Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്തെ ഒരു വ്യക്തിക്കെങ്കിലും പൗരത്വ നിയമം കാരണം നാടുവിടേണ്ടി വരികയാണെങ്കിൽ ആ നിയമം ഝാർഖണ്ഡിൽ നടപ്പാക്കാൻ അനുവദിക്കില്ല; നിയമത്തിന്റെ പേരിൽ ഒരു ജാർഖണ്ഡുകാരനു പോലും സ്വന്തം മണ്ണുവിട്ട് പോകേണ്ടി വരില്ല; മമതയ്ക്കും പിണറായിക്കും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി ഝാർഖണ്ഡിലെ നിയുക്ത മുഖ്യമന്ത്രിയും; പ്രതിഷേധ കാലത്തെ ഹേമന്ത് സോറന്റെ നേട്ടം ബിജെപിക്ക് നൽകുന്നതും തിരിച്ചടി; സിഎഎയ്‌ക്കെതിരെ പ്രതിപക്ഷം ഒരുമിക്കുമ്പോൾ

സംസ്ഥാനത്തെ ഒരു വ്യക്തിക്കെങ്കിലും പൗരത്വ നിയമം കാരണം നാടുവിടേണ്ടി വരികയാണെങ്കിൽ ആ നിയമം ഝാർഖണ്ഡിൽ നടപ്പാക്കാൻ അനുവദിക്കില്ല; നിയമത്തിന്റെ പേരിൽ ഒരു ജാർഖണ്ഡുകാരനു പോലും സ്വന്തം മണ്ണുവിട്ട് പോകേണ്ടി വരില്ല; മമതയ്ക്കും പിണറായിക്കും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി ഝാർഖണ്ഡിലെ നിയുക്ത മുഖ്യമന്ത്രിയും; പ്രതിഷേധ കാലത്തെ ഹേമന്ത് സോറന്റെ നേട്ടം ബിജെപിക്ക് നൽകുന്നതും തിരിച്ചടി; സിഎഎയ്‌ക്കെതിരെ പ്രതിപക്ഷം ഒരുമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടുമായി ജാർഖണ്ഡും. ബിജെപിക്കു കനത്ത പ്രഹരം നൽകി ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയ ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഝാർഖണ്ഡിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്. അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ തന്റെ തീരുമാനം പ്രഖ്യാപിക്കുകയാണ് ഹേമന്ത് സോറൻ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും പൗരത്വ നിമയത്തെ അംഗീകരിക്കില്ലെന്ന സൂചനയാണ് ഇ്ത് നൽകുന്നത്. കേരളവും ബംഗാളുമുൾപ്പെടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ ശക്തമായി രംഗത്തുണ്ട്.

'സംസ്ഥാനത്തെ ഒരു വ്യക്തിക്കെങ്കിലും പൗരത്വ നിയമം കാരണം നാടുവിടേണ്ടി വരികയാണെങ്കിൽ ആ നിയമം ഝാർഖണ്ഡിൽ നടപ്പാക്കാൻ അനുവദിക്കില്ല. നിയമത്തിന്റെ പേരിൽ ഒരു ജാർഖണ്ഡുകാരനു പോലും സ്വന്തം മണ്ണുവിട്ട് പോകേണ്ടി വരില്ല..' മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു സോറന്റെ പ്രസ്താവന. നിയമത്തെപ്പറ്റി വിശദമായി പഠിക്കും. ദേശീയ പൗര രജിസ്റ്ററിനെപ്പറ്റിയും പഠിക്കാനിരിക്കുകയാണ്. രണ്ടു വിഷയവും സമഗ്രമായി അപഗ്രഥിച്ചായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്നും സോറൻ പറഞ്ഞു. സംസ്ഥാനങ്ങൾ വിചാരിച്ചാൽ പൗരത്വ നിയമം നടപ്പാക്കാതിരിക്കാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് ശേഷമാണ് സോറൻ മറുപടി നൽകിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തയച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മമത ഇത്തരത്തിൽ കത്ത് അയച്ചിട്ടുണ്ട്. ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ യോജിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നുമാണ് മമതയുടെ കത്തിൽ പറയുന്നത്. കൂടാതെ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ രാജ്യത്തെ സ്ത്രീകൾ ഉൾപ്പടെയുള്ള വിഭാഗത്തിന് പരിഭ്രാന്തിയുണ്ടെന്നും അതിനാൽ നമ്മൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളും, പട്ടിക വർഗ്ഗ വിഭാഗങ്ങളും പരിഭ്രാന്തിയിലാണ്. ഏറെ ആശങ്ക പരത്തുന്നതാണ് ഇത്. എന്നത്തേക്കാളും നമ്മൾ ഒരുമിച്ച് നിൽക്കേണ്ടസമയമാണിത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രതിപക്ഷത്തെ എല്ലാ മുതിർന്ന നേതാക്കളോടും രാഷ്ട്രീയ പാർട്ടികളോടും ആത്മാർത്ഥമായി ആവശ്യപ്പെടുന്നുവെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പകർപ്പ് സോണിയ ഗാന്ധി, ശരദ് പവാർ, വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, തുടങ്ങിയവർക്കും കത്തയച്ചിട്ടുണ്ട്. ഇതിനിടെയാണ് സോറനും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പിന്തുണ അറിയിക്കുന്നത്.

ബിജെപിക്കെതിരായ പോരാട്ടങ്ങളിൽ താനുമുണ്ടാകുമെന്നാണ് സോറനും വ്യക്തമാക്കുന്നത്. ജനാധിപത്യത്തിന്റെ വിജയമാണ് ഝാർഖണ്ഡിലുണ്ടായതെന്ന് സോറൻ പറഞ്ഞു. സംസ്ഥാനത്തു വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചത്. തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത് പ്രാദേശിക പ്രശ്‌നങ്ങളാണ് ജനങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചതെന്നാണ്. അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കും. പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ തിരഞ്ഞെടുപ്പിനെയും നേരിടുന്നത്. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുക ഭൂമിയില്ലാത്തവർക്ക് അതു ലഭ്യമാക്കാനായിരിക്കും-സോറൻ പറയുന്നു.

പൊതുവിതരണ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനും ശ്രമം നടത്തും. സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണണം. ഓരോ വീട്ടിലും കുടിവെള്ളമെത്തിക്കണം, കൃഷിക്കു ജലമെത്തിക്കണം തുടങ്ങിയവയാണു സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതോടൊപ്പം പൊതുജനാരോഗ്യവും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യ വികസനവും സംബന്ധിച്ചും സമഗ്രപദ്ധതികൾ കൊണ്ടുവരും. ഗോത്രവിഭാഗക്കാരുടെയും പിന്നാക്കന്യൂനപക്ഷ വിഭാഗങ്ങളുടെയും ക്ഷേമവും സർക്കാരിന്റെ പ്രധാന പരിഗണനയായിരിക്കുമെന്നും സോറൻ പറഞ്ഞു.

ജെഎംഎം വർക്കിങ് പ്രസിഡന്റായ ഹേമന്ത് സോറനെ പാർട്ടിയുടെ നിയമസഭാ നേതാവായും തിരഞ്ഞെടുത്തിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രി എട്ടോടെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. കോൺഗ്രസിനും ആർജെഡിക്കൊപ്പം ചേർന്നു മഹാസഖ്യം രൂപീകരിച്ചായിരുന്നു ജെഎംഎം ഝാർഖണ്ഡിൽ മത്സരിച്ചത്. സഖ്യം 47 സീറ്റ് നേടി. മൂന്നു സീറ്റ് നേടിയ ജെവി എംപിയുടെ പിന്തുണയും മഹാസഖ്യത്തിനു ലഭിക്കും. ബിജെപിക്കു 25 സീറ്റു മാത്രാമാണ് ലഭിച്ചത്. 29ന് ഉച്ചയ്ക്ക് ഒന്നിനാണ് സോറന്റെ സത്യപ്രതിജ്ഞ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP