Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗം; തെരഞ്ഞെടുപ്പു സമയത്ത് നൽകിയ കണക്കുപ്രകാരം ആസ്തി 92 കോടി; എംഎൽഎയായെങ്കിലും കൂടുതൽ സമയവും ചെലവിട്ടത് തന്നെ വളർത്തിയ കുവൈറ്റിൽ; വിദേശത്തും സ്വദേശത്തുമായി നടത്തിയത് സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾ; അയ്യായിരത്തോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തും ശ്രദ്ധേയനായി; കുട്ടനാട്ടുകാർക്കൊപ്പം എന്തിനുമേതിനും ഒപ്പംനിന്ന നല്ലിടയൻ; തോമസ് ചാണ്ടി ഓർമ്മയാവുമ്പോൾ

കേരള നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗം; തെരഞ്ഞെടുപ്പു സമയത്ത് നൽകിയ കണക്കുപ്രകാരം ആസ്തി 92 കോടി; എംഎൽഎയായെങ്കിലും കൂടുതൽ സമയവും ചെലവിട്ടത് തന്നെ വളർത്തിയ കുവൈറ്റിൽ; വിദേശത്തും സ്വദേശത്തുമായി നടത്തിയത് സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾ; അയ്യായിരത്തോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തും ശ്രദ്ധേയനായി; കുട്ടനാട്ടുകാർക്കൊപ്പം എന്തിനുമേതിനും ഒപ്പംനിന്ന നല്ലിടയൻ; തോമസ് ചാണ്ടി ഓർമ്മയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എന്നും വിവാദങ്ങളുടെ സഹയാത്രികൻ ആയിരുന്നെങ്കിലും, കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്പിൽ തോമസ് ചാണ്ടി നാട്ടുകാർക്ക് എന്തിനുമേതിനും ഒപ്പംനിന്ന നല്ലിടയൻ ആയിരുന്നു. കുട്ടനാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനാണ് സ്വന്തം നാട്ടുകാരനായ എംഎൽഎ . അതുകൊണ്ടുതന്നെ അവരുടെ ഏത് ആവശ്യത്തിനും തോമസ് ചാണ്ടി ഓടിയെത്തും. കുവൈത്തിലെ ബിസിനസുകളും നാട്ടിലെ ജനസേവനവും വളരെ കഠിനാധ്വാനത്തിലൂടെ ഒന്നിച്ചുകൊണ്ടുപോകാൻ തോമസ് ചാണ്ടിക്കു കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയത്തിൽ നിർണായകമായത്.

വ്യവസായി എന്ന നിലയിൽ ഒരു വശത്തു വലിയ ലോകം കെട്ടിപ്പടുക്കുമ്പോഴും അശരണർക്ക് അഭയം നൽകിയെന്ന നിലയിൽ ചാണ്ടിയെ ഇഷ്ടപ്പെടുന്ന നിരവധി പേരുമുണ്ട്. കേരളത്തിലും കുവൈത്തിലും സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് തോമസ് ചാണ്ടി നടത്തിയത്. കുവൈത്തിലെ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പിനിരയായ മലയാളി പെൺകുട്ടികൾക്ക് നാട്ടിലേക്കു തിരിച്ചുപോരാനും കെണിയിൽ പെടാതിരിക്കാനും സഹായഹസ്തം നീട്ടിയവരിൽ ഒരാളെന്ന നിലയിൽ ചാണ്ടി അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. അയ്യായിരത്തോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തും അവിടങ്ങളിൽ അത്യാധുനിക ശുചിത്വ ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിയും തോമസ് ചാണ്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ചർച്ചയായി.

കേരള നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗമായിരുന്നു അദ്ദേഹം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് നൽകിയ സ്വത്തു വെളിപ്പെടുത്തൽ പ്രകാരം 92 കോടിയാണ് തോമസ് ചാണ്ടിയുടെ ആസ്തി. ഇക്കുറി ഇടതുപക്ഷ തരംഗം ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും കുട്ടനാട്ടിൽ തോമസ് ചാണ്ടി മൂന്നാമങ്കത്തിൽ ജയിക്കുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ വിമർശകരെ അമ്പരപ്പിച്ച് മിന്നുന്ന വിജയം ആവർത്തിക്കുകയായിരുന്നു ചാണ്ടി.എംഎൽഎയായെങ്കിലും തോമസ് ചാണ്ടി തന്റെ താനാക്കിയ കുവൈറ്റിനെ മറന്നില്ല. കൂടുതൽ സമയവും അദ്ദേഹം ചെലവഴിച്ചത് കുവൈറ്റിലാണ്. നിയമസഭാ സമ്മേളനത്തിന് മാത്രം കേരളത്തിൽ പറന്നെത്തി. തന്റെ സഹോദരനായിരുന്നു കുട്ടനാട്ടെ കാര്യങ്ങളെല്ലാം നോക്കാൻ തോമസ് ചാണ്ടി ഏൽപ്പിച്ചത്. പാർട്ടിക്കാരും നാട്ടുകാരും അവലാതികൾ പറഞ്ഞതും തോമസ് ചാണ്ടിയുടെ സഹാദരന് മുമ്പിൽ തന്നെ. ഇങ്ങനെ തോമസ് ചാണ്ടി എംഎൽഎ എല്ലാ അർത്ഥത്തിലും കുവൈറ്റ് ചാണ്ടിയായി മാറുകയായിരുന്നു. എന്നാൽ മന്ത്രിയാകുന്നതോടെ ആഴ്ചയിൽ ആറുദിവസവും തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന വാഗ്ദാനമാണ് ചാണ്ടി മുന്നോട്ടുവെച്ചിരുന്നു. അത് അദ്ദേഹം പായിക്കയും ചെയ്്തു.

ചേന്നംകരിക്കാരനാണെങ്കിലും കർമംകൊണ്ട് കുവൈത്തുകാരനാണ് തോമസ് ചാണ്ടി. 1947 ഓഗസ്റ്റ് 29നാണ് ജനനം. വി സി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകൻ. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽനിന്ന് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷമാണ് കുവൈത്തിലേക്കു പറന്നത്. പഠനകാലത്ത് കുട്ടനാട്ടിലെയും കൈനകരിയിലെയും കെഎസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായിരുന്നു.

1970ലാണ് നാട്ടിലെ രാഷ്ട്രീയം മതിയാക്കി ജീവിതപ്പച്ച തേടി തോമസ് ചാണ്ടി കുവൈത്തിലെത്തിയത്. അവിടെ കെട്ടിപ്പൊക്കിയത് വൻ വ്യവസായ സാമ്രാജ്യവും. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് തോമസ് ചാണ്ടിയുടെ ബിസിനസുകളിലേറെയും. യുണൈറ്റഡ് പബ്ലിക് സ്‌കൂൾ, ഇന്ത്യൻ സെൻട്രൽ സ്‌കൂൾ എന്നിവയുടെ ചെയർമാനാണ് ചാണ്ടി. സൗദി അറേബ്യയിലെ റിയാദിലും സ്‌കൂളുണ്ട്. ഇതിന് പുറമെ ഇപ്പോൾ വിവാദത്തിൽ പെടുകയും മന്ത്രിസ്ഥാനം തെറിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്ത പുന്നമടയിലുള്ള ലേക്ക് പാലസ് റിസോർട്ടും ചാണ്ടിയുടെ സ്വന്തം.

ആദ്യകാല രാഷ്ട്രീയം കഴിഞ്ഞ ശേഷം രാജ്യത്തിനകത്തും പുറത്തും വൻ ബിസിനസ് ലോകം കെട്ടിപ്പടുത്ത ശേഷമാണ് തോമസ് ചാണ്ടി വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2006-ലെ തെരഞ്ഞെടുപ്പിൽ കെ കരുണാകരന്റെ നേതൃത്തിൽ രൂപീകൃതയായ ഡിഐസി സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽനിന്ന് നിയമസഭയിലെത്തുകയായിരുന്നു ചാണ്ടി. അഞ്ചു വർഷം കഴിഞ്ഞപ്പോഴേക്ക് ഡിഐസികെ എൽഡിഎഫിൽ എത്തി. അങ്ങനെ 2011ലെ തെരഞ്ഞെടുപ്പിലും ഇടുപക്ഷത്തിനൊപ്പം നിയമസഭയിലും ഇങ്ങനെ മന്ത്രിമോഹം സാഫല്യമടയാതെ തുടർച്ചയായ രണ്ടു സർക്കാരുകളിലും പ്രതിപക്ഷ ബെഞ്ചിലായിരുന്നു ചാണ്ടിയുടെ സ്ഥാനം. രണ്ടു തവണയും പരാജയപ്പെടുത്തിയത് കേരള കോൺഗ്രസിലെ ഡോ. കെ സി ജോസഫിനെ. 2016-ൽ കേരള കോൺഗ്രസ് മാണിയിലെ ജേക്കബ് ഏബ്രഹാമായിരുന്നു എതിരാളി.

എന്നാൽ തോമസ് ചാണ്ടി മന്ത്രിയാകില്ലെന്ന നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടെയാണ് കാര്യങ്ങൾ മാറിമറിയുന്നതും മന്ത്രിയാകാൻ അവസരം വരുന്നതും. അപ്രതീക്ഷിതമായുണ്ടായ ഫോൺ വിവാദത്തിലൂടെ എകെ ശശീന്ദ്രൻ രാജിവച്ചത് കാര്യങ്ങൾ മാറ്റിമറിച്ചു. ശശീന്ദ്രനെ കുടുക്കിയതാണെന്ന് സ്വകാര്യചാനൽ വ്യക്തമാക്കിയെങ്കിലും ധാർമികപ്രശ്‌നം ചൂണ്ടിക്കാട്ടി അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാൻ ശ്രമിച്ചില്ല. ഇത് തോമസ് ചാണ്ടിക്ക് മന്ത്രിപദത്തിലേക്കുള്ള വഴി എളുപ്പമാക്കി. എന്നാൽ മന്ത്രിയായതിന് പിന്നാലെ തന്നെ തുടങ്ങിയ വിവാദങ്ങൾ ഒടുവിൽ ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേക്ക് നീണ്ടൂ. ഇത് തോമസ് ചാണ്ടിയുടെ രാജിയിൽ കലാശിച്ചു.

ജീവകാരണ്യ പ്രവർത്തനങ്ങളിലൂടെ തോമസ് ചാണ്ടി നേടിയ സൽപ്പേരിന് കളങ്കം ചാർത്തുന്നതായി പിന്നീടുള്ള പ്രവർത്തനങ്ങളിൽ പലതും. കോടീശ്വരനായിട്ടും സ്വന്തം ചികിത്സയ്ക്ക് സർക്കാർ പണം ചെലവിട്ട് വിദേശത്തുപോയതുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ എന്നും വിവാദങ്ങളുടെ തോഴനായി. ആലപ്പുഴ ലേക്ക് റിസോർട്ട് വിഷയത്തിലും അധികാര ദുർവിനിയോഗവും കായൽ കൈയേറ്റവു അടക്കമുള്ള നിരവധി ആരോപണവും അദ്ദേഹത്തിനുനേരെ ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP