Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൗരത്വ നിയമം ജനങ്ങളുടെ ഭാവിക്ക് വേണ്ടി; ദളിതരുടെയും പീഡിതരുടെയും പുരോഗതിക്ക് വേണ്ടിയാണ് നിയമം; നിയമം പാസാക്കിയ പാർലമെന്റിനെ ആദരിക്കണം; ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് നുണപ്രചരണം; ക്ഷേമ പദ്ധതികളിൽ മതം കലർത്തിയിട്ടില്ല; ആരുടേയും അവകാശം കവർന്നെടുക്കുകയുമില്ല; മുസ്ലിം സഹോദരങ്ങളെ ചിലർ തെറ്റി ധരിപ്പിക്കുന്നു; അക്രമത്തിന് ചിലർ പ്രേരിപ്പിക്കുകയും ചെയ്യുന്നു; പൗരത്വ നിയമത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

പൗരത്വ നിയമം ജനങ്ങളുടെ ഭാവിക്ക് വേണ്ടി; ദളിതരുടെയും പീഡിതരുടെയും പുരോഗതിക്ക് വേണ്ടിയാണ് നിയമം; നിയമം പാസാക്കിയ പാർലമെന്റിനെ ആദരിക്കണം; ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് നുണപ്രചരണം; ക്ഷേമ പദ്ധതികളിൽ മതം കലർത്തിയിട്ടില്ല; ആരുടേയും അവകാശം കവർന്നെടുക്കുകയുമില്ല; മുസ്ലിം സഹോദരങ്ങളെ ചിലർ തെറ്റി ധരിപ്പിക്കുന്നു; അക്രമത്തിന് ചിലർ പ്രേരിപ്പിക്കുകയും ചെയ്യുന്നു; പൗരത്വ നിയമത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രശ്‌നങ്ങളെ തള്ളിക്കളയുന്നതും നീട്ടിവയ്ക്കുന്നതും ബിജെപിയുടെ രീതിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശക്തി നാനത്വത്തിൽ ഏകത്വമാണെന്നും മോദി പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

പൗരത്വ നിയമം ജനങ്ങളുടെ ഭാവിക്ക് വേണ്ടിയാണെന്ന് മോദി പറഞ്ഞു ദളിതരുടെയും പീഡിതരുടെയും പുരോഗതിക്ക് വേണ്ടിയാണ് നിയമം. നിയമം പാസാക്കിയ പാർലമെന്റിനെ ആദരിക്കുകയാണ് വേണ്ടത്. ചില രാഷ്ട്രീയ പാർട്ടികൾ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടത്തുന്നു. കള്ളം പ്രചരിപ്പിക്കുന്നു, നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തുമെന്നും മോദി കൂട്ടിച്ചേർത്തു. ക്ഷേമ പദ്ധതികളിൽ മതം കൂട്ടിയിട്ടില്ല. മുസ്ലിം സമുദായക്കാരെ തെറ്റിധരിപ്പിക്കാനാണ് ശ്രമം. ആരുടേയും അവകാശം കവർന്നെടുക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പരത്തുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഡൽഹിയില കോളനികൾ നിയമപരമാക്കിയപ്പോൾ ഞങ്ങൾ ആരോടെയങ്കിലും മതം ചോദിച്ചോ, അവരുടെ രാഷ്ട്രീയം ചോദിച്ചോ? ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ല. എന്റെ ഏതെങ്കിലും തീരുമാനത്തിൽ പക്ഷപാതിത്വം കണ്ടെത്താനാകുമോയെന്ന് ഞാൻ ഈ നുണ പറയുന്നവരെ വെല്ലുവിളിക്കുകയാണ് മോദി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണ് സർക്കാർ പാവപ്പെട്ടവർക്കു നിർമ്മിച്ചു നൽകിയത്. അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ല. ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുകയാണു ചെയ്തത്. എന്നിട്ടും എന്തിനാണ് ഒട്ടേറെ പേർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്തുകൊണ്ടാണവർ രാജ്യത്തെ മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത് മോദി ചോദിച്ചു.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഈ തത്വത്തിൽ ഊന്നിയാണ്. അതാണു രാജ്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു. പ്രശ്‌നങ്ങൾ നിലനിർത്തുകയെന്നത് ബിജെപിയുടെ പാരമ്പര്യമല്ല, പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനരീതിയുമല്ല. ഡൽഹിയിയെ 40 ലക്ഷത്തോളം വരുന്നവർക്ക് സ്വന്തം വീട്ടിലും സ്വന്തം മണ്ണിലും സമ്പൂർണ അവകാശം ലഭിച്ചിരിക്കുകയാണ്. അതിൽ ബിജെപിക്ക് അഭിമാനമുണ്ട്. ഡൽഹിയിലെ കോളനികളിൽ താമസിക്കുന്നവർക്ക് ഭൂമിയിൽ സമ്പൂർണ അവകാശം നൽകുമെന്നു വാഗ്ദാനം നൽകിയവർ യഥാർഥത്തിൽ ജനങ്ങളോട് എന്താണു ചെയ്തതെന്ന് ഓർക്കണം. ഡൽഹിയിലെ ആഡംബര മേഖലകളിൽ രണ്ടായിരത്തോളം മാളികകളാണ് 'സ്വന്തക്കാർക്ക്' അവർ നൽകിയത്- മോദി പറഞ്ഞു. ഡൽഹിയിലെ അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷത്തോളം പേർക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നൽകാനുള്ള ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പരാമർശം.

തിരഞ്ഞെടുപ്പ് വരുമ്പോൾ, അതുവരെ ഇടിച്ചു നിരത്താൻ നിന്നിരുന്ന ബുൾഡോസറുകളെല്ലാം കുറച്ചു നാളത്തേക്കു ശാന്തമാകും, അപ്പോഴും പ്രശ്‌നം അവിടെത്തന്നെ നിൽക്കും. ഈ പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് മറ്റ് പാർട്ടിക്കാർക്കോ മുൻപു ഭരിച്ചിരുന്നവർക്കോ ആഗ്രഹമില്ല. കോളനികളിൽ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതു സംബന്ധിച്ച സർക്കാർ നീക്കത്തിനു വേഗം കുറയുന്നതു കണ്ടാണ് കേന്ദ്രം അതേറ്റെടുത്തത്. സാങ്കേതികതയുടെ സഹായത്താൽ 1700ലധികം കോളനികളുടെ അതിർത്തി കുറഞ്ഞ സമയത്തിൽ നിശ്ചയിക്കാനായി. 1200ഓളം കോളനികളുടെ ഭൂപടവും ജനങ്ങൾക്കു മുന്നിലെത്തിച്ചു-മോദി പറഞ്ഞു. ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ പരോക്ഷമായി മോദി വിമർശിച്ചു. ഇതുവരെയും ഡൽഹിയിലെ ജനങ്ങൾ വ്യാജ വാഗ്ദാനങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി അധികാരത്തിലുള്ളവർ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വസത്തിന്റെ പുഞ്ചിരി ഞാൻ കാണുന്നു. ഡൽഹിയിലെ 1731 കോളനികളിലായി കഴിയുന്ന നാൽപ്പത് പേർക്ക് ഞങ്ങൾ അവരുടെ വാസസ്ഥലത്തിന്റെ അവകാശം നൽകി. ഡൽഹിയിലെ വീടിലാത്തവർക്ക് ഭൂമി നൽകാനുള്ള ബിൽ പാർലമെന്റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. ഡൽഹിയിലെ 1700 കോളനികളുടെ അതിർത്തി ഇതിനോടകം വേർതിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടി പതിറ്റാണ്ടുകൾ പലതും കഴിഞ്ഞിട്ടും രാജ്യതലസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഭയത്തിലാണ് കഴിഞ്ഞത്. അവർക്ക് എപ്പോഴും വ്യാജവാഗ്ദാനങ്ങൾ മാത്രമാണ് ലഭിച്ചത്.

അവർ വിവിഐപികൾക്ക് എപ്പോഴും ഭൂമി നൽകി കൊണ്ടിരുന്നു. ഞാൻ ആ ഭൂമി നിങ്ങൾക്ക് നൽകുന്നു. ഒരോ ദിവസവും 25 കിമീ ദൂരം വീതം ഡൽഹി മെട്രോയുടെ പണി നടക്കുകയാണ്. ഡൽഹി മെട്രോയുടെ വികസനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങൾക്ക് എതിരല്ലെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചു. കോൺഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങൾ തിരിച്ചറിയണം. കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും ഗഡ്കരി പ്രതികരിച്ചു. മൂന്ന് അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്ലിം സഹോദരങ്ങൾ തിരിച്ചറിയണം. അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

ലോകത്ത് ഹിന്ദുക്കൾക്ക് വേണ്ടി ഇപ്പോൾ ഒരു രാജ്യം ഇല്ലെന്ന് നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ നിയമത്തിൽ സർക്കാർ നടപടിയെ പിന്തുണച്ചുകൊണ്ടാണ് ഗഡ്കരിയുടെ പ്രസ്താവന. ഇത്തരമൊരു നിയമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഈ ലോകത്ത് ഹിന്ദുക്കൾക്കായി ഒരു രാഷ്ട്രവുമില്ല, നേരത്തെ നേപ്പാൾ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. പക്ഷേ ഇപ്പോൾ ഒന്നുമില്ല, അപ്പോ ഹിന്ദുക്കളും സിഖുകളും എങ്ങോട്ട് പോകും.? മുസ്ലിംങ്ങൾക്കായി നിരവധി മുസ്ലിം രാഷ്ട്രങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്.

പൗരത്വ നിയമത്തെക്കുറിച്ച് അടുത്ത 10 ദിവസം ബിജെപി രാജ്യവ്യാപക പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും റാലികൾ നടത്തി നിയമത്തെക്കുറിച്ചു വിശദീകരിക്കും. പ്രചാരണത്തിന്റെ ആദ്യഘട്ടമായി വീടുകൾതോറും ബോധവൽകരണം നടത്തും. 250 സ്ഥലങ്ങളിൽ പത്രസമ്മേളനം നടത്തി വിശദീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP