Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്താം ക്ലാസും യൂത്ത്‌കോൺഗ്രസ് രാഷ്ട്രീയവുമായി നടക്കുന്ന കാലത്ത് കുടുംബ പ്രാരബ്ധം മൂലം ഗൾഫിലെത്തി; എൺപതുകളിൽ കുവൈത്തിൽ സ്‌കൂൾ ബിസിനസ്സിലേക്ക് കടന്നതോടെ പച്ചപിടിച്ചു; കെ.കരുണാകരനുമായുള്ള അടുപ്പം രാഷ്ട്രീയത്തിലെത്തിച്ചു; ഗൾഫ് യുദ്ധം എല്ലാ തകർത്തതോടെ നാട്ടിലെത്തിയെങ്കിലും വീണ്ടും കുവൈത്തിലെത്തിയത് ഹോട്ടൽ ബിസിനസുമായി; പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വരാത്ത യാത്ര; ഒന്നുമില്ലായ്മയിൽനിന്ന് രാഷ്ട്രീയത്തിലും ബിസിനസിലും വെന്നിക്കൊടി നാട്ടിയ തോമസ് ചാണ്ടിയുടെ ജീവിത കഥ

പത്താം ക്ലാസും യൂത്ത്‌കോൺഗ്രസ് രാഷ്ട്രീയവുമായി നടക്കുന്ന കാലത്ത് കുടുംബ പ്രാരബ്ധം മൂലം ഗൾഫിലെത്തി; എൺപതുകളിൽ കുവൈത്തിൽ സ്‌കൂൾ ബിസിനസ്സിലേക്ക് കടന്നതോടെ പച്ചപിടിച്ചു; കെ.കരുണാകരനുമായുള്ള അടുപ്പം രാഷ്ട്രീയത്തിലെത്തിച്ചു; ഗൾഫ് യുദ്ധം എല്ലാ തകർത്തതോടെ നാട്ടിലെത്തിയെങ്കിലും വീണ്ടും കുവൈത്തിലെത്തിയത് ഹോട്ടൽ ബിസിനസുമായി; പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വരാത്ത യാത്ര; ഒന്നുമില്ലായ്മയിൽനിന്ന് രാഷ്ട്രീയത്തിലും ബിസിനസിലും വെന്നിക്കൊടി നാട്ടിയ തോമസ് ചാണ്ടിയുടെ ജീവിത കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് രാഷ്ട്രീയത്തിലും ബിസിനസിലും സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച വ്യക്തിയായിരുന്നു കൂട്ടുകാർ കുവൈത്ത് ചാണ്ടിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന മുന്മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടി. കാൻസർ രോഗബാധയെതുടർന്ന് ഇദ്ദേഹം വിടവാങ്ങുമ്പോൾ കഠിനാധ്വാനത്തിലൂടെ വളർന്ന ഒരു സംരംഭകന്റെ കഥയാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പറയാനുള്ളത്. നിർധനരെ കൈയയച്ച് സഹായിച്ചും അദ്ദേഹം തന്റെ മണ്ഡലമായ കുട്ടനാട്ടിൽ കീർത്തി നിലനിർത്തി.

കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്പിൽ തോമസ് ചാണ്ടി കുവൈത്തിലെത്തിയത് വെറും കൈയോടെയാണെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പത്താംക്ളാസ് വിദ്യാഭ്യാസവും ടെലിപ്രിന്റിങ്ങും പഠിച്ചിട്ട് യൂത്ത്‌കോൺഗ്രസ് രാഷ്ട്രീയവുമായി നടക്കുന്നകാലത്ത് നാലു പതിറ്റാണ്ടു മുമ്പാണ് അദ്ദേഹം ഗൾഫിൽ എത്തുന്നത്. കുടുംബത്തിന്റെ പ്രാരബ്ധം മറികടക്കാൻ നല്ല ഒരു ജോലിയെന്ന മോഹം മാത്രമായിരുന്നു മനസ്സിൽ. ഒരു അമേരിക്കൻ കപ്പലിൽ സ്റ്റോറിന്റെ ചുമതലയുമായി ഗൾഫ് ഉദ്യോഗപർവം തുടങ്ങി. പുറംകടലിലെ പണിക്കിടയിൽ ഛർദിയും അസുഖവുമായതോടെ അഞ്ചുമാസം കൊണ്ട് നിർത്തി. കുവൈത്തിലെത്തി തിരുവല്ലക്കാരൻ ടൊയോട്ട സണ്ണിയുടെ സഹായത്തിൽ ഒരു കമ്പനിയിൽ ജോലി തരപ്പെട്ടു. അവിടെനിന്നാണ് തന്റെ ജീവിതം തുടങ്ങിയതെന്നാണ് തോമസ് ചാണ്ടി പറയാറ്. അസോസിയേഷൻ ഓഫ് ഗൾഫ് കോൺഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തുമെത്തിയതാണ് രാഷ്ട്രീയത്തിലെ വഴിത്തിരിവ്. മന്ത്രിമാർക്കും മറ്റും കുവൈത്തിൽ ആതിഥ്യമരുളുകയായിരുന്നു സംഘടനയുടെ പ്രധാന പരിപാടി. അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനടക്കമുള്ളവരുമായി നല്ല അടുപ്പം ഉണ്ടാക്കാനായി.

എൺപതുകളിൽ അദ്ദേഹം കുവൈത്തിൽ സ്‌കൂൾ ബിസിനസ്സിലേക്കു കാലൂന്നിയ ഇടത്തു നിന്നാണ് ജീവിതം മാറുന്നത്. അവിടുത്തെ മലയാളികുടുംബങ്ങൾക്ക് മക്കളുടെ സ്‌കൂൾ വിദ്യാഭ്യാസം പ്രശ്നമാണെന്നു മനസ്സിലാക്കി നാലഞ്ചു കൂട്ടുകാരുമായി ചേർന്ന് ഒരു സ്‌കൂൾ തുടങ്ങി. ആദ്യ വർഷം നഷ്ടമായിരുന്നു. കൂട്ടുകാർ പിൻവാങ്ങാൻ ആഗ്രഹിച്ചപ്പോൾ അവരെ ഒന്നൊന്നായി പിരിച്ചുവിട്ട് ചാണ്ടി സ്‌കൂൾ ഏറ്റെടുത്തു. 1985-ലായിരുന്നു ഇത്. സ്‌കൂൾ രക്ഷപ്പെട്ടു തുടങ്ങിയപ്പോൾ കുവൈത്ത് യുദ്ധമെത്തി. ഉണ്ടാക്കിയതെല്ലാം നശിച്ചു. വെറുംകൈയോടെ നാട്ടിലേക്ക്.യുദ്ധം അവസാനിച്ചുകഴിഞ്ഞ് വീണ്ടും കുവൈത്തിലേക്ക് മടക്കം. പിന്നെ, ഒരു കയറ്റമായിരുന്നുവെന്നാണ് തോമസ് ചാണ്ടി പറയാറ്്. അഞ്ചു സ്‌കൂളുകൾ, സൂപ്പർമാർക്കറ്റ്, റെസ്റ്റൊറന്റ്... ബിസിനസ് സാമ്രാജ്യം വളർന്നു. ഒപ്പം നാട്ടിലും ഹോട്ടൽ വ്യവസായത്തിൽ കാലുകുത്തി. ആലപ്പുഴയിൽ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ ലേക് പാലസ് റിസോർട്ട് ആരംഭിച്ചുകൊണ്ടായിരുന്നു അത്. ഇതിനിടെ, 'കുവൈത്ത് ചാണ്ടി' എന്ന വിളിപ്പേരുംകിട്ടി.

രാഷ്ട്രീയക്കാരിൽ ഏറെയടുപ്പം കെ. കരുണാകരനുമായായിരുന്നു. ആ ബന്ധം മുറുകിയതോടെ കരുണാകരന്റെ വിശ്വസ്തൻ എന്ന സ്ഥാനമായി തോമസ് ചാണ്ടിക്ക്. കരുണാകരൻ ഡി.ഐ.സി. ഉണ്ടാക്കിയപ്പോൾ അണിയറയിൽ കാര്യങ്ങൾ നിയന്ത്രിച്ചു.ഡി.ഐ.സി. മത്സരിക്കാൻ 18 പേരുടെ പട്ടിക തയ്യാറാക്കിയപ്പോൾ ചാണ്ടിയോട് കരുണാകരൻ പറഞ്ഞു- 'താൻ എനിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. തനിക്ക് ഒരു സീറ്റ് തരാൻ പോകുന്നു. എവിടെ വേണം?' അമ്പലപ്പുഴ എന്നായിരുന്നു ചാണ്ടിയുടെ മറുപടി.തനിക്ക് രാഷ്ട്രീയമറിയാമോടോ എന്നായിരുന്നു കരുണാകരന്റെ ചോദ്യം. അമ്പലപ്പുഴ ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ്. അവിടെ നിങ്ങൾ എട്ടുതട്ടിൽ പൊട്ടും. കുട്ടനാട്ടിൽ മത്സരിക്ക് എന്നായി ലീഡർ. കുട്ടനാട് സിപിഎം. കോട്ടയല്ലേ എന്നു ചോദിച്ചപ്പോൾ അതൊക്കെ തനിക്ക് മറികടക്കാൻ കഴിയും. അവിടെ ക്രിസ്ത്യാനികൾ ധാരാളമുണ്ടെന്നായിരുന്നു കരുണാകരന്റെ നിരീക്ഷണം. അന്ന് 18 ഡി.ഐ.സി. സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ ജയിച്ചത് തോമസ് ചാണ്ടി മാത്രം.

കുട്ടനാട്ടിൽനിന്ന് 2006 മുതൽ രണ്ടു തവണ തുടർച്ചയായി എംഎ‍ൽഎ.യായിരുന്ന തോമസ് ചാണ്ടിക്ക് ഇത്തവണ സീറ്റ് നൽകേണ്ടെന്ന നിലപാടായിരുന്നു ജില്ലയിലെ സിപിഎം. നേതൃത്വത്തിന്. കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന് ജില്ലാക്കമ്മിറ്റി പ്രമേയവും പാസ്സാക്കി. എംഎ‍ൽഎ. ഏറിയ സമയവും ഗൾഫിലാണെന്നും മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു ആക്ഷേപം. ഇത് സിപിഎമ്മിനെ ദുർബ്ബലമാക്കുന്നുവെന്നുമായിരുന്നു സി.പിഎമ്മിന്റെ പ്രയാസം.ഇതറിഞ്ഞ് കുവൈത്തിൽനിന്ന് നാട്ടിലെത്തിയ തോമസ് ചാണ്ടി പ്രഖ്യാപിച്ചു. ഇത്തവണയും ഞാൻ നില്ക്കും ജയിക്കും മന്ത്രിയുമാകും. വകുപ്പും പറഞ്ഞു- ജലവിഭവം. പറഞ്ഞതു പോലെ എല്ലാം നടന്നു, വകുപ്പ് ഒഴികെ. തോമസ് ചാണ്ടിയുടെ സ്വാധീനത്തിന്റെ ആഴം അതോടെ ജില്ലയിലെ സിപിഎമ്മുകാർക്ക് മനസ്സിലായി.

പക്ഷേ അന്ന് ചാണ്ടിക്ക് പകരം ശശീന്ദ്രനാണ് മന്ത്രിയാത്. പക്ഷേ ശശീന്ദ്രൻ പിന്നീട് മംഗളം ചാനലിന്റെ ഹണി ട്രാപ്പിൽപെട്ട് രാജിവെച്ചപ്പോൾ തോമസ് ചാണ്ടിക്ക് തന്നെ നറുക്കുവീണു. എന്നാൽ ലേക്ക് പാലസ് റിസോർട്ടിന്റെ കൈയേറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹത്തന് രാജിവെക്കേണ്ടി വന്നു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരച്ചുവരികയും ചെയ്തു. അടുത്തകാലത്തായി അസുഖം മൂർഛിച്ചതിനാൽ അദ്ദേഹം പൊതു പരിപാടികളിൽ സജീവം ആയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP