Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിൽ ഉദ്യോഗം കാത്തുകിടക്കുന്നത് 46,285 പേർ; ഇതുവരെ നിയമന ശുപാർശ ലഭിച്ചത് മൂവായിരം പേർക്കും; ലിസ്റ്റിലുള്ളവർ നിയമനം കാത്തിരിക്കുമ്പോൾ സെക്രട്ടേറിയേറ്റിൽ സ്വന്തം ജില്ലകളിലേക്ക് ലാസ്റ്റ്‌ഗ്രേഡുകാരുടെ ഒഴുക്ക്; വെട്ടിലായത് നിയമനം കാത്ത് കിടന്നവരും; കോടതിയെ സമീപിച്ചപ്പോൾ നിയമവിരുദ്ധ സ്ഥലംമാറ്റങ്ങൾക്ക് മൂക്കുകയറും; സെക്രട്ടറിയേറ്റിലെ ലാസ്റ്റ് ഗ്രേഡുകാർക്ക് ഇനി സ്വന്തം ജില്ലകളിലേക്ക് പോകാനാവില്ല; പിഎസ്‌സി ഇനി നിയമനം നടത്തേണ്ടത് റാങ്ക്‌ലിസ്റ്റിൽ നിന്ന്

ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിൽ ഉദ്യോഗം കാത്തുകിടക്കുന്നത് 46,285 പേർ; ഇതുവരെ നിയമന ശുപാർശ ലഭിച്ചത് മൂവായിരം പേർക്കും; ലിസ്റ്റിലുള്ളവർ നിയമനം കാത്തിരിക്കുമ്പോൾ സെക്രട്ടേറിയേറ്റിൽ സ്വന്തം ജില്ലകളിലേക്ക് ലാസ്റ്റ്‌ഗ്രേഡുകാരുടെ ഒഴുക്ക്; വെട്ടിലായത് നിയമനം കാത്ത് കിടന്നവരും; കോടതിയെ സമീപിച്ചപ്പോൾ നിയമവിരുദ്ധ സ്ഥലംമാറ്റങ്ങൾക്ക് മൂക്കുകയറും; സെക്രട്ടറിയേറ്റിലെ ലാസ്റ്റ് ഗ്രേഡുകാർക്ക് ഇനി സ്വന്തം ജില്ലകളിലേക്ക് പോകാനാവില്ല; പിഎസ്‌സി ഇനി നിയമനം നടത്തേണ്ടത് റാങ്ക്‌ലിസ്റ്റിൽ നിന്ന്

എം മനോജ് കുമാർ

 തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നിന്നുള്ള ലാസ്റ്റ് ഗ്രേഡുകാർക്ക് ഇനി മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിപ്പോവാൻ താത്കാലികമായ വിലക്ക്. കേരളാ അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിന്റെ ഇനി ഒരു ഉത്തരവ് വരും വരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് മറ്റു ജില്ലകളിലേക്ക് സ്ഥലംമാറിപ്പോകാനാവില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് സ്ഥലംമാറ്റം വിലക്കിക്കൊണ്ടുള്ള വിധി വന്നത്. മറ്റു ജില്ലകളിലേക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴുക്ക് വന്നപ്പോൾ അതാത് ജില്ലകളിൽ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം കാത്തുകിടന്നവർ വെട്ടിലായി.

ഒഴിവ് വരുമ്പോഴേക്കും സെക്രട്ടറിയേറ്റിൽ നിന്നുള്ളവർ അവിടെയെത്തും. ഒഴിവില്ലാതെ എങ്ങനെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തും? ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുടെ ഭാവി ഇരുളടയാൻ തുടങ്ങിയതോടെ ഉദ്യോഗാർത്ഥികൾ പ്രശ്‌നപരിഹാരത്തിനായി ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് അനുകൂല വിധി ഇവരെ തേടിയെത്തിയത്. സെക്രട്ടറിയേറ്റിൽ നിന്നുള്ള ഈ സ്ഥലംമാറ്റങ്ങൾ നിയമവിരുദ്ധമാണ്. സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് 2016 മുതൽ സെക്രട്ടറിയേറ്റ് സബോർഡിനേറ്റ് സർവ്വീസിന്റെ ഭാഗമാണ്. അതിന്റെ യോഗ്യത പത്താം തരവും ലാസ്റ്റ് ഗ്രേഡിന്റേത് ഏഴാം തരവും ആണ്. ഈ രീതിയിൽ നോക്കുകയാണെങ്കിൽ ഉയർന്ന തസ്തികയിൽ നിന്ന് താഴ്ന്ന തസ്തികയിലേക്ക് കൂടിയാണ് സ്ഥലം മാറ്റങ്ങൾ നടന്നത്. എന്നാൽ ഇതൊന്നും ഗൗനിക്കാതെയാണ് സ്ഥലംമാറ്റങ്ങൾ നടന്നുകൊണ്ടിരുന്നത്. ഇത്തരം സ്ഥലം മാറ്റങ്ങൾക്കാണ് താത്കാലിക വിലക്ക് വന്നത്.

സെക്രട്ടറിയേറ്റിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി നിർത്തിയിട്ടുണ്ട്. ഇതിനു പ്രധാന കാരണമായി പറഞ്ഞത് സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡിൽ നിന്ന് തിരുവനന്തപുരം ഒഴികെയുള്ളവർ പെട്ടെന്ന് സ്ഥലം മാറിപ്പോകുന്നു എന്നതാണ്. അതിനാൽ സ്ഥലം മാറ്റം തടയാൻ സെക്രട്ടറിയേറ്റ് ഒഴിവുകൾ നിലവിലെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കി നിർത്തുന്നു. എന്നാൽ ഇതിന് നേർ വിപരീതമായി സെക്രട്ടറിയേറ്റിൽ ഉള്ള ഇതര ജില്ലാ ഓഫീസ് അസിസ്റ്റന്റുമാർ അവരുടെ ജില്ലകളിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ നിലവിൽ സ്ഥലം മാറിക്കൊണ്ടിരുന്നു. ഇതൊഴിവാക്കാനാണ് സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് നിലവിലെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി നിർത്തിയിരുന്നത്. ഈ സ്ഥലം മാറ്റം എല്ലാം മറ്റു ജില്ലകളിലുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ ജോലി സാധ്യതയെയാണ് ബാധിച്ചത്.

കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് വരെ ഇങ്ങനെയുണ്ടാകുന്ന സ്ഥലം മാറ്റങ്ങൾക്ക് അതാത് ജില്ലകൾക്ക് കോമ്പൻസേഷൻ ഒഴിവ് സെക്രട്ടറിയേറ്റിൽ നിന്ന് നല്കിയിരുന്നു. അതിനാൽ അവരെയിത് ബാധിച്ചിരുന്നില്ല.എന്നാൽ നിലവിലെ ലിസ്റ്റുകാർക്ക് ഇങ്ങനെയുള്ള സ്ഥലം മാറ്റങ്ങൾക്ക് സെക്രട്ടറിയേറ്റിൽ കോമ്പൻസേഷൻ ലഭിക്കുന്നില്ല. സ്ഥലം മാറ്റം തടയാൻ പറ്റുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് തങ്ങൾക്ക് കിട്ടിയിരുന്ന സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ മാറ്റിയതെന്നാണ് ഈ കാര്യത്തിൽ ഉദ്യോഗാർത്ഥികൾ ചോദ്യം ഉന്നയിച്ചത്.സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന കള്ളക്കളിയാണ് സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് സെക്രട്ടറിയേറ്റ് സബോർഡിനേറ്റിൽ ഉൾപ്പെടുത്താൻ കാരണം എന്ന് പി ആൻഡ് എ ആർ ഡി വിജിലൻസ് കണ്ടെത്തിയിരുന്നതായി സൂചനയുണ്ട്. സെക്രട്ടറിയേറ്റ് സബോർഡിനേറ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് വേഗത്തിൽ തസ്തികമാറ്റം കിട്ടി ലീഗൽ അസിസ്റ്റന്റ് ആകാൻ വേണ്ടിയാണ് ഇത്തരം ഒരു നീക്കം ചില ഉദ്യോഗസ്ഥർ നടത്തിയത്.

നിലവിൽ തന്നെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനങ്ങൾ വളരെ കുറച്ചാണ് നടക്കുന്നത്. റാങ്ക് ലിസ്റ്റ് പത്ത് മാസം പിന്നിടുമ്പോൾ ഇതുവരെ നടന്നത് മൂന്നു ശതമാനം നിയമനഃശുപാർശ മാത്രം എന്നാണ് ലഭിക്കുന്ന വിവരം. പതിനാലു ജില്ലകളിലുമായി ഈ തസ്തികയ്ക്കു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ 46,285 പേരെയാണ് ഉൾപ്പെടുത്തിരിക്കുന്നത്. ഇവരിൽ മൂവായിരം പേർക്കു മാത്രമാണ് ഇതുവരെ നിയമനഃശുപാർശ ലഭിച്ചത്. ഇതേ രീതിയിലാണ് തുടർന്നും നിയമനം നടക്കുന്നതെങ്കിൽ ഏഴായിരത്തിലും താഴെ മാത്രമാണ് നിയമനം നടക്കാൻ സാധ്യതയുള്ളത്. ഇത് ഉദ്യോഗാർത്ഥികൾക്ക് വൻ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. വരുന്ന ജൂണോടെ കാലാവധി കഴിയുന്ന റാങ്ക് ലിസ്റ്റ് കൂടിയാണിത്. കഴിഞ്ഞ തവണത്തെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് 10,000ൽ അധികം പേർക്ക് നിയമനഃശുപാർശ ലഭിച്ച സ്ഥാനത്ത് ഇത്തവണ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം വൻതോതിൽ കുറയുന്ന സാഹചര്യമാണ്.

സെക്രട്ടറിയേറ്റിൽ നിന്നുള്ള ലാസ്റ്റ് ഗ്രേഡുകാർ മറ്റു ജില്ലകളിലേക്ക് പോവുകയും താത്കാലിക നിയമനം നടക്കുകയും ചെയ്യുന്നതിനാലാണ് റാങ്ക് ലിസ്റ്റുകളിൽ നിന്നും നിയമനം കുറയുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ മറ്റു താത്കാലിക നിയമനങ്ങൾ നടത്തരുത് എന്നാണ് നിയമം. ഇത് ലംഘിച്ചാണ് നിയമനങ്ങൾ നടത്തുന്നത്. റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമനഃശുപാർശ നൽകുന്നതിൽ പിഎസ്‌സിയുടെ ഭാഗത്തു നിന്ന് കടുത്ത അലംഭാവമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പല ജില്ലകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് ഒരു മാസമെങ്കിലും കഴിഞ്ഞേ നിയമനഃശുപാർശ തയാറാക്കൂ. ചില വകുപ്പുകളിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ കേന്ദ്ര ഓഫിസിൽ നിന്നു വിശദീകരണം ലഭിച്ച ശേഷമേ നിയമനഃശുപാർശ നൽകാൻ കഴിയൂ. ഇതിന്റെ പേരിൽ മാസങ്ങളോളം നിയമനഃശുപാർശ തടഞ്ഞു വയ്ക്കാറുണ്ട്. ഇതും ലിസ്റ്റിലുള്ളവർക്കുള്ള മറ്റൊരു തിരിച്ചടിയാണ്. ഇതേ തുടർന്ന് ഉദ്യോഗാർഥികൾ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും തുടർന്ന് സ്ഥലം മാറ്റത്തിന് സ്റ്റേ അനുവദിച്ച് കിട്ടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP