Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെഞ്ച്വറി അടിച്ച വിരാട് കോഹ്ലിയോടുള്ള പ്രതികാരം തീർക്കുന്നത് കോഹ്ലി സമുദായത്തെ പീഡിപ്പിച്ച്; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ പ്രചരിപ്പിച്ച് തട്ടിക്കൊണ്ടുപോകലും തടവിലിട്ട് ബലാത്സഗം ചെയ്ത ശേഷം മതംമാറ്റവും വിവാഹവും; അതിർത്തിയിലെ വെടിവെപ്പോ, ഹോളിയോ എന്തും അക്രമത്തിന് കാരണം; കുട്ടികൾ പോലും വിശ്വസിക്കുന്നത് അമുസ്ലീങ്ങൾ ശാപമെന്ന്; പാക്കിസ്ഥാനിൽ രണ്ടാംതരം പൗരന്മാരായി ഹിന്ദുക്കൾ അടങ്ങുന്ന ന്യൂനപക്ഷങ്ങൾ

സെഞ്ച്വറി അടിച്ച വിരാട് കോഹ്ലിയോടുള്ള പ്രതികാരം തീർക്കുന്നത് കോഹ്ലി സമുദായത്തെ പീഡിപ്പിച്ച്; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ പ്രചരിപ്പിച്ച് തട്ടിക്കൊണ്ടുപോകലും തടവിലിട്ട് ബലാത്സഗം ചെയ്ത ശേഷം മതംമാറ്റവും വിവാഹവും; അതിർത്തിയിലെ വെടിവെപ്പോ, ഹോളിയോ എന്തും അക്രമത്തിന് കാരണം; കുട്ടികൾ പോലും വിശ്വസിക്കുന്നത് അമുസ്ലീങ്ങൾ ശാപമെന്ന്; പാക്കിസ്ഥാനിൽ രണ്ടാംതരം പൗരന്മാരായി ഹിന്ദുക്കൾ അടങ്ങുന്ന ന്യൂനപക്ഷങ്ങൾ

എം മാധവദാസ്

'എല്ലായിടത്തും അനീതിയാണ്. രാജ്യത്ത് ഹിന്ദുക്കൾക്ക് ജീവിക്കാൻ അവകാശമില്ലെന്ന് മുസ്ലിം കുട്ടികൾ പോലും വിശ്വസിക്കുന്നു. ഏത് നിമിഷവും ആക്രമിക്കപ്പെടാം.അതിർത്തിയിലെ വെടിവെപ്പോ ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിക്കുന്നതോ ഹോളി ആഘോഷമോ.അങ്ങനെ എന്തും കാരണമാകാം. പൊതുസ്ഥലങ്ങൾ അന്യമാണ് ഞങ്ങൾക്ക്. പണിയെടുത്താൽ പകുതി കൂലി. സാധനങ്ങൾക്ക് ഇരട്ടിവില. എതിർക്കരുത്. എതിർത്താൽ മരണമാകും ശിക്ഷ. കൊന്നുകളഞ്ഞാൽ കേസെടുക്കാൻ പൊലീസുമെത്തില്ല. ഹിന്ദുക്കളെ ആക്രമിച്ചതിനോ കൊന്നതിനോ ആരും പാക്കിസ്ഥാനിൽ ശിക്ഷിക്കപ്പെടുന്നില്ല.മതമാണ് പ്രശ്നം. വിശ്വാസങ്ങളുടെ പേരിൽ അവഹേളിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളുടെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും അപ്രഖ്യാപിത വിലക്കുണ്ട്. ന്യൂനപക്ഷങ്ങൾ തുല്യതയോടെ ജീവിക്കുന്ന ഭാരതത്തിലുള്ളവർക്ക് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ പ്രശ്നങ്ങൾ മനസിലാകുക പ്രയാസമാണ്'- ആറുവർഷം മുമ്പ് പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽനിന്ന് നാടുവിട്ടോടി ഡൽഹിയിലെത്തിയ ആമിർ ചന്ദ് 'ബിയോണ്ട് ദ ബൗണ്ടറീസ്' എന്ന ഡോക്യുമെന്റിയിൽ വ്യക്തമാക്കിയ വാക്കുകൾ ആണിത്.

ഒരുപക്ഷേ ഒരു രാജ്യത്തിനിന്ന് ഓടിപ്പോന്നവർ ഭീതിയും ആശങ്കയും പെരുപ്പിച്ച് പറയുക സ്വാഭാവികമാണ്. പക്ഷേ നിഷ്പക്ഷരായ സംഘടനകളും ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളും പറയുന്നതും ഇതുതന്നെയാണ്. റിപ്പോർട്ടേസ് ബിയോണ്ട ബോർഡേഴ്സ്, യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം, ആനെസ്റ്റി ഇൻർനാഷണൽ, 
വേൾഡ് വാച്ച് തുടങ്ങിയ പല സംഘടനകളും ന്യുനപക്ഷ പീഡനത്തിന്റെ പേരിൽ പാക്സർക്കാറിനെ പലതവണ വിമർശിച്ചിട്ടുണ്ട്.

വിശുദ്ധ ഭൂമിയെന്നാണ് പാക്കിസ്ഥാൻ എന്ന പേർഷ്യൻ വാക്കിനർത്ഥം. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് ഇത് ശരിക്കും നരകഭൂമിയാണ്. ഹിന്ദുക്കൾക്ക് മാത്രമല്ല, ന്യൂനപക്ഷമായ ക്രൈസ്തവർക്കും ബൗദ്ധർക്കും സിഖുകാർക്കും അവിടെ സ്ഥാനമില്ല. ഇസ്ലാമിലെ അവാന്തര വിഭാഗമായ അഹമ്മദീയരും രണ്ടാംകിട പൗരന്മാരാണ്. മുസ്ലിങ്ങളെന്ന് അവകാശപ്പെടാൻ അഹമ്മദീയർക്ക് വിലക്കുണ്ട്. രാജ്യം സുന്നി, ഷിയ വിഭാഗങ്ങൾക്ക് മാത്രം അവകാശപ്പെട്ടതെന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഒരു മതേതര രാഷ്ട്രത്തിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പീഡനമാണ് അവിടെ നടക്കുന്നത്. വിഭജനസമയത്ത് 12.9 ശതമാനം ഉണ്ടായിരുന്ന ഹിന്ദുജനസംഖ്യ 2018 ആയപ്പോൾ 1.6 ശതമാനമായി ചുരുങ്ങി. ഇത് ഈയിടെയായി അൽപ്പം കൂടിയെന്നത് യാഥാഥ്യമാണ്. അടിമജീവിതത്തിന്റെയും അപരവത്കരണത്തിന്റെയും കയ്പ്നിറഞ്ഞതാണ് ഓരോ  സെക്കൻഡുമെന്നാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങൾ പറയുന്നത്.

തട്ടിക്കൊണ്ടുപോകലും ബലാത്സഗവും ആണ് പാക്കിസ്ഥാനിലെ ന്യുനപക്ഷ സത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മാനഭംഗത്തോടെ മറ്റ് പോംവഴികൾ ഇല്ലാതെ  അവൾ ഒരു
  പാക് പുരുഷന്റെ മൂന്നാമത്തെയോ നാലമാത്തെയോ ഭാര്യയാകേണ്ടി വരും. മതം മാറ്റവും ഇതോടൊപ്പം നടക്കും. തീർത്തും മതാധിഷ്ഠിതമാണ് പാക്കിസ്ഥാനിലെ വിദ്യാഭ്യാസം. എല്ലാ കുട്ടികളും ഖുർആൻ പഠിക്കണം എന്ന് നിർബന്ധമാണ്.2000 വരെ ഹിന്ദുക്കൾക്ക് സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല.2013ൽ കൊല്ലപ്പെട്ട സൈനികൻ ഹിന്ദുവായതിനാൽ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. ഒരുമതരാഷ്വ്രും മതേതരരാഷ്ട്രവും തമ്മിലുള്ള ദൂരം പ്രകാശവർഷങ്ങളാണ് ചുരക്കം.

ഇങ്ങനെ പാക്കിസ്ഥാനിലെ മതപീഡനത്തിന്റെ ആവർത്തിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് മുൻ പ്രധാനമന്ത്രി മന്മോഹൻസിങും, പ്രകാശ്കാരാട്ടും അടക്കമുള്ളവർ ഇത്തരക്കാരെ ഇന്ത്യ സ്വീകരിക്കണമെന്ന നിലപാട് എടുത്തത്. മനുഷ്യത്വത്തിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുന്നവർക്ക് അങ്ങനയേ കഴിയൂ. പക്ഷേ ഇത്തരം ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് പൗരത്വത്തിനുള്ള കലാവധി 11 വർഷത്തിൽനിന്ന് അഞ്ചുവർഷം ആക്കി എന്നതാണ് പുതിയ പൗരത്വനിയമത്തിലെ ഭേദഗതി. പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾ അനുഭവിച്ച പീഡനത്തിന്റെ വിവരങ്ങൾ അറിഞ്ഞാൽ ഈ ഇളവ് ശരിയാണെന്ന് ആരും സമ്മതിച്ചുപോകും. സമാനമായ അവസ്ഥയാണ് ബംഗ്ലാദേശിലും. അഫ്ഗാനിലെകാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

പാക്കിസ്ഥാനെ പിടച്ചുകുലുക്കി വീണ്ടും മതനിന്ദാ വധശിക്ഷ

ഇസ്ലാമിക രാഷ്ട്രങ്ങളിലെ ന്യുനപക്ഷങ്ങൾ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് മതം നിന്ദാകുറ്റം. ന്യുനപക്ഷങ്ങളെ മാത്രമല്ല യുക്തിവാദികളെയും സ്വതന്ത്രചിന്തകരെയും സർക്കാറിനെ എതിർക്കുന്നവരെയെല്ലാം അകത്തിടാനുള്ള ഏറ്റവും നല്ല ടെക്നിക്കാണ്, പ്രവാചകൻ മുഹമ്മദിനെ അപമാനിച്ചുവെന്ന കുറ്റം കെട്ടിവെക്കുക. ആദ്യം ഭരണകൂടങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന ഇത് ഇപ്പോൾ നാട്ടുകാരും എന്തിന് സ്‌കൂൾ കുട്ടികൾപോലും എടുത്തുപയോഗിക്കയാണ്. പ്രവാചകനെ അപമാനിച്ചാൽ അവിടെ വധശിക്ഷയാണ്. ഇത് മുൻകൂട്ടി കണ്ട് മറ്റ ന്യുനപക്ഷങ്ങൾ മുസ്ലീങ്ങളെ പിണക്കാതിരിക്കാൻ പല രീതിയിലും ശ്രമിക്കാറുണ്ടെന്ന് മാധ്യമ പ്രവർത്തകനും ബംഗ്ലാദേശിലെ സ്വതന്ത്രചിന്തകനുമായ സമീർ ഹഖ് ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലെ ആസിയാബീവി എന്ന ക്രിസ്ത്യൻ സ്ത്രീയുടെ അനുഭവം ലോക മാധ്യമങ്ങൾ ഏറെ ചർച്ചചെയ്താണ്.

2009 ജൂൺ 14 നു വയലിൽ ജോലിചെയ്തുകൊണ്ടിരിക്കെ പൊതുകിണറ്റിൽനിന്ന് വെള്ളം എടുത്തതിനെ തുടർന്ന് അയൽക്കാരായ സ്ത്രീകളുമായുണ്ടായ വഴക്കിൽ, പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് ആസീയാ ബീവി അറസ്റ്റിലായത്.
. ( പാക്കിസ്ഥാനിൽ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായി അമുസ്ലീങ്ങൾ മുസ്ലിംപേരിടുന്നതും പതിവാണ്) പ്രവാചകനിന്ദ നടത്തിയെന്ന കുറ്റത്തിന് 2010 ൽ കോടതി അവരെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാൽ കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാൻ സുപ്രീം കോടതി അവരെ കുറ്റവിമുക്തയാക്കുകയായിരുന്നു. വഴക്കിന്റെ പേരിൽ അയൽവാസികൾ കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി കണ്ടെത്തിയിട്ടും ആൾക്കൂട്ടം ഇവരെ വെറുതെ വിട്ടില്ല. ആസിയാബീവിയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രാജ്യമ്പൊടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആസിയാബീവിയുടെയും കുടുംബത്തിന്റെയും സുരക്ഷ പാക്കിസ്ഥാൻ രഹസ്യാന്വേഷണവിഭാഗം ഏറ്റെടുത്ത് അവരെ രഹസ്യതാവളത്തിൽ പാർപ്പിച്ചിച്ചു. പാക്കിസ്ഥാനിൽ ആയിരങ്ങളാണ് ഈ സ്ത്രീയെ കൊല്ലണം എന്ന് ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത്. കേരളത്തിൽ ശബരിമല സമരം നടക്കുമ്പോൾ പാക്കിസ്ഥാനിൽ ആസിയാബീവിയെ കൊല്ലണം എന്ന് ആവശ്യപ്പെട്ട് സമാനമായ രീതിയിൽ സമരം നടക്കുകയായിരുന്നു.ഒടുവിൽ കാനഡയാണ് ആസിയാബീവിക്ക് അഭയം നൽകിയത്.

സമാനമായ ഒരു കേസിലൂടെയാണ് പാക്കിസ്ഥാൻ ഇപ്പോൾ മുന്നോട്ട് നീങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മനുഷ്യാവകാശ സംഘടനകൾ ഒരേസ്വരത്തിൽ അപലപിക്കുന്ന ഒരു വിധിയാണ് പാക് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരിക്കുന്നത്. ജുനൈദ് തസീർ എന്ന കോളേജ് പ്രൊഫസറെ കോടതി മതനിന്ദാകുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയുടെ കടുത്ത ലംഘനമെന്നാണിതെന്നാണ് മനുഷ്യവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

മധ്യപാക്കിസ്ഥാനിലെ മുൽത്താൻ നഗരത്തിലുള്ള ബഹാഉദ്ദീൻ സക്കറിയ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ജുനൈദ് തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ഈ കേസിൽ പ്രതി ചേർക്കപ്പെടുന്നത്. അദ്ദേഹം അഡ്‌മിൻ ആയ ഒരു സീക്രട്ട് ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ 2013 ൽ പ്രവാചകനെയും ഖുറാനെയും നിന്ദിച്ചു എന്നതാണ് ജുനൈദിനെ ഇപ്പോൾ വധശിക്ഷയിലേക്ക് നയിച്ച ഈ വിചാരണയ്ക്ക് ആധാരമായ കേസ്. അദ്ദേഹത്തിനെതിരെ കൈസ്ര ഷഹ്രാസ് എന്ന ഒരു പാക് വംശജയായ ബ്രിട്ടീഷ് നോവലിസ്റ്റിനെ തന്റെ കലാലയത്തിലേക്ക് ചർച്ചക്ക് വിളിച്ച് ആ ചർച്ചയിൽ പ്രവാചകനിന്ദ നടത്തി എന്നൊരു ആരോപണം കൂടി നിലവിലുണ്ട്. 2017 -ലെ ഡിസി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു കൈസ്ര ഷഹ്രാസ് എന്ന അറിയപ്പെടുന്ന നോവലിസ്റ്റ്.

കേസ് വാദിച്ച അഭിഭാഷൻപോലും കൊല്ലപ്പെടുന്നു

2009 -ൽ ഫുൾ ബ്രൈറ്റ് സ്‌കോളറായി അമേരിക്കയിൽ പഠനത്തിനെത്തിയ ജുനൈദ് ഹഫീസ്, ജാക്ക്സൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിരുന്നു. സാഹിത്യത്തിന് പുറമേ അദ്ദേഹം ഫോട്ടോഗ്രഫിയിലും നാടകത്തിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്. അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ ഡിസംബറിൽ ജുനൈദിന്റെ പേര് തങ്ങളുടെ അന്താരാഷ്ട്ര വിക്ടിംസ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുണ്ടായി. പാക്കിസ്ഥാനിലെ ഏറ്റവും വിവാദാസ്പദമായ വിചാരണകളിൽ ഒന്നാണ് മതനിന്ദയുടേത്. ആറുവർഷം നീണ്ടുനിന്ന ജുനൈദിന്റെ വിചാരണയ്ക്കിടെ ഏഴു ജഡ്ജിമാർ മാറി മാറി വന്നുപോയി. ജുനൈദിനുവേണ്ടി തുടക്കത്തിൽ കേസ് വാദിച്ച അഭിഭാഷകൻ റാഷിദ് റഹ്മാന് വിചാരണയ്ക്കിടെ നിരവധി വധഭീഷണികൾ നേരിടേണ്ടി വന്നിരുന്നു.

2014 ഏപ്രിലിൽ റാഷിദ് റഹ്മാൻ പാക്കിസ്ഥാനിലെ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഉന്നതരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഇ മെയിൽ അയച്ചിരുന്നു. അതിന്റെ തലക്കെട്ട് ' രക്തദാഹികൾ നടത്തുന്ന മാധ്യമ ഗൂഢാലോചന' എന്നായിരുന്നു. അതിൽ 'ഖബ്രേ' എന്ന പത്രത്തിൽ അച്ചടിച്ചുവന്ന ഒരു റിപ്പോർട്ടിന്റെ സ്‌കാൻ കോപ്പിയും അറ്റാച്ച് ചെയ്തിട്ടുണ്ടായിരുന്നു. അത് പാക്കിസ്ഥാനിലെ ഒരു മതാധിഷ്ഠിത സംഘടനയായ തെഹ്രീക്ക്-എ-തഹസ്സുഫ്-എ-നാമൂസ്-എ-രിസാലത്ത് നടത്തിയ ഒരു സമ്മേളനത്തെപ്പറ്റിയായിരുന്നു. ജുനൈദിനെതിരായ മതനിന്ദ കേസ് മുൽത്താൻ കോടതിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ട് റാഷിദ് റഹ്മാൻ നൽകിയ ഹർജിയെ നിശിതമായ ഭാഷയിൽ ആ സമ്മേളനത്തിലെ പ്രാസംഗികർ വിമർശിച്ചിരുന്നു.

അഭിഭാഷകൻ എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് കൂടിയായ റാഷിദ് റഹ്മാൻ ഏറെ നിഷ്ഠയോടെയാണ് ജുനൈദ് എന്ന നിരപരാധിയുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തിയിരുന്നത്. ജുനൈദിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതിനാൽ അതിനോടകം തന്നെ റഹ്മാന്റെ അഭ്യർത്ഥനപ്രകാരം വിചാരണ നടപടികൾ മുൽത്താൻ ജയിലിനുള്ളിലേക്ക് മാറ്റിയിരുന്നു. ആ വിചാരണകളിൽ ഒന്നിൽ ജഡ്ജിയുടെ സാന്നിധ്യത്തിൽ തന്നെ പ്രോസിക്യൂഷൻ അഭിഭാഷകരായ സുൾഫിക്കർ സിന്ധു അടക്കമുള്ള മൂന്നുപേർ റാഷിദ് റഹ്മാന് നേരെ പരസ്യമായ വധഭീഷണികൾ ഉയർത്തിയിട്ടുണ്ടായിരുന്നു. ഈ കത്ത് ചെന്ന ശേഷം പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ, റാഷിദിന് വേണ്ട പൊലീസ് സുരക്ഷ നൽകണം എന്ന് നിർദ്ദേശിച്ചു കൊണ്ട് കത്തയച്ചിരുന്നെങ്കിലും, അത് ബധിരകർണ്ണങ്ങളിലാണ് ചെന്നുപതിച്ചത്. ഒടുവിൽ ജുനൈദിന്റെ കേസിൽ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കെ 2014 -ൽ വക്കാലത്ത് നൽകാൻ എന്ന വ്യാജേന ഓഫീസിലേക്ക് കടന്നു വന്ന രണ്ടു ചെറുപ്പക്കാർ റാഷിദ് റഹ്മാനെ വെടിവെച്ചു കൊന്നുകളഞ്ഞു. അതിനു ശേഷം വളരെ രഹസ്യമായ വിചാരണയാണ് പ്രസ്തുത കേസിൽ നടന്നത്. സഹതടവുകാരാൽ പലതവണ അക്രമിക്കപ്പെട്ട് ജയിലിനുള്ളിൽപ്പോലും ജീവൻ അപകടത്തിലായിരുന്ന ജുനൈദിനെ കഴിഞ്ഞ കുറച്ചുകാലമായി മുൽത്താനിലെ അതീവസുരക്ഷാ ജയിലിൽ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നത്.

വിചാരണയ്ക്കിടെ ആരോപണങ്ങൾ തെളിയിക്കാൻ വേണ്ട യാതൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷനായിരുന്നില്ല. അതുകൊണ്ടുതന്നെ വിധി ജുനൈദിന് അനുകൂലമായിരിക്കും എന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹവും ഇപ്പോഴത്തെ വക്കീലും. മതനിന്ദാ കേസിന് പാക്കിസ്ഥാനിലുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി ജഡ്ജിയെ വരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാദമാണ് പ്രോസിക്യൂഷൻ നടത്തിയതെന്ന് ജുനൈദിന്റെ അഭിഭാഷകൻ ആരോപിക്കുന്നു. കോടതിയിൽ തെളിവുകൾ ഹാജരാക്കി കുറ്റം തെളിയിക്കുന്നതിന് പകരം രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ ഇളക്കിവിട്ട് ജഡ്ജിയെ സമ്മർദ്ദത്തിൽ ആക്കുകയാണ് മതസംഘടനകൾ ഈ കേസിൽ ചെയ്തത് എന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ്, ഒരടിസ്ഥാനവും കൂടാതെ തങ്ങളുടെ മകനെ വധശിക്ഷയ്ക്ക് വിധിച്ച കോടതിയുടെ നടപടിയെന്ന് ജുനൈദിന്റെ മാതാപിതാക്കൾ പറഞ്ഞു.

പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ മുൻ ചെയർമാനായ ഐ എ റഹ്മാൻ പറഞ്ഞത് ഈ വിധി അതിക്രൂരമായ ഒന്നാണ് എന്നാണ്. 'ആറുവർഷം ആ യുവാവ് ജയിലിൽ കഴിഞ്ഞതുതന്നെ നീതിക്ക് നിരക്കാത്ത ഒന്നാണ്. പാക്കിസ്ഥാനിലെ ട്രയൽ കോർട്ടുകൾ എല്ലായ്‌പ്പോഴും ഇങ്ങനെ തെളിവുകളുടെ യാതൊരു പിൻബലമില്ലാത്ത മതനിന്ദാകേസുകളിലും ആരോപിതരെ വെറുതെ വിടാറില്ല എന്നത് ഇന്ന് പരസ്യമായ ഒരു രഹസ്യമാണ്. ആൾക്കൂട്ട ഹിംസയെപ്പറ്റിയുള്ള ഭയം തന്നെ കാരണം' റഹ്മാൻ ദ ഗാർഡിയനോട് പറഞ്ഞു.

വിധിവരുന്ന ദിവസം അസാധാരണമായ മുൻകരുതലുകൾ മുൽത്താൻ ജയിലധികൃതർ സ്വീകരിച്ചിരുന്നു. ജുനൈദിന്റെ അഭിഭാഷകനോട് ജയിലിലേക്ക് വരരുത് എന്ന് നിർദ്ദേശിച്ചിരുന്നു. എങ്ങാനും ജുനൈദിനെ വെറുതെ വിട്ടാൽ, അന്നേദിവസം അതേ ജയിലിനു മുന്നിൽ വെച്ച് അഭിഭാഷകൻ ആൾക്കൂട്ടഹിംസയ്ക്ക് ഇരയാകാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ജുനൈദിനെ വെറുതെ വിട്ടാൽ എങ്ങനെ ആൾക്കൂട്ടത്തിന്റെ കയ്യിൽ പെടാതെ അദ്ദേഹത്തെ പുറത്തെത്തിക്കാം എന്നതിനെപ്പറ്റിയും ജയിലധികൃതർ ആലോചിച്ചിരുന്നു. എന്നാൽ വിധി ജുനൈദിന് പ്രതികൂലമായിരുന്നതിനാൽ അതൊന്നും വേണ്ടി വന്നില്ല. വിധി വന്നപാടെ പ്രോസിക്യൂഷൻ അഭിഭാഷകർ കോടതിയിൽ മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനവും നടത്തിയിരുന്നു.- പാക്കിസ്ഥാനിലെ മത തീവ്രത എത്രയൂണ്ടെന്ന് അറിയാൻ ഇതിൽകൂടുതൽ തെളിവുകൾ ആവശ്യമില്ല.

ആസിയബീവിയുടെ സമയത്തും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. 2011 ജനുവരിയിൽ ആസിയയ്ക്ക് പ്രസിഡന്റ് മാപ്പ് നൽകണമെന്നും മതനിന്ദാനിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട പഞ്ചാബ് ഗവർണ്ണർ തൻസീർ മുഹമ്മദിനെ സ്വന്തം അംഗരംക്ഷകൻ മുംതസ് ഖാദ്രി വെടിവെച്ചുകൊന്നു. 2016 മാർച്ചിൽ തൂക്കിലേറ്റപ്പെട്ട ഖാദ്രിയുടെ ശവസംസ്‌ക്കാര ഘോഷയാത്രയിൽ കണ്ണീരുംകയ്യുമായി പതിനായിരങ്ങളാണ് പങ്കെടുത്തത്. തൊട്ടടുത്ത മാസം മതനിന്ദാ നിയമം പരിഷ്‌ക്കരിക്കണം എന്ന ആവശ്യം ഉന്നയിച്ച പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യമന്ത്രിയും ക്രിസ്തുമതവിശ്വാസിയുമായ ഷബാസ് ബാട്ടി ഇസ്ലാമാബാദിൽ വെച്ച് കൊല്ലപ്പെട്ടു. മതവെറിയർക്ക് ഗണ്യമായ സ്വാധീനം പൊലീസും പാക്കിസ്ഥാൻ ആർമിയിലുമുണ്ട്. അതുകൊണ്ടുതന്നെ എന്ത്ചെയ്യണമെന്ന് പ്രധാനമന്ത്രിക്കുപോലും വ്യക്തതയില്ല.
.
പാക്കിസ്ഥാനിലെ അമുസ്ലീങ്ങളുടെ അവസ്ഥ ദയനീയം

വർഷത്തിൽ അയ്യായിരത്തിലേറെ ഹിന്ദുക്കൾ പാക്കിസ്ഥാനിൽനിന്ന് അഭയാർത്ഥികളായി എത്തുന്നതായാണ് ഏകദേശ കണക്ക്. ഡൽഹിയും രാജസ്ഥാനുമുൾപ്പെടെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെട്ടാണ് ഇവരുടെ ജീവിതം. ഇതിൽ ഡൽഹിയിലെ ഛത്തർപൂരിലെ പാക് ഹിന്ദു അഭയയാഥികളെ കണ്ട് തയ്യാറാക്കിയ 'ബിയോണ്ട് ദ ബൗണ്ടറീസ്' എന്ന ഡോക്യുമെന്റിയിൽ തെളിയുന്നത് അതി ദയനീയമായ അതിജീവനത്തിന്റെ കഥകളാണ്.

പാക്കിസ്ഥാനിലെ ഹിന്ദു- മുസ്ലിം സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിൽ അപകടകരമായ മാറ്റമാണ് ഉള്ളതെന്ന് അറുവർഷംമുമ്പ് ഇന്ത്യയിലേക്ക് അഭയാർഥിയായി കുടിയേറിയെത്തിയ ബലൂചിസ്ഥാൻ സ്വദേശി മോഹൻ ദാസ് പറയുന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരുന്നു. 'ഞങ്ങളുടെ ആരാധനാലയങ്ങൾ തകർക്കുന്നു. പശുവിനെ കൊല്ലുക തുടങ്ങിയ അതിക്രമങ്ങളും ചെയ്യുന്നു. ദരിദ്രരായ ഹിന്ദുക്കളെ മാത്രമല്ല പാക്കിസ്ഥാനിലെ ഉന്നത ഹിന്ദുക്കളേയും ഇവർ വേട്ടയാടുന്നുണ്ട്'- അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോകുന്ന പ്രവണതയും കഴിഞ്ഞ കുറച്ച് വർഷങ്ങളിലായാണ് കണ്ടുവരുന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നിന്നാണ് ഏറ്റവുമധികം പേരെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 30,000 ത്തിലധികം ഹിന്ദുക്കളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടക്ക് 70 ഓളം പേരെ ഇവിടെനിന്നും തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്ക്. പാക്കിസ്ഥാനിൽ നിന്നെത്തിയ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നും ഇന്ത്യയിൽ പുതിയ ജീവിതം ആരംഭിക്കാൻ ഇവരെ സഹായിക്കണമെന്നുമാണ് ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഇൻഡോറിലെ സിന്ധി സംഘടന പറയുന്നത്.

മതപീഡനം മൂലം ഇന്ത്യയിലേക്ക് ജീവനും കൊണ്ടോടി അഭയാർഥി ക്യാമ്പിൽ കഴിയേണ്ടിവന്നരുടെ ചിത്രമാണ് ഈ ഡോക്യുമെന്റി വരച്ചുകാട്ടിയത്. ഡോക്യുമെന്റിയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്-. 'നാൽപ്പത് കുടുംബങ്ങളാണ് ഛത്തർപൂർ പാക്കിസ്ഥാൻ കോളനിയിലുള്ളത്. അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ആമീർ ചന്ദ് ആണ് നേതാവ്. ആരുടെയോ ദയാ വായ്പിൽ ലഭിച്ച രണ്ട് കയർ കട്ടിലുകൾ നിരത്തിയിട്ട ഒറ്റമുറിയിൽ ആഡംബരമായി ആകെയുള്ളത് ഒരു ടേബിൾഫാൻ മാത്രം. കരിനിറമണിഞ്ഞ ഭിത്തിയിൽ ചാരി സിന്ധി കലർന്ന ഹിന്ദിയിൽ അദ്ദേഹം പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ജീവിതാവസ്ഥകൾ വിവരിച്ചു.'സിന്ധ് പ്രവിശ്യയിലായിരുന്നു ഞാനും കുടുംബവും. സ്വന്തമായുണ്ടായ വീടും കൃഷി സ്ഥലവും ഇട്ടെറിഞ്ഞാണ് കുടുംബത്തോടൊപ്പം ഇവിടെയെത്തിയത്. സ്വത്ത് വിൽക്കാൻ ഗുണ്ടകൾ അനുവദിച്ചില്ല. പലായനം ചെയ്യുന്നവരുടെ സമ്പത്ത് അവർ കൈക്കലാക്കും. നാല് വർഷമാകുന്നു ഈ അഭയാർത്ഥി ജീവിതത്തിന്. മക്കളുടെ ജീവിതം എന്താകുമെന്ന് അറിയില്ല. ആരെയും ഭയക്കാതെ കിടന്നുറങ്ങാം. അതുതന്നെ വലിയ കാര്യം'.- ആശ്വാസവും ആത്മവിശ്വാസവും പ്രകടമായ വാക്കുകൾക്കൊപ്പം ചിരിക്കാൻ ശ്രമിച്ചെങ്കിലും ആമിർ ദയനീയമായി പരാജയപ്പെട്ടു.

'എല്ലായിടത്തും അനീതിയാണ്. രാജ്യത്ത് ഹിന്ദുക്കൾക്ക് ജീവിക്കാൻ അവകാശമില്ലെന്ന് മുസ്ലിം കുട്ടികൾ പോലും വിശ്വസിക്കുന്നു..അതിർത്തിയിലെ വെടിവെപ്പോ ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഭാരതം തോൽപ്പിക്കുന്നതോ ഹോളി ആഘോഷമോ.അങ്ങനെ എന്തും കാരണമാകാം. പൊതുസ്ഥലങ്ങൾ അന്യമാണ് ഞങ്ങൾക്ക്. പണിയെടുത്താൽ പകുതി കൂലി. സാധനങ്ങൾക്ക് ഇരട്ടിവില. എതിർക്കരുത്. എതിർത്താൽ മരണമാകും ശിക്ഷ. കൊന്നുകളഞ്ഞാൽ കേസെടുക്കാൻ പൊലീസുമെത്തില്ല. ഹിന്ദുക്കളെ ആക്രമിച്ചതിനോ കൊന്നതിനോ ആരും പാക്കിസ്ഥാനിൽ ശിക്ഷിക്കപ്പെടുന്നില്ല.മതമാണ് പ്രശ്നം. വിശ്വാസങ്ങളുടെ പേരിൽ അവഹേളിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളുടെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും അപ്രഖ്യാപിത വിലക്കുണ്ട്.ഹിന്ദുക്കളുടെ ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് അക്രമങ്ങൾ വർദ്ധിക്കും. ഹിന്ദു ആഘോഷങ്ങളുടെ സമയത്ത് അക്രമം പതിവാണ്. ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നു. അക്രമം ഭയന്ന് ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ പോകാറില്ല. സർക്കാർ ജോലികളിൽ ഭരണകൂടവും ഇതേ വിവേചനം അടിച്ചേൽപ്പിക്കുന്നു. ഹിന്ദുവാണെങ്കിൽ സർക്കാർ ജോലി ലഭിക്കില്ലെന്നതാണ് അവസ്ഥ. മതംമാറ്റുന്നതിനാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങൾ. പതിനായിരങ്ങൾ ഭയന്ന് മതംമാറിക്കഴിഞ്ഞു. ബന്ധുക്കളും ഇവിടേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. ന്യൂനപക്ഷങ്ങൾ തുല്യതയോടെ ജീവിക്കുന്ന ഭാരതത്തിലുള്ളവർക്ക് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ പ്രശ്നങ്ങൾ മനസിലാകുക പ്രയാസമാണ്'- ആമിർ ചന്ദ് പറയുന്നു.

ഹിന്ദു സ്ത്രീകൾ ലൈംഗിക അടിമകളോ?

മതപീഡനത്തിന്റെ ഭയാനകത ഏറ്റവുമധികം വേട്ടയാടുന്നത് പാക്കിസ്ഥാനിലെ ഹിന്ദു സ്ത്രീകളെയാണ്. യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം നടത്തിയ അന്വേഷണത്തിൽ 76 ശതമാനം ന്യൂനപക്ഷ സ്ത്രീകൾ ലൈംഗിക ചൂഷണത്തിനിരയാകുന്നതായി കണ്ടെത്തിയിരുന്നു. പെൺമക്കളുടെ മാനം കാക്കാനാണ് വയസ്സുകാലത്ത് അമ്മമാരുടെ പലായനമെന്ന് ആറ് പതിറ്റാണ്ടിലേറെയുള്ള പാക്കിസ്ഥാനിലെ ജീവിതകണ്ട് മൻദീപ് പറയുന്നു.

ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ ഇവിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുപെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് തടവിലാക്കുന്നു. പിന്നെ ഇസ്ലാമിലേക്ക് മതം മാറി അവരുടെ മൂന്നാമത്തെയോ നാലമാത്തെയോ ഭാര്യയാായി ജീവിക്കയല്ലാതെ ഇവർക്ക് യാതൊരു പോംവഴിയുമില്ല.. പീഡനത്തിനിരയായി അച്ഛനാരെന്നറിയാത്ത കുട്ടികളുമായി ജീവിക്കുന്ന നൂറുകണക്കിന് ന്യുനപക്ഷ സ്ത്രീകൾ നിരവധിയാണ്. 2005ൽ മാസത്തിൽ 25 ഹിന്ദു പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും മതംമാറ്റത്തിനും ഇരയാകുന്നതായി പാക്കിസ്ഥാൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എട്ടു വർഷം മുൻപ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അസീനക്ക് പാക്കിസ്ഥാൻ ഉപേക്ഷിക്കേണ്ടി വന്നത്. സ്വന്തം അനുഭവങ്ങളിൽ നിന്നാണ് അസീന സംസാരിച്ച് തുടങ്ങിയത്. 'അസീനയെന്ന മുസ്ലിം ചുവയുള്ള പേര് എന്നെ പലപ്പോഴും രക്ഷിച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോഴൊക്കെ അച്ഛൻ പേര് ഉച്ചത്തിൽ വിളിക്കും. മുസ്ലിമാണെന്ന് കരുതി അക്രമികൾ വെറുതെവിടും'.

മിയാൻ മിദു എന്ന മുസ്ലിം പുരോഹിതന്റെ രൂപം ഇപ്പോഴും അസീനയെപ്പോലുള്ളവരുടെ ഉറക്കം കളയുന്നു. രാഷ്ട്രീയക്കാരൻ കൂടിയായ മിയാൻ മിദുവാണ് സിന്ധിൽ ഹിന്ദുക്കൾക്കെതിരായ അക്രമത്തിന് നേതൃത്വം നൽകുന്നത്. ക്രിമിനൽ സംഘവും ഇയാൾക്കൊപ്പമുണ്ട്. പിശാച് എന്നാണ് ഇയാളുടെ വിശേഷണം. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സഗംചെയ്യും. തുടർന്ന് മതം മാറ്റും. പൊലീസ് പരാതി സ്വീകരിക്കില്ല. എതിർക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഇല്ലാതാക്കുമെന്നം അസീന പറയുന്നു.

ക്രിസ്ത്യൻ പെൺകുട്ടികൾക്കും രക്ഷയില്ല

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടികൾക്കും ഒട്ടും രക്ഷയില്ലാത്ത അവസ്ഥയാണ് ഉള്ളത്. നാലുവർഷംമുമ്പ് കറാച്ചിയിൽ പതിനാലു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കി. സിയാ കോളനിയിൽ ഹിമ യൂനിസ് എന്ന ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കുകയായിരുന്നു. പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുവാനുള്ള ശ്രമം അവളുടെ കുടുംബം നടത്തിയിരുന്നു. പെൺകുട്ടി സ്വമേധയ മതപരിവർത്തനം ചെയ്തുവെന്ന് തെളിയിക്കാനായി തട്ടിക്കൊണ്ടുപോയ ആളുകൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

മാതാപിതാക്കൾ പുറത്തു പോയ തക്കം നോക്കി മൂന്നുപേർ വീട്ടിൽ പ്രവേശിച്ച് ഹിമയെ തട്ടി കൊണ്ടുപോകുകയായിരുന്നു. സംഭവം കേസാക്കാൻ നിരവധി തവണ വിസമ്മതിച്ചതിനു ശേഷം രണ്ടു ദിവസങ്ങൾക്കു ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മയായ നജീന ആരോപിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹിമ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത രേഖയും, അബ്ദുൽ ജബ്ബാർ എന്ന ആളുമായി നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾക്ക് ലഭിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസവും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസവും ഒന്നായതിനാൽ തട്ടിക്കൊണ്ടുപോയവർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് നജീന ഉറപ്പിച്ചുപറയുന്നു.

എല്ലാ സമുദായക്കാരും ഖുർആൻ പഠിക്കണമെന്ന് നിർബന്ധം

ഇരുപതോളം കുട്ടികളുണ്ട് ഡൽഹി ഛത്തർപൂരിലെ പാക് അഭയാർഥി ക്യാമ്പിൽ. ഇതിൽ മീന എന്ന കുട്ടിയുടെ അനുഭവം ഡോക്യുമെന്റിയിൽ പറയുന്നത് ഇങ്ങനെ. ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെയാണ് മീന ഛത്തർപൂരിലെത്തിയത്. ആദ്യനാളുകളിൽ സ്‌കൂളിൽ പോകാനായില്ല. അതോടെ പഠനം നിർത്തി. പാക്കിസ്ഥാനിലെ സ്‌കൂൾ ജീവിതം നല്ല അനുഭവങ്ങളല്ല മീനക്ക് നൽകിയത്. വിവേചനത്തിന്റെ മറ്റൊരിടം കൂടിയാണത്. ഭരണകൂടം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റിയെടുക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. പാഠഭാഗങ്ങളിലൂടെ ഹിന്ദുവിരുദ്ധത കുഞ്ഞുമനസ്സുകളിൽ കുത്തിനിറക്കുന്നു.
'ഹിന്ദുക്കൾ തീവ്രവാദികളും ഇസ്ലാമിന്റെ ശത്രുക്കളുമാണെന്ന് പഠിപ്പിക്കുന്നു. അനീതിയും അക്രമവുമാണ് ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനം. അതേസമയം ഇസ്ലാം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മതമാണ്'. ഇത്തരം പാഠങ്ങൾ കുട്ടികളിൽ വെറുപ്പ് വളർത്തുന്നുവെന്ന് മീന പറയുന്നു. ചില അദ്ധ്യാപകർ വളരെ മോശം രീതിയിലാണ് ഇതൊക്കെ പഠിപ്പിക്കുന്നത്.

മദ്രസ്സാ പഠനത്തിന് സമാനമാണ് സ്‌കൂൾ വിദ്യാഭ്യാസം. ഖുറാൻ പഠിക്കണമെന്ന് നിർബന്ധമാണ്. സ്‌കൂളുകളിൽ സൗജന്യമായി ലഭിക്കുന്ന കുടിവെള്ളം ഉപയോഗിക്കാൻ ഞങ്ങൾക്ക് അവകാശമില്ല. വീട്ടിൽ നിന്ന് വെള്ളം കൊണ്ടുപോകും. ഒരുമിച്ചിരിക്കാനോ കളിക്കാനോ മറ്റ് കുട്ടികൾ തയ്യാറാവുന്നില്ല. വിശ്വാസത്തിന്റെ പേരിൽ കളിയാക്കും. മീനയുടെ അനുഭവം ഇങ്ങനെ. മതവൈരം വളർത്തുന്ന സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നേർക്കാഴ്ച യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം നടത്തിയ പഠനത്തിൽ വെളിപ്പെട്ടിരുന്നു. ഇത് മതഭീകരവാദം വളർത്തുന്നതിന് കാരണമാണെന്ന് കമ്മീഷൻ ചെയർമാൻ ലിയോനാർഡ് ലിയോ പറയുന്നു. തീവ്ര മതപുരോഹിതരെ പ്രീണിപ്പിക്കാനാണ് പാഠപുസ്തകങ്ങളിൽ മതഭീകരത മറയില്ലാതെ ഉൾപ്പെടുത്തുന്നത്. സിയാ ഉൾ ഹഖിന്റെ കാലത്താണ് പാഠപുസ്തകങ്ങൾ ഇസ്ലാമികവത്കരിക്കപ്പെട്ടത്. 2006 ൽ ഇത് പരിഷ്‌കരിക്കുമെന്ന് പറഞ്ഞെങ്കിലും മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. ഇപ്പോൾ ഇംറാൻഖാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റം വന്നിട്ടില്ല.

വിരാട് കോഹ്ലിയോടുള്ള അരിശം തീർക്കുന്നത് കോഹ്ലി സമുദായത്തിലുള്ളവരെ പീഡിപ്പിച്ച്

ഹിന്ദുക്കളെന്നാൽ പാക്കിസ്ഥാനിലെ ഭരണകൂടത്തിനും മതമൗലിക വാദികൾക്കും ഭാരതീയരാണ്. ഭാരതം ശത്രുരാജ്യവും. പൗരന് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് അതിനാൽ ഹിന്ദുക്കൾ അർഹരല്ല. രാജ്യത്തിന്റെ ശത്രുക്കളാണ് ഹിന്ദുക്കളെന്ന വികാരം സമൂഹത്തിൽ വിതക്കാൻ ഭരണകൂടത്തിനും മൗലികവാദികൾക്കും സാധിച്ചു. സംശയത്തോടെയാണ് ന്യൂനപക്ഷങ്ങളെ വീക്ഷിക്കുന്നത്. 2013ൽ കൊല്ലപ്പെട്ട സൈനികൻ ഹിന്ദുവായതിനാൽ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. 2000 വരെ ഹിന്ദുക്കൾക്ക് സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല.

ബിയോണ്ട് ദ ബൗണ്ടറീസ് എന്ന ഡോക്യുമെന്റിയുടെ അവസാനം ഇങ്ങനെയാണ്. പാക്കിസ്ഥാനെതിരായ മിന്നലാക്രമണം സംബന്ധിച്ച ചോദ്യത്തിനുള്ള ആമിർ ചന്ദിന്റെ മറുപടി മനസ്സിൽ തട്ടി. 'ക്രിക്കറ്റിൽ, ഭാരതത്തോട് പാക്കിസ്ഥാൻ തോറ്റാൽ ഉറക്കമില്ലാത്ത രാത്രികളായിരിക്കും ഞങ്ങൾക്ക്. വിരാട് കോഹ്ലി കളി തോൽപ്പിച്ചതിലെ അരിശം കോഹ്ലി സമദായത്തിലുള്ളവരെ ദിവസങ്ങളോളം പീഡിപ്പിച്ചാണ് തീർത്തത്. പാക്കിസ്ഥാൻ പരാജയപ്പെട്ട രാജ്യമാണ്. . ഇതാണ് ഞങ്ങളുടെ രാജ്യം. ഞങ്ങൾ പാക്കിസ്ഥാനികളല്ല, ഹിന്ദുസ്ഥാനികളാണ്'.

ഹിന്ദുക്കളെ കൊന്നുകളയണമെന്ന് ചാനൽ ആങ്കർ

ഇത് പഴയ കഥയാണെന്ന് പറയാൻവരട്ടെ കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുമാറ്റിയ അടുത്തകാലത്തെ് ഒരു പാക് ചാനൽ പ്രവർത്തകൻ പറഞ്ഞത് നോക്കുക. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമപ്രവർത്തകനും വാർത്ത നിരൂപകനുമായ താരീഖ് പിർസാദയാണ് കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ശക്തമായി ആഞ്ഞടിച്ചത്. പാക് ചാനലിലെ ചർച്ചയ്ക്കിടെയാണു താരീഖിന്റെ വിവാദ പ്രസ്താവന.

'കശ്മീരിൽ നിങ്ങളുടെ പ്രദേശത്ത് ഏതെങ്കിലും ഹിന്ദു കാലു കുത്തിയാൽ കൊന്നു കളഞ്ഞേക്കണം. പാക്കിസ്ഥാനികളായ ഞങ്ങൾക്ക് കശ്മീരിലെ സഹോദരങ്ങളോട് ആഹ്വാനം ചെയ്യാൻ ഒന്നേ ഉള്ളൂ?നിങ്ങളുടെ പ്രദേശത്തുള്ള എല്ലാ ഹിന്ദുക്കളേയും കൊന്നൊടുക്കണം, ഒരു നിമിഷം പോലും ഹിന്ദുക്കളെ ജീവിക്കാൻ അനുവദിക്കരുത്. നിങ്ങളുടെ ഭൂമി അവർ പിടിച്ചെടുക്കും. നിങ്ങളുടെ അവസ്ഥ ഫലസ്തീനേക്കാൾ കഷ്ടമാണ്. അതിനാൽ ഹിന്ദുക്കളെ വെറുതേ വിടരുത്'- താരീഖ് ചാനൽ ചർച്ചയിൽ പറഞ്ഞു. നോക്കുക, നമ്മുടെ അർണബ് ഗോസാമിയൊക്കെ എത്രഭേദമാണ്. ഇവിടെ ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്തായിരിക്കും പുകിൽ.

പേരുമാറ്റിയിട്ടും രക്ഷയില്ലാതെ ക്രൈസ്തവർ

തങ്ങളുടെ കുട്ടികൾ സ്‌കൂളുകളിൽ വർഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാൻ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ മാതാപിതാക്കൾ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ നിർബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി കത്തോലിക്ക ബിഷപ്പ് തന്നെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസൺ ഷുക്കാർഡിനാണ് ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് (എ.സി.എൻ) നു നൽകിയ അഭിമുഖത്തിൽ മൂന്നുവർഷം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ വിദ്യാലയങ്ങളിൽ പോലും പ്രകടമായ മതവർഗ്ഗീയതയും, ക്രിസ്ത്യൻ വിരുദ്ധതയുമാണ് ക്രിസ്ത്യൻ മാതാപിതാക്കളെ തങ്ങളുടെ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിദ്യാലയങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ട ക്രിസ്ത്യൻ കുട്ടികൾ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനാൽ, അവരെ അവിശ്വാസികളായിട്ടാണ് പരിഗണിച്ചു വരുന്നതെന്നും, ഇസ്ലാമാണ് ഏക മതമെന്നും, ഖുറാനിലൂടെ മാത്രമാണ് മോക്ഷം സാധ്യമാവുകയുള്ളൂവെന്നുമാണ് യാഥാസ്ഥിതികരായ മുസ്ലീങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ക്രിസ്ത്യാനികൾക്ക് പുറമേ, ഹിന്ദുക്കളും മിതവാദികളായ മുസ്ലീങ്ങളും വരെ ആക്രമത്തിനിരയാവുന്നുണ്ടെന്നും, പാശ്ചാത്യ രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടാൽ പാക്കിസ്ഥാനിലെ വർഗ്ഗീയവാദികൾ ദേവാലയങ്ങൾക്കു നേരെ അക്രമം അഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിരബന്ധമായി മതപരിവർത്തനം ചെയ്ത് വിവാഹം കഴിക്കുന്നത് ഗ്രാമ പ്രദേശങ്ങളിൽ സർവ്വസാധാരണമാണെന്നും ബിഷപ്പ് ഷുക്കാർഡിൻ വെളിപ്പെടുത്തുന്നു. മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവനെ ഏതുവിധേനെയും മതപരിവർത്തനം ചെയ്താൽ സ്വർഗ്ഗം ലഭിക്കുമെന്ന വിശ്വാസവും, വിദ്യാഭ്യാസമില്ലായ്മയുമാണ് ഇതിന്റെ കാരണമായി മെത്രാൻ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞയാഴ്ച എസിഎന്നിനു നൽകിയ മറ്റൊരു അഭിമുഖത്തിൽ ലാഹോർ മെത്രാപ്പൊലീത്ത സെബാസ്റ്റ്യൻ ഷാ സമാനമായ കാര്യങ്ങൾ ആരോപിച്ചിരിന്നു.

ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ളവരെ നിർബന്ധപൂർവം മതം മാറ്റുന്നതു തടയാൻ നിയമനിർമ്മാണത്തിനു പാക്കിസ്ഥാനിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ 22 അംഗ പാർലമെന്ററി സമിതിയെ പാക് ഭരണകൂടം നിയോഗിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള മാർഗങ്ങളും സമിതി ആരായും. മതകാര്യമന്ത്രി നൂറുൾ ഹഖ് ക്വാദ്രി, മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷറീൻ മാസ്‌റി, പാർലമെന്ററി കാര്യമന്ത്രി അലി മുഹമ്മദ് കാൻ തുടങ്ങിയവരും സെനറ്റർ അശോക് കുമാറും സമിതിയിലുണ്ട്.

രാജ്യത്തു ക്രൈസ്തവ, ഹൈന്ദവ ന്യൂനപക്ഷ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു നിർബന്ധപൂർവം മതം മാറ്റുന്നത് പതിവ് സംഭവമാണ്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തിൽ പോലും ചോദ്യം ചെയ്യപ്പെട്ടിരിന്നു. ഇതേ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ ജൂലൈയിൽ നിർബന്ധിത മതപരിവർത്തനം തടഞ്ഞ് സിന്ധ് നിയമസഭ പ്രമേയം പാസാക്കി. നിർബന്ധിത മതപരിവർത്തനത്തിൽ കുറ്റവാളികൾക്കെതിരേ കർക്കശ നടപടി വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഖാദിയാനിയായതുകൊണ്ട് നോബേൽ സമ്മാന ജേതാവിനും വിവേചനം

ഖാദിയാനികൾ എന്ന് അറിയപ്പെടുന്ന അഹമ്മദിയ മുസ്ലീങ്ങളാണ് ഏറ്റവും വലിയ വിവേചനങ്ങൾക്ക് ഇരയായത്. പഞ്ചാബുകാരനായിരുന്ന മിർസ ഗുലാം അഹമ്മദ് (1835-1908) എന്ന വ്യക്തിയാണ് അഹമ്മദിയരുടെ അവസാന പ്രവാചകൻ. മുഹമ്മദിന് ശേഷം പ്രവാചകരില്ല എന്ന മുഖ്യധാരാ മുസ്ലിം സമുദായത്തിന്റെ നിലപാട് കാരണം പിന്നീട് പ്രവാചകത്വം അവകാശപെട്ട് വന്നവരുടെയെല്ലാം അവർ അംഗീകരിച്ചില്ല. അന്ത്യനാളുകളിൽ പ്രതീക്ഷിക്കപെടുന്ന മഹ്ദി താനാണെന്ന അവകാശവാദമാണ് ഗുലാം അഹമ്മദ് ഉന്നയിച്ചത്. മുഹമ്മദിന്റെ മറ്റൊരു പേരായ അഹമ്മദ് എന്ന നാമം ആധാരമാക്കി ഇവർ തങ്ങളെ അഹമ്മദീയർ എന്നടയാളപെടുത്തുന്നത്. 2009 രാജ്യങ്ങളിൽ അഹമ്മദിയരുണ്ട്. പല വ്യക്തികളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ വിന്യസിക്കപ്പെട്ടതിനാൽ ലോകമെമ്പാടും എത്രപേരുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ല. ഒരു കോടി മുതൽ രണ്ട് കോടി വരെയാണ് അഹമ്മദിയ ജനസംഖ്യയായി പൊതുവെ അംഗീകരിക്കപ്പെടുന്നത്. അതിൽ 40 ലക്ഷം പാക്കിസ്ഥാനിലുണ്ട്. ഇന്ത്യയിൽ അവരുടെ ജനസംഖ്യ അറുപതിനായിരം മുതൽ പത്ത് ലക്ഷംവരെയാണ്. അവിടെയും കണക്കിൽ കൃത്യതയില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഹമ്മദീയർ മുസ്ലിങ്ങളാണ്. എന്നാൽ പാക്കിസ്ഥാനിൽ അഹമ്മദീയർക്ക് മുസ്ലിം ആയി ജീവിക്കാനാവില്ല-അത് നിയമവിരുദ്ധമാണ്. സിയ ഉൾഹഖിന്റെ കാലത്ത് അഹമ്മദിയ വിഭാഗത്തെ അമുസ്ലിം ആയി പ്രഖ്യാപിച്ചിരുന്നു. മുസ്ലിം അഭിവാദനരീതികളും മതപദങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഹമ്മദിയരെ വിലക്കി കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയും പാക്കിസ്ഥാനിലുണ്ട്. മുസ്ലിങ്ങൾക്ക് പാക്കിസ്ഥാനിൽ പൗരത്വം കിട്ടണമെങ്കിൽ അവർ മിർസ ഗുലാം അഹമ്മദ് വ്യാജനായിരുന്നു എന്ന് എഴുതി ഒപ്പിട്ടുകൊടുക്കണം. അല്ലെങ്കിൽ ജനറൽ ക്വാട്ടയിൽ അപേക്ഷിക്കണം.

പ്രപഞ്ചോൽപ്പത്തി സംബന്ധിച്ച സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തത്തിനൽകിയ സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന പാക്കിസ്ഥാനി ശാസ്ത്രജ്ഞനാണ് തിയററ്റിക്കൽ ഫിസിസിസ്റ്റായ ഡോ അബ്ദു സാലാം (1926- 1996). അദ്ദേഹത്തിന്റെ ഇലട്രോവീക്ക് യൂണിഫിക്കേഷൻ തിയറിക്ക് 1979 ൽ ഫിസിക്സിലെ നൊബേൽ സമ്മാനം ലഭിച്ചിരുന്നു. ഷെൽഡൻ ഗ്ലാസ്‌ഷോ, സ്റ്റീവൻ വീൻബൈർഗ് എന്നിവർക്കൊപ്പമാണ് അന്ന് സാലാം നൊബേൽ പുരസ്‌കാരം പങ്കുവെച്ചത്. അഹമ്മദിയ വിഭാഗക്കാരനായ അദ്ദേഹത്തിന്റെ ഖബറിന് മുകളിൽ ''ആദ്യത്തെ മുസ്ലിം നൊബേൽ ജേതാവ്''എന്ന് നാട്ടുകാർ അഭിമാനപൂർവം എഴുതിവെച്ചു. പിന്നീടാണ് അഹമ്മദീയരെ അമുസ്ലിങ്ങളാക്കിയ നിയമം പാക്കിസ്ഥാനിൽ വരുന്നത്. മതവെറിയർ ഈ വാചകത്തിൽ നിന്നും 'മുസ്ലിം' മായിച്ചു കളഞ്ഞു. അങ്ങനെ അബ്ദു സാലാമിനെ ''ആദ്യത്തെ നൊബേൽ ജേതാവ് ''ആക്കി മാറ്റി പാക്കിസ്ഥാന്റെ ആദ്യ വിദേശകാര്യ മന്ത്രിയായിരുന്ന, കാശ്മീർ തർക്കവിഷയത്തിലൊക്കെ ഐക്യരാഷ്ട്ര സഭയിലും മറ്റും സൂപ്പർ പ്രകടനം കാഴ്ചപെച്ച സഫറുള്ള ഖാനും അഹമ്മദിയ വിഭാഗക്കാരനായിരുന്നു. ഇന്ന് പാക്കിസ്ഥാനിൽ നടക്കുന്ന മതപ്രചോദിത കൊലകൾക്കും മതനിന്ദാകുറ്റങ്ങൾക്കും മതപീഡനത്തിനും ഏറ്റവുമധികം വിധേയമാകുന്നത് അഹമ്മദിയ വിഭാഗക്കാരാണ്.

അടിവസ്ത്ര ബോംബിൽ പൊട്ടിത്തരുന്ന ഷിയാ പള്ളികൾ

സമാനമാണ് മുഹമ്മദിന്റെ മരുമകനായ അലിയുടെ പാരമ്പര്യം അവകാശപെടുന്ന ഷിയ മുസ്ലിംങ്ങൾ. പാക്കിസ്ഥാനിൽ പല വെള്ളിയാഴ്ചകളിലും പൊട്ടിത്തെറിച്ച മുസ്ലിംപള്ളികളിൽ മിക്കതും ഷിയ വിഭാഗക്കാരുടേതാണ്. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 25 ശതമാനത്തിലധികം ഷിയ മുസ്ലിങ്ങളാണ്. മറ്റൊരു അയൽ രാജ്യമായ ഇറാൻ ഷിയ ഭൂരിപക്ഷ രാജ്യമാണ്. എങ്കിലും പാക്കിസ്ഥാനിൽ ഷിയകളുടെ അവസ്ഥ ഒട്ടും മഹത്തരമല്ല. പ്രവാചകൻ മുഹമ്മദിന്റെ മരണശേഷം മുസ്ലിം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി സമുദായത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ കടന്നുവന്നുഒരു കുട്ടർ അലിയാണ് യഥാർഥ പിൻഗാമിയായിരിക്കേണ്ടത് എന്നും മറ്റൊരു കുട്ടർ അബുബക്കറായിരിക്കണം പിൻഗാമിയായിരിക്കേണ്ടത് എന്നുള്ള കോലാഹലങ്ങൾ നടന്നു. അങ്ങനെ മുഹമ്മദിന്റെ ഭൗതിക ശരീരംമുന്ന് ദിവസത്തോളം ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്നു. അവസാനം ഉമർ ഇറങ്ങി ഇതിനുള്ള തീർപ്പ് കൽപ്പിച്ചു. അങ്ങനെ അബുബക്കർ ഒന്നാം ഖലീഫയായി തീരുമാനിക്കപെട്ടു.മുഹമ്മദിന്റെ മരണശേഷം മുസ്ലിം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി സമുദായത്തിൽ ഉയർന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളുടെയും തുടർന്നുള്ള സംഭവ വികാസങ്ങളുടെയും അടിസ്ഥാനത്തിൽ കാലം അതികം നീണ്ടു പോയില്ല. സുന്നി-ഷിയാ വിഭജനത്തിനു ആക്കം കുട്ടി കൊണ്ട് ഈ മതക്കാർ  രണ്ടായി പിളർന്നു. നബി അംഗീകരിച്ച നേതൃത്വം സമുദായത്തിനുണ്ടായാൽ മതിയെന്ന് സുന്നികളും നബിയുടെ കുടുംബപരമ്പരയിലുള്ളവർ നേതൃത്വം മാത്രമേ ഉണ്ടാകാവൂ എന്ന് ഷിയാകളും വാദിക്കുന്നു.

ഇതോടെ സുന്നി ഭുരിപക്ഷ മേഖലകളിൽ ഷിയാക്കളെയും ഷിയാ ഭൂരിപക്ഷമുള്ളിടത്ത് സുന്നികളെയും വേട്ടയാടാൻ തുടങ്ങി. പത്തുവർഷം മുമ്പുവരെ പാക്കിസ്ഥാനിൽ വെള്ളിയാഴചകൾ എന്നാൽ ഷിയാക്കൾക്ക് പേടിസ്വപ്നമാണ്. അന്നാണ് ഷിയാ പള്ളികൾ പൊട്ടിത്തെറിക്കുക. സുന്നി- താലിബാൻ തീവ്രാവാദികൾ അടിവസ്ത്രത്തിൽ ബോംബുമായി എത്തി നമസ്‌ക്കരിക്കുന്നതിന് ഇടെയാണ് പലപ്പോഴും സ്ഫോടനം നടത്തിയത്. ട്രിപ്പിൾ ബോംബാക്രമണങ്ങൾ എന്ന് കുപ്രസിദ്ധമായ പരമ്പരയും അക്കാലത്ത ഉണ്ടായി. അതായത് ആദ്യം പള്ളികളിൽ സ്ഫോടനം, പിന്നീട് പ്രതികളെ ആശുപത്രയിൽ കൊണ്ടുപോകുമ്പോൾ ആശുപത്രിയിലും സമാനമായ ആക്രമണം ഉണ്ടാകുന്നു. അവിടെയും കുറേപ്പർ മരിക്കുന്നു. അടുത്തത് ഇവരുടെ മൃതദേഹങ്ങൾ ഖബറടക്കുമ്പോഴാണ്. ബോംബ് പൊട്ടി അവിടെയും നിരവധിപേർ കൊല്ലപ്പെടുന്നു. എല്ലാം അടിവസ്ത്രത്തിൽ ബോംബ് ഒളിപ്പിച്ച ചാവേറുകൾ വഴി.

പക്ഷെ അഹമ്മദിയകളും ഷിയകളും മുസ്ലീങ്ങളാണെന്ന് ഇന്ത്യ പ്രഖ്യാപിക്കുമ്പോൾ മതപരമായ പീഡനം നേരിട്ട് അഭയാർത്ഥികളിൽ നല്ലൊരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുകയാണ്. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പരിഗണിച്ചതിൽ മതപീഡനം മാനദണ്ഡമായി സ്വീകരിക്കുന്നുവെങ്കിൽ അഹമ്മദിയകളെയും ഷിയകളെയും വിട്ടുകളയുന്നത് ദയാശൂന്യതയാണ്. സമാനമാണ് ശ്രീലങ്ക, ബർമ്മ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ അഭയാർത്ഥികളെ മൊത്തത്തിൽ ഒഴിവാക്കുന്നതും.

ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ദൂരം

ഇന്ത്യയും പാക്കിസ്ഥാനും പിറക്കുമ്പോൾ രണ്ടുരാജ്യങ്ങളും തമ്മിലുള്ള അകലം പ്രകാശവർഷങ്ങളായിരുന്നു. ഒന്ന് ഒരു ഇസ്ലാമിക രാജ്യവും മറ്റേത് ഒരു മതേതര രാജ്യവും. ആ മാറ്റത്തിന്റെ അടിസ്ഥാനം എന്താണ്? നമ്മുടെ ഭരണഘടനതന്നെ. ഈ നാട്ടിലെ ജനങ്ങൾ ഒരിക്കലും അർഹിക്കാത്ത ഒരു ഭരണഘടന നെഹ്‌റുവും അംബേദ്ക്കറും ചേർന്ന് എഴുതിവെച്ചതിന്റെ ഗുണം നാം ഇപ്പോഴും അനുഭവിക്കുന്നു. ആ ഭരണഘടനകൂടി ഇല്ലായിരുന്നെങ്കിൽ നമ്മുടെ സ്ഥിതിയെന്താവുമായിരുന്നു.

പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് കൊല്ലുക എന്നത് എളുപ്പമാണ്. അനിഷ്ടം തോന്നുന്ന ആരുടെയും ജീവനെടുക്കാം. മുഹമ്മദിനെയോ ഖുർ-ആൻ എന്ന പുസ്തകത്തെയോ അവഹേളിച്ചു എന്നൊരു കഥയുണ്ടാക്കുക. ഒന്നു രണ്ട് സാക്ഷ്യങ്ങൾ...ശേഷം കാര്യം ആൾക്കൂട്ടം നോക്കിക്കൊള്ളും. കുറ്റാരോപിതരുടെ ഭാഗം വാദിക്കാൻ വക്കീലുണ്ടാവില്ല, അഥവാ ഉണ്ടായാൽ അവരുടെ വിധിയും ഭിന്നമാകില്ല. വിധി പറയേണ്ട ന്യായാധിപന്മാർ ജീവനുംകൊണ്ട് പലായനം ചെയ്യും. ഒരിക്കലും അത് ഇവിടെ നടക്കില്ല. അതിന്റെ പ്രധാനകാരണം ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്നു നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയുടെ കോർ അഥവാ കാമ്പ് മൂന്നിൽ രണ്ട് ഭൂരിപക്ഷമല്ല നാലിൽ മൂന്ന് ഭൂരിപക്ഷം കിട്ടിയിലാലും ഭേദഗതിചെയ്യാനാവില്ല. അത് ഭേദഗതിപെയ്യാൻ പറ്റാത്തതാണ് .അതായത് മോദിയല്ല ആരുവിചാരിച്ചാലും ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനോ ഫാസിസ്റ്റ് രാജ്യമാക്കാനോ കഴിയില്ല. അതിനുപുറമെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ രണ്ട് വാക്കുകൾ ഇന്ദിരാഗാന്ധി ഭരണഘടനയിൽ എഴുതിച്ചേർത്തതും ഫാസിസ്റ്റുകൾക്ക് കനത്ത് തിരിച്ചടിയാണ്.

മാത്രമല്ല പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാർ ആണെങ്കിൽ ഇന്ത്യയിൽ അങ്ങനെ ഒരു പ്രശ്നമില്ല. മാത്രമല്ല ന്യുനപക്ഷ പദവി ഇവിടെ ഭരണഘടനാനുസൃതമാണ്. തൊഴിൽ- വിദ്യാഭ്യാസ സംവരണവും ഗ്രാൻഡുകളും മറ്റുമായി നിരവധി ആനുകൂല്യങ്ങൾ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് ഉണ്ട്. ന്യൂനപക്ഷ പദവിയുടെപേരിൽ കോളജുകളും സ്‌കുളുകളും നടത്താനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. എ്ന്നാൽ പാക്കിസ്ഥാനിലെ പൊതുവിദ്യാഭ്യാസം പോലും മത വിദ്യാഭ്യാസത്തിൽനിന്ന് മുക്തമല്ല. അവിടുത്തെ ന്യുനപക്ഷങ്ങളും ഖുർആൻ അടക്കമുള്ള പുസ്തകങ്ങളും പഠിക്കണമെന്നതിൽനിന്ന് ഇത് വ്യക്താമവുന്നു. അതായത് സംഘപരിവാർ എത്രമാത്രം മുസ്ലിം വെറി പ്രചരിപ്പിച്ചാലും ഒരു രാഷ്ട്രം എന്ന നിലയിൽ ഇന്ത്യ ന്യുനപക്ഷങ്ങളെ നെഞ്ചോടേറ്റുകയാണ് ചെയ്യുന്നത്. എന്നാൽ പാക്കിസ്ഥാനിൽ അതല്ല അവസ്ഥ. അവിടെനിന്ന് വരുന്നവർക്ക് പൗരത്വത്തിൽ  ഇളവുനൽകുന്നതും ഈ വിശാലമായ ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP