Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുരേന്ദ്രൻ പ്രസിഡന്റായാൽ സഹകരിക്കില്ലെന്ന് കൃഷ്ണദാസ് പക്ഷം; ജൂനിയറുടെ കീഴിൽ പ്രവർത്തിക്കുന്നതിനേക്കാൾ നല്ലത് എല്ലാം മതിയാക്കലെന്ന് എംടി രമേശ്; സംസ്ഥാന അധ്യക്ഷനാകാൻ കുമ്മനത്തിന് സാധ്യത കൂട്ടുന്നത് ഗ്രൂപ്പുകൾ തമ്മിലെ തർക്കം; മുൻ മിസോറാം ഗവർണ്ണർക്ക് വീണ്ടും പാർട്ടി പ്രസിഡന്റ് സ്ഥാനം നൽകുമെന്ന് സൂചന; കെ സുരേന്ദ്രന് വേണ്ടി സമവായത്തിന് ശ്രമിച്ച് ദേശീയ നേതൃത്വവും; ബിജെപിയിൽ അനിശ്ചിതത്വം തുടരുന്നു

സുരേന്ദ്രൻ പ്രസിഡന്റായാൽ സഹകരിക്കില്ലെന്ന് കൃഷ്ണദാസ് പക്ഷം; ജൂനിയറുടെ കീഴിൽ പ്രവർത്തിക്കുന്നതിനേക്കാൾ നല്ലത് എല്ലാം മതിയാക്കലെന്ന് എംടി രമേശ്; സംസ്ഥാന അധ്യക്ഷനാകാൻ കുമ്മനത്തിന് സാധ്യത കൂട്ടുന്നത് ഗ്രൂപ്പുകൾ തമ്മിലെ തർക്കം; മുൻ മിസോറാം ഗവർണ്ണർക്ക് വീണ്ടും പാർട്ടി പ്രസിഡന്റ് സ്ഥാനം നൽകുമെന്ന് സൂചന; കെ സുരേന്ദ്രന് വേണ്ടി സമവായത്തിന് ശ്രമിച്ച് ദേശീയ നേതൃത്വവും; ബിജെപിയിൽ അനിശ്ചിതത്വം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയോഗിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന സമ്മർദ്ദ തന്ത്രവുമായി എംടി രമേശ്. ഇതോടെ ബിജെപിക്കുള്ളിൽ പൊട്ടിത്തെറി ഒഴിവാകാൻ കുമ്മനം രാജശേഖരനെ തന്നെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാമെന്ന നിലപാടിലേക്ക് കേരളത്തിലെ ആർഎസ്എസ് എത്തുകയാണ്. എം ടി. രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രനായി മുരളീധരപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നിലയുറപ്പിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് സുരേന്ദ്രനോടാണ് താൽപ്പര്യം. ഇത് മനസ്സിലാക്കിയാണ് കടുത്ത നിലപാടുമായി രമേശ് രംഗത്ത് വരുന്നത്. ബിജെപിയിൽ സുരേന്ദ്രനേക്കാൾ സീനിയർ താനാണെന്ന വാദമാണ് രമേശ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ തനിക്ക് ആദ്യം സംസ്ഥാന അധ്യക്ഷനാകണമെന്നാണ് ആവശ്യം. ഇത് ന്യായമാണെന്ന് പറയുന്ന നേതാക്കളുമുണ്ട്. ഈ സാഹചര്യത്തിൽ കുമ്മനം അധ്യക്ഷനാകട്ടേ എന്നതാണ് ആർഎസ്എസ് നിലപാട്.

മിസോറം ഗവർണർ പദവി രാജിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച കുമ്മനം രാജശേഖരന് ഇപ്പോൾ ഔദ്യോഗിക പദവികളൊന്നുമില്ല. കുമ്മനത്തെ വീണ്ടും പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് ബിജെപിയിലെയും ആർ.എസ്.എസിലെയും മുതിർന്ന നേതാക്കളുടെ വാദം. ബൂത്തുതല തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലം സമിതി രൂപീകരണമാണ് ഇപ്പോൾ പൂർത്തിയായിവരുന്നത്. മണ്ഡലം പ്രസിഡന്റുമാരെ 23 ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ജില്ലകളുടെയും മണ്ഡലങ്ങളുടെയും ചുമതലയുള്ള നേതാക്കളുടെ യോഗം ചേരും. ഇതിനിടെ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും സംസ്ഥാന അധ്യക്ഷൻ ആരാകണമെന്നതു സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ല. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരുകളിൽ പ്രധാനിയായിരുന്ന കുമ്മനം രാജശേഖരന്റെ പേര് നിലവിൽ സാധ്യതാ പട്ടികയിൽ ഇല്ല. മറിച്ച് കെ സുരേന്ദ്രനാണ് ചർച്ചയിൽ മുന്നിട്ട് നിൽക്കുന്നത്. ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷാണ് കെ സുരേന്ദ്രന്റെ പേര് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിനെ കേന്ദ്രീകരിച്ചാണ് നിലവിലെ ചർച്ചകൾ പുരോഗമിക്കുന്നത്.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ കേരളത്തിലെ ആർഎസ്എസ് ഘടകത്തിന് നിർണായക പങ്കുണ്ട്. ആർഎസ്എസ് നേതൃത്വത്തിന്റെ പരിഗണനയ്ക്ക് ശേഷം മാത്രമേ അധ്യക്ഷ സ്ഥാനത്താര് വരും എന്നതിനെ കുറിച്ച് വ്യക്തത വരികയുള്ളു. ഇതിനിടെയാണ് രമേശ് ഉറച്ച നിലപാടുമായി എത്തുന്നത്. എന്തുവന്നാലും തന്നെ അധ്യക്ഷനാക്കണമെന്നതാണ് ആവശ്യം. സുരേന്ദ്രന് കീഴിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. രമേശിനെ ദേശീയ നേതാവായി ഉയർത്താനും പ്രശ്‌നങ്ങളുണ്ട്. സുരേന്ദ്രനെ പ്രസിഡന്റാക്കി കുമ്മനത്തേയും ശോഭാ സുരേന്ദ്രനേയും ദേശീയ നേതൃത്വത്തിൽ എടുക്കാനാണ് അമിത് ഷായുടെ തീരുമാനം. എന്നാൽ രമേശൻ ഉടക്കിടുമ്പോൾ കുമ്മനത്തെ അധ്യക്ഷനാക്കും. ദേശീയ നേതൃത്വത്തിലേക്ക് തൽകാലം ശോഭാ സുരേന്ദ്രനെ മാത്രം കൊണ്ടു പോവുകയും ചെയ്യും. ആർ എസ് എസിനെ പിണക്കാതിരിക്കാൻ കൂടിയാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കുന്നത്.

'സർപ്രൈസ്' നീക്കങ്ങൾ നടത്താൻ മിടുക്കനായ ദേശീയ പ്രസിഡന്റ് അമിത് ഷാ അതു പോലെ വല്ല നീക്കവും നടത്തുമോ എന്നതും വ്യക്തമല്ല. കുമ്മനത്തിന് യുക്തമായ സ്ഥാനം നൽകാതെ മറ്റാരെയെങ്കിലും പ്രസിഡന്റാക്കുന്നതിനോട് ആർ എസ്എസിനു താൽപര്യമില്ലാത്തതാണ് തീരുമാനം നീളുന്നതിനു കാരണമെന്നാണു സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് പേരുയർന്നു വന്നിരുന്ന ശോഭാ സുരേന്ദ്രനെ മഹിളാ മോർച്ചയുടെ ദേശീയ നേതൃത്വത്തിൽ സ്ഥാനം നൽകിയും പി.കെ.കൃഷ്ണദാസിനെ തെലങ്കാന പ്രഭാരി സ്ഥാനത്തു തുടരാൻ അനുവദിച്ചുമുള്ള നിർദ്ദേശങ്ങളും പരിഗണനയിലുണ്ട്. എന്നാൽ അമിത് ഷായുടെ അന്തിമ തീരുമാനമെന്തെന്ന് അതു വന്നാൽ മാത്രമേ അറിയൂവെന്നതാണ് യാഥാർഥ്യമെന്ന് നേതാക്കൾ സമ്മതിക്കുന്നു. സുരേഷ് ഗോപിയുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. ബിജെപിയോട് ആശയപരമായി അടുത്തു നിൽക്കുന്ന മറ്റേതെങ്കിലും പാർട്ടിയിൽ നിന്ന് ആരെങ്കിലും വരുമോ എന്നതും ചില കേന്ദ്രങ്ങളിൽ ചർച്ചയുണ്ട്.

സംസ്ഥാന ബിജെപി പ്രസിഡന്റിനെ നിശ്ചയിക്കുമ്പോൾ ഇനി നിർണ്ണായകമാവുക അമിത് ഷായുടെ മനസ്സിലേക്ക് വീണ്ടും കടന്നു കയറിയ പ്രതീഷ് വിശ്വനാഥന്റെ നിലപാടാകുമെന്ന് സൂചനയുണ്ട്. ഒരു കാലത്ത് അമിത് ഷായുടെ അതിവിശ്വസ്തനായിരുന്നു പ്രതീഷ്. എന്നാൽ പ്രവീൺ തൊഗാഡിയയ്ക്കൊപ്പം നീങ്ങിയ പ്രതീഷ് ബിജെപിയുമായി അകലം പാലിച്ചു. തൊഗാഡിയയുമായുള്ള ബന്ധം ഉപേക്ഷി പ്രതീഷ് വീണ്ടും അമിത് ഷായുടെ ക്യാമ്പിലെത്തി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പ്രതീഷ് അമിത് ഷായെ നേരിൽ കാണുകയും ചെയ്തു. കേരള രാഷ്ട്രീയം ചർച്ച ചെയ്യുകയും ചെയ്തു. ബിജെപിയിൽ വീണ്ടും പ്രതീഷിനെ സജീവമാക്കാനാണ് അമിത് ഷായുടെ തീരുമാനം. പ്രതീഷിന്റെ നിലപാടുകളും അതുകൊണ്ട് തന്നെ ബിജെപി അധ്യക്ഷ തരെഞ്ഞെടുപ്പിനെ സ്വാധീനിക്കും.

ജനുവരി പത്തോടെ സംസ്ഥന അധ്യക്ഷനെ പ്രഖ്യാപിക്കും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി വീണ്ടും ചർച്ച നടത്തിയിരുന്നു. നോർത്ത് ബ്ലോക്കിലെ ഓഫിസിലായിരുന്നു ചർച്ച. കഴിഞ്ഞ ദിവസം രാത്രി അമിത് ഷായുടെ വീട്ടിലും അദ്ദേഹത്തെ ചർച്ചയ്ക്കു വിളിപ്പിച്ചിരുന്നു. ഈ ചർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചതും പ്രതീഷാണെന്ന് സൂചനയുണ്ട്. വെള്ളാപ്പള്ളിയേയും തുഷാറിനേയും നേരത്തെ ബിജെപിയിലേക്ക് അടുപ്പിച്ചതും പ്രതീഷായിരുന്നു. കേരളത്തിലെ ബിജെപി കാര്യങ്ങളിൽ പ്രതീഷ് നടത്തുന്ന ഇടപെടലിന് തെളിവായി തൂഷാർ-അമിത് ഷാ കൂടിക്കാഴ്ചയെ വിലയിരുത്തുന്നുണ്ട്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി. എൽ. സന്തോഷുമായും തുഷാർ പാർട്ടി ആസ്ഥാനത്തു ചർച്ച നടത്തി. കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയതും എസ് എൻ ഡി പിയെ എൻഡിഎയിലെത്തിച്ചതുമെല്ലാം പ്രതീഷ് വിശ്വനാഥനായിരുന്നു. അശോക് സിംഘാളിന്റെ അനുയായിയായാണ് പ്രതീഷ് വിശ്വനാഥ് ഹൈന്ദവ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവീൺ തൊഗാഡിയയുമായും അടുത്ത ബന്ധം പുലർത്തി. എസ്

എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ പ്രവീൺ തൊഗാഡിയയുമായി അടുപ്പിച്ചത് പ്രതീഷായിരുന്നു. മതാ അമൃതാനന്ദമയീ ആശ്രമവുമായി പ്രതീഷിനുള്ള സ്വാധീനവും എസ് എൻ ഡി പിയെ ബിജെപി പക്ഷത്ത് എത്തിക്കാൻ സഹായകമായി. ഇതോടെ ബിജെപി ദേശീയ നേതൃത്വവുമായി പ്രതീഷ് അടുത്തു. കുമ്മനത്തെ പ്രസിഡന്റാക്കുന്നതിന് പ്രധാന ചാലക ശക്തിയുമായി. ഇതോടെ ബിജെപി രാഷ്ട്രീയത്തിൽ കേരളത്തിലെ സ്വാധീന ശക്തിയായി പ്രതീഷ് മാറി.

അമിത് ഷാ ക്യാമ്പിൽ വീണ്ടും പ്രതീഷ് എത്തുമ്പോൾ പലതരം ചർച്ചകൾ സജീവമാണ്. ഭാവിയിൽ ബിജെപിയെ പ്രതീഷ് നയിക്കുമെന്ന് പോലും കരുതുന്നവരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP