Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഗോവയിൽ നടപ്പിലാക്കില്ലെന്ന് ഗോവ മുഖ്യമന്ത്രി; ഗോവയിലുള്ള താമസക്കാരെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ലെന്ന് പ്രമോദ് സാവന്ത്; ബിജെപി നേതാവിന്റെ പ്രഖ്യാപനം കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാർ പറയുന്നത് നിയമവിരുദ്ധമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഗോവയിൽ നടപ്പിലാക്കില്ലെന്ന് ഗോവ മുഖ്യമന്ത്രി; ഗോവയിലുള്ള താമസക്കാരെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ലെന്ന് പ്രമോദ് സാവന്ത്; ബിജെപി നേതാവിന്റെ പ്രഖ്യാപനം കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാർ പറയുന്നത് നിയമവിരുദ്ധമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

പനാജി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശ വ്യാപക പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ബിജെപിക്കുള്ളിലും അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരുന്നു. ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും ഗോവയിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി നേതാവും ഗോവൻ മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്ത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഗോവയിലെ ജനങ്ങൾ പേടിക്കേണ്ടതില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രമോദ്. പോർച്ചുഗീസ് പാസ്‌പോർട്ടുകളുള്ള ഗോവക്കാർ ഭയേക്കേണ്ട കാര്യമില്ലെന്നും പ്രമോദ് പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, രാജസ്ഥാനിലെ അശോക് ഗലോട്ട് ഛത്തീസ്‌ഗഡിലെ ഭൂപേഷ് ബഗൽ, കേരളത്തിലെ പിണറായി വിജയൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ബീഹാർ മുഖ്യമന്ത്രി നിതീഷ ്കുമാർ തുടങ്ങിയവരാണ് പൗരത്വ നിയമത്തിനെതിരേ ഇതുവരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിമാർ. ഇതിന് പിന്നാലെയാണ് ഗോവൻ മുഖ്യമന്ത്രിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും നിലപാട് എടുത്തത്.

ദേശീയ പോപ്പുലേഷൻ രജിസ്റ്റർ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തേക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും പ്രമോദ് പറഞ്ഞു. ഗോവയിലുള്ള താമസക്കാരെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ല. പോർച്ചുഗീസ് പാസ്‌പോർട്ട് കയ്യിലുള്ളവർക്ക് അത് ഇന്ത്യൻ പാസ്‌പോർട്ടിലേക്ക് നിയമപരമായി മാറ്റാൻ സാധിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

ഗോവയിലുള്ള പോർച്ചുഗീസുകാരെ നിയമം എത്തരത്തിലാണ് ബാധിക്കുകയെന്ന് ബിജെപി നയിക്കുന്ന ഗോവൻ സർക്കാർ വിശദമാക്കണമെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ സമ്മർദ്ദം ഉയർത്തുന്നുണ്ട്. പോർച്ചുഗീസ് വേരുകൾ ഉപയോഗിച്ച് ഏകദേശം 30000 ഗോവൻ സ്വദേശികൾ ലണ്ടനിൽ താമസിക്കുന്നുവെന്നാണ് കണക്കുകൾ.

കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാർ പറയുന്നത് നിയമവിരുദ്ധമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ബിജെപി നേതാവ് കൂടിയായ ഗോവൻ മുഖ്യമന്ത്രിയുടെ പ്രതികരണം. പാർലമെന്റ് പാസാക്കിയ നിയമത്തെ എതിർക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഇന്നലെ രാംലീല മൈതാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പൗരത്വ നിയമം പീഡിതരുടെ ഉന്നമനത്തിനായാണ്. ജനങ്ങളുടെ നല്ല ഭാവിക്കായാണ് പൗരത്വനിയമ ഭേദഗതി. ഇത് എല്ലാവരുടെയും വിശ്വാസത്തിനായി ശ്രമിക്കുന്ന സർക്കാരാണ്. പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നു. നുണകളിൽ വീണുപോകരുതെന്നും പറഞ്ഞു.

സർക്കാരിന് ആരോടും പക്ഷപാതമില്ല. പ്രതിപക്ഷം പാർലമെന്റിനെ ബഹുമാനിക്കണം. വികസന പദ്ധതികളിൽ ആരോടെങ്കിലും മതം ചോദിച്ചിട്ടുണ്ടോ?. വികസന പദ്ധതി നടപ്പാക്കിയപ്പോൾ ഹിന്ദുവാണോ മുസ്ലിം ആണോ എന്നത് ആരെങ്കിലും ചോദിച്ചുവോയെന്നും മോദി പ്രസംഗത്തിൽ ചോദിച്ചു. ആരുടെയും ഒരവകാശവും എടുത്തുകളയാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിന്റെ പേരിൽ പലരും മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

കോളനികളിലെ ജനങ്ങൾക്ക് ഭൂമിയിൽ അവകാശം നൽകിയപ്പോൾ ആരെങ്കിലും അവരോട് മതം ചോദിച്ചോ? രേഖകളുടെ പേര് പറഞ്ഞു മുസ്ലിങ്ങളെ ഭീതിപ്പെടുത്തുന്നത് എന്തിനാണെന്നും പ്രധാനമന്ത്രി ചോദിച്ചു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനാണ് ചിലർ ശ്രമിക്കുന്നത്. തന്റെ കോലം കത്തിച്ചോളുവെന്നും ദരിദ്രന്റെ മുതൽ കത്തിക്കരുത്. ബിജെപി സർക്കാർ വികസന പദ്ധതികൾ നടപ്പാക്കിയപ്പോൾ 'നിങ്ങൾ അമ്പലത്തിൽ പോകുന്നവരാണോ പള്ളിയിൽ പോകുന്നവരാണോ' എന്ന് ചോദിച്ചില്ലെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യൻ മുസ്ലിങ്ങൾ ഈ രാജ്യത്തിന്റെ മക്കളാണ്. വിദ്യാഭ്യാസമുള്ള മുസ്ലിം സമൂഹം പൗരത്വനിയമം വായിച്ചു നോക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുസ്ലിങ്ങളെ പ്രകോപിപ്പിക്കാൻ കോൺഗ്രസും നഗര മാവോയിസ്റ്റുകളും ശ്രമിക്കുന്നു. അഭയാർഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിൽ വ്യത്യാസമുണ്ട്. നരേന്ദ്ര മോദി ആരുടെയും ഒരു അവകാശവും എടുത്തു കളയാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വനിയമം മൂലം ഒറ്റ ഇന്ത്യക്കാരനും പൗരത്വം നഷ്ടമാകില്ല.

പൗരത്വ നിയമഭേദഗതിയോ എൻ ആർ സിയോ ഇന്ത്യൻ മുസ്ലിങ്ങളെ ബാധിക്കില്ല. അഭയാർഥികളായി എത്തുന്ന ന്യൂനപക്ഷക്കാരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടത് മന്മോഹൻ സിങ് ആണ്. ഉന്നതരായ നേതാക്കൾ പോലും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിമാർക്ക് കഴിയില്ലെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP