Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ച അവസ്ഥയിൽ ബിജെപി; ഗോഡ്‌സെയെ ആദരിച്ചും മത വിദ്വേഷം വിളമ്പിയും വാർത്തകളിൽ നിറയുന്ന പ്രജ്ഞാ സിങ് ഠാക്കൂർ അഹങ്കാരത്തിന്റെ പേരിലും വാർത്തകളിൽ; ഏറ്റവും ഒടുവിൽ ഭോപ്പാൽ എംപി തലവേദനയായത് സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലെ യാത്രക്കാർക്ക്; വീൽ ചെയറിൽ എത്തിയ പ്രജ്ഞയ്ക്ക് ചട്ടം ലംഘിച്ച് എമർജൻസി വാതിക്കൽ ഇരിക്കണമെന്ന പിടിവാശി വിമാനം വൈകിച്ചത് 45 മിനിറ്റ്

വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ച അവസ്ഥയിൽ ബിജെപി; ഗോഡ്‌സെയെ ആദരിച്ചും മത വിദ്വേഷം വിളമ്പിയും വാർത്തകളിൽ നിറയുന്ന പ്രജ്ഞാ സിങ് ഠാക്കൂർ അഹങ്കാരത്തിന്റെ പേരിലും വാർത്തകളിൽ; ഏറ്റവും ഒടുവിൽ ഭോപ്പാൽ എംപി തലവേദനയായത് സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലെ യാത്രക്കാർക്ക്; വീൽ ചെയറിൽ എത്തിയ പ്രജ്ഞയ്ക്ക് ചട്ടം ലംഘിച്ച് എമർജൻസി വാതിക്കൽ ഇരിക്കണമെന്ന പിടിവാശി വിമാനം വൈകിച്ചത് 45 മിനിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ തേടി മറ്റൊരു വിവാദം. ഗോഡ്‌സെയെ ആദരിച്ചും മത വിദ്വേഷം വിളമ്പിയും വാർത്തകളിൽ നിറയുന്ന പ്രജ്ഞാ സിങ് ഠാക്കൂർ അഹങ്കാരത്തിന്റെ പേരിലും വാർത്തകളി ഇടം പിടിക്കുകയാണ്. ഏറ്റവും ഒടുവിൽ ഭോപ്പാൽ എംപി തലവേദനയായത് സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലെ യാത്രക്കാർക്കാണ്. വീൽ ചെയറിൽ എത്തിയ പ്രജ്ഞയ്ക്ക് ചട്ടം ലംഘിച്ച് എമർജൻസി വാതിക്കൽ ഇരിക്കണമെന്ന പിടിവാശി വിമാനം വൈകിച്ചത് 45 മിനിറ്റായിരുന്നു. ഇങ്ങനെ വിവാദങ്ങൾ പ്രജ്ഞാ സിങ് ഠാക്കൂറിനൊപ്പം സഞ്ചരിക്കുകയാണ്.

വീൽചെയറിലെത്തിയ ബിജെപി. എംപി. പ്രജ്ഞാ സിങ് ഠാക്കൂർ എമർജൻസി സീറ്റിൽനിന്ന് മാറിയിരിക്കാൻ തയ്യാറാവാത്തതുകാരണം വിമാനം പുറപ്പെടാൻ 45 മിനിറ്റ് വൈകിയതായി സ്‌പൈസ്ജെറ്റ് അറിയിച്ചു. വീൽചെയറുകാർക്ക് എമർജൻസി സീറ്റ് അനുവദനീയമല്ല. അതിനാൽ മറ്റൊരിടത്തേക്ക് മാറിയിരിക്കാൻ വിമാനജീവനക്കാരും ചില യാത്രക്കാരും പ്രജ്ഞയോട് അഭ്യർത്ഥിച്ചെങ്കിലും അവരതിന് തയ്യാറായില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് വിമാനം വൈകിച്ചത്. പിന്നീട് അവർ സീറ്റ് മാറിയിരിക്കുകയും ചെയ്തു.

ശനിയാഴ്ചയാണ് ഡൽഹിയിൽനിന്ന് ഭോപാലിലേക്ക് പ്രജ്ഞ യാത്ര ചെയ്തത്. 78 പേർക്കിരിക്കാവുന്ന വിമാനത്തിന്റെ ഒന്നാംനിരയിലെ സീറ്റാണ് പ്രജ്ഞ ബുക്ക് ചെയ്തിരുന്നത്. എന്നാൽ അത് എമർജൻസി ഡോറിനടുത്തുള്ള സീറ്റായതിനാൽ വീൽചെയറുകാർക്ക് അനുവദിക്കാറില്ല. ബുക്ക് ചെയ്ത സീറ്റിലേ ഇരിക്കൂവെന്ന് പ്രജ്ഞ വാശിപിടിച്ചതോടെയാണ് തർക്കമുണ്ടായത്. ഈ പടിവാശി വിമാനം വൈകിപ്പിച്ചു. പ്രജ്ഞയെ ഒഴിവാക്കി യാത്രയാരംഭിക്കാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടു. പിന്നീട് അവർ മാറിയിരിക്കാൻ തയ്യാറായപ്പോഴേക്കും 45 മിനിറ്റ് വൈകി. തനിക്ക് ബുക്കുചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് പ്രജ്ഞ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്‌പൈസ്ജെറ്റ് ഞായറാഴ്ച വിശദീകരണം നൽകിയത്. ഇതിന്റെപേരിൽ വിമാനത്താവള ഡയറക്ടർക്ക് പ്രജ്ഞ പരാതിയും നൽകിയിരുന്നു. പരാതി പരിശോധിച്ചുവരികയാണെന്ന് ഡയറക്ടർ അറിയിച്ചു.

ഡൽഹിയിൽനിന്ന് ഭോപ്പാലിലേക്കുള്ള യാത്രയിൽ ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്ന് ആരോപിച്ച് സ്പൈസ് ജെറ്റിനെതിരെ പ്രജ്ഞാ സിങ് ഠാക്കൂർ പരാതി നൽകിയിരുന്നു. എസ്.ജി 2489 വിമാനത്തിൽ ഭോപ്പാലിലെ രാജ ഭോജ് വിമാനത്താവളത്തിലെത്തിയ പ്രജ്ഞ, വിമാനത്താവള ഡയറക്ടർ അനിൽ വിക്രത്തിനാണ് പരാതി നൽകിയത്. പരാതി ലഭിച്ചതായി അനിൽ വിക്രം സ്ഥിരീകരിച്ചു. ഭോപ്പാലിൽ ലാൻഡ് ചെയ്തപ്പോൾ, വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ കുറച്ചുസമയത്തേക്ക് പ്രജ്ഞ വിസമ്മതിച്ചതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. വിമാനജീവനക്കാർ യാത്രക്കാരോട് മാന്യമായല്ല പെരുമാറിയതെന്ന് പ്രജ്ഞ വിമാനത്താവളത്തിനു പുറത്തുവെച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ബുക്ക് ചെയ്ത സീറ്റ് അവർ തനിക്ക് തന്നില്ലെന്നും ഡയറക്ടറെ വിളിച്ച് പരാതി നൽകിയെന്നും പ്രജ്ഞ കൂട്ടിച്ചേർത്തു.

ഗോഡ്സെയെക്കുറിച്ചുള്ള തന്റെ പരാമർശം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കിൽ മാപ്പു പറയുന്നതായി പ്രജ്ഞാ സിങ് ഠാക്കൂർ ലോക്സഭയിൽ പിന്നീട് പറഞ്ഞിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിച്ചു വിവാദമാക്കുകയായിരുന്നെന്നും പ്രജ്ഞാ സിങ് പറഞ്ഞു. ഗോഡസെയുടെ പേരു പരാമർശിക്കാതെയായിരുന്നു ബിജെപി അംഗത്തിന്റെ ഖേദപ്രകടനം. മഹാത്മാ ഗാന്ധി രാഷ്ട്രത്തിനു നൽകിയ സംഭാവനകളെ താൻ മാനിക്കുന്നുണ്ടെന്ന് പ്രജ്ഞാ സിങ് പറഞ്ഞു. സഭയിലെ ഒരു അംഗം തന്നെ ഭീകരവാദി എന്നു വിശേഷിപ്പിച്ചു. അതു തന്റെ അന്തസ്സിനു നേരെയുണ്ടായ ആക്രമണമാണ്. തനിക്കെതിരെയുള്ള ഒരു കുറ്റാരോപണവും ഇതുവരെ കോടതിയിൽ തെളിയിക്കാനായിട്ടില്ലെന്ന് പ്രജ്ഞാ സിങ് ചൂണ്ടിക്കാട്ടി. ഗോഡ്സെ ദേശഭക്തൻ ആയിരുന്നെന്ന പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രജ്ഞാ സിങ്ങിന്റെ വിശദീകരണം. പ്രജ്ഞയുടെ പരാമർശം നേരത്തെ ബിജെപി തള്ളിയിരുന്നു.

ഇത്തരം ആശയങ്ങൾ ബിജെപിയുടേത് അല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. ഗോഡ്സെ സ്തുതിയെത്തുടർന്ന് പ്രജ്ഞാ സിങ്ങിനെ പാർലമെന്ററി സമിതികളിൽനിന്നു നീക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. അങ്ങനെ ബിജെപിക്ക് നിരന്തര തലവേദനയാണ്. ഭോപ്പാലിൽ നിന്നുള്ള എംപിയാണ് പ്രജ്ഞാ സിങ് ഠാക്കൂർ. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു. ലെഗാവ് സ്‌ഫോടനകേസ് പ്രതിയായ യുവസന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂർ ബിജെപിയിൽ ചേർന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാലിൽ മത്സരിക്കുന്നതിൽ നിന്നും മുതിർന്ന ബിജെപി നേതാക്കളായ ഉമാ ഭാരതി, നരേന്ദ്രസിങ് തോമർ, ശിവരാജ് സിങ് ചൗഹാൻ എന്നിവർ വിമുഖത അറിയിച്ചതോടെയാണ് പ്രജ്ഞാ സിങ് ഠാക്കൂറിനെ കളത്തിലിറക്കാൻ തീരുമാനിച്ചത്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് സിങ്ങിനെയാണ് പ്രജ്ഞ തോൽപ്പിച്ചത്.

2008ൽ മഹാരാഷ്ട്രയിലെ മാലെഗാവിൽ നടന്ന സ്‌ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രജ്ഞസിങ് ഠാക്കൂർ, കേണൽ പുരോഹിത് തുടങ്ങിയവരായിരുന്നു പ്രധാനപ്രതികൾ . കേസിൽ ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്. 1989 മുതൽ ബിജെപി നിലനിർത്തുന്ന മണ്ഡലമാണ് ഭോപ്പാൽ. സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഗോഡ്‌സെ രാജ്യ സ്‌നേഹിയാണെന്ന നിലപാട് പ്രജ്ഞാ സിങ് ആവർത്തിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് സ്പീക്കർ ഓം ബിർളയുടെ നിർദ്ദേശ പ്രകാരം പ്രജ്ഞയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി.എസ്‌പിജി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ''വൈ ഐ കിൽഡ് ഗാന്ധി'' എന്ന പുസ്തകത്തിലെ ഒരു വാക്യം ഡിഎംകെ അംഗം എ. രാജ ഉപയോഗിച്ചിരുന്നു. കൊലപ്പെടുത്തുന്നതിന് 32 കൊല്ലം മുമ്പു മുതൽക്കെ മഹാത്മാ ഗാന്ധിയോട് താൻ വിരോധം വച്ചുപുലർത്തിയിരുന്നെന്ന് ഗോഡ്‌സെ തന്നെ സമ്മതിച്ചിട്ടുള്ളതാണ് എന്നായിരുന്നു രാജയുടെ പരാമർശം.

ഒരു പ്രത്യേക തത്വശാസ്ത്രത്തിൽ വിശ്വസിച്ചതിനാലാണ് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വധിച്ചതെന്നും രാജ പറഞ്ഞു. പ്രജ്ഞ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമർശം പ്രജ്ഞ നടത്തിയത്. ഗോഡ്‌സെയെ പ്രകീർത്തിച്ചുള്ള പ്രജ്ഞാ സിങ്ങിന്റെ പരാമർശം മുമ്പും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP