്രിക്കറ്റ് താരം  ശുഹൈബ് അക്തറിന്റെ വെളിപ്പെടുത്തലാണ് വൻ വിവാദമായത്. സെലിബ്രിറ്റിയായ ക്രിക്കറ്റ് താരത്തിനുപോലു ഈ അവസ്ഥയാണെങ്കിൽ, സാധാരണക്കാരുടെ കാര്യം എന്താവുമെന്നാണ് പ്രസക്തമായ ചോദ്യം. ക്രിക്കറ്റിൽ മാത്രമല്ല, പ്രാണവായുവൽപോലും മതമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. സമാനതകൾ ഇല്ലാത്ത പീഡനങ്ങളാണ് അവിടെ ന്യുനപക്ഷ സമുദായങ്ങൾ നേരിടേണ്ടി വന്നത്. ഇപ്പോൾ പാക്ക് പ്രധാനമന്ത്രി ഇംറാൻ ഖാൻ, കുറേയധികം മാറ്റങ്ങൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ അത്രയൊന്നും മെച്ചപ്പെട്ടിട്ടില്ല.

പാക്കിസ്ഥാനിലെ അവശേഷിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളുടെ സ്ഥിതി ദയനീയമാണ്. വിരാട കോഹ്ലി സെഞ്ച്വറിയടിച്ച് പാക്കിസ്ഥാനെ തോൽപ്പിച്ചാൽ സിന്ധ് പ്രവിശ്യയിലുള്ള ഹിന്ദുക്കളായ കോഹ്ലി സമുദായക്കാരെ തട്ടിക്കൊണ്ടുപോയി പൊതിരെ തല്ലുന്ന സംഭവങ്ങൾ പാക്കിസ്ഥാനിൽ പതിവാണ്. അതിർത്തിയിലെ വെടിവെപ്പോ, ക്രിക്കറ്റ് ജയമോ എന്തും ന്യുനപക്ഷങ്ങൾക്കുനേർക്കുള്ള അക്രമത്തിന് കാരണമാവും. റിപ്പോർട്ടേസ്
ബിയോണ്ട്ബോർഡേഴ്സ്, യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം, ആനെസ്റ്റി ഇൻർനാഷണൽ, വേൾഡ് വാച്ച് തുടങ്ങിയ പല സംഘടനകളും ന്യുനപക്ഷ പീഡനത്തിന്റെ പേരിൽ പാക് സർക്കാറിനെ പലതവണ വിമർശിച്ചിട്ടുണ്ട്. ഇപ്പോളും കാര്യങ്ങൾ മെച്ചപ്പെട്ടു എന്നല്ലാതെ ഒന്നും സുരക്ഷിതമല്ല.

യൂസഫ് യുഹാന മതം മാറി മുഹമ്മദ് യൂസഫ് ആയത് എന്തുകൊണ്ട്?

സമൂഹത്തിന്റെ എല്ലാ തുറകളിലും എന്നപോലെ, ക്രിക്കറ്റിലും വലിയതോതിൽ ന്യനപക്ഷങ്ങളുടെ പ്രാതിനിധ്യം പാക്കിസ്ഥാനിൽ ഉണ്ടായിട്ടില്ല. ഇതുവരെ വെറും 7 അമുസ്ലീങ്ങൾ മാത്രമാണ് ടീമിൽ ഉണ്ടായിരുന്നത്. ആദ്യകാലം മുതലേ മത വിവേചനം ഉണ്ടായിരുന്നെങ്കിലും അത് പിടിമുറിക്കിയത് 1999 മുതൽ ഇങ്ങോട്ടുള്ള കാലഘട്ടത്തിലാണ്. പാക്കിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകനും, ക്രിക്ക് ഇൻഫോ വെബ്സൈററ് എഡിറ്റർറുമായ ഉസ്മാൻ സമിയുദ്ദീൻ, ഫൈൻഡിങ്ങ് ഫെയ്ത്ത് എന്ന തന്റെ ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പാക് ക്രിക്കറ്റ് ടീമിൽ മതഭ്രാന്തിന് തുടക്കം കുറിച്ചത് മുൻ ഓപ്പണറും തീപ്പൊരി ബാറ്റ്സ്മാനുമായ സയിദ് അൻവറിന്റെ രംഗപ്രവേശനത്തോടെയായിരുന്നു. പിൽക്കാലത്ത് ക്രിക്കറ്റ് വിട്ട് ഇസ്ലാമിക പ്രബോധനത്തിലേക്ക് തിരിഞ്ഞ സയിദ് അൻവറാണ് ഈ മതവിവേചനത്തിന് അറിഞ്ഞോ അറിയാതെയോ, വഴിമരുന്നിട്ടത്.

കളിക്കുമുമ്പുള്ള കൂട്ടപ്രാർത്ഥനകൾ മാത്രം ഉണ്ടായിരുന്ന ടീമിനെ ഭക്ഷണത്തിന് മുമ്പുള്ള പ്രാർത്ഥനകളും, ഓരോ ഇടവേളകളിലുള്ള നിസ്‌ക്കാരവുമായി സയ്യിദ് അൻവർ മാറ്റി എടുക്കയായിരുന്നു. 2003ൽ വിരമിച്ചതിനുശേഷം ടീമിന്റെ ഉപദേശകനായി സയിദ് അൻവർ ഒപ്പമുണ്ടായിരുന്നു. ലാഹോർ കറാച്ചി എന്നിടങ്ങളിലെ പ്രത്യേക പ്രാർത്ഥനാലയങ്ങളിലും മറ്റും കൊണ്ടുപോയി  അനവർ ടീം അംഗങ്ങളെ കൊണ്ട് പ്രാർത്ഥന നടത്തിച്ചിരുന്നു. ഇത് മറ്റ് ഒറ്റപ്പെട്ട അമുസ്ലിം അംഗങ്ങൾക്ക് കടുത്ത അപരവത്ക്കരമാണ് ഉണ്ടാക്കുന്നത്.ക്യാപ്റ്റൻ ഇൻസമാമുൽ ഹഖ് വരെ നീണ്ട താടിയുമായാണ് അന്ന് പ്രത്യക്ഷപ്പെട്ടത്.
2005ൽ വൻ വിവാദമായ സംഭവമായിരുന്നു യൂസഫ് യുഹാനയെന്ന ക്രിസ്തുമത വശ്വാസിയായ ക്രിക്കറ്റർ ഇസ്ലാമിലേക്ക് മാറി, മുഹമ്മദ് യൂസഫ് ആയത്.അപരവത്ക്കരണമാണ്‌
ഇദ്ദേഹത്തെകൊണ്ട് മതം മാറ്റിച്ചതെന്ന് അന്നുതന്നെ ആരോപണം ഉണ്ടായിരുന്നു.അദ്ദേഹത്തെ ബ്രയിൻ വാഷിങിന് വിധേയനാക്കിയെന്ന് വിദേശ ക്രിസ്ത്യൻ ഗ്രൂപ്പുകൾ ആരോപിച്ചു.

പാക്കിസ്ഥാൻ ടീമിലെ വർധിക്കുന്ന മതപരതയെക്കുറിച്ച് ചോദിച്ചപ്പോൾ അന്നത്തെ വിദേശ കോച്ച്, ബോബ് വൂമർ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഇതിന് ഗുണവും ദോഷവും ഉണ്ട്. മതപരത ടീമിന്റെ അച്ചടക്കം വർധിപ്പിച്ചിട്ടുണ്ട്. പക്ഷേ റമദാൻ അടക്കമുള്ളമാസങ്ങളിൽ ഇത് കോച്ചിങ്ങിന് വിഘാതമാവുന്നുണ്ട്'. യൂസഫ് യുഹാനയുടെ അതേ ടീമിൽ ഉണ്ടായിരുന്നു, ഡാനിഷ് കനേരിയയും.  ഡാനിഷ് മതം മാറാൻ തുനിയാതെ സ്വന്തം വ്യക്തിതത്തിൽ ഉറച്ചുനിന്നു. ഒരുപക്ഷേ ഈ ദേഷ്യവും വിവേചനത്തിന് പിന്നിൽ ഉണ്ടാകുമെന്ന് പറയുന്നു.

കനേറിയക്ക് സംഭവിച്ചത് ലോകത്തെ നടുക്കുമ്പോൾ

പാക്കിസ്ഥാനിൽ ഹിന്ദുതാരത്തിനോട് സഹതാരങ്ങളും ക്യാപ്റ്റനും കാണിച്ച ജാതീയപരമായ വേർതിരിവ് തുറന്നടിച്ചത് മുൻ ക്രിക്കറ്റ് താരം ശുഹൈബ് അഖ്തർ ആണ്. ഹിന്ദു ആയ പാക്കിസ്ഥാൻ താരം താരം ഡാനിഷ് കനേരിയയോട് സഹതാരങ്ങൾ മോശമായിട്ടാണ് വരെുമാറിയതെന്നും അഖ്തർ വെളിപ്പെടുത്തുന്നു. ഒരു ചാനൽ പരിപാടിക്കിടയിലാണ് താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ. ഒരേ മേശയിൽ നിന്ന് ഭക്ഷണം എടുക്കാൻ പോലും ഡാനിഷിനെ ടീമംഗങ്ങൾ അനുവദിച്ചിരുന്നില്ലെന്നും ശുഹൈബ് വെളിപ്പെടുത്തുന്നു.

'ഗെയിം ഓൺ ഹെ' എന്ന ക്രിക്കറ്റ് ഷോയിൽ ആണ് ശുഹൈബ് വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയത്. അനിൽ ദൽപതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച ഹിന്ദു താരമാണ് സ്പിന്നറായ ഡാനിഷ്. അഖ്തറിന്റെ വെളിപ്പെടുത്തൽ സത്യമാണെന്നായിരുന്നു ഡാനിഷിന്റെ പ്രതികരണം. 'ഹിന്ദുവായതിനാൽ എന്നോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന താരങ്ങളുടെ പേര് ഞാൻ ഉടൻ വെളിപ്പെടുത്തും. അന്ന് എനിക്ക് അതേക്കുറിച്ച് പറയാൻ പേടിയായിരുന്നു. ഇപ്പോൾ ഞാൻ അതിന് തയാറാണ്' -ഡാനിഷ് പറഞ്ഞു.

'ഡാനിഷ് ഞങ്ങൾക്കൊപ്പം ആഹാരം കഴിക്കുമ്പോളോ അതേ മേശയിൽ നിന്ന് ഭക്ഷണം എടുക്കുമ്പോളോ അന്നത്തെ കാപ്റ്റൻ നെറ്റിചുളിച്ചിരുന്നു. കാപ്റ്റൻ എന്ന നിലയിൽ നിങ്ങളുടെ ഈ പ്രവൃത്തി നിന്ദ്യമാണെന്ന് ഞാൻ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡാനിഷ് നമ്മുടെ വിജയത്തിനായി നിരവധി വിക്കറ്റുകൾ വീഴിച്ച കളിക്കാരനാണ്. അയാളോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നും ഞാൻ പറഞ്ഞിരുന്നു'- ശുഹൈബ് വെളിപ്പെടുത്തുന്നു.

കളിയുടെ ജയത്തിന്റെ ക്രഡിറ്റ് ഡാനിഷിന് നൽകാൻ സഹതാരങ്ങൾ തയാറായിരുന്നില്ല. 2005ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് പാക്കിസ്ഥാൻ ജയിച്ചത് ഡാനിഷിന്റെ മികവിലാണ്. എങ്കിലും അത് അംഗീകാരിക്കാൻ ആരും തയാറാകാഞ്ഞതിനെയും താൻ വിമർശിച്ചിരുന്നു. പാക്കിസ്ഥാനിൽ ജനിച്ച ഒരു ഹിന്ദുവിന് ജന്മരാജ്യത്തിന് വേണ്ടി കളിക്കാൻ അവകാശമുണ്ട്. പാക്കിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ വസിം അക്രം, വഖാർ യൂനിസ്, ഇമ്രാൻ ഖാൻ എന്നിവർക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഡാനിഷിന്റെ സഥാനം. ഇത്തരമൊരു മികച്ച കളിക്കാരനോട് ജാതിയുടെ പേരിൽ വേർതിരിവ് കാട്ടുന്നത് തന്നെ പലപ്പോഴും ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്നും അഖ്തർ പറഞ്ഞു.

അതേസമയം, അഖ്തറിന്റെ പരാമർശം ഏറെ ആവേശത്തോടെയാണ് സംഘ്പരിവാർ അനുയായികൾ ഏറ്റെടുത്തത്. 'ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമെന്ന നല്ല നിലയിൽ എത്തിയ ഹിന്ദുക്കൾക്ക് പോലും പാക്കിസ്ഥാനിൽ മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നത്. അപ്പോൾ പാവപ്പെട്ട ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് ആലോചിച്ച് നോക്കൂ. പാക്കിസ്ഥാന്റെ ഹിന്ദു വിരോധം പുറത്തെത്തിച്ചതിന് ശുഹൈബ് അക്തറിന് നന്ദി' -അമിത് കുമാർ സിന്ധി ട്വിറ്ററിൽ കുറിച്ചു.പക്ഷേ സാധാരണ ന്യുനപക്ഷങ്ങൾ നേരിടുന്ന വിവേചനംവെച്ചുനോക്കുമ്പോൾ ഇതൊന്നും
ഒന്നുമല്ല.

ന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത ഭീഷണി

വിശുദ്ധ ഭൂമിയെന്നാണ് പാക്കിസ്ഥാൻ എന്ന പേർഷ്യൻ വാക്കിനർത്ഥം. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് ഇത് ശരിക്കും നരകഭൂമിയാണ്. ഹിന്ദുക്കൾക്ക് മാത്രമല്ല, ന്യൂനപക്ഷമായ ക്രൈസ്തവർക്കും ബൗദ്ധർക്കും സിഖുകാർക്കും അവിടെ സ്ഥാനമില്ല. ഇസ്ലാമിലെ അവാന്തര വിഭാഗമായ അഹമ്മദീയരും രണ്ടാംകിട പൗരന്മാരാണ്. മുസ്ലിങ്ങളെന്ന് അവകാശപ്പെടാൻ അഹമ്മദീയർക്ക് വിലക്കുണ്ട്. രാജ്യം സുന്നി, ഷിയ വിഭാഗങ്ങൾക്ക് മാത്രം അവകാശപ്പെട്ടതെന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഒരു മതേതര രാഷ്ട്രത്തിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പീഡനമാണ് അവിടെ നടക്കുന്നത്. വിഭജനസമയത്ത് 12.9 ശതമാനം ഉണ്ടായിരുന്ന ഹിന്ദുജനസംഖ്യ 2018 ആയപ്പോൾ 1.6 ശതമാനമായി ചുരുങ്ങി. ഇത് ഈയിടെയായി അൽപ്പം കൂടിയെന്നത് യാഥാഥ്യമാണ്. അടിമജീവിതത്തിന്റെയും അപരവത്കരണത്തിന്റെയും കയ്പ്നിറഞ്ഞതാണ് ഓരോ സെക്കൻഡുമെന്നാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങൾ പറയുന്നത്.

തട്ടിക്കൊണ്ടുപോകലും ബലാത്സഗവും ആണ് പാക്കിസ്ഥാനിലെ ന്യുനപക്ഷ സത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മാനഭംഗത്തോടെ മറ്റ് പോംവഴികൾ ഇല്ലാതെ അവൾ ഒരുപാക് പുരുഷന്റെ മൂന്നാമത്തെയോ നാലമാത്തെയോ ഭാര്യയാകേണ്ടി വരും. മതം മാറ്റവും ഇതോടൊപ്പം നടക്കും. തീർത്തും മതാധിഷ്ഠിതമാണ് പാക്കിസ്ഥാനിലെ വിദ്യാഭ്യാസം. എല്ലാ കുട്ടികളും ഖുർആൻ പഠിക്കണം എന്ന് നിർബന്ധമാണ്.2000 വരെ ഹിന്ദുക്കൾക്ക് സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല.2013ൽ കൊല്ലപ്പെട്ട സൈനികൻ ഹിന്ദുവായതിനാൽ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. ഒരുമതരാഷ്വ്രും മതേതരരാഷ്ട്രവും തമ്മിലുള്ള ദൂരം പ്രകാശവർഷങ്ങളാണ് ചുരക്കം.

ഇങ്ങനെ പാക്കിസ്ഥാനിലെ മതപീഡനത്തിന്റെ ആവർത്തിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് മുൻ പ്രധാനമന്ത്രി മന്മോഹൻസിങും, പ്രകാശ്കാരാട്ടും അടക്കമുള്ളവർ ഇത്തരക്കാരെ ഇന്ത്യ സ്വീകരിക്കണമെന്ന നിലപാട് എടുത്തത്. മനുഷ്യത്വത്തിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുന്നവർക്ക് അങ്ങനയേ കഴിയൂ. പക്ഷേ ഇത്തരം ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് പൗരത്വത്തിനുള്ള കലാവധി 11 വർഷത്തിൽനിന്ന് അഞ്ചുവർഷം ആക്കി എന്നതാണ് പുതിയ പൗരത്വനിയമത്തിലെ ഭേദഗതി. പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾ അനുഭവിച്ച പീഡനത്തിന്റെ വിവരങ്ങൾ അറിഞ്ഞാൽ ഈ ഇളവ് ശരിയാണെന്ന് ആരും സമ്മതിച്ചുപോകും. സമാനമായ അവസ്ഥയാണ് ബംഗ്ലാദേശിലും. അഫ്ഗാനിലെകാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

ഹിന്ദു സ്ത്രീകൾ ലൈംഗിക അടിമകളോ?

മതപീഡനത്തിന്റെ ഭയാനകത ഏറ്റവുമധികം വേട്ടയാടുന്നത് പാക്കിസ്ഥാനിലെ ഹിന്ദു സ്ത്രീകളെയാണ്. യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം നടത്തിയ അന്വേഷണത്തിൽ 76 ശതമാനം ന്യൂനപക്ഷ സ്ത്രീകൾ ലൈംഗിക ചൂഷണത്തിനിരയാകുന്നതായി കണ്ടെത്തിയിരുന്നു. പെൺമക്കളുടെ മാനം കാക്കാനാണ് വയസ്സുകാലത്ത് അമ്മമാരുടെ പലായനമെന്ന് ആറ് പതിറ്റാണ്ടിലേറെയുള്ള പാക്കിസ്ഥാനിലെ ജീവിതം പിന്നീട് ഇന്ത്യയിലേക്ക് വന്ന മൻദീപ് പറയുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബിയോണ്ട് ബൗണ്ടറീസ് എന്ന വിഖ്യാത
ഡോക്യുമെന്ററി മുഴവൻ പാക്കിസ്ഥാനിലെ അമുസ്ലീങ്ങളുടെ നരക ജീവിതമാണ്.

ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ ഇവിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുപെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് തടവിലാക്കുന്നു. പിന്നെ ഇസ്ലാമിലേക്ക് മതം മാറി അവരുടെ മൂന്നാമത്തെയോ നാലമാത്തെയോ ഭാര്യയാായി ജീവിക്കയല്ലാതെ ഇവർക്ക് യാതൊരു പോംവഴിയുമില്ല.. പീഡനത്തിനിരയായി അച്ഛനാരെന്നറിയാത്ത കുട്ടികളുമായി ജീവിക്കുന്ന നൂറുകണക്കിന് ന്യുനപക്ഷ സ്ത്രീകൾ നിരവധിയാണ്. 2005ൽ മാസത്തിൽ 25 ഹിന്ദു പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും മതംമാറ്റത്തിനും ഇരയാകുന്നതായി പാക്കിസ്ഥാൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എട്ടു വർഷം മുൻപ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അസീനക്ക് പാക്കിസ്ഥാൻ ഉപേക്ഷിക്കേണ്ടി വന്നത്. സ്വന്തം അനുഭവങ്ങളിൽ നിന്നാണ് അസീന സംസാരിച്ച് തുടങ്ങിയത്. 'അസീനയെന്ന മുസ്ലിം ചുവയുള്ള പേര് എന്നെ പലപ്പോഴും രക്ഷിച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോഴൊക്കെ അച്ഛൻ പേര് ഉച്ചത്തിൽ വിളിക്കും. മുസ്ലിമാണെന്ന് കരുതി അക്രമികൾ വെറുതെവിടും'.

മിയാൻ മിദു എന്ന മുസ്ലിം പുരോഹിതന്റെ രൂപം ഇപ്പോഴും അസീനയെപ്പോലുള്ളവരുടെ ഉറക്കം കളയുന്നു. രാഷ്ട്രീയക്കാരൻ കൂടിയായ മിയാൻ മിദുവാണ് സിന്ധിൽ ഹിന്ദുക്കൾക്കെതിരായ അക്രമത്തിന് നേതൃത്വം നൽകുന്നത്. ക്രിമിനൽ സംഘവും ഇയാൾക്കൊപ്പമുണ്ട്. പിശാച് എന്നാണ് ഇയാളുടെ വിശേഷണം. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സഗംചെയ്യും. തുടർന്ന് മതം മാറ്റും. പൊലീസ് പരാതി സ്വീകരിക്കില്ല. എതിർക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഇല്ലാതാക്കുമെന്നം അസീന പറയുന്നു.

ക്രിസ്ത്യൻ പെൺകുട്ടികൾക്കും രക്ഷയില്ല

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടികൾക്കും ഒട്ടും രക്ഷയില്ലാത്ത അവസ്ഥയാണ് ഉള്ളത്. നാലുവർഷംമുമ്പ് കറാച്ചിയിൽ പതിനാലു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കി. സിയാ കോളനിയിൽ ഹിമ യൂനിസ് എന്ന ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കുകയായിരുന്നു. പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുവാനുള്ള ശ്രമം അവളുടെ കുടുംബം നടത്തിയിരുന്നു. പെൺകുട്ടി സ്വമേധയ മതപരിവർത്തനം ചെയ്തുവെന്ന് തെളിയിക്കാനായി തട്ടിക്കൊണ്ടുപോയ ആളുകൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

മാതാപിതാക്കൾ പുറത്തു പോയ തക്കം നോക്കി മൂന്നുപേർ വീട്ടിൽ പ്രവേശിച്ച് ഹിമയെ തട്ടി കൊണ്ടുപോകുകയായിരുന്നു. സംഭവം കേസാക്കാൻ നിരവധി തവണ വിസമ്മതിച്ചതിനു ശേഷം രണ്ടു ദിവസങ്ങൾക്കു ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മയായ നജീന ആരോപിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹിമ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത രേഖയും, അബ്ദുൽ ജബ്ബാർ എന്ന ആളുമായി നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾക്ക് ലഭിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസവും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസവും ഒന്നായതിനാൽ തട്ടിക്കൊണ്ടുപോയവർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് നജീന ഉറപ്പിച്ചുപറയുന്നു.

എല്ലാ സമുദായക്കാരും ഖുർആൻ പഠിക്കണമെന്ന് നിർബന്ധം

ഇരുപതോളം കുട്ടികളുണ്ട് ഡൽഹി ഛത്തർപൂരിലെ പാക് അഭയാർഥി ക്യാമ്പിൽ. ഇതിൽ മീന എന്ന കുട്ടിയുടെ അനുഭവം ബിയോണ്ട് ന ബൗണ്ടറീസ് ഡോക്യുമെന്റിയിൽ പറയുന്നത് ഇങ്ങനെ. ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെയാണ് മീന ഛത്തർപൂരിലെത്തിയത്. ആദ്യനാളുകളിൽ സ്‌കൂളിൽ പോകാനായില്ല. അതോടെ പഠനം നിർത്തി. പാക്കിസ്ഥാനിലെ സ്‌കൂൾ ജീവിതം നല്ല അനുഭവങ്ങളല്ല മീനക്ക് നൽകിയത്. വിവേചനത്തിന്റെ മറ്റൊരിടം കൂടിയാണത്. ഭരണകൂടം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റിയെടുക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. പാഠഭാഗങ്ങളിലൂടെ ഹിന്ദുവിരുദ്ധത കുഞ്ഞുമനസ്സുകളിൽ കുത്തിനിറക്കുന്നു. 

'ഹിന്ദുക്കൾ തീവ്രവാദികളും ഇസ്ലാമിന്റെ ശത്രുക്കളുമാണെന്ന് പഠിപ്പിക്കുന്നു. അനീതിയും അക്രമവുമാണ് ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനം. അതേസമയം ഇസ്ലാം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മതമാണ്'. ഇത്തരം പാഠങ്ങൾ കുട്ടികളിൽ വെറുപ്പ് വളർത്തുന്നുവെന്ന് മീന പറയുന്നു. ചില അദ്ധ്യാപകർ വളരെ മോശം രീതിയിലാണ് ഇതൊക്കെ പഠിപ്പിക്കുന്നത്.

മദ്രസ്സാ പഠനത്തിന് സമാനമാണ് സ്‌കൂൾ വിദ്യാഭ്യാസം. ഖുറാൻ പഠിക്കണമെന്ന് നിർബന്ധമാണ്. സ്‌കൂളുകളിൽ സൗജന്യമായി ലഭിക്കുന്ന കുടിവെള്ളം ഉപയോഗിക്കാൻ ഞങ്ങൾക്ക് അവകാശമില്ല. വീട്ടിൽ നിന്ന് വെള്ളം കൊണ്ടുപോകും. ഒരുമിച്ചിരിക്കാനോ കളിക്കാനോ മറ്റ് കുട്ടികൾ തയ്യാറാവുന്നില്ല. വിശ്വാസത്തിന്റെ പേരിൽ കളിയാക്കും. മീനയുടെ അനുഭവം ഇങ്ങനെ. മതവൈരം വളർത്തുന്ന സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നേർക്കാഴ്ച യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം നടത്തിയ പഠനത്തിൽ വെളിപ്പെട്ടിരുന്നു. ഇത് മതഭീകരവാദം വളർത്തുന്നതിന് കാരണമാണെന്ന് കമ്മീഷൻ ചെയർമാൻ ലിയോനാർഡ് ലിയോ പറയുന്നു. തീവ്ര മതപുരോഹിതരെ പ്രീണിപ്പിക്കാനാണ് പാഠപുസ്തകങ്ങളിൽ മതഭീകരത മറയില്ലാതെ ഉൾപ്പെടുത്തുന്നത്. സിയാ ഉൾ ഹഖിന്റെ കാലത്താണ് പാഠപുസ്തകങ്ങൾ ഇസ്ലാമികവത്കരിക്കപ്പെട്ടത്. 2006 ൽ ഇത് പരിഷ്‌കരിക്കുമെന്ന് പറഞ്ഞെങ്കിലും മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. ഇപ്പോൾ ഇംറാൻഖാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റം വന്നിട്ടില്ല.

വിരാട് കോഹ്ലിയോടുള്ള അരിശം തീർക്കുന്നത് കോഹ്ലി സമുദായത്തിലുള്ളവരെ പീഡിപ്പിച്ച്

ഹിന്ദുക്കളെന്നാൽ പാക്കിസ്ഥാനിലെ ഭരണകൂടത്തിനും മതമൗലിക വാദികൾക്കും ഭാരതീയരാണ്. ഭാരതം ശത്രുരാജ്യവും. പൗരന് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് അതിനാൽ ഹിന്ദുക്കൾ അർഹരല്ല. രാജ്യത്തിന്റെ ശത്രുക്കളാണ് ഹിന്ദുക്കളെന്ന വികാരം സമൂഹത്തിൽ വിതക്കാൻ ഭരണകൂടത്തിനും മൗലികവാദികൾക്കും സാധിച്ചു. സംശയത്തോടെയാണ് ന്യൂനപക്ഷങ്ങളെ വീക്ഷിക്കുന്നത്. 2013ൽ കൊല്ലപ്പെട്ട സൈനികൻ ഹിന്ദുവായതിനാൽ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. 2000 വരെ ഹിന്ദുക്കൾക്ക് സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല.

ബിയോണ്ട് ദ ബൗണ്ടറീസ് എന്ന ഡോക്യുമെന്റിയുടെ അവസാനം ഇങ്ങനെയാണ്. പാക്കിസ്ഥാനെതിരായ മിന്നലാക്രമണം സംബന്ധിച്ച ചോദ്യത്തിനുള്ള ആമിർ ചന്ദിന്റെ മറുപടി മനസ്സിൽ തട്ടി. 'ക്രിക്കറ്റിൽ, ഭാരതത്തോട് പാക്കിസ്ഥാൻ തോറ്റാൽ ഉറക്കമില്ലാത്ത രാത്രികളായിരിക്കും ഞങ്ങൾക്ക്. വിരാട് കോഹ്ലി കളി തോൽപ്പിച്ചതിലെ അരിശം കോഹ്ലി സമദായത്തിലുള്ളവരെ ദിവസങ്ങളോളം പീഡിപ്പിച്ചാണ് തീർത്തത്. പാക്കിസ്ഥാൻ പരാജയപ്പെട്ട രാജ്യമാണ്. . ഇതാണ് ഞങ്ങളുടെ രാജ്യം. ഞങ്ങൾ പാക്കിസ്ഥാനികളല്ല, ഹിന്ദുസ്ഥാനികളാണ്'.

പേരുമാറ്റിയിട്ടും രക്ഷയില്ലാതെ ക്രൈസ്തവർ

തങ്ങളുടെ കുട്ടികൾ സ്‌കൂളുകളിൽ വർഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാൻ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ മാതാപിതാക്കൾ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ നിർബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി കത്തോലിക്ക ബിഷപ്പ് തന്നെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസൺ ഷുക്കാർഡിനാണ് ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് (എ.സി.എൻ) നു നൽകിയ അഭിമുഖത്തിൽ മൂന്നുവർഷം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ വിദ്യാലയങ്ങളിൽ പോലും പ്രകടമായ മതവർഗ്ഗീയതയും, ക്രിസ്ത്യൻ വിരുദ്ധതയുമാണ് ക്രിസ്ത്യൻ മാതാപിതാക്കളെ തങ്ങളുടെ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിദ്യാലയങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ട ക്രിസ്ത്യൻ കുട്ടികൾ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനാൽ,  അവരെ അവിശ്വാസികളായിട്ടാണ് പരിഗണിച്ചു വരുന്നതെന്നും, ഇസ്ലാമാണ് ഏക മതമെന്നും, ഖുറാനിലൂടെ മാത്രമാണ് മോക്ഷം സാധ്യമാവുകയുള്ളൂവെന്നുമാണ് യാഥാസ്ഥിതികരായ മുസ്ലീങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ക്രിസ്ത്യാനികൾക്ക് പുറമേ, ഹിന്ദുക്കളും മിതവാദികളായ മുസ്ലീങ്ങളും വരെ ആക്രമത്തിനിരയാവുന്നുണ്ടെന്നും, പാശ്ചാത്യ രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടാൽ പാക്കിസ്ഥാനിലെ വർഗ്ഗീയവാദികൾ ദേവാലയങ്ങൾക്കു നേരെ അക്രമം അഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിരബന്ധമായി മതപരിവർത്തനം ചെയ്ത് വിവാഹം കഴിക്കുന്നത് ഗ്രാമ പ്രദേശങ്ങളിൽ സർവ്വസാധാരണമാണെന്നും ബിഷപ്പ് ഷുക്കാർഡിൻ വെളിപ്പെടുത്തുന്നു. മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവനെ ഏതുവിധേനെയും മതപരിവർത്തനം ചെയ്താൽ സ്വർഗ്ഗം ലഭിക്കുമെന്ന വിശ്വാസവും, വിദ്യാഭ്യാസമില്ലായ്മയുമാണ് ഇതിന്റെ കാരണമായി മെത്രാൻ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞയാഴ്ച എസിഎന്നിനു നൽകിയ മറ്റൊരു അഭിമുഖത്തിൽ ലാഹോർ മെത്രാപ്പൊലീത്ത സെബാസ്റ്റ്യൻ ഷാ സമാനമായ കാര്യങ്ങൾ ആരോപിച്ചിരിന്നു.

ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ളവരെ നിർബന്ധപൂർവം മതം മാറ്റുന്നതു തടയാൻ നിയമനിർമ്മാണത്തിനു പാക്കിസ്ഥാനിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ 22 അംഗ പാർലമെന്ററി സമിതിയെ പാക് ഭരണകൂടം നിയോഗിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള മാർഗങ്ങളും സമിതി ആരായും. മതകാര്യമന്ത്രി നൂറുൾ ഹഖ് ക്വാദ്രി, മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷറീൻ മാസ്‌റി, പാർലമെന്ററി കാര്യമന്ത്രി അലി മുഹമ്മദ് കാൻ തുടങ്ങിയവരും സെനറ്റർ അശോക് കുമാറും സമിതിയിലുണ്ട്.രാജ്യത്തു ക്രൈസ്തവ, ഹൈന്ദവ ന്യൂനപക്ഷ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു നിർബന്ധപൂർവം മതം മാറ്റുന്നത് പതിവ് സംഭവമാണ്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തിൽ പോലും ചോദ്യം ചെയ്യപ്പെട്ടിരിന്നു. ഇതേ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ ജൂലൈയിൽ നിർബന്ധിത മതപരിവർത്തനം തടഞ്ഞ് സിന്ധ് നിയമസഭ പ്രമേയം പാസാക്കി. നിർബന്ധിത മതപരിവർത്തനത്തിൽ കുറ്റവാളികൾക്കെതിരേ കർക്കശ നടപടി വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിനേക്കാൾ മോശമായ അവസ്ഥയാണ് ഇസ്ലാമിലെ ആഴ്‌വാന്തര വിഭാഗമായ ഷിയാക്കൾക്കും ഖാദിയാനികൾക്കും നേരിട്ടത്. അവരും അവിടെ രണ്ടാം തരം പൗരന്മാരാണ്. ഖാദിയാനികളെ മുസ്ലിം ആയിപ്പോലും കണക്കാക്കുന്നില്ല. ഷിയാപള്ളികൾക്കുനേരെയാണ് പലപ്പോളും ചാവേർ ബോംബാക്രമണം ഉണ്ടാവാറുള്ളത്. ഇപ്പോൾ കാര്യങ്ങൾ എത്രയോ മെച്ചപ്പെട്ടിട്ടണ്ടെങ്കിലും, ഒരു 
മതരാഷട്രത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോളും പാക്കിസ്ഥാനിൽ നില നിൽക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP