Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രഹ്നാ ഫാത്തിമ പതിനെട്ടാം പടി ചവിട്ടാതിരിക്കാൻ പ്രതിഷേധിച്ച ശാന്തിമാർക്ക് ദേവസ്വം ബോർഡ് നൽകിയത് കാരണം കാണിക്കൽ നോട്ടീസ്; ആചാര സംരക്ഷണത്തിന് ശരണം വിളിച്ചവരെ പുറത്താക്കാൻ ശ്രമിച്ച വാസു വക്കീൽ പ്രസിഡന്റാകുമ്പോൾ അതേ സ്ഥലത്ത് വീണ്ടും മുദ്രാവാക്യം വിളി; അതീവ സുരക്ഷാ മേഖലയിൽ പൊലീസിന് സർവ്വാധിപത്യം നൽകാനാകില്ലെന്ന വിചിത്രവാദവുമായി പ്രതിഷേധിച്ചത് 'ദേവസ്വം ബോർഡിന്റെ' വിശ്വസ്തർ; ശബരിമലയിലെ പൊലീസ്-ദേവസ്വം ഭിന്നതയ്ക്ക് പിന്നിൽ ക്രിമിനലുകൾ

രഹ്നാ ഫാത്തിമ പതിനെട്ടാം പടി ചവിട്ടാതിരിക്കാൻ പ്രതിഷേധിച്ച ശാന്തിമാർക്ക് ദേവസ്വം ബോർഡ് നൽകിയത് കാരണം കാണിക്കൽ നോട്ടീസ്; ആചാര സംരക്ഷണത്തിന് ശരണം വിളിച്ചവരെ പുറത്താക്കാൻ ശ്രമിച്ച വാസു വക്കീൽ പ്രസിഡന്റാകുമ്പോൾ അതേ സ്ഥലത്ത് വീണ്ടും മുദ്രാവാക്യം വിളി; അതീവ സുരക്ഷാ മേഖലയിൽ പൊലീസിന് സർവ്വാധിപത്യം നൽകാനാകില്ലെന്ന വിചിത്രവാദവുമായി പ്രതിഷേധിച്ചത് 'ദേവസ്വം ബോർഡിന്റെ' വിശ്വസ്തർ; ശബരിമലയിലെ പൊലീസ്-ദേവസ്വം ഭിന്നതയ്ക്ക് പിന്നിൽ ക്രിമിനലുകൾ

എസ് രാജീവ്‌

ശബരിമല : സോപാനത്തടക്കം പൊലീസിന്റെ സർവ്വാധിപത്യം എന്ന് ആരോപിച്ച് പ്രതിഷേധ സ്വരമുയർത്തി ദേവസ്വം ബോർഡ് ജീവനക്കാർ. പൊലീസിന്റെ നിയന്ത്രണം അതിരുകടന്നതോടെ പതിനെട്ടം പടിക്ക് താഴെ ഉപരോധം തീർത്ത് ജീവനക്കാരും തീർത്ഥാടകരും. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് പൊലീസുകാർക്ക് നേരെയുള്ള ജീവനക്കാരുടെ പ്രതിഷേധം അണപൊട്ടിയത്. ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്നാണ് വയ്‌പ്പ്. യുവതി പ്രവേശന വിവാദ സമയത്ത് പതിനെട്ടാപടിക്ക് മുമ്പിൽ പ്രതിഷേധിച്ച ശാന്തിമാർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അന്ന് ദേവസ്വം കമ്മീഷണറായിരുന്നു അഡ്വ വാസു. അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റാകുമ്പോൾ ജീവനക്കാരും പ്രതിഷേധവുമായെത്തുന്നു. എന്നാൽ അവർക്കെതിരെ നടപടിയും എടുക്കുന്നില്ല. രഹ്നാഫാത്തിമ പൊലീസ് സംരക്ഷണയിൽ മല ചവിട്ടിയപ്പോഴായിരുന്നു ശാന്തിമാരുടെ പ്രതിഷേധം. ആചാര സംരക്ഷണത്തിന് വേണ്ടിയായിരുന്നു പ്രതിഷേധം.

നേരത്തെ സോപാനത്ത് പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയായ ആൾ ദേവസ്വം സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്നു. ഇതിന് ശേഷം സെക്യൂരിറ്റിക്കാരനെ മോഷണത്തിനും പിടിച്ചു. അന്ന് മുതൽ തന്നെ പൊലീസും ദേവസ്വം ജീവനക്കാരും തമ്മിൽ പ്രശ്‌നം തുടങ്ങി. ഇതാണ് സന്നിധാനത്ത് പ്രതിഷേധമായി അണപൊട്ടിയത്. ഇന്നലെത്തെ പ്രതിഷേധത്തിന് പിന്നിലെ ചാലക ശക്തി ആനയറ അജീഷെന്ന പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയാണെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന നിർദ്ദേശം പൊലീസ് മുമ്പോട്ട് വച്ചിരുന്നു. ഇതും ദേവസ്വം ജീവനക്കാരെ പ്രകോപിപ്പിച്ചു. ഇതാണ് ശബരിമലയിലെ അസാധാരണ പ്രതിഷേധത്തിന് കാരണം. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയോടെയാണ് പ്രതിഷേധമെന്നും സൂചനയുണ്ട്. പൊലീസിനെ പാഠം പഠിപ്പിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ.

ശബരിമലയിൽ യാതൊരു വിധ പ്രതിഷേധവും പാടില്ലെന്നാണ് പൊതുവേയുള്ള ധാരണ. വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്. സുഗമമായ തീർത്ഥാടനത്തിന് വേണ്ടിയുള്ള തീരുമാനമാണ് ഇത്. ചിലപ്പോഴെല്ലാം കച്ചവടക്കാർ ഇത് ലംഘിക്കാറുണ്ട്. രഹ്നാ ഫാത്തിമയുടെ മല ചവിട്ടൽ വിവാദ സമയത്ത് ഭക്തരുടെ രോഷം കൂടി മനസ്സിലാക്കിയാണ് ശാന്തിക്കാർ പ്രതിഷേധത്തിന് ഇറങ്ങിയത്. അന്ന് പ്രതിഷേധിച്ച താൽകാലിക ജീവനക്കാരായിരുന്ന പല ശാന്തിമാർക്കും പിന്നീട് ജോലിയും നൽകിയില്ല. ഇതിനെ ആചാര സംരക്ഷണത്തിന്റെ ഭാഗമായി കണ്ട് ഭക്തരും പിന്തുണച്ചു. എന്നാൽ ജീവനക്കാരുടെ പ്രതിഷേധം സ്വന്താക്കാരെ പതിനെട്ടാം പടി വേഗത്തിൽ ചവിട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ആരെ ആരാണ് പ്രത്യേക ഇടത്തിലൂടെ കയറ്റി വിടുന്നതെന്ന് പൊലീസിന് അറിയില്ല. അതുകൊണ്ടാണ് ഇത്തരക്കാർക്കെതിരെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതാണ് ദേവസ്വം ജീവനക്കാരെ ചൊടിപ്പിച്ചതും.

വലിയ നടപ്പന്തലിലടക്കം തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ സ്‌പെഷ്യൽ പാസുമായി എത്തുന്നവർക്ക് പതിനെട്ടാം പടിയിലേക്കെത്താനായി വാവർ നടയ്ക്ക് സമീപത്ത് പ്രത്യേക കവാടമൊരുക്കിയിട്ടുണ്ട്. പൊലീസുകാർക്കും ദേവസ്വം ജീവനക്കാർക്കും ഒപ്പമെത്തുന്ന തീർത്ഥാടകരും ഈ കവാടം കാലങ്ങളായി ഉപയോഗിച്ചു പോന്നിരുന്നു. എന്നാൽ ഞായറാഴ്ച പുലർച്ചെ മുതൽ ദേവസ്വം ജീവനക്കാർക്കൊപ്പമെത്തിയവരെ കവാടം കടക്കാൻ പൊലീസ് അനുവദിക്കാതിരുന്നതാണ് പ്രതിഷേധത്തിന് വഴിതെളിച്ചത്. സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് തടഞ്ഞതെന്നാണ് കവാടത്തിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാരുടെ വാദം. എന്നാൽ നിർദ്ദേശം നിലനിൽക്കെത്തന്നെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിർബാധം കടത്തിവിട്ട പൊലീസിന്റെ പക്ഷപാത നടപടിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ചില ദേവസ്വം ജീവനക്കാർ പ്രതിഷേധത്തിന് എത്തിയത്. ഇതേ തുടർന്ന് പ്രവേശന കവാടത്തിന് മുമ്പിൽ ദേവസ്വം ജീവനക്കാർ തടിച്ചു കൂടി. തീർത്ഥാടകർ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു. രംഗം രൂക്ഷമായതോടെ കവാടം പൊലീസ് പൂർണമായും അടച്ചു. സമരക്കാർ കൂടുതലും പൊലീസ് നോട്ടമിട്ട വിവാദ നായകരാണ്.

പ്രതിഷേധത്തിനിടെ കവാടത്തിലൂടെ ഇരുമുടിയുമായെത്തിയ ചിലരെ പ്രവേശിപ്പിക്കാൻ ചില പൊലീസുകാർ നടത്തിയ നീക്കവും ജീവനക്കാർ തടഞ്ഞു. ഇതോടെ വാവർ നടയുടെ പരിസരം ഭക്തരാൽ തിങ്ങിനിറഞ്ഞു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും തമ്മിൽ നടത്തിയ ഒത്തുതീർപ്പിനൊടുവിൽ 11 മണിയോടെ കവാടം തുറക്കുകയായിരുന്നു. സോപാനത്ത് പ്രത്യേക ദർശനത്തിനായുള്ള ഭാഗവും പൊലീസ് കൈയടക്കുകയാണെന്ന ആരോപണവും ജീവനക്കാർ ഉയർത്തുന്നുണ്ട്. തിരുനടയിലെ പ്രധാന പൂജാ വേളകളിലെല്ലാം തന്നെ ശ്രീകോവിലും പരിസരവും പൊലീസുകാരും സ്വന്തക്കാരും കൈയടക്കുന്നതായ പരാതികൾ മുമ്പുതന്നെ ഉയർന്നിരുന്നു. എന്നാൽ ഈ മേഖലയുടെ നിയന്ത്രണം ദേവസ്വത്തിനാണ്. പൊലീസുകാരെ പോലും ഇങ്ങോട്ട് കയറ്റാറില്ല. ജീവനക്കാരിലെ ക്രിമിനലുകൾക്കെതിരെ പൊലീസ് റിപ്പോർട്ട് കൊടുത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

ക്ഷേത്രത്തിലെ പ്രധാന നേദ്യങ്ങളായ അരവണ, പാനകം തുടങ്ങിയ പ്രസാദങ്ങളും പൊലീസുകാർക്ക് മാത്രമാണ് ലഭ്യമാകുന്നതെന്ന പരാതിയും ശക്തമാണെന്ന് ദേവസ്വം ബോർഡ് ജീവനക്കാർ പറയുന്നു. എന്നാൽ ഇതെല്ലാം നിയന്ത്രിക്കുന്ന ദേവസ്വം ജീവനക്കാരാണ്. അയ്യനെ ഒരു നോക്ക് കാണാനായി കഠിന വ്രതമെടുത്ത് മല ചവിട്ടിയെത്തുന്ന തീർത്ഥാടകരാണ് ദർശനത്തിനായി മണിക്കൂറുകൾ കാത്തു നിന്ന് വലയുമ്പോഴാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പരാതിക്ക് പിന്നിൽ ദേവസ്വത്തിലെ ക്രിമിനലുകളാണെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. സോപാനത്ത് നിന്ന് പൊലീസ് കണ്ടെത്തിയ ക്രിമിനൽ കേസ് പ്രതിയായ അജീഷിനെ ദേവസ്വം ബോർഡ് പ്രസിഡന്റെ തന്റെ പേഴ്‌സണൽ സെക്യൂരിറ്റിക്കാരനായി നിയമിച്ചിരുന്നു. ഇതോടെ ഇയാൾക്ക് സ്വാധീനം കൂടി. ഇതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.

പൊലീസിന്റെ മൂന്നാം ബാച്ചാണ് നിലവിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്. മുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബാച്ചുകളെ സംബന്ധിച്ചും കാര്യമായ പരാതികൾ ഒന്നും തന്നെ ഉയർന്നിരുന്നില്ല. എന്നാൽ മൂന്നാം ബാച്ച് ചുമതലയേറ്റ് ദിനങ്ങൾ പിന്നിടും മുമ്പ് തന്നെ തീർത്ഥാടകരെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോണും കാമറയും ഉപയോഗിച്ചുള്ള ചിത്രം പകർത്തലിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും സെൽഫിയെടുക്കലും വീഡിയോ പിടുത്തവും ദേവസ്വം സെക്യൂരിറ്റിക്കാർ നിർബാധം തുടരുകയാണെന്ന ആരോപണവും ഉയർന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP