Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിനോദ സഞ്ചാര ബസുകൾക്ക് കൂച്ചുവിലങ്ങിടുമ്പോഴും നിയമം തെറ്റിച്ച് റോക്കറ്റ് പോലെ പറന്ന് കെ.,എസ്.ആർ.ടി.സി; സ്വന്തം വാഹനത്തിൽ ക്യാമറ പിടിപ്പിച്ച് മറ്റുള്ളവരുടെ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ ഇറങ്ങിയ കെഎസ്ആർടിസി അമിതവേഗത്തിന് പിഴ അടയ്ക്കാനുള്ളത് ലക്ഷങ്ങൾ; ഒരേ ബസ് തന്നെ നിയമം ലംഘിച്ചത് നൂറിലധികം തവണ: നാലു വർഷത്തിലധികമായി പിഴ ഒടുക്കുന്നില്ലെന്നും കണക്കുകൾ; വാഹന പരിശോധനയുടെ പേരിൽ സ്വകാര്യ ബസുകളെ പിഴിയുന്ന മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന പ്രഹസനമോ?

വിനോദ സഞ്ചാര ബസുകൾക്ക് കൂച്ചുവിലങ്ങിടുമ്പോഴും നിയമം തെറ്റിച്ച് റോക്കറ്റ് പോലെ പറന്ന് കെ.,എസ്.ആർ.ടി.സി; സ്വന്തം വാഹനത്തിൽ ക്യാമറ പിടിപ്പിച്ച് മറ്റുള്ളവരുടെ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ ഇറങ്ങിയ കെഎസ്ആർടിസി അമിതവേഗത്തിന് പിഴ അടയ്ക്കാനുള്ളത് ലക്ഷങ്ങൾ; ഒരേ ബസ് തന്നെ നിയമം ലംഘിച്ചത് നൂറിലധികം തവണ: നാലു വർഷത്തിലധികമായി പിഴ ഒടുക്കുന്നില്ലെന്നും കണക്കുകൾ; വാഹന പരിശോധനയുടെ പേരിൽ സ്വകാര്യ ബസുകളെ പിഴിയുന്ന മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന പ്രഹസനമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വന്തം കണ്ണിലെ കോലെടുത്തിട്ടാകാം അന്യന്റെ കണ്ണിലെ കരട് എടുക്കുന്നത് എന്ന പഴഞ്ചൊല്ല് ശരിക്കും ചേരുക കെഎസ്ആർടിസിക്കാണ്. വരുമാനമുണ്ടാക്കാൻ വേണ്ടി സ്വന്തം ബസിന്റെ മുന്നിലും പിന്നിലും ക്യാമറ ഘടിപ്പിച്ച് മറ്റു വാഹനങ്ങളുടെ നിയമലംഘനം കണ്ടുപിടിക്കാൻ ഇറങ്ങുന്ന കെഎസ്ആർടിസി അമിത വേഗത്തിനും സിഗ്‌നൽ തെറ്റിച്ച് ഓടിയതിനും സർക്കാരിലേക്ക് അടയ്ക്കാനുള്ള പിഴ ലക്ഷങ്ങളാണ്. സിഗ്‌നൽ തെറ്റിച്ചുള്ള ഓട്ടം, അമിത വേഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണ ക്യാമറകളിൽ കെഎസ്ആർടിസി ബസുകൾ കുടുങ്ങിയിട്ടുള്ളത്.

ഒരേ ബസ് തന്നെ കുറ്റകൃത്യം ആവർത്തിക്കുന്നുവെന്നതാണ് ഏറെ രസകരം. അമിതവേഗത്തിന് 100 തവണ ക്യാമറക്കണ്ണിൽ പതിഞ്ഞ കെഎസ്ആർടിസി ബസുണ്ട്. ഒരു ചില്ലിക്കാശു പോലും പിഴയായി കെഎസ്ആർടിസി അടച്ചിട്ടില്ല. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പും തയാറല്ല. ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടവേളയിൽ കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത് മൂന്നു തവണ അമിതവേഗത്തിന് പിടിയിലായപ്പോഴാണ്.

കെ.എസ്ആർടിസിയുടെ കെഎൽ 15 എ 1414 മുതൽ 1431 വരെ സീരീസിൽ രജിസ്റ്റർ നമ്പരുള്ള ബസുകളുടെ നിയമലംഘനം സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിൽ കയറി പരിശോധിച്ചാൽ ഞെട്ടിപ്പോകും. കെഎൽ 15 എ 1420 നമ്പരിലുള്ള ബസ് 100 തവണയാണ് അമിത വേഗത്തിന് ക്യാമറക്കണ്ണിൽ പതിഞ്ഞിരിക്കുന്നത്. ഒരു തവണ അമിതവേഗത്തിന് പിടിക്കപ്പെട്ടാൽ അടയ്ക്കേണ്ട പിഴ കഴിഞ്ഞ ഓഗസ്റ്റ് 31 വരെ 400 രൂപയായിരുന്നു. ആദ്യ തവണ പിടിയിലാകുമ്പോൾ 300 രൂപയാണ് പിഴ. രണ്ടാം തവണ മുതൽ 400 രൂപയും നൽകണം.

100 തവണ അമിത വേഗത്തിന് പിടിയിലായ ബസ് 40,000 രൂപയാണ് പിഴ ഇനത്തിൽ സർക്കാരിന് അടയ്ക്കേണ്ടത്.സെപ്റ്റംബർ ഒന്നു മുതൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു. ഇതിൻ പ്രകാരം അമിത വേഗത്തിന് ബസുകൾ പിഴയായി നൽകേണ്ടത് 4000 രൂപയാണ്. കെഎസ്ആർടിസി ബസുകൾക്കൊന്നിനും സ്പീഡ് ഗവർണർ ഘടിപ്പിച്ചിട്ടില്ല. 60 കിലോ മീറ്ററാണ് നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ് ബസുകൾക്ക് അനുവദിച്ചിരിക്കുന്ന വേഗം. പിന്നീട് റോഡുകൾ മെച്ചപ്പെട്ടപ്പോൾ വേഗപരിധി 70 കിലോ മീറ്ററായി പുതുക്കി നിശ്ചയിച്ചു.

എന്നാൽ, കെഎസ്ആർടിസി ബസുകൾ പായുന്നത് 80-90 കി.മീറ്റർ വേഗത്തിലാണ്. അമിതവേഗത്തിനുള്ള പിഴ വർധിപ്പിച്ചതോടെ ക്യാമറകളുടെ കണ്ണിൽപ്പെടാതിരിക്കാൻ ഡ്രൈവർമാർ പുതിയ തന്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. റോഡിന്റെ ഇടതു വശത്തുള്ള ക്യാമറയുടെ പിടിയിൽ വീഴാതിരിക്കാൻ, വരുന്ന വേഗതയിൽ പൊടുന്നനവേ വലത്തേക്ക് മാറ്റി ഓടിക്കുകയാണ് ഡ്രൈവർമാർ ചെയ്യുന്നത്. ഇതേ സമയം തന്നെ എതിർദിശയിൽ നിന്ന് വരുന്ന കെഎസ്ആർടിസി മറുവശത്തേക്ക് വെട്ടിച്ചു മാറുകയും ചെയ്യും. ഇത് വൻ അപകടത്തിന് കാരണമാകുന്നുമുണ്ട്.

രണ്ടിലധികം തവണ അമിതവേഗത്തിന് പിടിയിലാകുന്ന ബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണമെന്നാണ് നിയമം. ഇതിനുള്ള നടപടികളും ഇപ്പോഴില്ല. കെഎൽ15 എ 2110 മുതൽ 2163 വരെയുള്ള സീരിസുകളും അമിതവേഗത്തിന് പല തവണ പിടിക്കപ്പെട്ടിട്ടുണ്ട്.കെഎൽ 15 എ 14144 മുതൽ 1431 വരെയുള്ള ബസുകൾ 2016 മുതൽ 19 വരെ അമിതവേഗത്തിന് ക്യാമറയിൽ പതിഞ്ഞതിന്റെ കണക്ക്. 1414-27, 1415-15, 1416-മൂന്ന്, 1417-ഒന്ന്, 1418-ഒമ്പത്, 1419-69, 1420-100, 1421-94, 1422-57, 1423-37, 1424-26, 1425-69, 1426-20, 1427-31, 1428-61, 1429-71, 1430-28, 1431-36.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP