Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിനേഴാം വയസിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത് തുടർച്ചയായ ഒമ്പത് ദിവസം; നീതി തേടിയുള്ള പോരാട്ടത്തിനിടെ നഷ്ടമായത് അച്ഛനെയും അമ്മായിയേയും; ജീവൻ പോലും നഷ്ടമാകുമെന്ന ഘട്ടത്തിലും കാത്തിരുന്നത് കുൽദീപ് സിങ് സെൻഗർ എന്ന ബിജെപി എംഎൽഎയെ തൂക്കിലേറ്റുന്നത് കാണാൻ; ഉന്നാവിലെ പെൺകുട്ടി നീതിക്കായി നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം

പതിനേഴാം വയസിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത് തുടർച്ചയായ ഒമ്പത് ദിവസം; നീതി തേടിയുള്ള പോരാട്ടത്തിനിടെ നഷ്ടമായത് അച്ഛനെയും അമ്മായിയേയും; ജീവൻ പോലും നഷ്ടമാകുമെന്ന ഘട്ടത്തിലും കാത്തിരുന്നത് കുൽദീപ് സിങ് സെൻഗർ എന്ന ബിജെപി എംഎൽഎയെ തൂക്കിലേറ്റുന്നത് കാണാൻ; ഉന്നാവിലെ പെൺകുട്ടി നീതിക്കായി നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അധികാരവും സമ്പത്തും സ്വാധീനവുമൊന്നും ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വിലങ്ങു തടിയായില്ല. തന്റെ അച്ഛനും അമ്മായിയും നഷ്ടമായിട്ടും, ജീവന് തന്നെ ഭീഷണി പലതവണ ഉണ്ടായിട്ടും അവൾ തന്നെ പിച്ചിചീന്തിയ നരാധമനെ കഴുവിലേറ്റുന്നത് കാണാനാണ് കാത്തിരുന്നത്. പ്രതിക്ക് കൊലക്കയർ കിട്ടിയില്ലെങ്കിലും ജീവിതാവസാനം വരെ സെൻഗറിന് തടവ് ശിക്ഷ വിധിച്ചതോടെ പൂർണമാകുന്നത് ഒരു പെൺകുട്ടി നീതിക്കായി നടത്തിയ പോരാട്ടമാണ്.

2017 ജൂണിലാണ് ഉന്നാവിലെ പതിനേഴുകാരിയായ പെൺകുട്ടി ബിജെപി നേതാവും എംഎൽഎയുമായ സെൻഗറിന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. 2017 ജൂൺ 4 ന് ഉത്തർപ്രദേശിലെ മാൻഖി ഗ്രാമത്തിൽനിന്നാണ് 17 കാരിയായ പെൺകുട്ടിയെ കാണാതായത്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരോടൊപ്പം കൂട്ടാളികളും ചേർന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി.

9 ദിവസത്തെ പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. എംഎൽഎക്കെതിരെ കേസ് നൽകിയതിനു പിന്നാലെ സെൻഗറിന്റെ സഹോദരനും മറ്റും പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു. പഴയ കേസുകൾ പൊടിതട്ടിയെടുത്തു. ഒടുവിൽ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചു.

എന്നിട്ടും പരാതിയുമായി മുന്നോട്ടുപോയ പെൺകുട്ടിയെ അപായപ്പെടുത്താൻ പോലും ശ്രമമുണ്ടായി. പെൺകുട്ടിയും പ്രധാന സാക്ഷിയായ അമ്മായിയും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തിൽ 2019 ജൂലൈ 29ന് ലോറി ഇടിച്ചു. അപകടത്തിൽ അമ്മായി മരിച്ചു. ദിവസങ്ങളോളം മരണത്തോടു മല്ലടിച്ച ശേഷം പെൺകുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. അപകടത്തെത്തുടർന്ന് സുപ്രീം കോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്കു മാറ്റി. പരാതി നൽകിയതിന്റെ പേരിൽ അപായപ്പെടുത്താനുള്ള ശ്രമത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട പെൺകുട്ടി ഡൽഹി എയിംസിലെ ചികിത്സയ്ക്കു ശേഷവും നാട്ടിലേക്കു മടങ്ങിയിട്ടില്ല. ആശുപത്രിയിലെ നിരീക്ഷണ വാർഡിലാണ് പെൺകുട്ടി. ഡൽഹി വനിതാ കമ്മിഷനാണ് കുടുംബത്തിന്റെ സംരക്ഷണച്ചുമതല.

സെൻഗറിനെ ബിജെപി പുറത്താക്കിയത് കുരുക്ക് മുറുകിയപ്പോൾ

ആദ്യം ബിഎസ്‌പിയിലും പിന്നീട് എസ്‌പിയിലും എംഎൽഎയായ സെൻഗർ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബിജെപിയിലെത്തിയത്. പീഡനക്കേസ് വന്നപ്പോഴും കണ്ണടച്ച ബിജെപി, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച വാഹനാപകടത്തിനു ശേഷമാണ് സെൻഗറിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്.

പോരാടിയത് സെൻഗറിന് തൂക്കുകയർ നൽകാൻ

'അയാളെ എന്നു തൂക്കിക്കൊല്ലും? ഞങ്ങൾക്ക് അച്ഛനെയും അമ്മായിമാരെയും നഷ്ടമായി. 10 വർഷം കഴിഞ്ഞാലും അയാൾ പുറത്തിറങ്ങരുത്. കുറച്ചുവർഷങ്ങൾക്കു ശേഷമാണെങ്കിലും അയാൾ പുറത്തിറങ്ങുന്നതു ഞങ്ങൾക്കു ഭീഷണിയാണ്' പീഡനക്കേസിൽ സെൻഗർ കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം പെൺകുട്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മാധ്യമങ്ങളോടു സംസാരിക്കരുതെന്നു കോടതി നിർദ്ദേശമുള്ളതിനാൽ സഹോദരിയാണ് അവളുടെ പ്രതികരണം അറിയിച്ചത്. വിധിച്ചതിനെക്കുറിച്ചറിഞ്ഞപ്പോൾ ഏറെ നാളുകൾക്കുശേഷം അവളുടെ മുഖത്തു സന്തോഷം കണ്ടെന്നും സഹോദരി പറഞ്ഞു. സെൻഗറിനെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് അവളിപ്പോഴും പറയുന്നത്. എനിക്കതിനു മറുപടി ഇല്ലായിരുന്നു സഹോദരി പറഞ്ഞു.

നാല് തവണ എംഎൽഎ ആയിരുന്നെന്നും സെൻഗർ

ഇരയെ നിശബ്ദമാക്കാൻ ആദ്യം പ്രലോഭനവും പിന്നീട് ഭീഷണിയും പെൺകുട്ടിയുടെ അച്ഛനും അമ്മായിയും ഉൾപ്പെടെ രണ്ടുപേരുടെ കൊലപാതകവും നടത്തിയിട്ടും പെൺകുട്ടി പിന്തിരിയില്ല എന്ന് മനസ്സിലായതോടെ തന്റെ സേവനങ്ങൾ പരിഗണിച്ച് ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്നും സെൻഗർ വാദിച്ചു. 4 തവണ എംഎൽഎയെന്ന നിലയിൽ ജനങ്ങൾക്കു നൽകിയ സേവനം മാനിച്ചു പീഡനക്കേസിലെ ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്നായിരുന്നു കുൽദീപ് സിങ് സെൻഗർ കോടതിയോട് അപേക്ഷിച്ചത്. കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെ ശിക്ഷയുടെ തോത് സംബന്ധിച്ച വാദത്തിനിടെയാണ് തീസ് ഹസാരി കോടതിയിൽ അഭിഭാഷകൻ ഈ വാദം ഉന്നയിച്ചത്. തിഹാർ ജയിലിലായിരിക്കെയുള്ള നല്ലനടപ്പും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളുണ്ടെന്നതു പരിഗണിക്കണമെന്നും അഭിഭാഷകൻ തൻവീർ മിർ അഭ്യർത്ഥിച്ചിരുന്നു..

ഉന്നാവ്: നീതി തേടിയുള്ള നാൾവഴി

2017 ജൂൺ 4: ഉത്തർപ്രദേശിലെ മാൻഖി ഗ്രാമത്തിൽനിന്ന് 17 കാരിയായ പെൺകുട്ടിയെ കാണാതായി. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരോടൊപ്പം കൂട്ടാളികളും ചേർന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

ജൂൺ 21: യുപിയിലെ ഔരയ്യയിൽ പെൺകുട്ടിയെ കണ്ടെത്തി.

ജൂൺ 22: ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ), 366 (സ്ത്രീയെ തട്ടിക്കൊണ്ടുപോയി വിവാഹത്തിനു നിർബന്ധിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

2018 ഏപ്രിൽ 3: അതുൽ സിങ്ങും കൂട്ടാളികളും ചേർന്ന് ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു. പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഏപ്രിൽ 8: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്‌നൗവിലെ വീടിനു മുന്നിൽ സ്വയം തീകൊളുത്തി മരിക്കാനായി പെൺകുട്ടി എത്തി. കേസ് കൂടുതൽ ശ്രദ്ധേയമാകുന്നു.

ഏപ്രിൽ 9: പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഏപ്രിൽ 11: സുരക്ഷയുടെ പേരു പറഞ്ഞ് പെൺകുട്ടിയെയും കുടുംബത്തെയും ഹോട്ടൽ മുറിയിലേക്കു മാറ്റി.

ഏപ്രിൽ 12: കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരെയും കൂട്ടാളികളെയും സിബിഐ അറസ്റ്റ് ചെയ്തു.

ഏപ്രിൽ 14: ഉന്നാവ് കേസിൽ രണ്ടാമത്തെ അറസ്റ്റുമായി സിബിഐ. കുറ്റകൃത്യം നടന്ന അന്ന് പെൺകുട്ടിയെ സെൻഗറിന്റെ അടുത്തെത്തിച്ച സ്ത്രീ അറസ്റ്റിൽ.

2019 ജൂലൈ 2: 19 വർഷം പഴക്കമുള്ള കൊലക്കേസിൽ പെൺകുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ. അതുൽ സിങ്ങായിരുന്നു പരാതിക്കാരൻ. ജില്ലാ കോടതി ഇയാൾക്കു വിധിച്ചത് 10 വർഷം തടവ്.

ജൂലൈ 28: പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ റായ്ബറേലിയിൽവച്ച് ട്രക്ക് ഇടിച്ചു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു. നെഞ്ചിലും തലയ്ക്കും പരുക്കേറ്റ പെൺകുട്ടിയെ ലക്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓഗസ്റ്റ് 1: കുൽദീപ് സിങ് സെൻഗറിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ബിജെപി ഉത്തർപ്രദേശ് പ്രസിഡന്റ് സ്വതന്ത്രദേവ് സിങ് അറിയിച്ചു.

ഓഗസ്റ്റ് 2: എല്ലാ കേസുകളും (5) ഡൽഹിയിലെ സിബിഐ കോടതിക്കു വിട്ട് സുപ്രീം കോടതി. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 7: പെൺകുട്ടിയെ സെൻഗർ പീഡിപ്പിച്ചതായി സിബിഐ കോടതിയിൽ. പെൺകുട്ടിയുടെ പരാതി യുപി സർക്കാർ മുഖവിലയ്‌ക്കെടുത്തില്ലെന്നും സിബിഐ

ഡിസംബർ 16 :കുൽദീപ് സിങ് സെൻഗർ കുറ്റക്കാരനെന്ന് ഡൽഹി കോടതി.

ഡിസംബർ 20: സെൻഗറിന് ജീവിതാവസാനം വരെ തടവ് ശിക്ഷയെന്ന് ഡൽഹി തീസ് ഹസാരി കോടതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP