Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രവാസികളുടെ പരാതി കേന്ദ്ര സർക്കാരിലെത്തി; ഉടൻ പരിഹാരവും; ഒസിഐ പുതുക്കാൻ ജൂൺ 30 വരെ അവസരം; ഇനിയും കാലാവധി നീട്ടുമെന്നു പ്രതീക്ഷിക്കരുതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി മുരളീധരൻ; മന്ത്രിക്കു ലണ്ടനിൽ ബ്രിട്ടീഷ് മലയാളികളുടെ വരവേൽപ്പ്

പ്രവാസികളുടെ പരാതി കേന്ദ്ര സർക്കാരിലെത്തി; ഉടൻ പരിഹാരവും; ഒസിഐ പുതുക്കാൻ ജൂൺ 30 വരെ അവസരം; ഇനിയും കാലാവധി നീട്ടുമെന്നു പ്രതീക്ഷിക്കരുതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി മുരളീധരൻ; മന്ത്രിക്കു ലണ്ടനിൽ ബ്രിട്ടീഷ് മലയാളികളുടെ വരവേൽപ്പ്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: രണ്ടു വർഷത്തോളമായി ഒസിഐ കാർഡുള്ള പ്രവാസി ഇന്ത്യക്കാരെ അലട്ടിയ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം. കുട്ടികൾക്കും അമ്പതു വയസു കഴിഞ്ഞവർക്കും പുതുക്കിയ പാസ്‌പോർട്ടിന് ഒപ്പം ഒസിഐ കാർഡും പുതുക്കിയിരിക്കണമെന്ന നിർദ്ദേശം പതിനായിരങ്ങളെയാണ് അങ്കലാപ്പിൽ ആക്കിയിരുന്നത്. ഓരോ അവധിക്കാലത്തും അനേകായിരങ്ങൾ ചങ്കിടിപ്പോടെയാണ് നാട്ടിൽ പോകാൻ തയ്യാറെടുപ്പു നടത്തിയിരുന്നതും. നിയമം ലംഘിക്കാൻ ഉള്ള തീവ്ര അഭിലാഷം കൊണ്ടല്ല ഒസിഐ കാർഡ് പുതുക്കാൻ മിക്കവരും തയ്യാറാകാതിരുന്നത്.

മറിച്ചു അതിനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഏജൻസി വിഎഫ്എസിലെ നൂലാമാലകളും അപേക്ഷയിലെ സങ്കീർണതകളുമാണ് പലരെയും കാർഡ് പുതുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്. ഇതിനിടയിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നും അനേകം പ്രവാസികളെ യാത്ര ചെയ്യുന്നതിൽ നിന്നും എയർലൈനുകൾ വിലക്കുക കൂടി ചെയ്തതോടെ മറ്റു രാജ്യങ്ങളിൽ പൗരത്വം ഉള്ള മുഴുവൻ ഇന്ത്യക്കാരുടെയും ഉറക്കം കെടുത്തുന്ന വിഷയമായി പരിണമിക്കുക ആയിരുന്നു ഒസിഐ കാർഡ് നിയമ ഭേദഗതി.

എന്നാൽ കഴിഞ്ഞ ദിവസം രൂപം നൽകിയ ഓൺലൈൻ അപേക്ഷയിൽ മണിക്കൂറുകൾ കൊണ്ട് ആയിരങ്ങൾ ഒപ്പിട്ടതോടെ വിഷയം കേന്ദ്ര സർക്കാരിന്റെ മുന്നിൽ എത്തുക ആയിരുന്നു. പൗരത്വ ചർച്ചകൾ ഇന്ത്യയിൽ കൊടുമ്പിരി കൊണ്ടിരിക്കുന്നതിനാൽ ഒസിഐ കാർഡ് പുതുക്കൽ സംബന്ധിച്ച പരാതിയും സ്വാഭാവികമായും കൂടുതൽ ശ്രദ്ധ നേടി. ഒടുവിൽ പ്രവാസികളുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ട കേന്ദ്ര സർക്കാർ ഉടൻ ആറു മാസത്തെ കാലാവധി നീട്ടി നൽകി ഉത്തരവ് ഇറക്കുക ആയിരുന്നു.

ഇക്കാര്യം ലണ്ടനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി വി മുരളീധരൻ ആവർത്തിച്ചപ്പോൾ നീണ്ട കരഘോഷത്തോടെയാണ് ഇന്ത്യൻ പ്രവാസി സമൂഹം സ്വീകരിച്ചത്. എന്നാൽ കരഘോഷം നിലക്കും മുൻപ് തന്നെ ഒരു ഓർമ്മപ്പെടുത്തൽ നടത്താനും മന്ത്രി മറന്നില്ല. സർക്കാർ നൽകിയ കാലാവധിയിൽ ഏവരും കാർഡ് പുതുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലോക രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ സ്‌പെയിനിൽ നടന്ന ചടങ്ങിന് ശേഷം ഇന്ത്യയിലേക്കുള്ള മടക്ക യാത്രയിലാണ് അദ്ദേഹം ലണ്ടനിൽ എത്തിയത്. ഇന്ത്യൻ ഹൈ കമ്മീഷൻ ഒരുക്കിയ സ്വീകരണ പരിപാടിയിൽ നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവരാണ് സ്നേഹം പങ്കിടാൻ നെഹ്‌റു സെന്ററിൽ എത്തിയത്. സ്വാഭാവികമായും നിരവധി പരാതികളും മന്ത്രിയെ തേടി എത്തിയിട്ടുണ്ട്. സാധിക്കും വിധം എല്ലാത്തിനും പരിഹാരം കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ചു വിദേശത്തു പോകുന്ന മന്ത്രിമാർ തീർച്ചയായും ഇന്ത്യൻ പ്രവാസികളെ കണ്ടിരിക്കണമെന്നും അവർക്കു പറയാൻ ഉള്ളത് കേൾക്കണമെന്നും ഉള്ള കാര്യം വ്യക്തമാക്കിയപ്പോൾ നിറഞ്ഞ സദസ്സിനും ആവേശമായി. കുറഞ്ഞ പക്ഷം ഞങ്ങളെ കേൾക്കാൻ എങ്കിലും തയ്യാറാണല്ലോ എന്ന ഭാവത്തിലാണ് പിന്നീട് മിക്കവരും നേരിൽ കണ്ടു മന്ത്രിയോട് പരാതികളുടെ പരിഭവക്കെട്ട് അഴിച്ചത്.

കഴിഞ്ഞ അഞ്ചര വർഷമായി ലോകമെങ്ങും ഉള്ള പ്രവാസികളെ കൂട്ടിയിണക്കാൻ ഇതിനു മുൻപ് ഒരു സർക്കാരും ചെയ്യാത്ത ശ്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാരുകൾ ചെയ്യുന്നതെന്നും അദ്ദേഹം ആമുഖമായി വ്യക്തമാക്കി. നാലോ അഞ്ചോ ആറോ തലമുറകളായി പ്രവാസികൾ ആയി കഴിയുന്നവരെയും ഇന്ത്യൻ ജനതയോടൊപ്പം കാണുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ താൽപ്പര്യം ഈ സർക്കാരിന്റെ കീഴിൽ പൂർണമായും സംരക്ഷിക്കപ്പെടും.

അതുകൊണ്ടാണ് ഇന്ത്യയും ലോകവുമായുള്ള പാലമായി മാറുകയാണ് പ്രവാസി സമൂഹമെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ കാരണത്താൽ ലോകമെങ്ങും പ്രവാസികളുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഭാഗമായാണ് നരേന്ദ്ര മോദി ലണ്ടനിൽ എത്തിയതും ലോകത്തെ ഒരു ജനകീയ നേതാവിനും ലഭിക്കാത്ത വിധമുള്ള സ്വീകരണം ഇന്ത്യക്കാർ നൽകിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രവാസികൾ മാതൃനാടിനോട് കാണിക്കുന്ന സ്നേഹവും കൂറും ഇന്ത്യൻ സർക്കാരിന് വ്യക്തമായ ധാരണയുള്ള കാര്യം ആണെന്നും അദ്ദേഹം സൂചിപ്പിക്കാൻ മറന്നില്ല.

ഈ വർഷം ലോകത്തിനു മുന്നിൽ ഇന്ത്യ പ്രധാനമായും നൽകുന്ന രണ്ടു കാര്യങ്ങളിൽ ഒന്നാണ് മഹാത്മാ ഗാന്ധിയുടെ 150 ജന്മദിന ആഘോഷ പരിപാടികൾ. യുഎൻ നേതൃത്വത്തിലാണ് പലയിടത്തും ചടങ്ങുകൾ നടക്കുക. യുഎൻ ആസ്ഥാനത്തിന്റെ മേൽക്കൂരയെ സോളാർ പാനൽ കവചം അണിയിച്ചാണ് ആഘോഷങ്ങൾക്ക് തുടകമായിരിക്കുന്നത്. ഊർജ്ജ സംരക്ഷണം എന്ന ഗാന്ധിയുടെ പ്രഖ്യാപിത ലക്ഷ്യം ലോകത്തിനു മുന്നിൽ സമർപ്പിക്കുകയാണ് ഇന്ത്യ.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച കാര്യത്തിൽ ഫ്രാൻസുമായി കൈകോർത്താണ് ഇന്ത്യ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗാന്ധി സന്ദേശങ്ങൾ ലോകത്ത് എവിടെ പോയാലും കാണാൻ സാധിക്കുന്നു എന്നതാണ് സവിശേഷത. ലോകം കാത്തിരിക്കുന്ന മാറ്റങ്ങൾ പലതും ഇന്ത്യയിൽ നിന്നും ഉണ്ടാകും. രണ്ടാമത്തെ കാര്യം ഗുരു നാനാക്കിന്റെ 550-ാം വാർഷിക ചടങ്ങുകളാണ്. ഈ രണ്ടു ചടങ്ങുകളും ഇന്ത്യ ലോകത്തിനു നൽകിയ സംഭാവനകൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്ന അവസരങ്ങളായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലും ബ്രിട്ടനിലും പൊതുതിരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാരുകൾ അധികാരത്തിൽ എത്തിയ സമയം കൂടി ആയതിനാൽ രണ്ടു രാജ്യങ്ങളും തമ്മിൽ ഒട്ടേറെ പുതു വ്യപാര ബന്ധങ്ങൾ ആരംഭിക്കാൻ ഉള്ള അവസരമായി മാറുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും ഇന്നും ലോകം അത്ഭുതത്തോടെയാണ് കാണുന്നത്. കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞതും പൗരത്വ ബിൽ സംബന്ധിച്ചും വിശദമായി പ്രതിപാദിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ദീർഘകാലമായി രാജ്യം നേരിടുന്ന പ്രശ്ങ്ങൾക്കു ഉള്ള പരിഹാരമാണ് ഇന്ത്യൻ പാർലമെന്റ് തേടുന്നത്. സ്വന്തം ജനങ്ങളുടെ സുരക്ഷാ ഏതു സർക്കാരിനും അതി പ്രധാനമാണ്. അതുറപ്പാക്കാൻ ഉള്ള ബാധ്യത നിറവേറ്റുകയാണ് സർക്കാർ ചെയ്യുന്നത്. ലോകത്തെ കൂടുതൽ മികച്ചതാക്കുക എന്ന ദൗത്യം കൂടിയാണ് ഇന്ത്യ ഇപ്പോൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP