Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസിന് മുമ്പിലും പിമ്പിലും ക്യാമറ ഘടിപ്പിച്ച് പിഴ ഈടാക്കി വരുമാനം കൂട്ടാനുള്ള ഗതാഗത സെക്രട്ടറിയുടെ നിർദ്ദേശം കണ്ട് മൂക്കിൽ വിരൽ വച്ച് മുഖ്യമന്ത്രി; ഇങ്ങനെ പോയാൽ ആനവണ്ടിയുടെ ഓട്ടം പടുകുഴയിലേക്ക് എന്ന് തിരിച്ചറിഞ്ഞ് പിണറായി വിജയൻ; മണ്ടത്തരങ്ങൾ ആവർത്തിച്ചാൽ വകുപ്പിൽ നിന്ന് മാറ്റുമെന്ന് മന്ത്രി ശശീന്ദ്രനും മുന്നറിയിപ്പ്; തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിച്ഛായ കൂട്ടാൻ കരുതലോടെ നീക്കം; കെ എസ് ആർ ടി സിയെ നയിക്കാൻ വീണ്ടും തച്ചങ്കരി എത്തുമെന്ന് റിപ്പോർട്ട്

ബസിന് മുമ്പിലും പിമ്പിലും ക്യാമറ ഘടിപ്പിച്ച് പിഴ ഈടാക്കി വരുമാനം കൂട്ടാനുള്ള ഗതാഗത സെക്രട്ടറിയുടെ നിർദ്ദേശം കണ്ട് മൂക്കിൽ വിരൽ വച്ച് മുഖ്യമന്ത്രി; ഇങ്ങനെ പോയാൽ ആനവണ്ടിയുടെ ഓട്ടം പടുകുഴയിലേക്ക് എന്ന് തിരിച്ചറിഞ്ഞ് പിണറായി വിജയൻ; മണ്ടത്തരങ്ങൾ ആവർത്തിച്ചാൽ വകുപ്പിൽ നിന്ന് മാറ്റുമെന്ന് മന്ത്രി ശശീന്ദ്രനും മുന്നറിയിപ്പ്; തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിച്ഛായ കൂട്ടാൻ കരുതലോടെ നീക്കം; കെ എസ് ആർ ടി സിയെ നയിക്കാൻ വീണ്ടും തച്ചങ്കരി എത്തുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നശിപ്പിക്കുന്ന ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലാണെന്ന തിരിച്ചറിവിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എസ് ആർ ടി സി ബസുകളുടെ മുമ്പിലും പിമ്പിലും ക്യാമറ ഘടിപ്പിച്ച് നിയമ ലംഘകരെ കണ്ടെത്തി പിഴ തുക ഈടാക്കാനുള്ള ഗതാഗത സെക്രട്ടറിയുടെ നോട്ടിനെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചതായാണ് സൂചന. കെ എസ് ആർ ടി സിയെ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് പോകുന്ന തരത്തിൽ സംവിധാനത്തെ ഇനി കൊണ്ടു പോകാനാകില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രനേയും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയുണ്ടായാൽ ഗതാഗത മന്ത്രിക്ക് ഈ വകുപ്പ് നഷ്ടമാകുമെന്നും സൂചനയുണ്ട്. അതിനിടെ കെ എസ് ആർ ടി സിയുടെ അധിക ചുമതല വീണ്ടും ടോമിൻ തച്ചങ്കരിക്ക് നൽകാനും മുഖ്യമന്ത്രി നീക്കം തുടങ്ങിയതായി സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സിയിലെ മുഴുവൻ ജീവക്കാർക്കും ശമ്പളം നൽകിയത്. 18-ാം തീയതി ശമ്പളം നൽകിയത് വളരെ വലിയ സംഭവമായി ചിത്രീകരിക്കും വിധം മന്ത്രിയുടെ ഓഫീസിൽ നിന്ന് കുറിപ്പുകൾ ചില മാധ്യമ കൂട്ടായ്മകളിലെത്തുകയും ചെയ്തു. ഇത് ശരിയായില്ലെന്നും ഇത്തരം മണ്ടത്തരങ്ങൾ കാട്ടരുതെന്നും മന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകും. ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ വാക്കുകൾ കേട്ട് പ്രവർത്തിച്ചതാണ് ആനവണ്ടിയെ കട്ടപ്പുറത്താക്കിയതെന്ന് ഏവരും തിരിച്ചറിയുന്നു. ഇതോടെ ഗതാഗത കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി ടോമിൻ ജെ.തച്ചങ്കരിയെ വീണ്ടും നിയമിച്ചേക്കുമെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്.

കെ.എസ്.ആർ.ടി.സിക്കൊപ്പം തച്ചങ്കരി ക്രൈംബ്രാഞ്ചിലും തുടർന്നേക്കും. സിഐ.ടി.യു. നേതാക്കളുടെ പൂർണ സമ്മതം വാങ്ങിയശേഷമായിരിക്കും തച്ചങ്കരിയെ കെ.എസ്.ആർ.ടി.സിയിൽ നിയമിക്കുക. തന്നെ എം.ഡിയാക്കിയാൽ പുഷ്പംപോലെ ഗതാഗത കോർപ്പറേഷന്റെ നഷ്ടം നികത്തുമെന്ന് തച്ചങ്കരി പറഞ്ഞു. ഇതിനുള്ള മാർഗ്ഗ രേഖ മുമ്പ് തന്നെ തച്ചങ്കരി തയ്യാറാക്കിയിരുന്നു. എന്നാൽ കെ എസ് ആർ ടി സിയിലെ യൂണിയൻ നേതാക്കളെ കൂട്ടുപിടിച്ച് ജ്യോതിലാൽ തച്ചങ്കരിക്കെതിരെ നീക്കം നടത്തി. യൂണിയനുകൾ സമ്മർദ്ദം ശക്തമാക്കി. ഇതോടെ എല്ലാ മാസവും ഒന്നാം തീയതിക്ക് മുമ്പ് ശമ്പളം കൊടുത്ത തച്ചങ്കരി സ്ഥാപനത്തിൽ നിന്ന് പുറത്തായി. കൃത്യമായ ശമ്പളം നൽകൽ തച്ചങ്കരി മാജിക് മൂലമല്ലെന്ന് വരുത്തിയായിരുന്നു ഇത്. എന്നാൽ തച്ചങ്കരി മാറിയതോടെ എല്ലാം പഴയ പടിയായി. യൂണിയനുകൾക്ക് ശമ്പളത്തിന് വേണ്ടി സമരവും തുടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിൽ ജീവനക്കാർ തച്ചങ്കരിയെ തിരിച്ചു വിളിക്കണമെന്ന ആവശ്യവുമായി എത്തി.

നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ വിവിധ കർമ്മപരിപാടികളുമായി രംഗത്തെത്തിയ തച്ചങ്കരിക്കെതിരെ സിഐ.ടി.യു അടക്കമുള്ള യൂണിയനുകൾ രംഗത്തു വന്നിരുന്നു. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വിവാദത്തിലാണ് ഇടതു യൂണിയൻ നേതാക്കളുടെ സമ്മർദത്തിൽ തച്ചങ്കരിയെ ഒഴിവാക്കിയത്. ഇവരെ പിരിച്ചുവിടുന്നതിന് ഇടയാക്കിയത് തച്ചങ്കരിയുടെ നടപടിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എംപി ദിനേശിനാണ് പകരം ചുമതല കൊടുത്തത്. എന്നാൽ ദിനേശിന് ഒന്നും ചെയ്യാനായില്ല. ഇതോടെ കെ.എസ്.ആർ.ടി.സിയിലെ സിഐ.ടി.യു അടക്കമുള്ള ഭരണാനുകൂല സംഘടനകളും പ്രതിപക്ഷ സംഘടനകളും ഒന്നടങ്കം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരമാരംഭിച്ചിരുന്നു.

ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ തേടി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ സിപിഎം നേതാക്കൾക്ക് മുന്നിലെത്തിയിരുന്നു. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എ.കെ. ശശീന്ദ്രൻ നേരിൽ കണ്ട് കത്ത് നൽകി. ഈ സാഹചര്യത്തിലാണ് വീണ്ടും ചർച്ചകൾ തച്ചങ്കരിയിൽ എത്തുന്നത്. സർക്കാർ പറഞ്ഞാൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തച്ചങ്കരിയും തയ്യാറാണ്. യൂണിയനുകളെ പിണക്കാതെ പ്രവർത്തിക്കാൻ തയ്യാറായാൽ തച്ചങ്കരിയെ നിയമിക്കുമെന്നാണ് ലഭിക്കുന്ന സൂചന. യൂണിയൻ നേതാക്കളെ ദ്രോഹിക്കാത്ത വിധമൊരു ഫോർമുലയാണ് തയ്യാറാകുന്നത്. ഇത് തച്ചങ്കരിയും അംഗീകരിക്കുമെന്നാണ് സൂചന. അടുത്ത വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. കെ എസ് ആർ ടി സിയെ ലാഭത്തിലാക്കിയാൽ അത് ഇടതുപക്ഷത്തിന് വോട്ടായി മാറും. ഇതു കൊണ്ട് കൂടിയാണ് തച്ചങ്കരിയെ കെ എസ് ആർ ടി സി ഏൽപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.

മന്ത്രി ശശീന്ദ്രന് ഇതിന് സമ്മതം അറിയിച്ചു കഴിഞ്ഞു. എന്നാൽ വകുപ്പ് സെക്രട്ടറി ജ്യോതിലാൽ എതിർപ്പിലുമാണ്. ഈ സാഹചര്യത്തിൽ ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റി തച്ചങ്കരിയെ കാര്യങ്ങൾ ഏൽപ്പിക്കാനാണ് നീക്കം. വളരെ കാലമായി കെ എസ് ആർ ടി സി നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിന് മാറ്റം വരുത്താൻ ടോമൻ തച്ചങ്കരിയെ പിണറായി സർക്കാർ കെ എസ് ആർ ടി സി എംഡിയായി ആദ്യം നിയമിച്ചത്. ഇതോടെ മാറ്റങ്ങളും കണ്ടു തുടങ്ങി. കത്തുന്ന പുരയുടെ കഴുക്കോൽ അഴിച്ചെടുക്കാൻ കൂട്ടു നിൽക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്ത് അധികാരമേറ്റ തച്ചങ്കരി അഴിമതിക്കെതിരെ കർശന നിലപാടാണ് കെ എസ് ആർ ടി സിയിൽ എടുത്തത്. ഊരാളുങ്കലിന്റെ കരാർ റദ്ദാക്കൽ ഉൾപ്പെടെ പലതും ചെയ്തു. ആനവണ്ടിയെ ലാഭത്തിലാക്കുകയും അഴിമതി തടയാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ തച്ചങ്കരിക്ക് സമൂഹമാധ്യമങ്ങളുടെ കൈയടിയും കിട്ടി. ശബരിമലയിലെ തീർത്ഥാടന കാലം അതീവ കരുതലോടെ കൈകാര്യം ചെയ്തു. ഇതോടെ ശബരിമലയുടെ വരുമാനം ഗണ്യമായി ഉയർന്നു. സർക്കാർ സഹായത്തോട് നോ പറഞ്ഞ് കെ എസ് ആർ ടി യിൽ സ്വ്ന്തം നിലയ്ക്ക് ശമ്പളവും നൽകി. ഇതോടെ കൂടുതൽ ജനകീയ പരിവേഷം തച്ചങ്കരിക്ക് വന്നു.

കോർപ്പറേഷനിൽ 35,000-ത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ 50 ശതമാനത്തിലധികം സിഐ.ടി.യു.ക്കാരാണ്. സിഐ.ടി.യു. ഉൾപ്പെടെ എല്ലാ യൂണിയൻ നേതാക്കളും എതിരായിട്ടും മുഖ്യമന്ത്രി തച്ചങ്കരിയോട് നയങ്ങളുമായി മുന്നോട്ടുപോകാനാണ് ആവശ്യപ്പെട്ടത്. പണിയെടുക്കാതെ യൂണിയൻ പ്രവർത്തനം നടത്തുന്ന പലർക്കും അതൃപ്തിയുണ്ടാവാമെങ്കിലും തച്ചങ്കരിയുടെ നയങ്ങൾ കോർപ്പറേഷന് ഗുണമുണ്ടാക്കിയെന്ന് ഒരുവിഭാഗം തൊഴിലാളികൾ തിരിച്ചറിഞ്ഞു. കൂട്ട സ്ഥലംമാറ്റം, പ്രൊമോഷൻ മരവിപ്പിക്കൽ, ആനുകൂല്യം വെട്ടിച്ചുരുക്കൽ തുടങ്ങിയ നയങ്ങളാണ് കെ.എസ്.ആർ.ടി.സി.യുടെ തളർച്ച മാറ്റാൻ തച്ചങ്കരി കൊണ്ടുവന്നത്. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചു. ജീവനക്കാരിൽ പലരും സ്ഥലംമാറ്റത്തിന് വിധേയരായി. ഡ്യൂട്ടിസമയം വെട്ടിക്കുറച്ചു. ഇൻസ്പെക്ടർമാർ കൃത്യമായി യാത്രചെയ്യേണ്ടിവന്നു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന് നടപടി കർശനമാക്കി. യൂണിയൻ രാജ് നിർത്തലാക്കി. ഇതൊക്കെ തൊഴിലാളികളിലും നേതാക്കളിലും അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കി ഗതാഗത സെക്രട്ടറിയായ ജ്യോതിലാൽ ചരടുവലികൾ നടത്തി. യൂണിയനുകളെ കൂട്ടുപിടിച്ച് തച്ചങ്കരിയെ പുറത്താക്കി.

നിലവിലെ 93 ഡിപ്പോകളിൽ 35 എണ്ണം നിലനിർത്തിയിരിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻവേണ്ടിമാത്രമാണ്. ഇവ മറ്റു ഡിപ്പോകളിൽ ലയിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിച്ചാൽ വർഷം 219.24 കോടി രൂപ നേട്ടമുണ്ടാകുമെന്ന് തച്ചങ്കരി കണ്ടെത്തിയിരുന്നു. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയാൽ വർഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്സിന്റെ നിർദ്ദേശങ്ങൾ, പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ, കെ.എസ്.ആർ.ടി.സി.യിലെ വിവിധവിഭാഗങ്ങൾ നടത്തിയ പഠനങ്ങൾ എന്നിവയായിരുന്നു റിപ്പോർട്ടിന് അടിസ്ഥാനം. കെറ്റിഡിഎഫ്‌സിയിൽ നിന്നാണ് കെ എസ് ആർ ടി സി ലോണുകൾ എടുക്കുന്നത്. കെ എഫ് സിയിൽ നിന്ന് പലിശയ്ക്ക് പണമെടുത്തുകൊള്ളലാഭത്തിന് കെറ്റിഡിഎഫ്‌സി കെ എസ് ആർ ടി സിക്ക് നൽകുന്നു. ഇത് മാറി ലോണുകൾ സർക്കാർ നേരിട്ട് നൽകണം. ഇതോടെ കൊള്ളപ്പലിശ കൊടുക്കുന്നത് ഒഴിവാക്കാം. ഇതും കെ എസ് ആർ ടി സിക്ക് വലിയൊരു ആശ്വാസമായി മാറും. ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെ നയപരമായ തീരുമാനം അനിവാര്യമാണ്. അത് ലഭിച്ചാൽ കെ എസ് ആർ ടി സിയെ വലിയ ലാഭത്തിലേക്ക് എത്തിക്കാമെന്നായിരുന്നു തച്ചങ്കരിയുടെ വിലയിരുത്തൽ.

ഡിപ്പോ ലയനത്തിലൂടെ മാസശമ്പളത്തിൽ 12.21 കോടി ലാഭിക്കാം. പ്രവർത്തനച്ചെലവിൽ മാസം 6.06 കോടി ലാഭമുണ്ടാകും. അങ്ങനെ വാർഷിക നേട്ടം 219.24 കോടിയാകും. അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകുന്നതാണ് മെച്ചം. ഒരു കിലോമീറ്റർ ഓടാൻ: 12.16 രൂപയാണ് ബസ് അറ്റകുറ്റപ്പണിക്കുള്ള നിലവിലെ ചെലവ്. നാലുരൂപയ്ക്ക് ഏറ്റെടുക്കാൻ വാഹനനിർമ്മാതാവ് തയ്യാറാണ്. കിലോമീറ്ററിന് 8.16 രൂപ മിച്ചം. വർഷം ഇതുവഴി 434 കോടി രൂപ ലാഭം കിട്ടുമെന്നും തച്ചങ്കരി കണ്ടെത്തിയിരുന്നു. ഒരു ബസിൽനിന്നുള്ള ശരാശരി ദിവസവരുമാനം 13,000 രൂപയാണ്. ദിവസം നേടാവുന്ന പരമാവധി വരുമാനം ആറരക്കോടി രൂപ. ബസുകൾ വാങ്ങാൻ അനുവദിച്ച തുക പെൻഷനുവേണ്ടി വിനിയോഗിക്കുകയാണ്. കിലോമീറ്ററിന് 15 രൂപ വാടക നൽകി ദീർഘദൂര പാതകളിലെ സ്വകാര്യബസുകൾ റൂട്ടടക്കം ഏറ്റെടുത്താൽ നിലവിലെ നഷ്ടം നികത്താൻ കഴിയുമെന്നും തിരിച്ചറിഞ്ഞു.

ഇത്തരം ശാസ്ത്രീയമായ പഠനങ്ങളെല്ലാം തള്ളിക്കളഞ്ഞതിന് പിന്നിൽ ഗതാഗത സെക്രട്ടറിയുടെ ഇടപെടലായിരുന്നു. അവസാനം തച്ചങ്കരിയെ സർക്കാർ മാറ്റി. ഇതിന് ശേഷം കൂടുതൽ കുഴപ്പത്തിലേക്ക് കെ എസ് ആർടി സി എത്തി. ഇത് മനസ്സിലാക്കിയാണ് വീണ്ടും തച്ചങ്കരിയെ കെ എസ് ആർ ടി സി എംഡിയാക്കാൻ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP