Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജർമ്മനിയിലെ വിദഗ്ധ ആശുപത്രിയിൽ നിന്ന് ശുഭവാർത്ത; വിചാരിച്ചത് പോലെ പേടിക്കാൻ ഒന്നുമില്ല; തൊണ്ടയ്ക്ക് വന്ന രോഗബാധയെ തുടർന്നുള്ള നിശ്ശബ്ദതയുടെ ഇടവേളയെ മുറിച്ച് വീണ്ടും ആ ശബ്ദഗാംഭീര്യം മുഴങ്ങി; പൗരത്വ നിയമഭേദഗതിക്കെതിരെ കത്തിക്കയറി തകർപ്പൻ വാർത്താസമ്മേളനം; പഴയ ഉന്മേഷം വീണ്ടെടുത്ത് ഉമ്മൻ ചാണ്ടി രംഗത്തെത്തിയതോടെ ഉശിര് തിരിച്ചുപിടിച്ച് എ ഗ്രൂപ്പും

ജർമ്മനിയിലെ വിദഗ്ധ ആശുപത്രിയിൽ നിന്ന് ശുഭവാർത്ത; വിചാരിച്ചത് പോലെ പേടിക്കാൻ ഒന്നുമില്ല; തൊണ്ടയ്ക്ക് വന്ന രോഗബാധയെ തുടർന്നുള്ള നിശ്ശബ്ദതയുടെ ഇടവേളയെ മുറിച്ച് വീണ്ടും ആ ശബ്ദഗാംഭീര്യം മുഴങ്ങി; പൗരത്വ നിയമഭേദഗതിക്കെതിരെ കത്തിക്കയറി തകർപ്പൻ വാർത്താസമ്മേളനം; പഴയ ഉന്മേഷം വീണ്ടെടുത്ത് ഉമ്മൻ ചാണ്ടി രംഗത്തെത്തിയതോടെ ഉശിര് തിരിച്ചുപിടിച്ച് എ ഗ്രൂപ്പും

എം മനോജ് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ ഇന്ദിരാഭവനിലെ വാർത്താസമ്മേളനം പതിവിൽ നിന്നും വ്യത്യസ്തമായി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. തൊണ്ടയ്ക്ക് ഏറ്റ രോഗബാധയെ തുടർന്ന് കുറച്ചുകാലം നിശബ്ദനായിരുന്നു അദ്ദേഹം. അസുഖവുമായി ബന്ധപ്പെട്ടു അമേരിക്കയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. അസുഖ ഭീതി നിലനിൽക്കെയാണ് ഇപ്പോൾ ജർമ്മൻ ഡോക്ടർമാർ ഉമ്മൻ ചാണ്ടിക്ക് കാൻസർ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. കാൻസർ ബാധയില്ലെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസവും പൗരത്വഭേദഗതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും പ്രതിഫലിക്കുന്ന മുഖഭാവവുമാണ് അദ്ദേഹം ഇന്ദിരാഭവനിലേക്ക് എത്തിയത്. അസുഖം കാരണം എത്തിയ ഇടവേളയെ നിഷ്പ്രഭമാക്കി ഇന്ദിരാഭവനിൽ പതിവിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം കത്തിക്കാളി. ആ ശബ്ദഗാംഭീര്യം വീണ്ടും മുഴങ്ങിയതിന്റെ സന്തോഷവും വാർത്താസമ്മേളനവേളയിൽ ദൃശ്യമായി. ഇന്ത്യ കത്തുന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്ക് കുതിക്കാനുള്ള വെമ്പൽ ആ വാർത്താസമ്മേളനത്തിലുടനീളം പ്രതിഫലിക്കുകയും ചെയ്തു.

പൗരത്വനിയമ ഭേദഗതിക്കെതിരേ കത്തിക്കയറിയ വാർത്താസമ്മേളനമായിരുന്നു ഉമ്മൻ ചാണ്ടി നടത്തിയത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ താൻ വീണ്ടും സജീവമാകുകയാണ് എന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. വീണ്ടും ഒരു തവണ കൂടി മുഖ്യമന്ത്രി പദവി ഉമ്മൻ ചാണ്ടിയെ തേടി വരുമോ എന്ന സന്ദേഹവും ഈ വാർത്താസമ്മേളനം പങ്കുവെച്ചു. എന്ത് സംഭവിക്കും എന്ന് ഊഹിച്ചു പറയാൻ കഴിയുന്നതല്ല കോൺഗ്രസ് രാഷ്ട്രീയം. അടുത്തത് യുഡിഎഫ് ഭരണം എങ്കിൽ നിലവിലെ രീതി അനുസരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയായി മാറാൻ പോവുന്നത്. പക്ഷെ പ്രവചനാതീതമായ രാഷ്ട്രീയമാണ് കോൺഗ്രസിന്റെത് എന്നതിനാൽ ഒന്നും ഉറപ്പിക്കാൻ കഴിയില്ല. പുതിയ പാർലമെന്ററി പാർട്ടിയിൽ ആർക്കാണ് ഭൂരിപക്ഷം എന്നത് നോക്കിയാണ് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുക. പാർലമെന്ററി പാർട്ടിയുടെ തീർപ്പിന് എതിരായി നിലവിലെ സാഹചര്യങ്ങളിൽ ഹൈക്കമാൻഡ് പോലും സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാൻ സാധ്യതകുറവാണ്. അമേഠിയിൽ തകർന്നു നിലം പരിശായ രാഹുൽ ഗാന്ധിക്ക് പുതുജീവൻ പകർന്നു ഉയർത്തെഴുന്നേൽപ്പ് നൽകിയത് കേരളത്തിലെ വയനാട് മണ്ഡലമാണ്. അതുകൊണ്ട് തന്നെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ സോണിയ കൂടി കേരളത്തിൽ അടിച്ചേൽപ്പിക്കില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകും എന്ന രീതി കോൺഗ്രസിൽ ഉറപ്പിക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടി ഒരു തവണകൂടി മുഖ്യമന്ത്രി പദവി ആഗ്രഹിക്കുകയാണെങ്കിൽ ജയിച്ചു വരുന്ന സാഹചര്യത്തിൽ കോൺഗ്രസ് എംഎൽഎമാർക്ക് ഈ ആഗ്രഹത്തിനു എതിര് നിൽക്കുക പ്രയാസമാകും. ഉൾപ്പോരുകളിൽ തകർന്നടിഞ്ഞ് നാമാവശേഷമായ ഐ ഗ്രൂപ്പിന് ഒരിക്കലും ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നീക്കി നിർത്താനുമുള്ള കെൽപ്പുമില്ല.

ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചാൽ കെപിസിസിയുടെ പ്രിയങ്കരനായ മുൻ പ്രസിഡന്റ് എന്ന നിലയിലും കെ.കരുണാകരന്റെ അനന്തരാവകാശി എന്ന നിലയിൽ ഐ ഗ്രൂപ്പിൽ നിന്നും കെ.മുരളീധരന്റെ പേരും ഉയർന്നുവരാം. നിലവിലെ എംപി എന്ന ന്യായമൊന്നും വിലപ്പോയെന്നും വരില്ല. ചിന്നിച്ചിതറി ഐ ഗ്രൂപ്പ് നിലകൊള്ളുമ്പോൾ എ ഗ്രൂപ്പ് പക്ഷെ ഇപ്പോഴും ഒറ്റക്കെട്ടാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ ഉമ്മൻ ചാണ്ടിയുടെ പേര് നിർദ്ദേശിച്ചാൽ അതിനെ മറികടന്നു പോവാൻ ഐയ്ക്കും ചെന്നിത്തലയ്ക്കും പ്രയാസവുമാകും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തന്നെ എന്ന് എവിടെയും എഴുതിവെച്ചിട്ടില്ലല്ലോ എന്ന ന്യായവും അപ്പോൾ എ ഉയർത്തുകയും ചെയ്യും. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സ്വീകാര്യനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. സോളാർ ലൈംഗികാപവാദത്തിന്റെ കാർമേഘങ്ങളും കെ.എം.മാണിയുടെ ബാർക്കൊഴാ വിവാദവും വരും വരെ സുരക്ഷിതമായ ലാവണത്തിൽ അമർന്നിരിക്കുന്ന മുഖ്യമന്ത്രി എന്ന തോന്നലാണ് ഉമ്മൻ ചാണ്ടി നൽകിയത്. സോളാറും ബാർക്കോഴയും ഇടത് പക്ഷത്തിന്റെ രാഷ്ട്രീയായുധമായി മാറിയതോടെയാണ് ഭരണത്തിൽ നിന്നും യുഡിഎഫ് തെറിച്ചത്. അങ്ങിനെയാണ് പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത്. പക്ഷെ നിലവിൽ രാഷ്ട്രീയ ചിത്രം വ്യത്യസ്തമാണ്. ശബരിമല ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവാനുള്ള സാധ്യതകൾ അധികമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് മാത്രമേ സിപിഎമ്മിന്, പ്രത്യേകിച്ച് ഇടതുമുന്നണിക്ക് ലഭിച്ചിരുന്നുള്ളൂ എന്ന് മറക്കാനും കഴിയില്ല. ശബരിമല ഇപ്പോൾ സിപിഎം ഏറ്റുപിടിക്കുന്നില്ലെങ്കിലും ഭൂരിപക്ഷ സമുദായം എങ്ങിനെ ചിന്തിക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്.

യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് എന്ന ചിന്ത കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ശക്തമാണ്. പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്ത് ചെന്നിത്തല മുന്നോട്ടു പോകുമ്പോൾ അസുഖബാധയും ഇനി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലേക്കില്ല എന്ന തീരുമാനവും കൊണ്ട് ഉമ്മൻ ചാണ്ടി നിശബ്ദനായിരുന്നു. പക്ഷെ വീണ്ടും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും തെലുങ്കാന രാഷ്ട്രീയത്തിന്റെ ചുമതലയും ഒക്കെ ലഭിച്ചപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും സജീവമായി മാറുകയായിരുന്നു. ഇ ഘട്ടത്തിൽ തന്നെയാണ് തൊണ്ടയിലെ രോഗബാധ അദ്ദേഹത്തെയും പിടികൂടിയത്. കാൻസർ ആണെന്ന സംശയത്തിൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പുനഃപ്രവേശനം സംശയത്തിൽ നിൽക്കുകയായിരുന്നു. അദ്ദേഹം ചികിത്സയ്ക്കായി അമേരിക്ക അടക്കമുള്ള സ്ഥലങ്ങളിലേക്ക് തിരിക്കുകയും ചെയ്തു. പക്ഷെ ഇപ്പോൾ കാൻസർ ബാധയില്ലെന്നു സ്ഥിരീകരിച്ചതിന്റെ വെളിച്ചത്തിൽ പതിവിലും ഉജ്ജ്വലമായാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്. പൗരത്വഭേദഗതിയും പൗരത്വ രജിസ്റ്റർ പ്രശ്‌നങ്ങളും വാർത്താസമ്മേളനത്തെ ഗൗരവതലത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഒരു മണിക്കൂറോളം സമയമാണ് വാർത്താസമ്മേളനത്തിനും പ്രത്യേകം പ്രസ്താവനകൾക്കും അദ്ദേഹം നൽകിയത്. ഈ വാർത്താസമ്മേളനം തന്നെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ വേദി കൂടിയായി മാറിയത്.

ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. സമരം ചെയ്യുവർ സമരം ചെയ്യട്ടെ ഞങ്ങൾ ആ നിയമം നടപ്പാക്കുമെ്ന്ന അമിത് ഷായുടെ നിലപാട് ഏകാധിപതികൾക്കു മാത്രം യോജിച്ചതാണ്. ഈ നിയമം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകാധിപത്യത്തിന്റെ തുടർച്ചയാണ് മാംഗ്ലുരിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പൊലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തിലൂടെ രാജ്യം കാണുത്. വെടിവച്ചു കൊന്നവരുടെ പോസ്റ്റ്മോർട്ടവും തുടർനടപടികളും റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് കേരളത്തിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടുന്ന മാധ്യമസംഘം. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, 24 ന്യൂസ്, മീഡിയ വൺ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് മലയാളി മാധ്യമസംഘം. അവർ ഒരു നിയമവും ലംഘിച്ചതായി അധികൃതർ പറയുന്നില്ല. രാവിലെ മുതൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള അവർക്ക് തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളുമായോ പുറംലോകവുമായോ ബന്ധപ്പെടാൻ കഴിയുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലൊരു ഇരുണ്ട കാലഘട്ടം ഉണ്ടായിട്ടില്ല.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടർച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടർന്ന് ് വരാൻ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാൻ കഴിയൂ. ഇത് ഒരു വലിയ ജനവിഭാഗത്തിൽ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്ഫോടനാത്മകമായ സംഘർഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു. പ്രതിഷേധിക്കുന്നവരെ കേൾക്കാനും അവർ പറയുന്നതിൽ കാമ്പുണ്ടെങ്കിൽ ഉൾക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ നോക്കിയാൽ അതിനു കനത്ത തിരിച്ചടി ഉണ്ടാകും. പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയ ആശങ്ക ദൂരികരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ആ കടമ നിർവഹിക്കാൻ മുന്നോട്ടു വരണം. ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദർശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടത്.

വിദ്യാർത്ഥി യുവജന സമൂഹമാണ് ഇപ്പോൾ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവർക്ക് തൊഴിലില്ല. രാജ്യത്തെ സർവകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമർത്താനാണു സർക്കാർ നോക്കുന്നത്. കാമ്പസുകളിലും പെൺകുട്ടികളുടെ ഹോസ്റ്റലിൽ വരെയും പൊലീസ് തേർവാഴ്ച ഉണ്ടായി. കലാ സാംസ്‌കാരിക പ്രവർത്തകരെയും ജയിലിലടക്കുന്നു. ബിജെപി സർക്കാർ എല്ലാ രംഗത്തും പരാജയമാണ്. അവർ പാർട്ടിയുടെ അജൻഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറു പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കൊന്നും പരിഹാരമില്ല. പാർലമെന്റിൽ ചർച്ചയില്ലാതെ നിയമങ്ങൾ പാസാക്കുന്നു. രാജ്യത്തിന്റെ വളർച്ചാനിരക്ക് ഏറ്റവും താഴ് ന്ന നിലയിൽ. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്. ഇന്ത്യാവിഭജനകാലത്ത് മുസ്ലിംജനവിഭാഗത്തെ സംരക്ഷിക്കാൻ രാഷ്ട്രനേതാക്കൾ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവൻ പോലും ആ ദൗത്യത്തിനിടയിൽ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവർക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീർത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായാണ് നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളിൽ നിന്ന് ഉണ്ടാകരൂത്-വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP