Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവർ നിയമവിദഗ്ധരോടോ എജിയോടോ ചോദിച്ചുനോക്കട്ടെ! മുഖ്യമന്ത്രിമാർക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായിയും മമതയും അടക്കമുള്ള മുഖ്യമന്ത്രിമാർക്കെതിരെ പ്രധാനമന്ത്രി; ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട നരേന്ദ്ര മോദി രാം ലീലാ മൈതാനത്തെ കൈയിലെടുത്തത് മോദിയെ വെറുത്തോളൂ..എന്നാൽ ഇന്ത്യയെ വെറുക്കരുത് എന്ന പഞ്ച് ഡയലോഗിലൂടെ

അവർ നിയമവിദഗ്ധരോടോ എജിയോടോ ചോദിച്ചുനോക്കട്ടെ! മുഖ്യമന്ത്രിമാർക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായിയും മമതയും അടക്കമുള്ള മുഖ്യമന്ത്രിമാർക്കെതിരെ പ്രധാനമന്ത്രി; ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട നരേന്ദ്ര മോദി രാം ലീലാ മൈതാനത്തെ കൈയിലെടുത്തത് മോദിയെ വെറുത്തോളൂ..എന്നാൽ ഇന്ത്യയെ വെറുക്കരുത് എന്ന പഞ്ച് ഡയലോഗിലൂടെ

മറുനാടൻ ഡെസ്‌ക്‌

 ന്യഡൽഹി: രണ്ടുദിവസം മുമ്പ് വൻഅക്രമങ്ങൾ അരങ്ങേറിയ ഓൾഡ് ഡൽഹിയിലെ ദരിയഗഞ്ചിന് കഷ്ടിച്ച് ഒരുകിലോമീറ്റർ അകലെ രാംലീലാ മൈതാനത്ത് മോദിയിൽ നിന്ന് വാക്കുകൾ അനർഗ്ഗളം ഒഴുകുകയായിരുന്നു. വസ്ത്രം കൊണ്ട് അക്രമികളെ തിരിച്ചറിയാമെന്ന വിവാദ പരാമർശം വരുത്തി വച്ച വിമർശനങ്ങളെ മറികടക്കാൻ പോന്ന വൈകാരിക സമീപനം. ഒരുമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലെ കാച്ച്‌ലൈൻ എതെന്ന് ചോദിച്ചാൽ, മോദിയെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത്, എന്നത് തന്നെ.

കള്ളപ്രചാരണം അരുത്

ചില പ്രതിപക്ഷ കക്ഷികൾ എല്ലാതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കുകയാണ്. വികാരം ഇളക്കിവിടുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ. എനിക്ക് അവരോട് ഒരുഅഭ്യർത്ഥനയേ ഉള്ളു. മോദിയെ വെറുത്തോളൂ...പക്ഷേ ഇന്ത്യയെ വെറുക്കരുത്. എന്നെ ആക്രമിച്ചോളൂ...പക്ഷേ പൊതുമുതൽ തീയിട്ട് നശിപ്പിക്കരുത്. പാവം ഡ്രൈവർമാരെയും പൊലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പൊലീസുകാർ നമുക്കുവേണ്ടി ജീവൻവെടിഞ്ഞു. പൊലീസുകാർ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്', മോദി പറഞ്ഞു.

നിയമം കൊണ്ടുവന്നത് ജനങ്ങളുടെ അവകാശങ്ങൾ കവരാനാണ് എന്നാണ് നുണപ്രചാരണം. അത് വിലപ്പോവില്ല. ഞങ്ങളുടെ പദ്ധതികൾ നടപ്പാക്കുമ്പോൾ ഞങ്ങൾ ആരോടും ചോദിച്ചിട്ടല്ല, നിങ്ങൾ ക്ഷേത്രത്തിലാണോ, പള്ളിയിലാണോ പോകുന്നതെന്ന്.

നുണകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസും അർബൻ നക്‌സലുകളും

പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തെ ഏതെങ്കിലും പൗരന് വേണ്ടിയല്ല. കോൺഗ്രസും സഖ്യകക്ഷികളും അർബൻ നക്‌സലുകളുമാണ് ഈ നുണകൾ പ്രചരിപ്പിക്കുന്നത്. തടങ്കൽ പാളയങ്ങളെ കുറിച്ചും കള്ളങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനോ ദേശീയ പൗരത്വ രജിസ്റ്ററിനോ ഇന്ത്യൻ മുസ്ലീങ്ങളുമായി ബന്ധമേതുമില്ല, മോദി പറഞ്ഞു.. സമരത്തിനു പിന്തുണ നൽകുന്നവരെ രാജ്യം തിരസ്‌കരിച്ചതാണ്. അവരിപ്പോൾ വിഭജിച്ചു ഭരിക്കുകയെന്ന പഴയ തന്ത്രവുമായി രംഗത്തു വന്നിരിക്കുകയാണ്.

പിണറായിക്കും മമതയ്ക്കും മാറി നിൽക്കാനാവില്ല

പൗരത്വ നിയമ ഭേദഗതിയിൽനിന്നു സംസ്ഥാനങ്ങൾക്കു പിന്മാറാൻ കഴിയില്ല. മുഖ്യമന്ത്രിമാർ ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാൻ ബാധ്യസ്ഥരാണ്. അവർക്കു നിയമത്തിൽനിന്നു പിന്മാറാൻ കഴിയുമോ എന്ന് സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോടു ചോദിച്ചു നോക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മോദിയുടെ പരാമർശം.

തങ്ങളുടെ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലർ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാർക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനു വേണ്ടി

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിൽ ഊന്നിയാണ്. അതാണു രാജ്യത്തിന്റെ ശക്തി. ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ ആരുടെയും മതം ചോദിച്ചില്ല. അവരുടെ രാഷ്ട്രീയം ചോദിച്ചില്ല. ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ലെന്നും മോദി പറഞ്ഞു.

ലോക്‌സഭയും രാജ്യസഭയും പൗരത്വ ഭേദഗതി നിയമം പാസാക്കി. ജനവിധിയാണു പാർലമെന്റിൽ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പാർലമെന്റിലെ ജനപ്രതിനിധികളെ ബഹുമാനിക്കുന്നവർക്കൊപ്പമാണ് താൻ. എന്നാൽ ചില രാഷ്ട്രീയ കക്ഷികൾ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിലൂടെ സർക്കാർ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. മതം നോക്കിയല്ല സർക്കാർ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സർക്കാർ പാവങ്ങളെ സഹായിച്ചു, എന്നാൽ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അതെന്നും മോദി ചൂണ്ടികാട്ടി

ആരുടെയും പൗരത്വം സിഎഎ എടുത്തുകളയില്ല. മറിച്ച് മതപരമായ വേട്ടയാടലുകൾക്ക് ഇരകളായി പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്നവർക്ക് സഹായകരമാവുകയാണ് ചെയ്യുന്നത്. ദലിത് പോരാട്ടക്കാരോട് ചോദിക്കാൻ ഒന്നേയുള്ളൂ. എന്തുകൊണ്ടാണ് ഇത്രയും കാലം നിങ്ങൾ മിണ്ടാതിരുന്നത്? ഈ ദലിതുകളുടെ സങ്കടം കാണാതിരുന്നത്? അഭയാർഥികളുടെ സങ്കടം ഡൽഹിയേക്കാളും നന്നായി അറിയാവുന്ന വേറേതു പ്രദേശമുണ്ടെന്നും മോദി ചോദിച്ചു.

അഫ്ഗാനിസ്ഥാൻ, ഫലസ്തീൻ, സൗദി അറേബ്യ, യുഎഇ, മാലദ്വീപ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യയ്ക്കു നൽകിയിരുന്നു. ഇത്തരത്തിൽ ലോകമെമ്പാടും മുസ്ലിം രാജ്യങ്ങളിലുൾപ്പെടെ മോദിക്ക് ആദരവ് ലഭിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. കോൺഗ്രസ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങളാണ് ഞങ്ങൾ ഇപ്പോൾ നടപ്പാക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം അവർക്ക് അവരുടെ വാഗ്ദാനം നടപ്പാക്കാൻ സാധിച്ചില്ല. എന്നാൽ ഞങ്ങൾക്ക് സാധിച്ചു, മോദി പറഞ്ഞു.

തുടക്കമിട്ടത് ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്

പ്രശ്നങ്ങൾ നിലനിർത്തുകയെന്നത് ബിജെപിയുടെ പാരമ്പര്യമല്ല, പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനരീതിയുമല്ല. ഡൽഹിയിലെ 40 ലക്ഷത്തോളം വരുന്നവർക്ക് സ്വന്തം വീട്ടിലും സ്വന്തം മണ്ണിലും സമ്പൂർണ അവകാശം ലഭിച്ചിരിക്കുകയാണ്. അതിൽ ബിജെപിക്ക് അഭിമാനമുണ്ട്. ഡൽഹിയിലെ കോളനികളിൽ താമസിക്കുന്നവർക്ക് ഭൂമിയിൽ സമ്പൂർണ അവകാശം നൽകുമെന്നു വാഗ്ദാനം നൽകിയവർ യഥാർഥത്തിൽ ജനങ്ങളോട് എന്താണു ചെയ്തതെന്ന് ഓർക്കണം. ഡൽഹിയിലെ ആഡംബര മേഖലകളിൽ രണ്ടായിരത്തോളം മാളികകളാണ് 'സ്വന്തക്കാർക്ക്' അവർ നൽകിയത്- മോദി പറഞ്ഞു. ഡൽഹിയിലെ അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷത്തോളം പേർക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നൽകാനുള്ള ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പരാമർശം.

തിരഞ്ഞെടുപ്പ് വരുമ്പോൾ, അതുവരെ ഇടിച്ചു നിരത്താൻ നിന്നിരുന്ന ബുൾഡോസറുകളെല്ലാം കുറച്ചു നാളത്തേക്കു ശാന്തമാകും, അപ്പോഴും പ്രശ്നം അവിടെത്തന്നെ നിൽക്കും. ഈ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് മറ്റ് പാർട്ടിക്കാർക്കോ മുൻപു ഭരിച്ചിരുന്നവർക്കോ ആഗ്രഹമില്ല. കോളനികളിൽ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതു സംബന്ധിച്ച സർക്കാർ നീക്കത്തിനു വേഗം കുറയുന്നതു കണ്ടാണ് കേന്ദ്രം അതേറ്റെടുത്തത്. സാങ്കേതികതയുടെ സഹായത്താൽ 1700ലധികം കോളനികളുടെ അതിർത്തി കുറഞ്ഞ സമയത്തിൽ നിശ്ചയിക്കാനായി. 1200ഓളം കോളനികളുടെ ഭൂപടവും ജനങ്ങൾക്കു മുന്നിലെത്തിച്ചു-മോദി പറഞ്ഞു. ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ പരോക്ഷമായി മോദി വിമർശിച്ചു. ഇതുവരെയും ഡൽഹിയിലെ ജനങ്ങൾ വ്യാജ വാഗ്ദാനങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി അധികാരത്തിലുള്ളവർ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വസത്തിന്റെ പുഞ്ചിരി ഞാൻ കാണുന്നു. ഡൽഹിയിലെ 1731 കോളനികളിലായി കഴിയുന്ന നാൽപ്പത് പേർക്ക് ഞങ്ങൾ അവരുടെ വാസസ്ഥലത്തിന്റെ അവകാശം നൽകി. ഡൽഹിയിലെ വീടിലാത്തവർക്ക് ഭൂമി നൽകാനുള്ള ബിൽ പാർലമെന്റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. ഡൽഹിയിലെ 1700 കോളനികളുടെ അതിർത്തി ഇതിനോടകം വേർതിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടി പതിറ്റാണ്ടുകൾ പലതും കഴിഞ്ഞിട്ടും രാജ്യതലസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഭയത്തിലാണ് കഴിഞ്ഞത്. അവർക്ക് എപ്പോഴും വ്യാജവാഗ്ദാനങ്ങൾ മാത്രമാണ് ലഭിച്ചത്.

അവർ വിവിഐപികൾക്ക് എപ്പോഴും ഭൂമി നൽകി കൊണ്ടിരുന്നു. ഞാൻ ആ ഭൂമി നിങ്ങൾക്ക് നൽകുന്നു. ഒരോ ദിവസവും 25 കിമീ ദൂരം വീതം ഡൽഹി മെട്രോയുടെ പണി നടക്കുകയാണ്. ഡൽഹി മെട്രോയുടെ വികസനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങൾക്ക് എതിരല്ലെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചു. കോൺഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങൾ തിരിച്ചറിയണം. കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും ഗഡ്കരി പ്രതികരിച്ചു. മൂന്ന് അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്ലിം സഹോദരങ്ങൾ തിരിച്ചറിയണം. അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

ലോകത്ത് ഹിന്ദുക്കൾക്ക് വേണ്ടി ഇപ്പോൾ ഒരു രാജ്യം ഇല്ലെന്ന് നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ നിയമത്തിൽ സർക്കാർ നടപടിയെ പിന്തുണച്ചുകൊണ്ടാണ് ഗഡ്കരിയുടെ പ്രസ്താവന. ഇത്തരമൊരു നിയമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഈ ലോകത്ത് ഹിന്ദുക്കൾക്കായി ഒരു രാഷ്ട്രവുമില്ല, നേരത്തെ നേപ്പാൾ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. പക്ഷേ ഇപ്പോൾ ഒന്നുമില്ല, അപ്പോ ഹിന്ദുക്കളും സിഖുകളും എങ്ങോട്ട് പോകും.? മുസ്ലിംങ്ങൾക്കായി നിരവധി മുസ്ലിം രാഷ്ട്രങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്.

പൗരത്വ നിയമത്തെക്കുറിച്ച് അടുത്ത 10 ദിവസം ബിജെപി രാജ്യവ്യാപക പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും റാലികൾ നടത്തി നിയമത്തെക്കുറിച്ചു വിശദീകരിക്കും. പ്രചാരണത്തിന്റെ ആദ്യഘട്ടമായി വീടുകൾതോറും ബോധവൽകരണം നടത്തും. 250 സ്ഥലങ്ങളിൽ പത്രസമ്മേളനം നടത്തി വിശദീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP