Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാസർഗോഡും കണ്ണൂരും വയനാടും പാലക്കാടും അതീവ ജാഗ്രതാ നിർദ്ദേശം; യുപിയിലും കർണ്ണാടകയിലും കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും; ഡൽഹിയിലും നിയന്ത്രണങ്ങൾ; വെള്ളിയാഴ്ച പ്രാർത്ഥനകൾ സംഘർഷത്തിലേക്ക് കടക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണം; അതിക്രമം തടയാൻ അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി; ഡൽഹിയിൽ തുടങ്ങിയ പ്രതിഷേധം രാജ്യമാകെ കലാപമായി മാറുന്നു; പൗരത്വ ഭേദഗതി നിയമത്തിൽ രണ്ടും കൽപ്പിച്ച് കേന്ദ്രസർക്കാരും

കാസർഗോഡും കണ്ണൂരും വയനാടും പാലക്കാടും അതീവ ജാഗ്രതാ നിർദ്ദേശം; യുപിയിലും കർണ്ണാടകയിലും കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും; ഡൽഹിയിലും നിയന്ത്രണങ്ങൾ; വെള്ളിയാഴ്ച പ്രാർത്ഥനകൾ സംഘർഷത്തിലേക്ക് കടക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണം; അതിക്രമം തടയാൻ അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി; ഡൽഹിയിൽ തുടങ്ങിയ പ്രതിഷേധം രാജ്യമാകെ കലാപമായി മാറുന്നു; പൗരത്വ ഭേദഗതി നിയമത്തിൽ രണ്ടും കൽപ്പിച്ച് കേന്ദ്രസർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരേ സമരം ശക്തമാക്കുമ്പോഴും നിമയം പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിൽ കേന്ദ്ര സർക്കാർ. ഉത്തർപ്രദേശിലും മറ്റും കൂടതൽ മേഖലകളിലേക്ക് കർഫ്യൂ ഏർപ്പെടുത്തി. മംഗളുരുവിലെ വെടിവയ്‌പ്പും രണ്ട് മരണവും കർണ്ണാടക സർക്കാരിനും തലവേദനയാണ്. ഇന്ന് വെള്ളിയാഴ്ചയാണ്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധത്തിനുള്ള സാധ്യത സർക്കാർ കാണുന്നുണ്ട്. അതിനാൽ രാജ്യത്തെങ്ങും അതീവ ജാഗ്രതാനിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. വിവിധയിടങ്ങളിൽ പ്രതിപക്ഷനേതാക്കളടക്കം ഒട്ടേറെപ്പേർ കസ്റ്റഡിയിലായി. പലയിടങ്ങളിലും സംഘർഷമുണ്ടായി. സമരവും സംഘർഷവും കനത്തതോടെ, വ്യാഴാഴ്ചരാത്രി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം സ്ഥിതിഗതികൾ വിലയിരുത്തി. അതിനിടെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരായ അതിക്രമം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്കു കത്തയച്ചു. പ്രക്ഷോഭങ്ങളെത്തുടർന്ന് ഉണ്ടായ പൊലീസ് വെടിവയ്പിൽ മംഗളൂരുവിൽ രണ്ടുപേർ മരിച്ച പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളിൽ കർശന ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.

ഡൽഹിയിലെയും യു.പി.യിലെയും കാമ്പസുകൾ തുടക്കമിട്ട പ്രതിഷേധം ആളിക്കത്തുകയാണ്. വ്യാഴാഴ്ച മറ്റു സംസ്ഥാനങ്ങളും അതിൽ മുങ്ങി. സംഘർഷത്തിനിടെ മംഗളൂരുവിൽ രണ്ടുപേരും ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഒരാളും വെടിയേറ്റു മരിച്ചു. മംഗളൂരുവിൽ നിരോധനാജ്ഞ നിലനിൽക്കെ പ്രതിഷേധപ്രകടനം നടത്തിയവർ അക്രമാസക്തമായി. ഇതോടെയാണ് വെടിവച്ചത്. മംഗളൂരു ബന്ദറിലെ ജലീൽ ബന്ദക്, കുദ്രോളി സ്വദേശി നൗഷീൻ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 പൊലീസുകാർക്കും പരിക്കേറ്റു. ഇവിടെ വെള്ളിയാഴ്ച അർധരാത്രിവരെ കർഫ്യൂ പ്രഖ്യാപിച്ചു. ലഖ്‌നൗവിൽ മുഹമ്മദ് വകീൽ എന്ന യുവാവാണ് വെടിയേറ്റുമരിച്ചത്. സംഘർഷമുണ്ടായ ഭാഗത്തുകൂടി നടന്നുപോകുന്നതിനിടെയാണ് മുഹമ്മദിന് പൊലീസിന്റെ വെടിയേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. ഉത്തർപ്രദേശിനും കർണാടകത്തിനും പുറമെ ബിഹാർ, ഹരിയാണ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങി വിവിധസംസ്ഥാനങ്ങളിൽ വൻപ്രതിഷേധങ്ങൾ നടന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിരോധനാജ്ഞ ലംഘിച്ചവർ പൊലീസുമായി ഏറ്റുമുട്ടി.

സമരക്കാരെ നിയന്ത്രിക്കാൻ ഡൽഹിയിൽ 20 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടെങ്കിലും സ്ഥിതി ശാന്തമായതോടെ വൈകീട്ടു തുറന്നു. ജനപ്രവാഹം തടയാൻ ഇന്റർനെറ്റ്, മൊബൈൽ ബന്ധം വിച്ഛേദിച്ച കേന്ദ്രസർക്കാർ നടപടിക്കു തിരിച്ചടി നൽകി ഡൽഹി സർക്കാർ സൗജന്യ വൈഫൈ ഏർപ്പെടുത്തി. നിരോധനാജ്ഞ നിലനിൽക്കെ യു.പി.യിലെ ലഖ്‌നൗവിലുള്ള പരിവർത്തൻ ചൗക്കിൽ നടന്ന പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. പത്തു കാറുകളും 20 മോട്ടോർസൈക്കിളും മൂന്നു ബൈക്കും നാല് ടി.വി. ഒ.ബി വാനും കത്തിച്ചു. സാംഭലിൽ രണ്ടു സർക്കാർ ബസുകൾക്കു തീയിട്ടു. അലഹാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും പ്രതിഷേധം കത്തി. ഗൊരഖ്പുരിൽ മുന്നൂറുപേരെ കസ്റ്റഡിയിലെടുത്തു. പൗരത്വനിയമത്തിൽ രാജ്യമെങ്ങും ഹിതപരിശോധന നടത്തണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. അതിൽ തോറ്റാൽ എൻ.ഡി.എ. സർക്കാർ രാജിവെക്കണമെന്നാണ് മമതയുടെ വെല്ലുവിളി.

ചെങ്കോട്ട, ജന്തർ മന്തർ, മണ്ഡിഹൗസ്, ജാമിയ നഗർ, ജാഫറാബാദ്, സീലംപുർ തുടങ്ങിയ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കുള്ള പാതകൾ അടച്ചു. മിക്ക റോഡുകളിലും ഗതാഗതം സ്തംഭിച്ചു. ഗതാഗത തടസ്സത്തെത്തുടർന്ന് ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാൽ ഇൻഡിഗോ എയർലൈൻസിന്റെ 19 സർവീസുകളും എയർ ഇന്ത്യയുടെ 8 സർവീസുകളും വൈകി. മറ്റു കമ്പനികളുടെ സർവീസുകളെയും സമരം ബാധിച്ചു.

ഹർത്താലുകളും ബന്ദുകളും വേരോടാത്ത ഗുജറാത്തിൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ബന്ദാഹ്വാനത്തോട് അനുഭാവം പ്രകടിപ്പിച്ച് നഗരത്തിൽ പലയിടത്തും കടകൾ അടഞ്ഞുകിടന്നു. ന്യൂനപക്ഷാവകാശ ഫോറമാണ് ബന്ദാഹ്വാനം നൽകിയത്. ലാൽ ദർവാജയിലെ സ്വകാര്യ കോളജിനു മുന്നിൽ എൻഎസ്‌യുവിൽ പെട്ട വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെത്തുടർന്നു 12 പേരെ കസ്റ്റഡിയിലെടുത്തു. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരിലെ മുസ്‌ലിംകൾക്ക് നമസ്‌കാരം നിർവഹിക്കാൻ മനുഷ്യച്ചങ്ങല തീർത്ത് സുരക്ഷാ വലയമൊരുക്കി സഹസമരക്കാർ. ജാമിയ മില്ലിയയിൽ സമരം ചെയ്യുന്നവർക്കും ജന്തർ മന്തറിൽ സമരം ചെയ്യുന്നവർക്കും നമസ്‌കാരത്തിനാണ് കൂടെയുള്ളവർ മനുഷ്യ രക്ഷാ കവചം തീർത്തത്.

കൊല്ലപ്പെട്ടത് നാല് പേർ

ദക്ഷിണ കന്നഡ ജില്ലയിൽ ഇന്റർനെറ്റിന് വിലക്ക്. രണ്ട് ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം മംഗലാപുരത്ത് കർഫ്യൂ ഞായറാഴ്ച വരെയും നീട്ടിയിട്ടുണ്ട്. കേരളത്തിൽ നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ വയനാട്, കോഴിക്കോട് ജില്ലകളിലാണ് പൊലീസിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്‌പ്പിൽ ഇന്നി്വ രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലക്നൗവിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. രണ്ടിടത്തും പൊലീസ് വെടിവയ്‌പ്പിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തങ്ങൾ ഉപയോഗിച്ചത് റബ്ബർ പെല്ലെറ്റാണെന്ന് കർണ്ണാടക പൊലീസും വെടിവച്ചിട്ടില്ലെന്ന് യുപി പൊലീസും പറഞ്ഞു.

മംഗളൂരുവിൽ വെടിയേറ്റ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെയ്‌പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മറ്റൊരാൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കർണാടക എഡിജിപി ദയാനന്ദയോട് അടിയന്തരമായി മംഗളൂരുവിൽ എത്താൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നിർദ്ദേശം നൽകി. അക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതേസമയം സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുമ്പോൾ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കാനെത്തിയത്. കമ്മീഷണർ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.

പ്രതിഷേധത്തിനിടെ ലക്നൗവിൽ 37 വാഹനങ്ങളെങ്കിലും അഗ്‌നിക്കിരയാക്കിയെന്നാണ് വിവരം. മാധ്യമസ്ഥാപനങ്ങളുടെ നാല് ഓബി വാനുകളും ഇതിൽ പെടും. മൂന്ന് ബസുകളും 10 കാറുകളും 20 ബൈക്കുകളുമാണ് കത്തിച്ചത്. യുപി തലസ്ഥാനമായ ലക്‌നൗവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സംഘർഷം പടർന്നു. വൻതോതിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചെങ്കിലും പ്രതിഷേധം നിയന്ത്രിക്കാനായില്ല.

കർണ്ണാടകയിൽ പ്രശ്‌നം മലയാളികളോ?

മംഗളൂരുവിൽ പൊലീസ് വെടിവയ്പിൽ പരുക്കേറ്റ നൗഷീൻ, ജലീൽ എന്നിവരാണ് മരിച്ചത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവയ്പു നടത്തിയത്. വെടിവെപ്പിലും ലാത്തിച്ചാർജിലും കൂടുതൽ പേർക്കു പരുക്കേറ്റു. ഒട്ടേറെ പേർ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ലക്‌നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രക്ഷോഭകർ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. വെടിവയ്പിൽ പരുക്കേറ്റയാളാണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ടിനു ഡപ്യൂട്ടി കമ്മിഷണറേറ്റ് ഓഫിസ് (കലക്ടറേറ്റ്) പരിസരത്തു തുടങ്ങിയ സംഘർഷമാണു പൊലീസ് വെടിവയ്പിൽ കലാശിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ അൻപതോളം പേർക്കു നേരെ കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. സമരക്കാർ കൂടുതൽ പേരുമായി വൈകിട്ട് നാലോടെ ബന്ദർ പൊലീസ് സ്റ്റേഷനു സമീപത്തേക്കു നീങ്ങി. സ്റ്റേഷൻ ആക്രമിക്കാനിടയുണ്ടെന്നു പ്രചാരണമുണ്ടായി. ഇതോടെ പൊലീസ് വെടിവച്ചു. വൈകിട്ട് 5.30നു മുൻ മേയർ കെ.അഷറഫിന്റെ നേതൃത്വത്തിൽ ഒരു സംഘം ഫൾനീറിൽ റോഡ് ഉപരോധിച്ചു. ഇവിടെയും പൊലീസ് ആകാശത്തേക്കു 2 തവണ വെടിവച്ചു.ഡപ്യൂട്ടി കമ്മിഷണറേറ്റ് പരിസരത്ത് അക്രമം നടത്തിയ കേസിൽ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ കർണാടകയിലെ പ്രതിഷേധങ്ങളിൽ കേരളത്തെ പഴിചാരി കർണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മംഗളുരുവിൽ പ്രശ്‌നങ്ങളുണ്ടാക്കിയതു മലയാളികളാണെന്നാണു ബൊമ്മയ്യയുടെ ആരോപണം. മംഗളുരുവിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാവാൻ കാരണം പുറത്തുനിന്നു വന്നവരാണ്. അതിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണ്. അയൽ സംസ്ഥാനത്തുനിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അവർ പൊതുമുതൽ നശിപ്പിച്ചുവെന്നും പൊലീസ് സ്റ്റേഷനു തീവയ്ക്കാൻ ശ്രമിച്ചെന്നും ബൊമ്മയ്യ ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാർക്കു നേരെ മംഗളുരുവിൽ പൊലീസ് നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം കണക്കിലെടുത്തു രണ്ടു ദിവസത്തേക്ക് മംഗളുരൂവിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ബസ് തടയൽ, പ്രതിഷേധം

പൊലീസ് വെടിവയ്പിൽ മംഗളൂരുവിൽ രണ്ടു പേർ മരിച്ചതിൽ പ്രതിഷേധിച്ച് കർണാടക ആർടിസി ബസ് കോഴിക്കോട് തടഞ്ഞു. രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് ഡിവൈഎഫ്ഐയുടെയും ക്യാംപസ് ഫ്രണ്ടിന്റെയും നേതൃത്വത്തിൽ തടഞ്ഞത്. കോൺഗ്രസ് പ്രവർത്തകരും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് മാവൂർ റോഡിൽ കോൺഗ്രസ് പ്രവർത്തകർ ടയർ കത്തിച്ച് പ്രതിഷേധിച്ചു.

ഞാനും പൗരനാണെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ടെ സാംസ്‌കാരിക ലോകം പ്രതിഷേധിച്ചു. സാംസ്‌കാരിക പ്രവർത്തകർ മാനാഞ്ചിറ സ്‌ക്വയറിൽ പൗരത്യ നിയമ ഭേദഗതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. രാജ്യത്തെ ജനങ്ങളെ അനാഥരാക്കുന്ന ഫാസിസ്റ്റ് ചിന്തയിൽ നിന്നാണ് പൗരത്വ ബിൽ ഉടലെടുത്തതെന്ന് പ്രമുഖ കഥാകൃത്ത് യു.എ ഖാദർ പറഞ്ഞു. ഒന്നായി നിന്ന മനുഷ്യരെ പലകള്ളികളിലാക്കി തംരതിരിച്ച് സ്വന്തം കാര്യം നേടാനുള്ള സ്വേഛാധിപതികളുടെ നീക്കമാണിത്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ജനങ്ങൾ ഒന്നിച്ച് നിന്ന് പൗരത്വ ബില്ലിനെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിർത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതം നോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വബില്ലിനെതിരെ സംസ്‌കാര സാഹിതിയുടെ 'ഞാൻ പൗരൻ പേര് ഭാരതീയൻ' സംസ്‌ക്കാര പ്രതിഷേധ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനാഞ്ചിറ സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. പൗരത്വബിൽ കത്തിച്ച് സാംസ്കാരിക പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. പൗരത്വബില്ല് പൗരത്വം ഇല്ലാതാക്കുന്ന ബില്ലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. എം.ജി.എസ് നാരായണൻ അഭിപ്രായപ്പെട്ടു. ഈ അനീതിക്കെതിരെ രാജ്യമാകെ നടക്കുന്ന പ്രക്ഷോഭത്തിനൊപ്പമുണ്ടെന്നും വ്യക്തമാക്കി.

പൗരത്വ ബില്ലിലൂടെ നവഫാസിസമാണ് ബിജെപി നടപ്പാക്കുന്നതെന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ വരി നിർത്തി അച്ചടക്കമുള്ളവരാക്കിയവർ ഇപ്പോൾ പൗരത്വ ബില്ലിലൂടെ ഹിറ്റ്‌ലർ മോഡൽ വംശശുദ്ധീകരണത്തിനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഗാന്ധിജി ഉയർത്തിപ്പിടിച്ച ഇന്ത്യയുടെ ആത്മാവായ സഹിഷ്ണുതയെയും മതേതരത്വത്തെയും ഇല്ലാതാക്കുകയാണ് പൗരത്വബില്ലിലൂടെ കേന്ദ്ര സർക്കാരെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. അനീതിക്കെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധം അടിച്ചമർത്താൻ കഴിയില്ലെന്ന് യു.കെ കുമാരൻ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP