Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ മതം ചോദിച്ചോ? പാവപ്പെട്ടവർക്ക് ഒന്നരക്കോടി വീടുകൾ കൊടുത്തപ്പോൾ മതം തിരക്കിയോ? പൗരത്വ ഭേദഗതി നയം കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ എന്താണ് ഒന്നും മിണ്ടാതിരുന്നത്? പാവങ്ങളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുമെന്ന് പറയുന്ന അർബൻ നക്‌സലുകൾക്ക് അവരുടേതായ ലക്ഷ്യമുണ്ട്; ഗാന്ധിജിയും മമതയും കാരാട്ടും മന്മോഹനും ആവശ്യപ്പെട്ടത് ചെയ്തപ്പോൾ എങ്ങനെ ഞങ്ങൾ മുസ്ലിം വിരുദ്ധരായി? ഒറ്റയടിക്ക് മുഴുവൻ മുനയൊടിച്ച മോദിയുടെ പ്രസംഗം ഏറ്റെടുത്ത് സംഘപരിവാർ

ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ മതം ചോദിച്ചോ? പാവപ്പെട്ടവർക്ക് ഒന്നരക്കോടി വീടുകൾ കൊടുത്തപ്പോൾ മതം തിരക്കിയോ? പൗരത്വ ഭേദഗതി നയം കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ എന്താണ് ഒന്നും മിണ്ടാതിരുന്നത്? പാവങ്ങളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുമെന്ന് പറയുന്ന അർബൻ നക്‌സലുകൾക്ക് അവരുടേതായ ലക്ഷ്യമുണ്ട്; ഗാന്ധിജിയും മമതയും കാരാട്ടും മന്മോഹനും ആവശ്യപ്പെട്ടത് ചെയ്തപ്പോൾ എങ്ങനെ ഞങ്ങൾ മുസ്ലിം വിരുദ്ധരായി? ഒറ്റയടിക്ക് മുഴുവൻ മുനയൊടിച്ച മോദിയുടെ പ്രസംഗം ഏറ്റെടുത്ത് സംഘപരിവാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : മതത്തെ ഒഴിവാക്കി വികസനം കൊണ്ട് ആരോപണങ്ങളെ നേരിടാൻ കൂടുതൽ കരുത്തോടെ സമരത്തിന് പ്രതിപക്ഷം. പൗരത്വ നിയമ ഭേദഗതിയിൽ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി മുന്നേറാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളിലൂന്നി പ്രതിപക്ഷ കക്ഷികൾക്കു നേരെ കനത്ത വിമർശനമാണ് മോദി നടത്തിയത്. ഡൽഹി രാംലീല മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനും എണ്ണി എണ്ണി മറുപടി പറഞ്ഞുവെന്നാണ് പരിവാറുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ഇനി പൗരത്വ നിയമത്തിലെ പ്രതിഷേധം പഴയതു പോലെ കടുക്കില്ല. മതത്തെ വികസനത്തിൽ കൂട്ടികുഴക്കാത്ത സർക്കാരെന്ന മോദിയുടെ വിശദീകരണം അതേ പടി പ്രചരണത്തിൽ നിറയ്ക്കാനാണ് പരിവാറുകാരുടെ തീരുമാനം. പ്രസംഗം വൈറലാക്കി പ്രതിപക്ഷത്തെ നേരിടുകയാണ് ഭരണപക്ഷം.

മോദി നടത്തിയത് 'ഒരുവെടിക്ക് രണ്ടു പക്ഷിയെന്ന' തന്ത്രമായിരുന്നു. കേന്ദ്രത്തിന്റെ വികസന പദ്ധതികളെപ്പറ്റി ഊന്നിപ്പറഞ്ഞു, ഒപ്പം പൗരത്വ ഭേദഗതി നിയമത്തിന്മേലുള്ള പ്രതിഷേധത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഗാന്ധിജിയും ത്രിവർണ പതാകയും അഭയാർഥികളും പാക്കിസ്ഥാനും പൊലീസുമെല്ലാം പ്രസംഗത്തിന്റെ വിഷയങ്ങളായി. ഡൽഹയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ നിങ്ങൾ ആരുടെയെങ്കിലും മതം ചോദിച്ചോ? പാവപ്പെട്ടവർക്ക് ഒന്നരക്കോടി വീടുകൾ വച്ചു കൊടുത്തപ്പോൾ ഞങ്ങൾ മതം തിരക്കിയോ? പൗരത്വ ഭേദഗതി നയം കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ എന്താണ് ഒന്നും മിണ്ടാതിരുന്നത്? ഒരിക്കൽ പോലും വായിച്ചു നോക്കാതെ പാവങ്ങളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുമെന്ന് പറയുന്ന അർബൻ നക്‌സലുകൾക്ക് അവരുടേതായ ലക്ഷ്യമുണ്ട്; ഗാന്ധിജി തുടങ്ങി മമതയും കാരാട്ടും മന്മോഹനും വരെ ആവശ്യപ്പെട്ടത് ചെയ്തപ്പോൾ എങ്ങനെ പൊടുന്നനെ ഞങ്ങൾ മുസ്ലിം വിരുദ്ധരായി? അങ്ങനെ ചോദ്യങ്ങളായിരുന്നു മോദി തൊടുത്തുവിട്ടത്. തന്റെ സർക്കാരിനെ കുഴപ്പത്തിലാക്കുന്നത് അർബൻ നക്‌സലുകളും ചില രാഷ്ട്രീയ പാർട്ടികളുമാണെന്ന് മോദി വിശദീകരിക്കുമ്പോൾ അത് പൗരത്വ നിയമ ഭേദഗതി റദ്ദാക്കില്ലെന്ന ഉറച്ച വാക്കുകൾ കൂടിയായി.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പരത്തുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഡൽഹിയിലെകോളനികൾ നിയമപരമാക്കിയപ്പോൾ ഞങ്ങൾ ആരുടെയെങ്കിലും മതം ചോദിച്ചോ, അവരുടെ രാഷ്ട്രീയം ചോദിച്ചോ? ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ല. എന്റെ ഏതെങ്കിലും തീരുമാനത്തിൽ പക്ഷപാതിത്വം കണ്ടെത്താനാകുമോയെന്ന് ഈ നുണ പറയുന്നവരെ വെല്ലുവിളിക്കുകയാണ്...' 'കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണ് സർക്കാർ പാവപ്പെട്ടവർക്കു നിർമ്മിച്ചു നൽകിയത്. അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ല. ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുകയാണു ചെയ്തത്. എന്നിട്ടും എന്തിനാണ് ഒട്ടേറെ പേർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്തുകൊണ്ടാണവർ രാജ്യത്തെ മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത്. കടലാസിന്റെയും സർട്ടിഫിക്കറ്റുകളുടെയും പേരിലാണ് ഇന്നു പലരും മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവർ ഓർക്കണം, കേന്ദ്രം ഒരിക്കലും പാവപ്പെട്ടവർക്കായുള്ള പദ്ധതി വിഹിതം തയാറാക്കുമ്പോൾ അത്തരം 'കടലാസിന്റെ' പേരു പറഞ്ഞ് ആനുകൂല്യം നൽകാതിരുന്നിട്ടില്ല...'

'100 വർഷത്തെ പഴക്കം അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിനു വേണ്ടിയല്ല നിലകൊള്ളുന്നത്. പൊലീസുകാർക്കും മറ്റുള്ളവർക്കും നേരെ നടക്കുന്ന അതിക്രമത്തെപ്പറ്റി അവർ നിശബ്ദത പാലിക്കുന്നു. അതിനർഥം നിങ്ങൾ ഈ അക്രമണത്തെ പിന്തുണയ്ക്കുന്നു എന്നാണ്...''പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചരിപ്പിക്കുന്ന നുണകൾ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ പാവപ്പെട്ടവർക്കെതിരാണ് ഇതെന്നു പോലും പലരും പ്രചരിപ്പിക്കുന്നു. നഗരങ്ങളിൽ ജീവിക്കുന്ന ചില നക്സലുകൾ, അർബൻ നക്‌സലുകൾ, പ്രചരിപ്പിക്കുന്നത് മുസ്ലിംകളെ തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കുമെന്നാണ്. കോൺഗ്രസും ഇതേറ്റു പിടിക്കുന്നു. ഇത്തരക്കാർ അവരുടെ വിദ്യാഭ്യാസത്തെയെങ്കിലും മാനിക്കണം, ഒരിക്കലെങ്കിലും നിയമം വായിച്ചു നോക്കണം...' 'പ്രതിഷേധം നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, ഈ രാജ്യത്തെ ജനങ്ങളാണു മോദിയെ തിരഞ്ഞെടുത്തത്. നിങ്ങൾക്ക് ഇഷ്ടമായിട്ടില്ലെങ്കിൽ എന്നെ ചീത്ത പറഞ്ഞോളൂ, എന്റെ കോലം കത്തിച്ചോളൂ, പാവം ജനങ്ങളെ വെറുതേ വിടൂ. രാജ്യത്തിന്റെ പൊതുമുതൽ നശിപ്പിക്കരുത്, പാവപ്പെട്ടവരുടെ വാഹനങ്ങൾ കത്തിക്കരുത്, പാവങ്ങളുടെ കുടിലുകൾ ഇല്ലാതാക്കരുത്. സ്‌കൂൾ ബസുകൾ, ട്രെയിനുകൾ, സൈക്കിൾ, കടകൾ എല്ലാം അവർ നശിപ്പിക്കുകയാണ്. ഇതെല്ലാം രാജ്യത്തെ സത്യസന്ധരായ നികുതിദായകരുടെ പണം കൊണ്ട് ഉണ്ടായതാണ്. അതു നശിപ്പിക്കുന്നതിലൂടെ അവരുടെ ഉദ്ദേശ്യം എന്താണെന്ന് രാജ്യത്തുള്ളവർക്ക് മനസ്സിലായി...'-ഇങ്ങനെ മോദി കത്തികയറുകയായിരുന്നു.

വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. തെരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനങ്ങളുമായി എത്തുന്നു. എന്നാൽ ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗാദാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ശക്തി നാനത്വത്തിൽ ഏകത്വമാണ്. പൗരത്വബില്ലിൽ രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരുടെ അവകാശങ്ങളൊന്നും നഷ്ടമാകില്ല. തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നും രാജ്യത്തെ പൊതുമുതൽ നശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം എന്തിനാണെന്നും മോദി ചോദിച്ചു. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഇനി അതിൽ മാറ്റമില്ല. കേന്ദ്രസർക്കാർ ബിജെപിക്ക് പക്ഷപാതം ആണെന്ന് ആരോപിക്കുന്നു. അവർ ഉയർത്തുന്ന ഈ ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. രാജ്യത്തിന്റെ നല്ല ഭാവിക്കായാണ് ഈ നിയമം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. രാജ്യത്തെ പ്രതിഷേധക്കാർ പൊലീസുകാരെ ആക്രമിച്ചുകൊണ്ട് എന്താണ് കാണിക്കുന്നത്. ആയിരക്കണക്കണക്കിന് പൊലീസുകാർ ജനങ്ങൾക്കായി ജീവിതം വരെ നൽകിക്കഴിഞ്ഞു.

ബിജെപി നിലകൊള്ളുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോൺഗ്രസ്, അവരുടെ സഖ്യകക്ഷികൾ, നഗര നക്‌സലുകൾ തുടങ്ങിയവർ ചേർന്നാണ് കേന്ദ്ര സർക്കാരിനെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നത്. അവർ മുസ്ലിങ്ങൾക്കായി നിർമ്മിക്കുന്ന അഭയകേന്ദ്രങ്ങളെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ പൗരന്മാർക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങൾക്കായി അഭയകേന്ദ്രങ്ങളില്ല, മോദി വ്യക്തമാക്കി. ഡൽഹി എഎപി സർക്കാരിനേയും മോദി രൂക്ഷമായി വിമർശിച്ചു. വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കേജ്രിവാൾ സർക്കാരിനായിട്ടില്ല. ഇപ്പോൾ നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വസത്തിന്റെ പുഞ്ചിരി ഞാൻ കാണുന്നു. ഡൽഹിയിലെ 1731 കോളനികളിലായി കഴിയുന്ന 40 ലക്ഷം പേർക്ക് ഞങ്ങൾ അവരുടെ വാസസ്ഥലത്തിന്റെ അവകാശം നൽകി.

ഡൽഹിയിലെ വീടിലാത്തവർക്ക് ഭൂമി നൽകാനുള്ള ബിൽ പാർലമെന്റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. 1700 കോളനികളുടെ അതിർത്തി ഇതിനോടകം വേർതിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. ഒരോ ദിവസവും 25 കിമീ ദൂരം വീതം ഡൽഹി മെട്രോയുടെ പണി നടക്കുകയാണ്. ഡൽഹി മെട്രോയുടെ വികസനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ല. നേരത്തെ അധികാരത്തിൽ ഇരുന്നവർ മെട്രോയുടെ വികസനത്തിന് ഒന്നും ചെയ്യതിട്ടില്ല. ശുദ്ധജലം ഡൽഹിക്കാർക്ക് വെറും സ്വപ്നം മാത്രമാണ് ഇപ്പോഴും. ആയുഷ്മാൻ ഭാരത് യോജന ഡൽഹിയിൽ നടപ്പാക്കാൻ ഇവിടുത്തെ സർക്കാർ തയ്യാറായില്ലെന്നും മോദി പറഞ്ഞു. മതം നോക്കിയല്ല സർക്കാർ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സർക്കാർ പാവങ്ങളെ സഹായിച്ചു, എന്നാൽ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അതെന്നും മോദി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP