Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയയുടെയും രാഹുലിന്റെയും ധർണ തിങ്കളാഴ്ച രാജ്ഘട്ടിൽ; യുപിയിൽ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു; മുംബൈയിലും പൂണെയിലും നിയമത്തെ അനുകൂലിച്ച് മനുഷ്യച്ചങ്ങല; നിയമം പാസാക്കിയ പാർലമെന്റിനെയും സർക്കാരിനെയും അഭിനന്ദിച്ച് 1100 ബുദ്ധിജീവികൾ; മതേതര ഭരണഘടനയോട് ചേർന്നുനിൽക്കുന്നതാണ് നിയമമെന്ന് സംയുക്ത പ്രസ്താവന; മൗനം വെടിഞ്ഞ് 1000 റാലികളുമായി ശക്തമായ പ്രചാരണത്തിന് ഒരുങ്ങി ബിജെപി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയയുടെയും രാഹുലിന്റെയും ധർണ തിങ്കളാഴ്ച രാജ്ഘട്ടിൽ; യുപിയിൽ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു; മുംബൈയിലും പൂണെയിലും നിയമത്തെ അനുകൂലിച്ച് മനുഷ്യച്ചങ്ങല; നിയമം പാസാക്കിയ പാർലമെന്റിനെയും സർക്കാരിനെയും അഭിനന്ദിച്ച് 1100 ബുദ്ധിജീവികൾ; മതേതര ഭരണഘടനയോട് ചേർന്നുനിൽക്കുന്നതാണ് നിയമമെന്ന് സംയുക്ത പ്രസ്താവന; മൗനം വെടിഞ്ഞ് 1000 റാലികളുമായി ശക്തമായ പ്രചാരണത്തിന് ഒരുങ്ങി ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ, 1100 അക്കാദമിക് വിദഗ്ധരും, ബുദ്ധിജീവികളും ഗവേഷകരും നിയമത്തിന് അനുകൂലമായി രംഗത്തെത്തി. സംയുക്ത പ്രസ്താവനയും ഇവർ പുറപ്പെടുവിച്ചു. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകണമെന്ന് ദീർഘകാല ആവശ്യമാണ് യാഥാർഥ്യമാകുന്നത്. 1950 ലെ ലിയാഖത്ത്-നെഹ്്‌റു കരാർ പരാജയപ്പെട്ട ശേഷം കോൺഗ്രസിലെയും സിപിഎമ്മിലെയും അടക്കമുള്ള വിവിധ നേതാക്കൾ ആവശ്യപ്പെട്ടുവരുന്നതാണ് ഇക്കാര്യം. ആ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളാകട്ടെ, ഭൂരിപക്ഷവും ദളിത് സമുദായത്തിൽ പെട്ടവരാണ്, പ്രസ്താവനയിൽ പറയുന്നു.

മറവിയിലാണ്ട ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന് പാർലമെന്റിനെയും സർക്കാരിനെയും അഭിനന്ദിക്കുന്നു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരുടെ ആശങ്കകൾ തൃപ്തികരമായി പരിഹരിച്ചുവെന്നതിലും ഞങ്ങൾക്ക് സംതൃപ്തിയുണ്ട്. ഇന്ത്യൻ പൗരത്വം തേടുന്നതിൽ നിന്നും ഒരുവ്യക്തിയെയും തടയാത്ത ഇന്ത്യയുടെ മതേതര ഭരണഘടനയോട് ചേർന്ന് നിൽക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഏതെങ്കിലും തരത്തിൽ പൗരത്വത്തിന്റെ മാനദണ്ഡങ്ങളെ ഇത് മാറ്റിമറിക്കുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കു ത്വരിത പരിഹാരം നൽകുക മാത്രമാണു ചെയ്യുന്നത്

അതുപോലെ തന്നെ ഈ മൂന്നുരാജ്യങ്ങളിൽ നിന്നുള്ള അഹമ്മദീയർ, ഹസാരകൾ, ബലൂച്ചികൾ എന്നിവർക്ക് പതിവ് നടപടിക്രമങ്ങളിലൂടെ പൗരത്വം നേടുന്നതിന് തടയുന്നുമില്ല, സംയുക്ത പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അരങ്ങേറുന്ന ആക്രമണത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം കരുതിക്കൂട്ടിയുള്ള ചിലരുടെ പ്രവർത്തിയാണ്. അതുകൊണ്ടു തന്നെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും വർഗീയതയുടെയും അരാജകത്വത്തിന്റെയും പ്രചാരണ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംഘം പ്രസ്താവനയിൽ ഓർമപ്പെടുത്തി.

പ്രഫ.പ്രകാശ് സിങ് (ഡൽഹി സർവകലാശാല), പ്രഫ.കപിൽ കുമാർ (ഇഗ്നൗ), പ്രഫ. ഐനുൽ ഹസൻ (ജെഎൻയു), ഷിഷിർ ബജോരിയ (ചെയർമാൻ, ഐഐഎം ഷില്ലോങ്), പ്രഫ. സുനൈന സിങ് (വിസി, നളന്ദ സർവകലാശാല), മീനാക്ഷി ജെയിൻ (ഐസർ), പ്രഫ. ലഖാൻ ഗോസെയ്ൻ (സിറാക്കുസ് യൂണിവേഴ്‌സിറ്റി, യുഎസ്എ), ഭാനു പ്രസാദ് (ഓക്‌സ്ഫഡ് സർവകലാശാല), ഡോ. ആശിശ് മിശ്ര ( യുഎഫ്പിഎ, ബ്രസീൽ) തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും തിങ്കളാഴ്ച രാജ്ഘട്ടിൽ ധർണയിരിക്കും. ഞായറാഴ്ച നിശ്ശബ്ദ പ്രതിഷേധം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അധികൃതരുടെ അനുമതി കിട്ടാതിരുന്നതുകൊണ്ട് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ട് മണി മുതൽ 8 മണി വരെയാണ് ധർണ. പ്രക്ഷോഭത്തെ നേരിടാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ് ബിജെപി. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് അടുത്ത പത്ത് ദിവസമാണ് രാജ്യവ്യാപകമായി പ്രചാരണം നടത്തുനവ്‌നുത്. 1000 ത്തിലേറെ റാലികളും 250 ഓളം വാർത്താസമ്മേളനങ്ങളും വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും. സിഎഎയുടെ വിശദവിവരങ്ങൾ മൂന്നുകോടി കുടുംബങ്ങളിൽ എത്തിക്കും. എല്ലാ മതത്തിലും സമുദായത്തിലും പെട്ടവരെ സമീപിച്ച് ഈ വിവരങ്ങൾ പങ്കുവയ്ക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രക്ഷോഭത്തിൽ യുപിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15ആയി ഉയർന്നു. മരിച്ചവരിൽ എട്ടുവയസുകാരനുമുണ്ട്. മീററ്റിൽ നാലുപേരും ബിജനോറിലും സംഭാലിലും ഫിറോസബാദിലും കാൺപൂരിലും രണ്ടുപേർ വീതവും രാംപൂരിലും വാരണാസിയിലും ഓരോരുത്തരും കൊല്ലപ്പെട്ടു. രാംപൂരിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കല്ലേറിലും കണ്ണീർ വാതകപ്രയോഗത്തിവും അഞ്ച് പ്രതിഷേധക്കാർക്കും നിരവധി പൊലീസുകാർക്കും പരിക്കേറ്റു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ പ്രതിഷേധങ്ങളിൽ 58 പേർ കസ്റ്റഡിയിലായിട്ടുണ്ട്. ദരിയ ഗഞ്ചിലെ സംഘർഷത്തിൽ 15 പേർ അറസ്റ്റിലായിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് അലിഗഡ്, മാവു, അസംഗഡ്, ലക്‌നോ, കാൻപുർ, ബെയ്‌റേലി, ഷാജഹാൻപുർ, ഗസ്സിയാബാദ്, ബുലന്ദേശ്വർ, സാംഭൽ, അലാഹബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഇന്റർനെറ്റ് വിലക്കിയിരിക്കുകയാണ്. തലസ്ഥാനമായ ലക്‌നോയിൽ മുൻകരുതലെന്ന നിലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു.

ദരിയാഗഞ്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജനക്കൂട്ടത്തിനെ അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് ആസാദിനെതിരായ കേസ്. ചന്ദ്രശേഖർ ആസാദിനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ ജുമാ മസ്ജിദിന്
മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധങ്ങൾക്ക് ആസാദിന്റെ ഭീം ആർമിയാണ് നേതൃത്വം നൽകിയത്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനത്തിന് നേതൃത്വം നല്കിയ ആസാദിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ജുമാ മസ്ജിദ് പരിസരത്തായിരുന്ന ചന്ദ്ര ശേഖർ ആസാദ് പുലർച്ചെ മൂന്നരയ്ക്ക് പൊലീസിനുമുമ്പിൽ കീഴടങ്ങുകയായിരുന്നു. ആസാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP