Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ന് ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത് ആറുപേർ; അറസ്റ്റിലായത് 350 പ്രതിഷേധക്കാരും; കനത്ത സുരക്ഷാവലയത്തിലെങ്കിലും യുപി സംഘർഷഭൂമിയായി; ഡൽഹിയും സാക്ഷ്യം വഹിച്ചത് ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധത്തിന്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ന് ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത് ആറുപേർ; അറസ്റ്റിലായത് 350 പ്രതിഷേധക്കാരും; കനത്ത സുരക്ഷാവലയത്തിലെങ്കിലും യുപി സംഘർഷഭൂമിയായി; ഡൽഹിയും സാക്ഷ്യം വഹിച്ചത് ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധത്തിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വഭേഭഗതി നിയമത്തിനെതിരെയ പ്രതിഷേധം രാജ്യമാകെ പടരുന്നതിനിടെ ചിലയിടങ്ങളിൽ പ്രതിഷേധം ആക്രമാസക്തമായി. ഇന്ന് മാത്രം ഉത്തർപ്രദേശിൽ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടത് ആറുപേരാണ്. ഉത്തർപ്രദേശിൽ വ്യാപക പ്രതിഷേധമാണ് വെള്ളിയാഴ്ച ഉണ്ടായത്. ഏഴിടങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. 15 ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു. ആറുപേർ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിൽ അല്ലെന്ന് യുപി ഡിജിപി പറഞ്ഞു.

പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിൽ 350 പേർ അറസ്റ്റിലായി. അലിഗഡിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത സുരക്ഷാവലയത്തിലുള്ള ഉത്തർപ്രദേശ് അക്ഷരാർഥത്തിൽ സംഘർഷഭൂമിയായി മാറി. ബുലന്ദ്ശഹർ, മീററ്റ്, ഗൊരഖ്പൂർ, ഹാപൂർ, ഘാസിയാബാദ്, മുസഫർനഗർ എന്നിവിടങ്ങളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

മീററ്റിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു. മീററ്റിൽ രാവിലെ മുതൽ സംഘർഷവാസ്ഥ നിലനിന്നിരുന്നു. പ്രതിഷേധം പിന്നീട് അക്രമാസക്തമാകുകയും പലയിടങ്ങളിലും നിയന്ത്രണാതീതമാകുകയും ചെയ്തു. സംസ്ഥാനത്ത് അലിഗഢിലും മീററ്റിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മീററ്റിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ എത്തിച്ചിട്ടുണ്ട്. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യുപി ഡിജിപി വീണ്ടും മുന്നറിയിപ്പ് നല്കി.

നിരവധിയിടങ്ങളിൽ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. ബുലന്ദ്ശഹറിൽ വൈകിട്ട് മൂന്ന് മണി മുതൽ ഇന്റർനെറ്റ് റദ്ദാക്കി. ലക്‌നൗവിൽ 150 പേർ അറസ്റ്റിലായി. ലക്‌നൗവിലെ സംഘർഷങ്ങളിൽ തിരിച്ചറിയാൻ കഴിയുന്ന 17 പേർക്കെതിരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 250 പേർക്കെതിരെയും 19 എഫ്െഎആർ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും കലാപമുണ്ടാക്കിയതിനും സമാജ്‌വാദി പാർട്ടി എംപി ഷഫിഖുർ റഹ്മാനെതിരെയും കേസെടുത്തിട്ടുണ്ട്.

ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പ്രതിഷേധങ്ങളുടെ വൻ വേലിയേറ്റമാണ് ഇന്ന് കണ്ടത്. ഡൽഹി ഗേറ്റിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടതോടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ജലപീരങ്കിയും പ്രയോഗിക്കുന്നുണ്ട്. ഡൽഹി ഗേറ്റും പരിസര പ്രദേശവും സംഘർഷാവസ്ഥയിലാണ്.

ഡൽഹി ജമാ മസ്ജിദിലെ പ്രതിഷേധത്തിന് ശേഷം പ്രക്ഷോഭകർ ജന്തർ മന്തറിലേക്ക് നടത്തിയ പ്രകടനമാണ് ഡൽഹി ഗേറ്റിനടുത്ത് പൊലീസ് തടഞ്ഞത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധം തുടങ്ങിയത്. ദേശീയ പതാകയുമേന്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ ജമാ മസ്ദിൽ നിന്നും ഇന്ത്യാ ഗേറ്റിലെത്തിയതോടെ അവിടെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയയായിരുന്നു. തുടർന്ന പൊലീസിന് നേരെ കല്ലേറും വാഹനങ്ങൾ തീവെക്കുകയും ചെയ്തതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. പ്രതിഷേധക്കാരിൽ ഒരാൾ കാറിന് തീവെച്ചതോടെയാണ് സംഘർഷാവസ്ഥ സംജാതമായത്.

ജുമാ നമസ്‌കാരത്തിന് ശേഷം മസ്ജിദിന്റെ ഒന്നാം നമ്പർ ഗേറ്റ് ജനസാഗരമാകുകയായിരുന്നു. ആരാധനക്കായി പള്ളിയിലെത്തിയവർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങി. ദേശീയ പതാക വീശിയും ഭരണഘടന ഉയർത്തിക്കാട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ ഒരു വിഭാഗം റോഡിലൂടെ മുദ്രാവാക്യം മുഴക്കി നീങ്ങി. രണ്ടാം നമ്പർ ഗേറ്റിലൂടെയും പ്രതിഷേധക്കാർ എത്തുകയെന്ന വിലയിരുത്തലിൽ പൊലീസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.എന്നാൽ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഒന്നാം നമ്പർ ഗേറ്റിലൂടെ പ്രതിഷേധക്കാർ പുറത്തേക്ക് വരികയായിരിന്നു.

അതിനിടെ ഡൽഹിയിലെ സീലംപുരിലും വീണ്ടും അക്രമങ്ങൾ നടന്നു. നൂറുകണക്കിന് ആളുകൾ ചേർന്ന് നടത്തിയ പ്രതിഷേധ റാലി അക്രമാസക്തമായി. കല്ലേറിൽ എസിപിക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ജന്തർ മന്ദിറിലും പ്രതിഷേധം. സേലംപൂർ, മുസ്തഫാബാദ്, ബജൻപുര തുടങ്ങിയ സ്ഥലങ്ങിൽ നിന്നുള്ള ആളുകൾ റാലിയായി ജന്തർ മന്ദിറിലേക്ക് എത്തുകയാണ്. ജമാ മസ്ജിദ് രണ്ടാം ഗേറ്റിന് സമീപമുള്ള റോഡിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റിയാണ് പ്രതിഷേധക്കാർ ജന്തർ മന്ദിറിലേക്ക് മാർച്ച് നടത്തുന്നത്.

ബിം ആർമി പ്രവർത്തകരും പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ ഡൽഹിയിൽ ബിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇദ്ദേഹം പിന്നീട് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടുവെന്ന വിവരങ്ങളാണ് പുറത്ത് വന്നത്. താൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും സുരക്ഷിതനാണെന്നും വ്യക്തമാക്കി പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശിലും ഇന്ന് വ്യാപക ആക്രമണമാണ് നടന്നത്. ഖൊരക്പൂരിലും ബുലന്ത്ശഹറിലും വലിയ ആക്രമണങ്ങളുണ്ടായി. ഉത്തർപ്രദേശിൽ ഇന്ന് വലിയ രീതിയിലുള്ള ആക്രമണങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷാസന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും പലയിടത്തും പ്രതിഷേധം ആക്രമാസക്തമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP