Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എങ്ങനെ കൊച്ചിക്കാരുടെ നടു ഒടിയാതിരിക്കും! എറണാകുളത്ത് കണ്ടെത്തിയത് 58 ബ്ലാക് സ്പോട്ടുകൾ; പതിവായി റോഡപകടം നടക്കുന്ന 58 റോഡുകൾ ബ്ലാക് സ്പോട്ട് പരിധിയിൽ; റോഡുകളിൽ ഉടൻ തന്നെ സുരക്ഷാ ക്രമീകണങ്ങൾ ഒരുക്കാനും തീരുമാനം; നിരത്തിൽ വില്ലനാവുന്ന കുഴികളെ നികത്താനും മറ്റ് പാളിച്ചകൾ തിരുത്താനും ഒരുങ്ങി ജില്ലാ ഭരണകൂടവും

എങ്ങനെ കൊച്ചിക്കാരുടെ നടു ഒടിയാതിരിക്കും! എറണാകുളത്ത് കണ്ടെത്തിയത് 58 ബ്ലാക് സ്പോട്ടുകൾ; പതിവായി റോഡപകടം നടക്കുന്ന 58 റോഡുകൾ ബ്ലാക് സ്പോട്ട് പരിധിയിൽ; റോഡുകളിൽ ഉടൻ തന്നെ സുരക്ഷാ ക്രമീകണങ്ങൾ ഒരുക്കാനും തീരുമാനം; നിരത്തിൽ വില്ലനാവുന്ന കുഴികളെ നികത്താനും മറ്റ് പാളിച്ചകൾ തിരുത്താനും ഒരുങ്ങി ജില്ലാ ഭരണകൂടവും

പി.എസ് സുവർണ

കൊച്ചി : എറണാകുളം ജില്ലയിൽ മരണത്തിന് ഇടയാക്കുന്ന 58 ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടെന്ന് കണ്ടെത്തി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ്ങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്). കേരള റോഡ് സേഫ്റ്റി അഥോറിറ്റിക്കു വേണ്ടി നാറ്റ്പാക് നടത്തിയ സർവേയിലാണ് എറണാകുളം ജില്ലയിലെ ഉയർന്ന അപകട, സാധാരണ അപകട സാധ്യതാ സ്ഥലങ്ങൾ കണ്ടെത്തിയത്. അങ്ങനെ പതിവായി റോഡപകടം നടക്കുന്ന 58 റോഡുകളെ കണ്ടെത്തി അവയെ ബ്ലാക്ക് സ്പോട്ടുകളായി കണക്കാക്കുകയായിരുന്നു. ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയ റോഡുകളിൽ ഉടനെ തന്നെ മുന്നറിയിപ്പ് ബോർഡുകളും, സിഗ്‌നലുകളും സ്ഥാപിക്കും. ഇതിന് പുറമേയുള്ള മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉടനെ തന്നെ ഒരുക്കും.

അതേസമയം കണ്ടെത്തിയ ബ്ലാക്ക് സ്പോട്ടുകളിൽ ഉടൻ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന റിപ്പോർട്ട് സംസ്ഥാന റോഡ് സുരക്ഷാ അഥോറിറ്റിക്ക് മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അനുസരിച്ച് ചില റോഡുകളിൽ മാത്രമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

യഥാർത്ഥത്തിൽ മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിട്ടത് സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുക, ഹമ്പുകൾ സ്ഥാപിക്കുക, ഡിവൈഡറുകൾ സ്ഥാപിക്കുക, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, സീബ്രാ വരകൾ ക്രമീകരിക്കുക, റോഡിലെ തടസങ്ങൾ നീക്കുക എന്നീ കാര്യങ്ങൾ നടപ്പിലാക്കാനാണ്. എന്നാൽ ഫണ്ടിന്റെ കുറവ് മൂലം പല റോഡുകളിലും ഈ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല.

അങ്കമാലി ജങ്ഷൻ, വൈറ്റില ജങ്ഷൻ, കുണ്ടന്നൂർ സർവീസ് റോഡ് ജങ്ഷൻ, പുളിഞ്ചോട് മോട്രോ സ്റ്റേഷൻ, കലൂർ ജങ്ഷൻ, തൃപ്പൂണിത്തുറ എസ്.എൻ. ജങ്ഷൻ, ബി.ഒ.ടി. ബ്രിഡ്ജ് ജങ്ഷൻ, കാലടി ജങ്ഷൻ, ദേവസ്വം നട ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളാണ് ബ്ലാക്ക് സ്പോട്ടായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെയെല്ലാം ഉടൻ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ നടത്താനാണ് തീരുമാനമായിരിക്കുന്നതും. അതേസമയം ജില്ലയിൽ 75 ബ്ലാക്ക് സ്പോട്ടുകളുണ്ടന്നാണ് ഒരു വർഷം മുമ്പ് നാറ്റ്പാക് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

എന്താണ് ബ്ലാക് സ്പോട്ട്

ബ്ലാക് സ്പോട്ടുകൾ നിർണയിക്കുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ്. റോഡിന്റെ 500 മീറ്റർ പരിധിയിലായി മൂന്ന് വർഷത്തിനകം വിവിധ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ സ്ഥലം ബ്ലാക് സ്പോട്ടായി പരിഗണിക്കപ്പെടും. റോഡ് നിർമ്മാണത്തിലെ പിഴവുകൾ, കൊടും വളവ്, വെളിച്ചക്കുറവ്, മുന്നറിയിപ്പുകളുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ബ്ലാക് സ്പോട്ടുകൾ തീരുമാനിക്കുന്നത്

റോഡിൽ പതിയിരിക്കുന്ന അപകടങ്ങൾ നാൾക്കുനാൾ വർദ്ധിച്ച് വരുകയാണ്. റോഡിലെ കുഴികളും, വെളിച്ചക്കുറവും, മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുമാണ് ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം. എന്നാൽ ഇതിനൊന്നും ഇതുവരെയും ഒരു ശാശ്വത പരിഹാരവും ഉണ്ടായിട്ടില്ല. പാലാരിവട്ടം സിവിൾ ലൈൻ റോഡിലും, കാക്കനാട് ഇൻഫോപാർക്ക് റോഡിലുമുള്ള കുഴികളിൽ ഇരുചക്ര വാഹനക്കാർ വീഴുന്നതും പതിവാണ്.

ഇൻഫോപാർക്കിലേക്കുള്ള റോഡിൽ കുസുമഗിരിക്ക് സമീപം ഒരു വലിയ ഗർത്തം തന്നെയാണ് ഉള്ളത്. ഈ കുഴിയിൽ ഇരുചക്ര വാഹനക്കാർ വീഴുന്നത് പതിവാണ്. നല്ല തിരക്കുള്ള റോഡായതിനാൽ തന്നെ അപകട സാധ്യതയെറേയുള്ള ഇത്തരം റോഡുകളിൽ നിന്ന് ഇതുപോലെയുള്ള ഗർത്തങ്ങൾ നീക്കം ചെയ്യാത്തത് തികച്ചും നിരുത്തരവാദം തന്നെയാണ്.

ഒരോ അപകട മരണങ്ങൾ കഴിയുമ്പോഴും പേരിന് വേണ്ടി ജനങ്ങളെ സമാധാനപ്പെടുത്തുന്നതിനായി റോഡിലെ കുഴികൾ നികത്തും എന്നാൽ ഒരു മഴ പെയ്യുന്നതോടെ ഇവ വീണ്ടും പഴയ അവസ്ഥയിലാകും. സ്റ്റേഡിയം റോഡിലും, പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപവും ഉള്ള കുഴികളിലായി വീണ് രണ്ട് ചെറുപ്പക്കാരാണ് ഈ അടുത്ത് മരണപ്പെട്ടത്.

അങ്കമാലി ക്യാമ്പ് ഷെഡ് റോഡിൽ നടന്ന അപകടവും റോഡിലെ കുഴിയിൽ വീണ് ഉണ്ടായതാണ്. എന്നാൽ അപകടത്തിന് പിന്നാലെ പി.ഡബ്ലൂ.ഡി അധികൃതർ റോഡിലെ കുഴികൾ അടച്ചു. റോഡുകളുടെ ശോചനീയ അവസ്ഥയാണ് ഒട്ടുമിക്ക റോഡപകടങ്ങൾക്കും കാരണമെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP