Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെറും പൂവലന്മാർ കോഴി! വന്യമായ ആൺ മനോഭാവത്തിൽ ഇരയെ വേട്ടയാടുന്നവർ പൂവൻ കോഴികൾ! പേരിലെ പുതുമ കാഴ്ചയിലും നിറച്ച് നടനിലെ അരങ്ങേറ്റവും അതിഗംഭീരമാക്കുന്ന സംവിധായകൻ; പ്രമേയത്തിന്റെ കാതൽ ചോരുന്നില്ലെന്ന് ഉറപ്പിക്കുന്ന തിരക്കഥയും ഫ്രംയിമുകളും; അരക്ഷിതാവസ്ഥയ്ക്കിടയിലും അപ്രതീക്ഷത സാഹചര്യത്തെ പതറാതെ നേരിടുന്ന നായിക; പ്രതി പൂവൻ കോഴി നായകന്മാരില്ലാത്ത സൂപ്പർ താര ചിത്രം; റോഷൻ ആൻഡ്രൂസും മഞ്ജുവാര്യരും വീണ്ടും മടങ്ങിയെത്തുമ്പോൾ

വെറും പൂവലന്മാർ കോഴി! വന്യമായ ആൺ മനോഭാവത്തിൽ ഇരയെ വേട്ടയാടുന്നവർ പൂവൻ കോഴികൾ! പേരിലെ പുതുമ കാഴ്ചയിലും നിറച്ച് നടനിലെ അരങ്ങേറ്റവും അതിഗംഭീരമാക്കുന്ന സംവിധായകൻ; പ്രമേയത്തിന്റെ കാതൽ ചോരുന്നില്ലെന്ന് ഉറപ്പിക്കുന്ന തിരക്കഥയും ഫ്രംയിമുകളും; അരക്ഷിതാവസ്ഥയ്ക്കിടയിലും അപ്രതീക്ഷത സാഹചര്യത്തെ പതറാതെ നേരിടുന്ന നായിക; പ്രതി പൂവൻ കോഴി നായകന്മാരില്ലാത്ത സൂപ്പർ താര ചിത്രം; റോഷൻ ആൻഡ്രൂസും മഞ്ജുവാര്യരും വീണ്ടും മടങ്ങിയെത്തുമ്പോൾ

ആവണി ഗോപാൽ

ടുവിൽ മഞ്ജുവാര്യർ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാറായി... ഒറ്റയാൾ അഭിനയ മികവിലൂടെ ചിത്രത്തെ വിജയതീരത്ത് എത്തിച്ച് മഞ്ജു സ്‌ക്രീനിൽ നിറയുമ്പോൾ സിനിമയ്ക്ക് വേണ്ടതെല്ലാം സമാസമം ചേർത്ത് പ്രതി പൂവൻകോഴിയെ സംവിധായകന്റെ ചിത്രമാക്കി മാറ്റുകയായിരുന്നു റോഷൻ ആൻഡ്രൂസ്. സിനിമയുടെ തുടർച്ച നഷ്ടമാകാത്തവിധം ഫ്രെയിമുകളൊരുക്കുന്നതിനൊപ്പം തന്റെ നടനിലെ അരങ്ങേറ്റവും തകർപ്പനാക്കി മഞ്ജുവിനെ സ്‌ക്രീനിലും തോൽപ്പിക്കുന്ന സംവിധായകൻ. അങ്ങനെ നായികയും വില്ലന്മാരും തമ്മിലെ പോരാട്ടം അവസാനിക്കുമ്പോൾ പ്രേക്ഷകരും നിരാശരാകുന്നില്ല.

കായംകുളം കൊച്ചുണ്ണിയെന്ന് ചരിത്ര സിനിമയിൽ നിന്ന് തനി നാട്ടുപ്പുറത്തുകാരനായി മാറുകയാണ് സംവിധായകൻ. കാൻവാസിന്റെ വലുപ്പം കുറഞ്ഞപ്പോഴും ഒരു സംവിധായകൻ എന്ന നിലയിലുള്ള തന്റെ ക്രാഫ്റ്റിന്റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട് അദ്ദേഹം. അവതരണത്തിലും പറച്ചിലിലുമെല്ലാം തനി നാടൻ പെണ്ണിന്റെ മനസ്സ് എങ്ങനെ പ്രശ്‌നങ്ങളോട് ചിന്തിക്കണമെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആർ. ഫ്രെയിമുകളിൽ ഉൾപ്പെടെ തീർത്തും വ്യത്യസ്തത കൊണ്ടു വന്ന സംവിധായകൻ അഭിനേതാക്കളുടെ കരുത്തിൽ പ്രതി പൂവൻകോഴിയെ മലയാളത്തിലെ മികച്ച സ്ത്രീപക്ഷ ചിത്രമാക്കുന്നത്. ഉന്നാവയും പെരുമ്പാവൂരിലെ ജിഷാ കേസുമെല്ലാം കണ്ടും കേട്ടും മനസ്സ് മരവിപ്പിച്ച മലയാളിയോട് മാധുരിയിലൂടെ മഞ്ജുവാര്യർ പറയുന്നത് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയാണ്. അതിന് ഇറങ്ങി പുറപ്പെടുമ്പോഴുള്ള പ്രശ്‌നങ്ങളും ചില്ലറയല്ല. ആന്റപ്പൻ എന്ന വില്ലൻ ജീവിതത്തിൽ ഏവിടേയും കാണുന്ന സ്ഥിരം കഥാപാത്രമാണ്. ഈ വിപത്തിനെ സമർത്ഥമായി നേരിടുകയാണ് പെൺകരുത്ത്.

മഞ്ജുവാര്യരെ രണ്ടാ വരവിൽ പ്രിയങ്കരിയാക്കിയത് ഹൗ ഓൾഡ് ആർ യുവാണ്. റോഷൻ ആൻഡ്രൂസിന്റെ ഈ ചിത്രം പച്ചക്കറിയുടെ കൃഷി സാധ്യതകളിലേക്ക് മലയാളികളെ തള്ളി വിട്ടു. ആ മോഡൽ ഇന്ത്യയാകെ ചർച്ചയായി. അതിന് സമാനമാണ് പ്രതി പൂവൻകോഴിയും പ്രമേയവും. അടിച്ചമർത്തപ്പെടുന്ന പീഡനം സഹിക്കുന്ന ഓരോ സ്ത്രീയും മാധുരിമാരാകണമെന്ന സന്ദേശമാണ് റോഷൻ നൽകുന്നത്. പലരോടും കേണപേക്ഷിച്ചിട്ടും ചിത്രത്തിലെ വില്ലനാകാൻ താൽപ്പര്യക്കുറവ് കാട്ടി. ഒടുവിൽ പതിവ് മുഖങ്ങൾ വേണ്ടെന്ന് വച്ച് തന്നിലെ നടനെ വെള്ളിത്തിരയ്ക്ക് മുന്നിലേക്ക് കൊണ്ടു വരികയായിരുന്നു സംവിധായകൻ. ഒരു ചെറിയ അഭിനയപിഴവ് പോലും ചിത്രത്തെ തോൽപ്പിക്കുമെന്ന തരത്തിലെ കഥാപാത്രം. ഈ വെല്ലുവിളി രണ്ട് കൈയും നീട്ടി സ്വീകരിച്ച് ആന്റപ്പനെ റോഷൻ തകർപ്പനാക്കി. ആക്ഷനും സെന്റിമെന്റുമെല്ലാം ആന്റപ്പൻ സൂപ്പറായി. അങ്ങനെ ഒരു സംവിധായകൻ കൂടി നടനുമായി.

സ്ത്രീപക്ഷത്ത് നിന്ന് പല ചിത്രങ്ങൾ മഞ്ജു അവതരിപ്പിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പോരാടുന്ന കഥാപാത്രങ്ങളായിരുന്നു അതിലേറെയും. ഇവിടെ പോരാട്ടമില്ല. പെണ്ണിന്റെ മനസ്സിലെ കനലും കരുത്തും മാധുരിക്ക് പകർന്നാടുകയാണ് മഞ്ജു. സാധാരണ മലയാളി പെൺകുട്ടി പകച്ചു പോകുന്ന ഘട്ടങ്ങളിൽ പോലും ആത്മധൈര്യം കൈവിടാതെ ഉറച്ച ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നു. അനീതിയെ സ്വന്തം കൈ കൊണ്ട് തകർത്തെറിയുകയെന്ന പുത്തൻ തത്വശാത്രമാണ് സ്ത്രീകൾക്കായി ഉണ്ണി ആർ എന്ന തിരിക്കഥാ കൃത്ത് അവതരിപ്പിക്കുന്നത്. നാടകീയതകൾ തീരെ കുറച്ച ജീവിതത്തിലേക്ക് കഥയേയും കഥാപാത്രങ്ങളേയും പശ്ചാത്തലത്തേയും പറിച്ചു നട്ടുള്ള എഴുത്തിന്റെ അവതരണ പുതുമ. അങ്ങനെ കഥാകൃത്ത് കുറിച്ചതിനെ അതിന്റെ തനിമ നഷ്ടമാകാതെ പകർന്നാടുന്ന അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമാണ് പ്രതി പൂവൻകോഴിയുടെ കരുത്ത്.

മാധുരി എല്ലാ യാഥാസ്ഥിതികത്വങ്ങൾക്കും അപ്പുറം കരുത്ത് പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു. ഒടുവിൽ വിജയിക്കുന്നു. കാലം ഈ യാഥാസ്ഥിതിക ചുറ്റുപാടുകളെ തകർക്കുന്നു. അതാണ് പ്രതി പൂവൻകോഴി. കോഴി മലയാളികളുടെ മനസ്സിൽ നൽകുന്ന ഒരു ചിത്രമുണ്ട്. അതിൽ കോഴി പൂവനാകുമ്പോൾ എല്ലാം ഒറ്റവാക്കിൽ തന്നെ വ്യക്തമാകും. ഈ പൂവൻ കോഴികളാണ് സമൂഹത്തിലെ പ്രധാന പ്രശ്‌നമെന്ന തിരിച്ചറിവാണ് സിനിമ നൽകുന്നത്. തെരുവുകളിലും ബസ്സുകളിലും എന്തിനു സ്വന്തം സുരക്ഷിത സ്ഥാനങ്ങളിൽ വരെ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ ഒരാവിഷ്‌ക്കാരം ചലച്ചിത്രത്തിലുണ്ട്. ജീവിതത്തിൽ ഒരു സ്ത്രീയെങ്കിലും ഇത്തരം ഭയപ്പെടുത്തുന്ന ഒരവസ്ഥയിലൂടെ കടന്നു പോകാത്തതായി ഉണ്ടാകില്ല. ഒരു തുണിക്കടയിലെ തൂപ്പുകാരിയായ ഷീബ, റോസ്സമ്മ. മാധുരി എന്നിവരിലൂടെ കഥപറയുന്നു. ഇവർ പറയുന്ന സ്ത്ര് പക്ഷത്തിന്റെ കരുത്തും ആകുലതകളും പ്രശ്‌നങ്ങളുമാണ്. എസ് ഐയാകുന്ന സൈജുക്കുറുപ്പും നായികയുടെ രക്ഷിതാവാകുന്ന അലൻസിയറും തങ്ങളുടെ ഭാഗം ഗംഭീരമാക്കി.

ഉണ്ണി ആറിന്റെ തന്നെ നോവലിനെ ആധാരമാക്കി മറ്റൊരു കഥ പറയുകയാണ് സിനിമ. ജി ബാലമുരുകന്റെ ഛായാഗ്രഹണ മികവാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും സംഭാഷണങ്ങൾക്കുമൊക്കെ ലളിത സുന്ദരമായ ആ ഉണ്ണി ആർ ടച്ചുണ്ട്. 'മാധുരി'യെയും തൊഴിലിടവും വീടും സുഹൃത്തുക്കളും അടങ്ങുന്ന അവളുടെ ലോകത്തെയും സ്വാഭാവികതയോടെ പരിചയപ്പെടുത്തിക്കൊണ്ടാണ് സിനിമയുടെ തുടക്കം. സാമ്പത്തികമായ പ്രാരാബ്ധങ്ങൾക്കിടയിൽ ചെറിയ വരുമാനമുള്ള ഒരു ജോലി ചെയ്യുന്നതിന്റെ അരക്ഷിതാവസ്ഥയിലാണ് ജീവിതമെങ്കിലും ചുറ്റുമുള്ളവരിലേക്ക് നിരാശ പകരാത്ത കഥാപാത്രമാണ് മാധുരി. പ്രതിസന്ധികൾക്കിടയിലും ഒരു അപ്രതീക്ഷിത സാഹചര്യത്തെ നേരിടേണ്ടിവരുമ്പോൾ ഉറച്ച നിലപാടുമുണ്ട് അവർക്ക്.ഓരോ ഫ്രൈമിലും ആകാംക്ഷയും ഉദ്വേഗജനകമായ ആവിഷ്‌കാര സാധ്യതകളും ബാല മുരുകന്റെ ക്യാമറ പകർത്തുന്നുണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് ആ വഴിക്കുള്ള ചലച്ചിത്രത്തിന്റെ സഞ്ചാരം. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്.

തിരിച്ചു വരവിൽ മഞ്ജുവിനു ലഭിച്ച ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഹൗ ഓൾഡ് ആർ യുവിലെ നിരുപമ. രണ്ടാം വരവിന് അവസരമൊരുക്കിയ സംവിധായകന്റെ മറ്റൊരു ചിത്രത്തിലൂടെ തന്നെ നിരുപമയേക്കാൾ ശക്തയായ മാധുരി എന്ന മറ്റൊരു ശക്തമായ കഥാപാത്രം. സ്ഥിരം കണ്ടുവരുന്ന ഗുണ്ടകളിൽ നിന്ന് വ്യത്യസ്തമായി ആന്റപ്പൻ എന്ന കഥാപാത്രത്തിന് തന്റേതായ ഒരു ശരീരഭാഷ നൽകിയ റോഷൻ ആൻഡ്രൂസ് നടനായുള്ള അരങ്ങേറ്റം മികച്ചതാക്കി. പൂവാലന്മാരെ പലപ്പോഴും കോഴി എന്ന പ്രയോഗത്തിലൂടെ ഉപമിക്കാറുണ്ട് എന്നാൽ വന്യമായ ആൺ മനോഭാവം വച്ച് പുലർത്തുന്ന ജീവി വർഗമാണ് പൂവൻ കോഴികൾ. ഇണയെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നവർ. തന്റെ അധികാര പരിധിക്കുള്ളിൽ മറ്റാരെയും അടുപ്പിക്കാത്തവർ. ശക്തമായ പ്രമേയവുമായി എത്തുന്ന ഈ ചിത്രത്തിന് പ്രതി പൂവൻ കോഴി എന്ന പേര് എന്തുകൊണ്ടും യോജിക്കുന്നത് തന്നെയാണ്. പേരിലെ പുതുമ കാഴ്ചയിലും നിറയുമ്പോൾ പ്രതി പൂവൻകോഴി ശക്തമായ സിനിമാ ബിംബമാകുന്നു.

വാൽകഷ്ണം: ഏതൊരു ക്വട്ടേഷൻ ഗുണ്ടയും ക്വട്ടേഷൻ നൽകിയെന്ന് ഒരാളെ ചൂണ്ടിക്കാട്ടിയാൽ അവരാകും കേസിലെ ഒന്നാം പ്രതി. പൊലീസും ഗുണ്ടകളും ഒരുമിച്ച് കളിച്ചാൽ സാഹചര്യങ്ങളുടെ സംശയം ആരേയും പ്രതിയാക്കും. പ്രതി പൂവൻകോഴിക്കുള്ളിൽ ഇത്തരമൊരു സന്ദേശവും ഒളിഞ്ഞിരിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP