Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.പി.എൽ താരലേലത്തിൽ മോഹവിലയ്ക്ക് ധോനി സ്വന്തമാക്കിയ ഇന്ത്യൻ താരം പിയൂഷ് ചൗള; ജയ്‌ദേവിനായി ലേലക്കളത്തിൽ പോരാടി രാജസ്ഥാൻ റോയൽസ്; വരുൺ ചക്രവർത്തിയെ നാല് കോടിക്ക് സ്വന്തമാക്കി കൊൽക്കത്തയും; താരലേലം ആവേശത്തിൽ

ഐ.പി.എൽ താരലേലത്തിൽ മോഹവിലയ്ക്ക് ധോനി സ്വന്തമാക്കിയ ഇന്ത്യൻ താരം പിയൂഷ് ചൗള; ജയ്‌ദേവിനായി ലേലക്കളത്തിൽ പോരാടി രാജസ്ഥാൻ റോയൽസ്; വരുൺ ചക്രവർത്തിയെ നാല് കോടിക്ക് സ്വന്തമാക്കി കൊൽക്കത്തയും; താരലേലം ആവേശത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഐ.പി.എൽ താരലേലത്തിൽ പിയൂഷ് ചൗളയെ സ്വന്തമാക്കാനൊരുങ്ങുന്നത് പൊന്നും വിലയ്ക്ക്. മുപ്പതുകാരനായ പിയൂഷ് ചൗളയ്ക്ക് താരലേലത്തിൽ ലഭിച്ചത് 6.75 കോടി രൂപയാണ്! തന്ത്രങ്ങളുടെ ആശാന്മാരായി അറിയപ്പെടുന്ന മഹേന്ദ്രസിങ് ധോണിയുെട ചെന്നൈ സൂപ്പർ കിങ്‌സാണ് ഇത്രയേറെ പണം മുടക്കി ചൗളയെ ടീമിലെത്തിച്ചത്. ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ച ഇന്ത്യൻ താരമെന്ന നേട്ടവും പിയൂഷ് ചൗളയ്ക്കു സ്വന്തം.

'ഉണരൂ പിയൂഷ് ചൗള. ഇത് സ്വപ്നമല്ല, സത്യമാണ്...' കൊൽക്കത്തയിൽ പുരോഗമിക്കുന്ന ഐപിഎൽ താരലേലത്തിനിടെ പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകളിലെ അതേ വികാരമാണ് ഇന്ത്യൻ ആരാധകർക്കും.

സമീപകാലത്തൊന്നും ആഭ്യന്തര ക്രിക്കറ്റിൽ അത്ര ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും ചൗളയിൽനിന്നുണ്ടായിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് ഇദ്ദേഹത്തിനായി ചെന്നൈ ഇത്രയേറെ പണം മുടക്കിയെന്നാണ് ആരാധകരുടെ ചോദ്യം. ചെന്നൈ ആകട്ടെ, ആകെ 14.60 കോടി രൂപയുമായാണ് ലേലത്തിനെത്തിയത്. വാങ്ങാവുന്ന പരമാവധി താരങ്ങളുടെ എണ്ണം അഞ്ചും. ഇതിൽ മൂന്ന് ഇന്ത്യക്കാർ മാത്രമാണ് അനുവദനീയം. ഇത്രയേറെ ദാരിദ്രത്തിനിടയ്ക്കാണ് പകുതിയോളം പണം കൊടുത്ത് പിയൂഷ് ചൗളയെ വാങ്ങിയത്. ചൗളയ്ക്കു പുറമെ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറൻ (5.50 കോടി), ഓസീസ് പേസ് ബോളർ ജോഷ് ഹെയ്‌സൽവുഡ് (2 കോടി) എന്നിവരെക്കൂടി ടീമിലെത്തിച്ചതോടെ ചെന്നൈയുടെ പഴ്‌സ് കാലി!

ഇന്ത്യൻ താരങ്ങളിൽ അദ്ഭുതപ്പെടുത്തിയ മറ്റൊരു ലേലം ജയ്‌ദേവ് ഉനദ്കടിന്റേതാണ്. തുടർച്ചയായി മൂന്നാം സീസണിലും വില കുത്തനെ ഇടിഞ്ഞെങ്കിലും ഉനദ്കടിനെ വീണ്ടും വാങ്ങിയത് രാജസ്ഥാൻ റോയൽസ്! ഇത്തവണ മൂന്നു കോടി രൂപയ്ക്കാണ് ഉനദ്കടിനെ രാജസ്ഥാൻ വാങ്ങിയത്. ഇതോടെ, ഉനദ്കടും രാജസ്ഥാനുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഈ വർഷം രാജസ്ഥാൻ റിലീസ് ചെയ്ത താരങ്ങളുടെ കൂട്ടത്തിലെ പ്രധാനിയായിരുന്നു ഉനദ്കട്. എന്നിട്ടും താരത്തെ ടീം തന്നെ ഒരിക്കൽക്കൂടി സ്വന്തമാക്കി. 2018ൽ എല്ലാവരെയും ഞെട്ടിച്ച് 11.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ഉനദ്കടിനെ വാങ്ങിയത്. ആ വർഷത്തെ താരലേലത്തിൽ വിലയേറിയ താരങ്ങളിലൊരാളായിരുന്നെങ്കിലും ആ സീസണിൽ താരത്തിന്റെ പ്രകടനം അതിനൊത്തുയർന്നില്ല.

ഇതോടെ തൊട്ടടുത്ത സീസണിൽ ഉനദ്കടിനെ രാജസ്ഥാൻ റിലീസ് ചെയ്തു. എന്നാൽ, താരലേലത്തിൽ 8.5 കോടി രൂപയ്ക്ക് ഒരിക്കൽക്കൂടി ഉനദ്കടിനെ ടീമിലെത്തിച്ച് രാജസ്ഥാൻ ഞെട്ടിച്ചു. കളത്തിൽ പക്ഷേ, ഉനദ്കടിന്റെ ഭാഗത്തുനിന്ന് ഞെട്ടിക്കുന്ന പ്രകടനങ്ങളൊന്നുമുണ്ടായില്ല. ഇക്കുറി ഉനദ്കടിനെ രാജസ്ഥാൻ റിലീസ് ചെയ്തപ്പോൾ 'സ്വാഭാവികം' എന്നു ചിന്തിച്ചവരെപ്പോലും ഞെട്ടിച്ചാണ് രാജസ്ഥാൻ താരത്തെ മൂന്നു കോടി രൂപയ്ക്ക് വീണ്ടും ടീമിലെത്തിച്ചത്. ഇതുവരെ 73 ഐപിഎൽ മത്സരങ്ങൾ കളിച്ച ഉനദ്കട് ആകെ നേടിയത് 77 വിക്കറ്റുകളാണ്. ഇതിൽ രണ്ട് അഞ്ചു വിക്കറ്റ് നേട്ടങ്ങളുമുണ്ട്.

വരുൺ ചക്രവർത്തിയെ 4 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയതും ആരാധകർക്ക് അദ്ഭുതമായി. കഴിഞ്ഞ സീസണിൽ 8.4 കോടി രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് വാങ്ങിയ താരമാണ് ചക്രവർത്തി. പക്ഷേ ഇത്തവണ അവർ ചക്രവർത്തിയെ നിലനിർത്തിയില്ല.

രണ്ടു കോടി രൂപയ്ക്ക് പഞ്ചാബ് വാങ്ങിയ യുവതാരം രവി ബിഷ്‌ണോയി, 2.40 കോടിക്ക് രാജസ്ഥാൻ വാങ്ങിയ യശ്വസി ജയ്‌സ്വാൾ, 1.90 കോടിക്ക് രാജസ്ഥാൻ തന്നെ വാങ്ങിയ കാർത്തിക് ത്യാഗി, 1.90 കോടി വീതം കൊടുത്ത് സൺറൈസേഴ്‌സ് വാങ്ങിയ പ്രിയം ഗാർഗ്, വിരാട് സിങ് എന്നിവരാണ് ആദ്യഘട്ട ലേലത്തിൽ ഞെട്ടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP