Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഫാ ഫിറോസിന്റെ പേരിലുള്ള കാർ എത്തിയത് 120 കിലോമീറ്റർ വേഗത്തിൽ; കെ എഫ് സി ക്ക് മുമ്പിലെ സിസിടിവി പറയുന്നത് അമിത വേഗതയിലെ ദുരൂഹത; ശ്രീറാം വെങ്കിട്ടരാമൻ യാത്ര ചെയ്ത വാഹനത്തിന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യവേണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ഫോറൻസിക് ലാബ്; അന്വേഷണം അട്ടിമറിച്ചിട്ടും ഒന്നും മിണ്ടാതെ മാധ്യമ ലോകവും; പ്രതിഷേധങ്ങൾ അണയുമ്പോൾ അണിയറയിൽ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ; ശേഖരിച്ച തെളിവുകൾ പോലും പൂർണ്ണമായും കൈമാറാത്തതിൽ വൻ ദുരൂഹത

വഫാ ഫിറോസിന്റെ പേരിലുള്ള കാർ എത്തിയത് 120 കിലോമീറ്റർ വേഗത്തിൽ; കെ എഫ് സി ക്ക് മുമ്പിലെ സിസിടിവി പറയുന്നത് അമിത വേഗതയിലെ ദുരൂഹത; ശ്രീറാം വെങ്കിട്ടരാമൻ യാത്ര ചെയ്ത വാഹനത്തിന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യവേണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ഫോറൻസിക് ലാബ്; അന്വേഷണം അട്ടിമറിച്ചിട്ടും ഒന്നും മിണ്ടാതെ മാധ്യമ ലോകവും; പ്രതിഷേധങ്ങൾ അണയുമ്പോൾ അണിയറയിൽ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ; ശേഖരിച്ച തെളിവുകൾ പോലും പൂർണ്ണമായും കൈമാറാത്തതിൽ വൻ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പബ്ലിക് ഓഫീസിനു മുന്നിൽവെച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം ഓടിച്ച കാർ സഞ്ചരിച്ചത് 120 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് ഫൊറൻസിക്ക് സയൻസ് ലാബിന്റെ പ്രാഥമിക പരിശോധ റിപ്പോർട്ട്. വെള്ളയമ്പലത്തെ കെഎഫ്‌സിക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഫൊറൻസിക്ക് അധികൃതർ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയത്,

എന്നാൽ, വാഹനത്തിന്റെ കൃത്യമായ വേഗം കണക്കാക്കാൻ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന ഫൊറൻസിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോർട്ടുകൾ ലാബ് അധികൃതർ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഫിസിക്സ് വിഭാഗത്തിൽനിന്നുള്ള ഒരു റിപ്പോർട്ടും സീറോളജി, ഡി.എൻ.എ. വിഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുമാണ് അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം അപകടത്തിൽ മരിച്ച കെ.എം. ബഷീറിന്റെതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. വേഗം സംബന്ധിച്ച അന്തിമ റിപ്പോർട്ട് എൻ.എ.ബി.എൽ. അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരമാണ് തയ്യാറാക്കേണ്ടത്. അതുമാത്രമാണ് ഇനി നൽകാനുള്ളത്.

വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം ഫൊറൻസിക് ലാബിൽ നൽകിയിയിരുന്ന ദൃശ്യം അവ്യക്തമായിരുന്നു. സി.സി.ടി.വി. ക്യാമറയിൽനിന്നുള്ള ദൃശ്യത്തിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതിനാലാണിത്. അപകടസ്ഥലത്തുനിന്ന് ഒട്ടേറെ വസ്തുക്കൾ പരിശോധനയ്ക്കു ശേഖരിച്ചിരുന്നു. എന്നാൽ, അന്വേഷണ സംഘം ഇവ പൂർണമായി ലാബിലേക്ക് അയച്ചിരുന്നില്ലെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ പബ്ലിക് ഓഫീസിനു മുന്നിൽവെച്ച് കെ.എം. ബഷീർ സഞ്ചരിച്ച വാഹനത്തിലിടിച്ചത്. വാഹനമോടിച്ചിരുന്നത് ശ്രീറാമാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമാണ് വഫ ഫിറോസ് മൊഴി നൽകിയിരുന്നത്. ഫൊറൻസിക് ലാബിൽനിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസിൽ കുറ്റപത്രം നൽകാൻ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ വാദം.

മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്രവാദവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. രക്തപരിശോധന നടത്താൻ വൈകിയത് പരാതി നൽകാൻ വൈകിയതുകൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന് ഏഴ് മണിക്കൂർ കഴിഞ്ഞാണ് സിറാജ് മാനേജ്മെന്റ് പരാതി നൽകാൻ തയ്യാറായത്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് പൊലീസ് ഇതുസംബന്ധിച്ച് റിപ്പോർട്ടും നേരത്തെ നൽകിയിട്ടുള്ളത്. ജനറൽ ആശുപത്രിയിലെ ഡോക്ടറെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

കേസിന്റെ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന ഹർജിയിയിലാണ് നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻ തറയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അപകട ശേഷം ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോൾ ശ്രീറാമിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്നും ആശുപത്രി രേഖയിൽ പറയുന്നു. ഓഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവർത്തകനായ കെ.എം. മുഹമ്മദ് ബഷീർ ഐഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ചു മരിച്ചത്. കേസിൽ ശ്രീറാമിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം സംഭവദിവസം ശ്രീറാം വാഹനമോടിച്ചത് വേഗപരിധി ലംഘിച്ചാണെന്ന് റിപ്പോർട്ടും മോട്ടോർ വാഹന വകുപ്പ് കൈമാറിയിരുന്നു. അപകടം നടന്ന വെള്ളയമ്പലം മ്യൂസിയം റോഡിൽ 50 കിലോമീറ്ററെന്ന വേഗപരിധി മറികടന്ന് അമിത വേഗത്തിലെത്തിയാണ് ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചതെന്ന് അന്ന് നൽകിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബഷീറിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അപകട സമയത്ത് കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിരുന്നെങ്കിലും ശ്രീറാം നിയമം ലംഘിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് വ്യക്തമാകാൻ പ്രത്യേക അന്വേഷണ സംഘം മോട്ടോർ വാഹന വകുപ്പിനോട് പരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സ്ഥലപരിശോധന നടത്തി മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചതും.

സസ്‌പെൻഷനിലായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങൾ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തലവനായ സമിതി അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ ഡിസംബർ ആദ്യവാരം നിർദ്ദേശം നൽകിയിരുന്നു. കേസിൽ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്പെൻഡ് ചെയ്തിരുന്നു.പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന് മുഖ്യ അന്വേഷണ ചുമതലയും ഊർജ സെക്രട്ടറി ഡോ.ബി അശോക് പ്രസെന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. സിറാജ് ഡയറക്ടർ എ സൈഫുദീൻ ഹാജിയിൽ നിന്നും സമിതി തെളിവുകൾ ശേഖരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP