Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്തിയിൽ ആറാടി തങ്ക അങ്കി ഘോഷയാത്ര; അയ്യന് ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്രയ്ക്ക് സന്നിധാനത്ത് വൻ വരവേൽപ്; ഉച്ചയോടെ ശരംകൊത്തിയിൽ നിന്ന് സ്വീകരണം നൽകി; തങ്ക അങ്കി പേടകം തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങിയപ്പോൾ സന്നിധാനം ശരണമന്ത്രത്താൽ മുഖരിതം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : അയ്യന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഭക്തിനിർഭരമായ ഘോഷയാത്ര ശബരീശ സന്നിധിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിലെത്തിയ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ നിന്നും ആചാരപരമായ സ്വീകരണം നൽകി. വൈകിട്ട് അഞ്ചരയോടെ തങ്ക അങ്കി ഘോഷയാത്രയെ എതിരേൽക്കുവാൻ നിയോഗിക്കപ്പെട്ടവർ തിരുനടയിൽ നിന്നും നൽകിയ ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് പുറപ്പെട്ടു.

ആറരയോടെ പതിനെട്ടാം പടിക്ക് മുകളിലെത്തിച്ച തങ്ക അങ്കി അടങ്ങുന്ന പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി തിരുനടയിലേക്ക് ആനയിച്ചു. തുടർന്ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. തങ്ക അങ്കി ചാർത്തിയുള്ള ഭഗവാനെ ദർശിക്കുവാൻ വൻ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ പതിവുപോലെ മൂന്നിന് തിരുനട തുറന്നു. രാവിലെ 3.15 മുതൽ ആറേമുക്കാൽ വരെ മാത്രമായിരുന്നു നെയ്യഭിഷേകം നടന്നത്. സൂര്യഗ്രഹണ സമയം കണക്കിലെടുത്ത് രാവിലെ 7.30 മുതൽ 11.30 വരെ സന്നിധാനത്തെയും പമ്പയിലെയും മുഴുവൻ നടകളും അടച്ചിട്ടു.

11.35 ന് ക്ഷേത്രനടകൾ വീണ്ടും തുറന്നു. തുടർന്ന് പുണ്യാഹം കലശാഭിഷേകം എന്നിവ നടന്നു. ഇതിനു ശേഷം 12 മണി മുതൽ ഒരു മണി വരെ നെയ്യഭിഷേകം പുനരാരംഭിച്ചു. കളഭകലശം, കളഭാഭിഷേകം, ഉച്ചപൂജ. എന്നിവയ്ക്ക് ശേഷം രണ്ടു മണിക്ക് അടച്ച വൈകിട്ട് 5 ന് വീണ്ടും തുറന്നു. തുടർന്നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നത്. രാത്രി 9.30 ന് അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം പാടി 11 ന് നട അടച്ചു. .മണ്ഡലപൂജ ദിനമായ വെള്ളിയാഴ്ച പുലർച്ചെ 3 ന് തുറക്കും. 3 .15 മുതൽ 7 മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 8 മണി മുതൽ 9.30 വരെ നെയ്യഭിഷേകം തുടരും. 10 മണിക്കും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. ഉച്ചക്ക് 1 മണിക്ക് അടക്കുന്ന നട വൈകിട്ട് 4 മണിക്ക് തുറക്കും. വൈകിട്ട് 6.30 ന് തങ്ക അങ്കി വിഭൂഷിതനായ അയ്യന് ദീപാരാധന നടക്കും.

9.30 ന് നടക്കുന്ന അത്താഴപൂജയ്ക്ക് ശേഷം 10 ന് ഹരിവരാസനം പാടി പൊന്നമ്പലത്തിൻ തിരുനട അടയ്ക്കുക്കുന്നതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. മണ്ഡല പൂജാ ദിനത്തിൽ ദർശനപുണ്യം നേടാൻ വൻ ഭക്തജന പ്രവാഹമാണ് പമ്പയിലടക്കം അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏർപ്പെടുത്തിയിരുന്ന വാഹന നിയന്ത്രണത്തിന് വ്യാഴാഴ്ച ഉച്ച മുതൽ ഇളവ് നൽകി തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാനാകുമെന്നാണ് ദേവസ്വം - പൊലീസ് വൃത്തങ്ങളുടെ കണക്കുകൂട്ടൽ. ജനുവരി 15 നാണ് മകരവിളക്ക് ഉത്സവം നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP