Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മലയാളികൾക്ക് പിണറായി സർക്കാറിന്റെ പുതുവത്സര സമ്മാനമായി വരുന്നത് പുതുപുത്തൻ പബ്ബുകൾ! ഐടി രംഗത്തെ യുവാക്കളെയും വിദേശ വിനോദ സഞ്ചാരികളെയും ഉല്ലാസത്തിൽ ആറാടിക്കാൻ പബ്ബുകൾ; പ്രതിപക്ഷ എതിർപ്പിൽ ഉപേക്ഷിച്ച മൈക്രോ ബ്രൂവറികളും വീണ്ടും വരുന്നു; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ച ഇടതു സർക്കാർ പുതുവർഷത്തിൽ മദ്യനയം വീണ്ടും പൊളിച്ചെഴുതുന്നു; മുഖ്യമന്ത്രിയും സിപിഎമ്മും പച്ചക്കൊടി കാട്ടിയതോടെ കേരളത്തിൽ അടിപൊളി പബ്ബുകൾ എത്തും

മലയാളികൾക്ക് പിണറായി സർക്കാറിന്റെ പുതുവത്സര സമ്മാനമായി വരുന്നത് പുതുപുത്തൻ പബ്ബുകൾ! ഐടി രംഗത്തെ യുവാക്കളെയും വിദേശ വിനോദ സഞ്ചാരികളെയും ഉല്ലാസത്തിൽ ആറാടിക്കാൻ പബ്ബുകൾ; പ്രതിപക്ഷ എതിർപ്പിൽ ഉപേക്ഷിച്ച മൈക്രോ ബ്രൂവറികളും വീണ്ടും വരുന്നു; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ച ഇടതു സർക്കാർ പുതുവർഷത്തിൽ മദ്യനയം വീണ്ടും പൊളിച്ചെഴുതുന്നു; മുഖ്യമന്ത്രിയും സിപിഎമ്മും പച്ചക്കൊടി കാട്ടിയതോടെ കേരളത്തിൽ അടിപൊളി പബ്ബുകൾ എത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ''ഇപ്പോൾ രാത്രി 11 മണിവരെ ജോലിചെയ്യുന്ന ആളുകൾക്ക് ജോലി കഴിഞ്ഞുവന്നാൽ ഒരുഹോട്ടലിലോ പബ്ബിലോ പോകണമെങ്കിൽ അത്തരം സൗകര്യങ്ങൾ ഇവിടെയില്ല. ഇതൊരു വലിയ ആക്ഷേപമായി മുന്നിലെത്തിയിട്ടുണ്ട്. സർക്കാർ അതിപ്പോൾ ഗൗരവമായിത്തന്നെ പരിശോധിച്ചുവരുകയാണ്. കാരണം, മറ്റുരാജ്യങ്ങളിൽനിന്നുള്ള ആൾക്കാരടക്കം ഇവിടെ വരുന്നുണ്ട്. നമ്മുടെ നാട്ടിൽത്തന്നെയുള്ള വലിയൊരു വിഭാഗം ഇത് ആഗ്രഹിക്കുന്നവരാണ്'' - അടുത്തിടെ തന്റെ പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ 'നാം മുന്നോട്ടിൽ' സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ വാക്കുകൾ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. ഒരു പബ്ബിൽ പോകണമെങ്കിൽ ബംഗളുരുവിലും ഗോവയിലും പോകേണ്ട ഗതികേടിലുള്ള മലയാളി യുവാക്കളാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി മുന്നിൽ നിന്നത്. എന്നാൽ, പതിവു പോലെ ഇത് സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്ന് വാദം ഉയർത്തി നിരവധി പേർ പ്രതിഷേധിക്കാനും രംഗത്തിറങ്ങി. എന്തായാലും പുതുവത്സരം അടുക്കുമ്പോൾ കേരളത്തിൽ യുവാക്കൾ ഒരിക്കൽ കൂടി ഇടതു സർക്കാറിന് ചിയേഴ്‌സ് അടിക്കേണ്ടുന്ന അവസ്ഥയിലാണ്. സർക്കാർ മദ്യനയം വീണ്ടും പൊളിച്ചെഴുതാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

അടുത്തവർഷം പകുതിയോടെ സംസ്ഥാനത്ത് പബ്ബുകൾ പ്രവർത്തനമാരംഭിക്കും വിധത്തിലുള്ള നയം മാറ്റത്തിനാണ് ഇടതു സർക്കാർ തയ്യാറെടുക്കുന്നത്. പബ്ബുകൾക്ക് പ്രവർത്തനാനുമതി നൽകുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ടു ചെയ്തു. പബ്ബുകൾ അനുവദിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉള്ളത് എന്നതിനാൽ പബ്ബുകളുടെ കാര്യത്തിൽ എല്ലാം വേഗത്തിലാകുമെന്നുമാണ് റിപ്പോർട്ട്. എൽഡിഎഫിലും പബ്ബുകളുടെ കാര്യത്തിൽ കാര്യമായ എതിർപ്പില്ലെന്നാണ് വാർത്തകൾ.

അതേസമയം വിവാദങ്ങൾ മൂലം മുൻപ് ഉപേക്ഷിച്ച മൈക്രോ ബ്രൂവറികളുടെ കാര്യത്തിലും ഇടതു സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എക്‌സൈസ് സെക്രട്ടറിയായിരുന്ന ആശ തോമസ് മൈക്രോ ബ്രൂവറി വിഷയത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ആലോചനകൾ നടത്തുന്നത്. ഇതോടെ സംസ്ഥാനത്ത് കൂടുതൽ ബ്രൂവറികൾ തുറക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇത് കൂടാതെ കള്ളുഷാപ്പുകൾ വിൽപ്പനയ്ക്ക് വെക്കാനും പുതുക്കിയ മദ്യനയത്തിൽ നിർദേശമുണ്ടാകും.

സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടുള്ളത് 5,171 കള്ളു ഷാപ്പുകളാണ്. ഇതിൽ 4,247 ഷാപ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കള്ളുഷാപ്പുകൾ വിൽപന നടത്തിയിട്ടില്ല. നിലവിൽ ലൈസൻസ് ഉള്ളവർക്കു പുതുക്കി നൽകുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കള്ളുഷാപ്പുകൾ വിൽപ്പനയ്ക്ക് വെക്കുകയാണ് നല്ലതെന്നാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. ഐടി രംഗത്ത് കൂടുതൽ വികസനം കൊണ്ടുവരാനും വിനോദസഞ്ചാര മേഖലയിലേക്കു സഞ്ചാരികളെ എത്തിക്കാനും കൂടുതൽ വിനോദ അന്തരീക്ഷം ഉണ്ടാകണമെന്നാണ് സർക്കാർ വിലയിരുത്തൽ. ശ്രീലങ്കയിലേക്ക് അടക്കം വിനോദ സഞ്ചാരികൾ കൂടുതലായി യാത്രപോകുന്നുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ട് വിനോദ സഞ്ചാര രംഗത്തെ ഊർജ്ജിതമാക്കാൻ വേണ്ടിക്കൂടിയാണ് പബ്ബുകൾ കൂടുതൽ തുറക്കാൻ സർക്കാർ ഒരുങ്ങുന്നത്.

പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയിൽനിന്നടക്കം സർക്കാരിനു നിവേദനങ്ങൾ ലഭിച്ചിരുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഐടി കമ്പനികളുള്ള മേഖലകളിലും പബ്ബുകളും ബ്രൂവറികളും വന്നാൽ കാര്യമായ എതിർപ്പുണ്ടാകില്ലെന്ന് സർക്കാർ കരുതുന്നു. നേരത്തെ മുഖ്യമന്ത്രി ഈ ആശയം മുന്നിൽ വെച്ചപ്പോൾ കിട്ടിയ സ്വീകാര്യത തുടർന്നും ലഭിക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ഇപ്പോഴത്തെ സർക്കാരിന്റെ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂൺ ഒൻപതിനാണ്. യുഡിഎഫ് സർക്കാരിന്റെ മദ്യനയം തള്ളിയ എൽഡിഎഫ്, ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.

2017 ജൂലൈ ഒന്നിനാണ് പുതിയ നയം പ്രാബല്യത്തിൽവന്നത്. അതു വരെ ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കുമാത്രമാണ് ബാർ ലൈസൻസ് ഉണ്ടായിരുന്നത്. 2017 ജൂലൈ മുതൽ ത്രീസ്റ്റാറിനും അതിനുമുകളിലും സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് (എഫ്.എൽ- 3) നൽകി മദ്യം സുലഭമാക്കി. എഫ്.എൽ- 3, എഫ്.എൽ- 11 ലൈസൻസുള്ള റസ്റ്റോറന്റുകളിൽ മദ്യം വിളമ്പാനും അനുമതി നൽകി. വിദേശമദ്യ ചട്ടമനുസരിച്ച് നൽകുന്ന ബിയർ, വൈൻ പാർലറുകൾ ഉൾപ്പെടെയുള്ള മറ്റു ലൈസൻസുകൾ അനുവദിച്ചു. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും അനുവാദം നൽകി.

ബാറുകൾ നിശ്ചിത ഫീസ് അടച്ചാൽ ഇഷ്ടമുള്ളിടത്ത് മദ്യ കൗണ്ടറുകൾ തുറക്കാനും അനുമതി നൽകി. വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ലോഞ്ചുകൾക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. ബാറുകളുടെ പ്രവർത്തനസമയം രാവിലെ 9.30 മുതൽ രാത്രി 10 വരെ എന്നുള്ളത് രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെയാക്കി. ടൂറിസം മേഖലയിൽ സമയം രാവിലെ 10 മുതൽ രാത്രി 11 മണി വരെയാക്കി. മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലുള്ള 21 വയസിൽ നിന്ന് 23 വയസായി ഉയർത്തിയെന്നാണ് ഇതിനു മറുവാദമായി സർക്കാർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP