Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഷേധത്തിനിറങ്ങിയ സിനിമാക്കാർക്ക് രാജ്യസ്നേഹമില്ലെന്നും താരങ്ങളുടെ ദേശസ്നേഹം വെറും അഭിനയമാണെന്നും കുമ്മനം; നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്; അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്ന് ഭീഷണിയുമായി സന്ദീപ് വാര്യർ; ഭീഷണി വേണ്ടെന്ന് കമലും; കൊച്ചിയിലെ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് ബിജെപിയെ വേദനിപ്പിക്കുമ്പോൾ

പ്രതിഷേധത്തിനിറങ്ങിയ സിനിമാക്കാർക്ക് രാജ്യസ്നേഹമില്ലെന്നും താരങ്ങളുടെ ദേശസ്നേഹം വെറും അഭിനയമാണെന്നും കുമ്മനം; നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്; അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്ന് ഭീഷണിയുമായി സന്ദീപ് വാര്യർ; ഭീഷണി വേണ്ടെന്ന് കമലും; കൊച്ചിയിലെ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് ബിജെപിയെ വേദനിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത സിനിമാക്കാരെ കടന്നാക്രമിച്ച് ബിജെപി. പ്രതിഷേധിച്ചവർ ആരും രാജ്യസ്നേഹികളല്ലെന്ന് മിസോറം മുൻ ഗവർണ്ണർ കൂടിയായ കുമ്മനം രാജശേഖരനാണ് പ്രതികരിച്ചത്. പ്രതിഷേധം തെറ്റായിരുന്നുവെന്നും പറഞ്ഞു. ഇതിന് പിന്നാലെ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യരും കടന്നാക്രമണവുമായി എത്തി.

നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നാണ് സന്ദീപ് വാര്യരുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇത് വലിയ വിവാദങ്ങൾക്ക് വഴി വയ്ക്കുകയാണ്. സിനിമാക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പ്രതികരിച്ചു. സിനിമാക്കാരും രാജ്യ സ്നേഹികളാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രതിഷേധത്തിനിറങ്ങിയ സിനിമാക്കാർക്ക് രാജ്യസ്നേഹമില്ല. താരങ്ങളുടെ ദേശസ്നേഹം വെറും അഭിനയമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ബിജെപിയുടെ ജനജാഗ്രതാ സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ''സാംസ്‌കാരിക നായകന്മാരും കലാകാരന്മാരും വാദിക്കുന്നത് ആർക്കുവേണ്ടിയാണ്. നാട്ടിൽ അഴിച്ചുവിടുന്ന പച്ചക്കള്ളം നിമിത്തം ജനങ്ങൾ ദുരിതവും ദുരന്തവും പേറുന്നത് നിങ്ങൾ കാണുന്നില്ലേ? പ്രതിഷേധത്തിനിറങ്ങിയ താരങ്ങളുടെ ദേശസ്നേഹം വെറും കാപട്യമാണ്, അവർക്ക് രാജ്യത്തോടുള്ള കൂറ് പോലും അഭിനയമാണ്. വസ്തുനിഷ്ഠമായി വേണം അവർ കാര്യങ്ങളെ സമീപിക്കാൻ,'' കുമ്മനം പറഞ്ഞു.

പ്രതിഷേധക്കാർക്കെതിരെ കടന്നാക്രമണമാണ് സന്ദീപ് വാര്യർ നടത്തിയത്. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല-ഇതാണ് സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം.

കഴിഞ്ഞദിവസം കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോർട്ട് കൊച്ചിയിലെത്തി. രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ്, എൻ.എസ് മാധവൻ, സംവിധായകൻ കമൽ, ഷഹബാസ് അമൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയാണ് ബിജെപിയെ ചൊടിപ്പിച്ചത്. കേരളത്തിൽ പൗരത്വ നിയമ ഭേദഗതിയിലെ സമരങ്ങൾ കത്തി പടരുമ്പോഴായിരുന്നു സിനിമാക്കാരുടെ പ്രതിഷേധം. ന്യൂജെൻ സിനിമാക്കാരായിുരന്നു ഇതിൽ നിറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഇവരെ കളിയാക്കി സന്ദീപ് വാര്യരും രംഗത്ത് വന്നത്.

പരിപാടിയിൽ പങ്കെടുത്ത നടി റിമ കല്ലിങ്കൽ പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ കണ്ട് നമ്മൾ എത്രനാൾ മിണ്ടാതിരിക്കുമെന്ന് റിമ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത് ക്യാംപസുകളിൽ നിന്നാണ്. അവർക്കൊപ്പം നിൽക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. എത്രനാൾ നമ്മൾ മിണ്ടാതിരിക്കും? പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും റിമ കല്ലിങ്കൽ പറഞ്ഞു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകൻ കമൽ സംസാരിച്ചത്. ''എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത് എന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. അതെ, ഞങ്ങൾക്ക് നരേന്ദ്ര മോദിയോട് വെറുപ്പാണ്. ഞങ്ങൾ ഇന്ത്യയെ സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളെ വെറുക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ജനാധിപത്യ-മതേതരത്വ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് ഇങ്ങനെയൊരു പ്രത്യയശാസ്ത്രവുമായി നടക്കുന്ന പ്രധാനമന്ത്രിയെ വെറുക്കാതിരിക്കാൻ കഴിയില്ല എന്നുതന്നെയാണ് പറയാനുള്ളത്,'' കമൽ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾക്കെതിരെയും സമരം ചെയ്തുകൊണ്ടിരിക്കുമെന്നും കമൽ കൂട്ടിച്ചേർത്തു.

പ്രതിഷേധ പ്രകടനങ്ങളോട് ഐക്യദാർഢ്യം പ്രടിപ്പിച്ചെത്തിയ നടി നിമിഷ സജയൻ സർക്കാരിനു ശ്രദ്ധിക്കാൻ വേറെ എത്രയോ കാര്യങ്ങളുണ്ടെന്നും കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന് ഇത്ര ഗൗരവം നൽകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പ്രതികരിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം തെറ്റായ തീരുമാനമാണ്. സർക്കാർ ഇത് തിരുത്തണം. നിയമത്തെ കുറിച്ച് സർക്കാരിനുള്ളിൽ തന്നെ വ്യക്തത കുറുവുണ്ടെന്നും എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും നിമിഷ പറഞ്ഞു. വിഷയത്തെക്കുറിച്ച് നന്നായി പഠിച്ചശേഷം തന്നെയാണ് പ്രതിഷേധിക്കാൻ എത്തിയതെന്നും ഇത്രയേറെ ആളുകളെ കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്നും നിമിഷ വ്യക്തമാക്കി. ഈ പരിപാടി സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചാ വിഷയമായി.

ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കേരളത്തിന്റെ ദുരന്തമാണെന്ന് കുമ്മനം രാജശേഖരൻ നേരത്തെ പ്രതികരിച്ചിരുന്നു. മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ദോഷമെന്താണെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും വേണ്ടത് ജനങ്ങളുടെ കൈയടിയാണ്. മുസ്ലിം വോട്ട് നേടാനുള്ള നീക്കമാണ് പിന്നിൽ. മുഖ്യമന്ത്രിയും ചെന്നിത്തലയും പറയുന്നത് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്നാണ്. അങ്ങനെ സംഭവിക്കില്ല. ഇവിടെ ജനിച്ചവർക്ക് പൗരത്വം ഉറപ്പാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP