Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും ഒടുവിൽ പിരിച്ചുവിടൽ ഭീഷണി നേരിടാൻ ബിഎസ്എൻഎൽ ജീവനക്കാർ: ഒക്ടോബറിലെ ശമ്പളം കിട്ടിയത് ഡിസംബറിൽ: ഓണത്തിനു പിന്നാലെ ക്രിസ്മസിനും ബിഎസ്എൻ‍എൽ ജീവനക്കാർക്ക് ശമ്പളമില്ല

ഏറ്റവും ഒടുവിൽ പിരിച്ചുവിടൽ ഭീഷണി നേരിടാൻ ബിഎസ്എൻഎൽ ജീവനക്കാർ: ഒക്ടോബറിലെ ശമ്പളം കിട്ടിയത് ഡിസംബറിൽ: ഓണത്തിനു പിന്നാലെ ക്രിസ്മസിനും ബിഎസ്എൻ‍എൽ ജീവനക്കാർക്ക് ശമ്പളമില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏതുസ്ഥാപനത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങലാണ്. ബിഎസ്എൻഎല്ലിൽ അതുതുടർക്കഥയായിരിക്കുന്നു. ഓണത്തിന് പിന്നാലെ ക്രിസ്മസിനും ജീവനക്കാർ ശമ്പളം കിട്ടാതെ അവസ്ഥയാണ് ഇപ്പോൾ. നവംബർ മാസത്തെ ശമ്പളം ഇപ്പോഴും ലഭിച്ചിട്ടില്ലെന്നതാണ് വിചിത്രം. ബിഎസ്എൻഎല്ലിലെ ശമ്പള ക്രമം താളം തെറ്റിയിട്ട് ഒരുവർഷത്തോളമായി. ഡിസംബർ 5നാണ് ഒക്ടോബർ മാസത്തെ ശമ്പളം ലഭിച്ചത്. ഈ മാസത്തെ ശമ്പളം എന്നു കിട്ടുമെന്ന കാര്യത്തിൽ ആർക്കും ഒരുപിടിയും ഇല്ല.

പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതിക്കായി (വിആർഎസ്) അപേക്ഷ നൽകിയവരുടെ രേഖകൾ പരിശോധിച്ചു തുടർനടപടികൾ എടുക്കുന്നതിലും കാലതാമസമുണ്ട്. ടെലികോം മന്ത്രാലയം തയാറാക്കിയ ‘സമ്പന്ന’ സോഫ്റ്റ്‌വെയർ വഴിയാണു വിആർഎസ് എടുത്തവരുടെ ആനുകൂല്യങ്ങൾ രേഖപ്പെടുത്തി തുടർനടപടി എടുക്കേണ്ടത്.

ഇതു പ്രവർത്തന സജ്ജമാകാത്തതിനാൽ പലരുടെയും വിവരങ്ങൾ രേഖപ്പെടുത്താനായില്ല. ജനുവരി 31നാണു വിആർഎസ് എടുത്തവർ ബിഎസ്എൻഎല്ലിൽ നിന്നു പിരിയേണ്ടത്. ഇതോടെ 52 ശതമാനം ജീവനക്കാർ പടിയിറങ്ങും. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച 4ജി ലഭ്യമാക്കുന്നത് അടക്കം നടപടികൾക്കും വേഗം പോരെന്നു പരാതിയുണ്ട്.

കൂടാതെ കഴിഞ്ഞ സെപ്റ്റംബർ മാസത്തോടെ ബി.എസ്.എൻ.എല്ലിലെ 50 വയസ്സ് പിന്നിട്ട എല്ലാ എക്‌സിക്യുട്ടീവ്, നോൺ എക്‌സിക്യുട്ടീവ് ജീവനക്കാരുടെയും സർവീസ് വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി ബി.എസ്.എൻ.എല്ലിന്റെ എല്ലാ ജില്ലാ ജനറൽ മാനേജർ ഓഫീസുകളിലും അക്കൗണ്ട്‌സ് ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇത് ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുന്നോടിയാണെന്ന ആശങ്കയാണ് അന്ന് പരന്നുകഴിഞ്ഞിരുന്നത്.

അതേസമയം, കൃത്രിമപ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന ആരോപണവും സജീവമാണ്. ജീവനക്കാർക്ക് ലഭിക്കേണ്ടതും പെൻഷൻ നിക്ഷേപമായി പിടിച്ചെടുത്ത 6500 കോടിയോളം രൂപയുടെ അധികതുക കൈവശം വച്ചാണ് നടപടിയെന്നാണ് ആരോപണം. റിലയൻസിന്റെ രണ്ടരലക്ഷം കോടി രൂപയുടെ ബാധ്യത കിട്ടാക്കടമായി പരിഗണിച്ച സ്ഥാനത്താണ് പൊതുമേഖലാസ്ഥാപനത്തോടുള്ള ഈ നിലപാടെന്നും ജീവനക്കാർ ആരോപിക്കുന്നു.നിലവിൽ 20,000 കോടി രൂപയുടെ ബാധ്യതയാണ് ബിഎസ്എൻഎല്ലിനുള്ളത്. എന്നാൽ കമ്പനിയുടെ ആസ്തി ഫലപ്രഥമായി വിനിയോഗിച്ചാൽ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

അടുത്ത കുറച്ചു മാസങ്ങളിൽ കമ്പനി മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടത് ഏകദേശം 2500 കോടി രൂപയാണ്. ഈ തുക നൽകി കേന്ദ്ര സർക്കാർ സഹായിക്കാൻ തയാറായാൽ ബിഎസ്എൻഎല്ലിന് കുറച്ചു മാസങ്ങൾ കൂടെ കഴിച്ചുപോകാം. നിലവിൽ 13,500 കോടിയുടെ കടമുള്ളതിനാൽ ബാങ്കുകളൊന്നും വായ്പ നൽകാൻ മുന്നോട്ടുവരുന്നില്ല.കഴിഞ്ഞ പത്തു വർഷമായുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയും പുതിയ ടെക്‌നോളജികൾ നടപ്പിലാക്കുന്നതിലെ കാലതാമസവുമാണ് ബിഎസ്എൻഎല്ലിനെ ഈ നിലയിലേക്ക് വീഴ്‌ത്തിയത്. വിവിധ സർക്കിളുകളിലെ നിരവധി ടവറുകൾ നിശ്ചലമാണ്. കേരളത്തിൽ തന്നെ നൂറിൽ കൂടുതൽ ടവറുകൾ ഇപ്പോഴും നിശ്ചലമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP