Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥിതി ഗുരുതരമാക്കിയത് ലിവറിലെ കാൻസർ ബാധ; പ്രതീക്ഷയർപ്പിച്ചത് യുഎസ് ഡോക്ടർമാർ പറഞ്ഞ അഞ്ച് ഇഞ്ചക്ഷനുകളിലെങ്കിലും എടുത്തത് രണ്ടു ഇഞ്ചക്ഷൻ മാത്രം; അമേരിക്കയിൽ നിന്നും മടങ്ങിയത് രണ്ടു ദിവസം മുൻപും; സ്വന്തം അവസ്ഥ മനസിലാക്കിയപ്പോൾ ബന്ധുക്കളെയെല്ലാം കൊച്ചിയിലെ വീട്ടിൽ വിളിച്ചു വരുത്തി; മരണം എത്തുന്നത് മുൻപേ തന്നെ തോമസ് ചാണ്ടി മനസിലാക്കിയിരുന്നുവെന്ന് മാണി.സി.കാപ്പൻ; വിടപറയും മുമ്പ് സന്ദർശിക്കാൻ കഴിയാത്ത ദുഃഖവുമായി എ.കെ.ശശീന്ദ്രനും

സ്ഥിതി ഗുരുതരമാക്കിയത് ലിവറിലെ കാൻസർ ബാധ; പ്രതീക്ഷയർപ്പിച്ചത് യുഎസ് ഡോക്ടർമാർ പറഞ്ഞ അഞ്ച് ഇഞ്ചക്ഷനുകളിലെങ്കിലും എടുത്തത് രണ്ടു ഇഞ്ചക്ഷൻ മാത്രം; അമേരിക്കയിൽ നിന്നും മടങ്ങിയത്  രണ്ടു ദിവസം മുൻപും; സ്വന്തം അവസ്ഥ മനസിലാക്കിയപ്പോൾ ബന്ധുക്കളെയെല്ലാം കൊച്ചിയിലെ വീട്ടിൽ വിളിച്ചു വരുത്തി; മരണം എത്തുന്നത് മുൻപേ തന്നെ തോമസ് ചാണ്ടി മനസിലാക്കിയിരുന്നുവെന്ന് മാണി.സി.കാപ്പൻ; വിടപറയും മുമ്പ് സന്ദർശിക്കാൻ കഴിയാത്ത ദുഃഖവുമായി എ.കെ.ശശീന്ദ്രനും

എം മനോജ് കുമാർ

 തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡനറും എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തിൽ അമ്പരന്നു എൻസിപി നേതൃത്വം. വല്ലാത്ത ഒരു നേതൃശൂന്യതയാണ് തോമസ് ചാണ്ടിയുടെ വിയോഗം പാർട്ടിക്ക് സൃഷ്ടിച്ചിരിക്കുന്നത്. താത്ക്കാലത്തേക്ക് ഈ വിയോഗം എൻസിപിയെ വേട്ടയാടുക തന്നെ ചെയ്യും എന്നാണ് എൻസിപി നേതാക്കളുടെ പ്രതികരണങ്ങൾ വിരൽ ചൂണ്ടുന്നത്. ഏറെക്കാലം എൻസിപി എന്നാൽ തോമസ് ചാണ്ടി തന്നെയായിരുന്നു. എ.സി.ഷൺമുഖദാസിനെയും ഉഴവൂർ വിജയനെയും പോലുള്ള നേതാക്കൾ വിടവാങ്ങിയപ്പോൾ നേതൃനിരയിലെ ശൂന്യത താത്ക്കാലത്തെക്കെങ്കിലും നികത്തിയത് തോമസ് ചാണ്ടിയെ പോലുള്ള നേതാക്കളായിരുന്നു. പൊടുന്നനെയുള്ള തോമസ് ചാണ്ടിയുടെ വിയോഗ വാർത്ത പലർക്കും ഉൾക്കൊള്ളാനായില്ല. എൻസിപിയുടെ പകരം വയ്ക്കാനില്ലാത്ത നേതാവായി തുടരുന്നതിന്നിടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നതും. ഏറെ നാളായി കാൻസർ ബാധിതനായിരുന്നു തോമസ് ചാണ്ടി. കാൻസറിനു അമേരിക്കൻ ചികിത്സയിൽ തുടരുകയുമായിരുന്നു. ഇതിന്നിടയിൽ തന്നെയാണ് മരണവും കടന്നുവരുന്നത്.

ലൈംഗിക വിവാദത്തിൽ കുടുങ്ങി ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രൻ ആദ്യം രാജിവെച്ചതിനെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ തോമസ് ചാണ്ടിയായിരുന്നു മന്ത്രി. ഗതാഗതമന്ത്രിയായി തുടരുന്ന വേളയിൽ തന്നെ കാൻസർ രോഗം അദ്ദേഹത്തെ കീഴടക്കിയിരുന്നു. മന്ത്രിയായ ഘട്ടത്തിലും ചികിത്സ തേടി തോമസ് ചാണ്ടി അമേരിക്കയ്ക്ക് പറന്നിരുന്നു. മന്ത്രി പദവി അത്ര എളുപ്പമായ കാര്യമല്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ നാൾ വാർത്തയിൽ തുടരുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് വിവാദവുമായി ബന്ധപ്പെട്ട് സ്ഥാനം ഒഴിഞ്ഞത് മുതൽ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് ആയി തോമസ് ചാണ്ടി സജീവമായിരുന്നു. അമേരിക്കയിലെ ചികിത്സയിൽ സുഖം പ്രാപിക്കുമെന്നുള്ള പ്രതീക്ഷ തോമസ് ചാണ്ടിക്കും എൻസിപി നേതൃത്വത്തിനുമുണ്ടായിരുന്നു. പക്ഷെ സ്ഥിതി ഗുരുതരമാണെന്ന് വിവരങ്ങൾ തോമസ് ചാണ്ടിയുമായി അടുത്ത് ബന്ധമുള്ള നേതാക്കൾ പോലും അറിഞ്ഞില്ല.

കൊച്ചിയിലെ വീട്ടിൽ കഴിഞ്ഞ രണ്ടു ദിവസമായി തോമസ് ചാണ്ടി വിശ്രമത്തിലായിരുന്നു. മരണം അദ്ദേഹം അറിഞ്ഞിരുന്നുവെന്നാണ് തോമസ് ചാണ്ടിയുമായി ഉറ്റ ബന്ധമുണ്ടായിരുന്ന പാല എംഎൽഎ മാണി.സി.കാപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. അദ്ദേഹം ആർക്കും സന്ദർശന അനുമതി നൽകിയില്ല. എന്നാൽ ബന്ധുക്കളെയും അടുപ്പക്കാരെയും കൊച്ചിയിലെ വീട്ടിൽ വിളിച്ചു വരുത്തുകയും ചെയ്തു. ഇന്നലെ മാണി.സി.കാപ്പൻ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരെയും കാണാൻ കഴിയുന്ന അവസ്ഥയല്ല എന്ന പ്രതികരണമാണ് ലഭിച്ചത്. മരണം തൊട്ടടുത്ത് എന്ന ഫീലിങ് ഈ വാക്കുകളിൽ ലഭിക്കുകയും ചെയ്തു. വളരെ ഉന്നതരായ, എന്നാൽ തോമസ് ചാണ്ടിയുമായി അടുപ്പമുണ്ടായിരുന്ന വളരെ കുറച്ച് നേതാക്കൾ മാത്രമാണ് ഏത് നിമിഷവും തോമസ് ചാണ്ടിയുടെ മരണം പ്രതീക്ഷിച്ചത്. അതിനു ആധാരമായ വിവരങ്ങൾ തോമസ് ചാണ്ടിയുമായി വന്ന അടുപ്പത്തിന്റെ പേരിൽ ഇവർക്ക് ലഭിച്ചിരുന്നു. പക്ഷെ അറിഞ്ഞവർ ആരും വിവരം പങ്കു വയ്ക്കുകയും ചെയ്തില്ല.

ശരീരത്ത് രണ്ടിടങ്ങളിലായാണ് തോമസ് ചാണ്ടിക്ക് കാൻസർ ബാധ വന്നത്. ഇതിൽ ലിവറിലെ കാൻസർ ബാധ സ്ഥിതി ഗുരുതരമാക്കിയിരുന്നു. ഇത് റിമൂവ് ചെയ്യാൻ കഴിയുന്നതല്ല എന്നാണ് ഡോക്ടർമാർ അദ്ദേഹത്തെ അറിയിച്ചത്. ഇതിനാണ് അദ്ദേഹം അമേരിക്കൻ ചികിത്സ തേടിയിരുന്നത്. അഞ്ച് ഇഞ്ചക്ഷൻ കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് അമേരിക്കൻ ഡോക്ടർമാർ അദ്ദേഹത്തിനു മുന്നിലേക്ക് വെച്ചത്. അതിൽ ഒന്നാമത്തെ ഇഞ്ചക്ഷൻ കഴിഞ്ഞിരുന്നു. അത് കഴിഞ്ഞു ഒരു മാസം കടന്നു പോയിരുന്നു. രണ്ടാമത്തെ ഇഞ്ചക്ഷൻ എടുത്ത് നാല് ദിവസം മാത്രമാണ് കഴിഞ്ഞത്. ഇതിനു ശേഷമുള്ള വിശ്രമത്തിൽ തുടരുകയായിരുന്നു. ഈ വിശ്രമത്തിൽ തുടരവേയാണ് മാണി.സി.കാപ്പൻ ഇന്നലെയാണ് അദ്ദേഹത്തെ കാണാൻ അനുമതി തേടിയത്. എന്നാൽ പ്രതികരണം നിരാശാഭരിതമായിരുന്നു. തത്ക്കാലം കാണാൻ കഴിയില്ല എന്ന പ്രതികരണമാണ് മാണി സി കാപ്പനും ലഭിച്ചത്.

അദ്ദേഹം മരണം അറിഞ്ഞിരുന്നുവെന്നാണ് തോന്നിയത്. അദ്ദേഹത്തിന്റെ ബന്ധുക്കൾ എല്ലാം കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നു. ഇന്നലെയും മിനിയാന്നുമായി അദ്ദേഹം മരണത്തോടു അടുക്കുകയാണ് എന്ന വിവരം ഞങ്ങൾക്കും ലഭിച്ചിരുന്നു-മാണി.സി.കാപ്പൻ പറയുന്നു. ഒരു തീരാ നഷ്ടമാണ് ഈ മരണം ഞങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്. ഒരു നല്ല മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഇത് കുട്ടനാട്ടുകാർക്ക് അറിയാം. പക്ഷെ എൻസിപി മുന്നോട്ടു തന്നെ പോകും. നെഹ്റു മരിച്ചപ്പോൾ പിന്നെ ആര് എന്ന ചോദ്യം വന്നില്ല. കോൺഗ്രസ് മുന്നോട്ടു പോവുക തന്നെ ചെയ്തു. എൻസിപിയെ അനാഥമാക്കിയിട്ടാണ് തോമസ് ചാണ്ടി കടന്നു പോയതെങ്കിലും എൻസിപി മുന്നോട്ടു പോവുക തന്നെ ചെയ്യും. പക്ഷെ തോമസ് ചാണ്ടിയുടെ മരണം തത്ക്കാലത്തേക്ക് എൻസിപിയുടെ മുന്നിൽ ഒരു സ്തംഭനാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ പാർട്ടി മുന്നോട്ടു തന്നെ പോകും. പക്ഷെ തോമസ് ചാണ്ടിയുടെ മരണത്തിൽ ഞങ്ങൾ ദുഃഖിതരാണ്. അതീവ ദുഃഖിതരാണ്-മാണി.സി.കാപ്പൻ പറയുന്നു.

മാണി.സി.കാപ്പന്റെ ഇതേ ദുഃഖം തന്നെയാണ് ഗതാഗത മന്ത്രി എൻ.കെ.ശശീന്ദ്രനും മറുനാടനോട് പങ്കു വെച്ചത്. പക്ഷെ സ്ഥിതി ഇത്ര ഗുരുതരമാണെന്ന് ഞാൻ അറിഞ്ഞില്ല. മരിക്കും എന്ന തോന്നൽ ഒന്നും എനിക്കുണ്ടായിരുന്നില്ല. കാൻസർ ബാധയോ അത് കാരണമുള്ള ശാരീരിക അസ്വസ്ഥതകളോ അദ്ദേഹം ആരെയും പുറത്ത് അറിയിച്ചില്ല. ഞാൻ ബന്ധപ്പെട്ടപ്പോഴൊക്കെ അദ്ദേഹം അമേരിക്കയിലും ചികിത്സയിലും ആയി കഴിയുകയായിരുന്നു. അമേരിക്കയിൽ നിന്ന് ഈയിടെ തിരികെ വന്നപ്പോൾ സജീവമായി മാറാൻ കഴിയും എന്ന പ്രതീക്ഷയാണ് അദ്ദേഹവും അടുപ്പമുള്ളവരും പങ്കു വെച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തോമസ് ചാണ്ടി പങ്കെടുക്കയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹത്തിനു ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടെന്നു ഞങ്ങൾക്ക് ആർക്കും തോന്നിയില്ല. കഴിഞ്ഞയാഴ്ചയാണ് വീണ്ടും അമേരിക്കയിലേക്ക് അദ്ദേഹം പോയത്. തിരികെ വന്നപ്പോഴും ആപത്സൂചനകൾ ഒന്നും ലഭിച്ചില്ല. തികച്ചും അപ്രതീക്ഷിതമായ ഒരു വിടവാങ്ങൽ ആണ് വന്നത്. തിരികെ വന്നപ്പോൾ അദ്ദേഹത്തെ കാണാൻ പോകാൻ ഉദ്ദേശിച്ചിരുന്നു. പക്ഷെ നടന്നില്ല. ഇപ്പോൾ ആ ദുഃഖം എന്റെ മുന്നിലുണ്ട്. പാർട്ടിയുടെ കരുത്തനായ നേതാവായിരുന്നു. നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന നേതാവുമായിരുന്നു. അങ്ങിനെയുള്ള ഒരാളാണ് വിടവാങ്ങിയത്. കഴിവിന്റെ പരമാവധി പ്രയത്‌നിച്ച ഉന്നതനായ നേതാവാണ് രംഗപടത്തിനു പിന്നിൽ മറഞ്ഞത്. ഇത് വലിയ ഒരു നഷ്ടമാണ്. ഇതുപോലുള്ള നേതാവിനെ എങ്ങിനെ കണ്ടെത്തും എന്ന് ഞങ്ങൾക്ക് അറിയില്ല-ശശീന്ദ്രൻ പറയുന്നു.

കുട്ടനാട് എംഎ‍ൽഎയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി(72) ഇന്നു ഉച്ചയോടെയാണ് കൊച്ചിയിൽ വിടവാങ്ങിയത്. . അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. എൻ.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ മുൻപ് ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. കോൺഗ്രസിൽ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എൻസിപിയിലേക്ക് ചുവടുമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP