Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിന്റെ ഡിക്കിയിൽ നിന്നും 50000 രൂപ ഡ്രൈവർ അടിച്ചു മാറ്റി മുങ്ങി കളഞ്ഞു; സ്ത്രീ വോട്ടർമാരുടെ വോട്ട് ഉറപ്പിക്കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ വാങ്ങി ഒരാൾ കടന്നു; അടിച്ചുകൊടുത്ത പോസ്റ്ററുകൾ മുഴുവൻ ആറ്റിങ്ങലിലും പോത്തൻകോടുമുള്ള ഗോഡൗണുകളിൽ ഒളിപ്പിച്ചുവെച്ചു; വർക്കലയിൽ മാത്രം സ്ഥാനാർത്ഥിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല; ആറ്റിങ്ങലിൽ മത്സരിച്ചപ്പോൾ തന്റെ കാലുവാരിയവരെ കുറിച്ച് ഓർമ്മക്കുറിപ്പുകളിൽ തുറന്നടിച്ച് പ്രൊഫ.ജി.ബാലചന്ദ്രൻ

കാറിന്റെ ഡിക്കിയിൽ നിന്നും 50000 രൂപ ഡ്രൈവർ അടിച്ചു മാറ്റി മുങ്ങി കളഞ്ഞു; സ്ത്രീ വോട്ടർമാരുടെ വോട്ട് ഉറപ്പിക്കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ വാങ്ങി ഒരാൾ കടന്നു; അടിച്ചുകൊടുത്ത പോസ്റ്ററുകൾ മുഴുവൻ ആറ്റിങ്ങലിലും പോത്തൻകോടുമുള്ള ഗോഡൗണുകളിൽ ഒളിപ്പിച്ചുവെച്ചു; വർക്കലയിൽ മാത്രം സ്ഥാനാർത്ഥിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല; ആറ്റിങ്ങലിൽ മത്സരിച്ചപ്പോൾ തന്റെ കാലുവാരിയവരെ കുറിച്ച് ഓർമ്മക്കുറിപ്പുകളിൽ തുറന്നടിച്ച് പ്രൊഫ.ജി.ബാലചന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: പ്രൊഫസർ ജി.ബാലചന്ദ്രന്റെ 'ഗ്രാൻഡ് എൻട്രി' ആലപ്പുഴ എസ്ഡി കോളേജിൽ ലക്ചററായിട്ടായിരുന്നു. 1969-1972 കാലം. സാറിന്റെ ബിഎ ഇംഗ്ലീഷ് സാഹിത്യ ക്ലാസുകൾ ഇന്നും ഓർത്തെടുക്കുന്നു ശിഷ്യർ. കുമാരനാശാന്റെ 'നളിനി'യും മറ്റുകാവ്യങ്ങളും പച്ചവെള്ളം പോലെ പറയുന്ന മാഷിനെ. അന്ന് എംഐ.ഷാനവാസും ബാലചന്ദ്രൻ സാറിന്റെ ശിഷ്യനായിരുന്നു. ആ ഷാനവാസ് പിന്നീട് ഗുരുവിന് മുമ്പേ തന്നെ ആറ്റിങ്ങലിൽ കോൺഗ്രസിലെ സ്ഥാനാർത്ഥിയായി തോറ്റു. ഗുരുവിന്റെ തോൽവി അതിനേക്കാൾ വേദനാജനമായിരുന്നു. ഇന്ന് പലരും ഫേസ്‌ബുക്കിൽ കുറിക്കുന്നത് കാണാം, സാറിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യതയില്ലാത്തവർ പാർട്ടിയുടെ അത്യുന്നതങ്ങളിൽ വാഴുന്നുവെന്ന്. രാഷ്ട്രീയത്തിൽ പടവുകൾ കയറി മുന്നേറിയ പ്രൊഫ.ജി.ബാലചന്ദ്രന് ആറ്റിങ്ങലിലെ മത്സരത്തിൽ എന്താണ് സംഭവിച്ചത്.? 2009 ലെ ലോക്‌സഭാതിരഞ്ഞെടുപ്പാണ് വിഷയം. തന്നെ കാലുവാരിയത് അന്നത്തെ വർക്കല, നെടുമങ്ങാട് കോൺഗ്രസ് എംഎൽഎമാരാണ് എന്നാണ് പ്രൊഫ.ബാലചന്ദ്രന്റെ 'അനുഭവങ്ങളുടെ അകത്തളങ്ങളിൽ 'എന്ന ഓർമക്കുറിപ്പിൽ പറയുന്നത്. പറയാതെ പറയുന്നത് വർക്കല കഹാർ, പാലോട് രവി എന്നിവരുടെ പേരുകളും.

'ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം : തിരുവനന്തപുരം സ്‌റ്റൈൽ വേറെ',എന്ന അധ്യായത്തിലാണ് ആ ചതിയുടെ കഥ ബാലചന്ദ്രൻ പറയുന്നത്. വർക്കല നിയോജകമണ്ഡലത്തിലെ ലീഡ് കൊണ്ടാണ് സ്ഥാനാർത്ഥി ജയിക്കേണ്ടത്. അവിടുത്തെ എംഎൽഎ (വർക്കല കഹാർ) എന്നോട് പറഞ്ഞത്. വർക്കലയിൽ നിന്ന് ഏഴായിരം വോട്ടിന്റെ ലീഡ് കിട്ടുമെന്നാണ്.ഞാനത് അന്ധമായി വിശ്വസിച്ചു. വർക്കലയിലെ സ്വീകരണ പരിപാടികളാണ് അട്ടിമറിക്കപ്പെട്ടത്. ആര്യനാട് എംഎൽഎയും, കാട്ടാക്കട എംഎൽഎയും സ്ഥാനാർത്ഥിയുടെ വണ്ടിയിൽ കയറിയില്ലെന്ന് മാത്രമല്ല ഓരോ സ്വീകരണ സ്ഥലത്ത് മേൽ നോട്ടം വഹിച്ച് പ്രവർത്തകർക്കൊപ്പം നിൽക്കുമായിരുന്നു. വർക്കലയിൽ മാത്രം സ്ഥാനാർത്ഥിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. സ്വീകരണ യോഗങ്ങളിലാണ് സ്ഥാനാർത്ഥിയുടെ കഴിവ് തെളിയിക്കേണ്ടത്.എന്റെ ശക്തി എന്റെ നാക്കാണ്.എനിക്ക് വോട്ട് കിട്ടുന്നതിൽ കൂടുതലും ചാനൽ ചർച്ചയിൽ ഞാൻ പ്രദർശിപ്പിച്ച വാക്ചാതുര്യം കൊണ്ടുകൂടിയാണ്. തിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും എംഎൽഎ അസുഖം ബാധിച്ച് ആശുപത്രിയിൽ അജ്ഞാതവാസത്തിലായിരുന്നു. വർക്കലയിലെ വോട്ടെണ്ണിയപ്പോഴാണ് ഞാൻ കരഞ്ഞു പോയത്. ആയിരക്കണക്കിന് വോട്ടുകൾക്ക് ഞാൻ പുറകിൽ പോയി.

മുസ്ലിം വോട്ടർമാർക്കിടയിൽ വല്ലാത്തൊരു മരവിപ്പ്. സാധാരണ അവരുടെ ഉത്സാഹവും ഉത്തേജനവുമാണ് തിരഞ്ഞെടുപ്പിന് ഊർജ്ജം പകരുന്നത്. പാവപ്പെട്ട പ്രവർത്തകർ കൊണ്ട്പിടിച്ച് പ്രവർത്തിച്ചു. പക്ഷേ, ഫലം കണ്ടില്ല പതിനേഴായിരം വോട്ടിന് തോറ്റ് പോയി. ആത്മാർത്ഥതയുള്ള പ്രവർത്തകർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടി കരഞ്ഞു. കാർത്തികേയനും ശക്തൻനാടാരും അവരുടെ മണ്ഡലത്തിൽ വോട്ടുകുറയില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു. നെടുമങ്ങാട് പര്യടനത്തിനിടയിൽ തന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റിയതോടെ പ്രവർത്തകരെ ബന്ധപ്പെടാനും കഴിയാതായി. അതിനും പുറമേ തന്റെ കാറിന്റെ ഡിക്കിയിൽ നിന്നും 50000 രൂപ ഡ്രൈവർ അടിച്ചു മാറ്റി മുങ്ങി കളഞ്ഞു. ഇതിനിടയിൽ വേറെ ഒരു സുഹൃത്ത് സ്ത്രീ വോട്ടറന്മാരുടെ വോട്ട് ഉറപ്പിക്കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ വാങ്ങി മുങ്ങി കളഞ്ഞു.അയാൾ ഒരു കോളേജ് പ്രൊഫസറായിരുന്നു.

ഇതിനൊക്കെ പുറമേ അടിച്ചുകൊടുത്ത പോസ്റ്ററുകൾ മുഴുവൻ ആറ്റിങ്ങലിലും പോത്തൻകോടുമുള്ള ചില ഗോഡൗണുകളിൽ ഒളിപ്പിച്ചുവെച്ചുവെന്ന് പിന്നീടാണ് അറിയുന്നത്.പല ബൂത്തുകളിലും ഒരു പ്രവർത്തനവും നടത്തിയില്ല.നേതാക്കൾ കൃത്യമായി പണം എണ്ണി വാങ്ങിയിരുന്നു.മിക്ക വീടുകളിലും സ്ലിപ്പും അഭ്യർത്ഥനയും എത്തിയില്ല.ഇങ്ങനെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പ്രാഥമികമായ ജോലികൾ പോലും ചെയ്യാതെ ചില നേതാക്കൾ തന്നെ വാരികിടത്തിയെന്നാണ് ബാലചന്ദ്രന്റെ ആരോപണം.
കേരളത്തിലെ മറ്റൊരു നിയോജകമണ്ഡലത്തിലും ഇല്ലാത്ത തിരഞ്ഞെടുപ്പ് ചിട്ട വട്ടങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്. രാവിലെ കുളിച്ചൊരുങ്ങി കടകൾ കയറി ഇറങ്ങണം. അങ്ങനെയാണ് അവിടെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത്. സി മോഹനചന്ദ്രൻ ഇലക്ഷൻ കമ്മിറ്റി ചെയർമാനും, പാലോട് രവി ജനറൽ കൺവീനറുമായിരുന്നു. എന്നും രാവിലെ ആവശ്യമുള്ള ചെലവിന്റെ കണക്കു തരും. അതനുസരിച്ച് പണം കൊടുക്കണം പിന്നെ എല്ലാം ചട്ടപ്പടിയെന്നൊക്കെ ബാലചന്ദ്രൻ പരിഹാസത്തോടെ പറയുന്നു.

ഉമ്മൻ ചാണ്ടിയാണ് തന്നോട് ആറ്റിങ്ങലിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത്.പല കോൺഗ്രസ് സ്ഥാനാർത്ഥികളും മത്സരിച്ച് തോറ്റ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി വന്നപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തിരുവനന്തപുരം ഡിസിസിയിൽ വൻ കലാപം നടക്കുന്ന കാലത്താണ് താനും ആറ്റിങ്ങലിൽ എത്തിയത്. താൻ കളത്തിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് തോൽക്കുമെന്ന് യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ പ്രസ്താവിച്ചത് മനപ്പൂർവമായിരുന്നുവെന്നും ഓർമകുറിപ്പുകളിൽ പരാമർശിക്കുന്നു.

ആറ്റിങ്ങലിൽ, 1989 ന് ശേഷം പല പ്രമുഖരെയും ഇറക്കി പരീക്ഷിച്ചിട്ടും കോൺഗ്രസിനെ തേടി തോൽവിയാണ് വന്നത്. ജി.ബാലചന്ദ്രന്റെ തോൽവിയുടെ ആക്കം കൂട്ടിയതാകട്ടെ, സ്വന്തം പാർട്ടിയിൽ നിന്നുതന്നെയുള്ള കുതികാൽവെട്ടുകളും. എം.എം.ഹസൻ, എം.ഐ.ഷാനവാസ്, ജി.ബാലചന്ദ്രൻ, ബിന്ദുകൃഷ്ണ എന്നിവരെല്ലാം തോൽവിയുടെ വഴിയേ സഞ്ചരിച്ചു. വർക്കല രാധാകൃഷ്ണന് പിന്നാലെ വന്ന സമ്പത്തിനെ പിടിച്ചുകെട്ടാൻ ഒടുവിൽ അടൂർ പ്രകാശ് തന്നെ വേണ്ടി വന്നു. ചിട്ടയായ പ്രചാരണത്തിലൂടെ അടൂർ പ്രകാശ് ജയം പിടിച്ചെടുക്കുകയും ചെയ്തു. ഏതായാലും ഒരിക്കൽ ഉണ്ടായ മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനി തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇല്ലെന്ന് അന്നേ തീരുമാനിച്ചു ജി.ബാലചന്ദ്രൻ.

കയർ മേഖലയായ ആലപ്പുഴയിൽ നിന്നും കയർബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ വ്യക്തിയാണ് ജി ബാലചന്ദ്രൻ. ആലപ്പുഴ എസ്.ഡി കോളേജിൽ പ്രൊഫസായിരുന്ന ജി. ബാലചന്ദ്രൻ കയർബോർഡ് മെമ്പറും വൈസ് ചെയർമാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്നു. എ.കെ. ആന്റണി കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്ത് ബാലചന്ദ്രൻ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP