Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത് തടയാനുള്ളത് ഫലപ്രദമായ രണ്ട് മാർഗങ്ങൾ; ബാക്കിയെല്ലാം വെറും പ്രീണന പ്രഹസനം മാത്രമെന്നും പ്രശാന്ത് കിഷോർ; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ അണിയറയിൽ നിന്നും അരങ്ങിലേക്കെത്തുന്നതോ മോദിയെ പോലും അധികാരത്തിലെത്തിക്കാൻ കരുക്കൾ നീക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞൻ'

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത് തടയാനുള്ളത് ഫലപ്രദമായ രണ്ട് മാർഗങ്ങൾ; ബാക്കിയെല്ലാം വെറും പ്രീണന പ്രഹസനം മാത്രമെന്നും പ്രശാന്ത് കിഷോർ; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ അണിയറയിൽ നിന്നും അരങ്ങിലേക്കെത്തുന്നതോ മോദിയെ പോലും അധികാരത്തിലെത്തിക്കാൻ കരുക്കൾ നീക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞൻ'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ നിയമം രാജ്യത്ത് നടപ്പാക്കാതിരിക്കാൻ രണ്ട് മാർഗങ്ങളുണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധനും ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച പ്രശാന്ത് കിഷോറിന്റെ നിലപാട് എൻഡിഎ ഘടകകക്ഷിയായ ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന് പോലും അംഗീകരിക്കേണ്ടി വന്നിരുന്നു. അതിന് പിന്നാലെയാണ് നിയമം നടപ്പിലാക്കാതിരിക്കാനുള്ള രണ്ട് മാർഗങ്ങൾ പ്രശാന്ത് കിഷോർ ട്വിറ്ററിൽ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ കർട്ടന് പിന്നിൽ നിന്നും അരങ്ങിലേക്ക് എത്തുകയാണ് പ്രശാന്ത് കിഷോർ.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്‌ട്രേഷനും നടപ്പാക്കുന്നത് തടയാൻ ഫലപ്രദമായ രണ്ട് മാർഗങ്ങൾ എന്ന മുഖവുരയോടെയാണ് ട്വിറ്ററിൽ ആശയം പങ്കുവച്ചത്. എല്ലാ മേഖലകളിലും ശക്തമായി സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിക്കുക, 16 സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാർ തങ്ങളുടെ സംസ്ഥാനത്ത് നിയമം നടപ്പാക്കാൻ സാധിക്കില്ല എന്ന പ്രഖ്യാപിക്കുക. ബാക്കിയെല്ലാം പ്രധാനമായും വെറും പ്രീണന പ്രഹസനം മാത്രമാണ് ഇതായിരുന്നു പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങൾ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ വിമർശനമാണു പ്രശാന്ത് കിഷോർ ഉന്നയിച്ചത്. ബിജെപിയെ കടന്നാക്രമിക്കുകയും ചെയ്തു. 2014ൽ ബിജെപി അധികാരത്തിൽ എത്തുന്നതിന് പ്രശാന്ത് കിഷോറിന്റെ ഉപദേശക സ്ഥാപനമായ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐപാക്) സുപ്രധാന പങ്ക് വഹിച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാർ ഈ നിയമം നടപ്പാക്കില്ലെന്ന് സൂചിപ്പിച്ചു. മാധ്യമപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് നിതീഷ് കുമാറിനോട് ചോദ്യമുന്നയിച്ചപ്പോൾ 'എന്ത് എൻആർസി' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയ പൗരത്വ രജിസ്റ്റർ വിവേചനപരമാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. പൗരത്വ രജിസ്‌ട്രേഷൻ ബിഹാറിൽ നടപ്പാക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. ഇതേ നിലപാടു തന്നെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനും. കോൺഗ്രസ് തെരുവുകളിലില്ല. ഉന്നത നേതാക്കന്മാരെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. നിയമം നടപ്പാക്കില്ലെന്നറിയിച്ച മുഖ്യമന്ത്രിമാരോടൊപ്പം കോൺഗ്രസ് മുഖ്യമന്ത്രിമാരും ചേർന്ന് പ്രവർത്തിക്കുന്നതിന് കോൺഗ്രസിന് മുൻകൈ എടുക്കാമായിരുന്നു എന്നും പ്രശാന്ത് പറഞ്ഞു.

2014ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞൻ' എന്ന നിലയിലാണ് പ്രശാന്ത് കിഷോർ പ്രശസ്തനായത്. എന്നാൽ, ബിജെപി കാംപിലെത്താതെ പ്രശാന്ത് ബീഹാറിലെ ജെഡിയു കാംപിലാണ് എത്തിയത്. ബിഹാറിലെ മഹാസഖ്യനീക്കത്തിലൂടെ നിതീഷ് കുമാറിനായി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോർ ജെഡിയു ഉപാധ്യക്ഷനായി പ്രവർത്തിക്കുയും ചെയ്തിരുന്നു. ഉത്തർപ്രദേശിൽ രാഹുൽഗാന്ധി- അഖിലേഷ് യാദവ് സഖ്യത്തിന് ചുക്കാൻ പിടിച്ചതും പ്രശാന്ത് കിഷോർ തന്നെയായിരുന്നു. 2016ലും മമത പ്രശാന്തിനെ സമീപിച്ചിരുന്നെങ്കിലും അതിനോടകം 2017ലെ യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണചക്രം തിരിക്കുന്നതിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു.

ഇക്കഴിഞ്ഞ തിരഞ്ഞടുപ്പിൽ തെലുങ്കാനയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രചാരണ ചുമതലയേറ്റെടുത്ത പ്രശാന്തിന്റെ തന്ത്രങ്ങൾ അത്ഭുത വിജയമാണ് റെഡ്ഡിക്കു സമ്മാനിച്ചത്. 175ൽ 150 സീറ്റിലും മിന്നും ജയം കരസ്ഥമാക്കിയാണ് റെഡ്ഡി അധികാരത്തിലേറിയത്. ജനതാദൾ യുണൈറ്റഡ് വൈസ് പ്രസിഡന്റ് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോർ കഴിഞ്ഞ വർഷം രാഷ്ട്രീയ രംഗപ്രവേശം നടത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി തന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്നാണ് ജഗന്മോഹൻ റെഡ്ഡിക്കൊപ്പം പ്രവർത്തിച്ചത്.

ബിഹാറിലെ ബുക്സാർ സ്വദേശിയായ പ്രശാന്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒരുകൂട്ടം ഉദ്യോഗാർത്ഥികളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. മഹാസഖ്യത്തെ ഹൈടെക്കാക്കിയതും നിതീഷ് കുമാറിന്റെ പ്രചരണത്തിന് രൂപ രേഖ തയ്യാറാക്കിയതും ഐക്യരാഷ്ട്ര സഭയിലെ മുൻ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. നിതീഷ്‌കുമാറിന്റെ അഭ്യർത്ഥന പ്രകാരമാണു പ്രശാന്ത് ബീഹാർ ദൗത്യം ഏറ്റെടുത്തത്. പ്രശാന്ത് കിഷോറും സുഹൃത്തുക്കളും രൂപം നൽകിയ ഐപാക്ക് എന്ന സംഘടന നിതീഷിന്റെ വികസന പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചു. താഴെക്കിടയിലെ അടിയൊഴുക്കുകൾ, ജനസമ്മതിയുള്ള നേതാക്കൾ, ബിജെപി തന്ത്രങ്ങൾ എന്നിവയുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ അടുക്കലേക്ക് കൃത്യമായി എത്തി. സാത്ത് നിശ്ചയ് എന്ന പേരിൽ മഹാസഖ്യം പുറത്തിറക്കിയ ദർശന രേഖയുടെയും പിന്നിൽ ഐപാക്കായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP