Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ ജില്ലകളിലും മഹിളാ ശക്തി കേന്ദ്രങ്ങൾ: 1.26 കോടിയുടെ ഭരണാനുമതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിൽ ജില്ലാതല മഹിളാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 1.26 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വയനാട് തൃശൂർ ജില്ലകളിലെ 8 ബ്ലോക്കുകളിൽ ബ്ലോക്ക് ലെവൽ മഹിളാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അനുമതി നൽകിയിരുന്നു. അവശേഷിക്കുന്ന 12 ജില്ലകളിൽ കൂടി മഹിളാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനാണ് ഭരണാനമുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രാമീണ വനിതകൾക്ക് തൊഴിൽ, നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങൾ ഒരേ ഉറവിടത്തിൽ നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മഹിളാ ശക്തി കേന്ദ്രം. ഗ്രാമീണ വനിതകൾക്ക് ബോധവത്ക്കരണം, പരിശീലനം, ആർജ്ജവത്വ രൂപീകരണം എന്നിവ നൽകി ശാക്തീകരിക്കുകയും ലക്ഷ്യമിടുന്നു.

ജില്ല, ബ്ലോക്ക് തല കമ്മിറ്റികളാണ് മഹിളാ ശക്തി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. ജില്ലാ കളക്ടർ അധ്യക്ഷനായുള്ള കർമ്മ സമിതിയാണ് മഹിളാ ജില്ലാതല കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കുന്ന പദ്ധതികൾ, സ്‌കീമുകൾ, നിയമങ്ങൾ എന്നിവയെ സംബന്ധിച്ച് ഗ്രാമീണ സ്ത്രീകളെ ബോധവത്ക്കരിക്കുകയും അവർക്ക് ഈ സഹായങ്ങൾ സൃഷ്ടിക്കുന്നതിനായി ബ്ലോക്കുകളിൽ എം.എസ്.കെ. ബ്ലോക്ക് തല കേന്ദ്രങ്ങളും ആരംഭിക്കുന്നതാണ്.

ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടി സെന്ററുകൾ, ഐ.സി.ഡി.എസ്. ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിനേയാണ് എം.എസ്.കെ. ബ്ലോക്ക് ലെവൽ ഓഫീസാക്കി പ്രവർത്തിപ്പിക്കുന്നത്. സ്റ്റുഡൻസ് വോളന്റിയർമാർക്ക് ബന്ധപ്പെടുന്നതിനും ബ്ലോക്ക്തല പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള കേന്ദ്രങ്ങളാക്കി ഇതിനെ മാറ്റുന്നതാണ്.

ഇതിന്റെ പ്രവർത്തനങ്ങൾ ഗ്രാമീണ തലത്തിൽ എത്തിക്കുന്നതിന് ഹയർസെക്കന്ററി സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ 200 സന്നദ്ധ വിദ്യാർത്ഥികൾ മുഖേനയാണ് ബ്ലോക്ക്തല കമ്മിറ്റി പരിശീലനം നൽകുന്നത്. ഇങ്ങനെ പരിശീലനം ലഭിക്കുന്ന സ്റ്റുഡന്റ്സ് വോളണ്ടിയർമാർ ഫീൽഡ് തലത്തിൽ പ്രവർത്തിച്ച് സ്ത്രീകൾക്കായുള്ള വിവിധ പദ്ധതികൾ, സ്‌കീമുകൾ, നിയമങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നൽകുന്നു. ഓരോ വിദ്യാർത്ഥിയും 6 മാസത്തിനുള്ളിൽ 200 മണിക്കൂർ സന്നദ്ധ പ്രവർത്തനമാണ് നടത്തേണ്ടത്.

ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി 3 ദിവസത്തെ വിദഗ്ധ പരിശീലനം നൽകുന്നു. ഒരു ബ്ലോക്കിൽ നിന്നും 100 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. ഈ വിദ്യാർത്ഥികൾക്ക് സാമൂഹ്യ പ്രവർത്തനം നടത്തിയതിനുള്ള സർട്ടിഫിക്കറ്റും 6 മണിക്കൂർ സേവനത്തിന് 400 രൂപയും നൽകുന്നു. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ പെൺകുട്ടികൾക്ക് മുൻഗണന നൽകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP