Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിഴക്കമ്പലത്ത് വിരിഞ്ഞ കോർപ്പറേറ്റ് വസന്തം അസ്തമിക്കുന്നുവോ? പഞ്ചായത്ത് പ്രസിഡന്റും കിറ്റക്‌സ് ഉടമയും രണ്ട് വഴിക്കെന്ന് സൂചന; സാബു ജേക്കബും കെവി ജേക്കബും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നത് ഒരു വിഭാഗം ട്വന്റി20 പ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചതോടെയെന്ന് റിപ്പോർട്ട്; പ്രളയകാലത്ത് പിരിച്ച ഒരു കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും ചർച്ചകളിൽ; അവിശ്വാസ പ്രമേയം മറുനാടനോട് സ്ഥിരീകരിച്ച് പഞ്ചായത്ത് സെക്രട്ടറി; കിഴക്കമ്പലത്തെ ട്വന്റി20യുടെ ഭാവി അനിശ്ചിതത്വത്തിൽ

കിഴക്കമ്പലത്ത് വിരിഞ്ഞ കോർപ്പറേറ്റ് വസന്തം അസ്തമിക്കുന്നുവോ? പഞ്ചായത്ത് പ്രസിഡന്റും കിറ്റക്‌സ് ഉടമയും രണ്ട് വഴിക്കെന്ന് സൂചന; സാബു ജേക്കബും കെവി ജേക്കബും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നത് ഒരു വിഭാഗം ട്വന്റി20 പ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചതോടെയെന്ന് റിപ്പോർട്ട്; പ്രളയകാലത്ത് പിരിച്ച  ഒരു കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും ചർച്ചകളിൽ; അവിശ്വാസ പ്രമേയം മറുനാടനോട് സ്ഥിരീകരിച്ച് പഞ്ചായത്ത് സെക്രട്ടറി; കിഴക്കമ്പലത്തെ ട്വന്റി20യുടെ ഭാവി അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇരു മുന്നണികളെയും വിറപ്പിച്ച് കിഴക്കമ്പലത്ത് അധികാരം പിടിച്ച കിറ്റെക്‌സ് നേതൃത്വം നൽകിയ ട്വന്റി20 യിൽ ഭിന്നതയെന്ന് സൂചന. ട്വന്റി20 ചീഫ് കോർഡിനേറ്ററും, കിറ്റെക്‌സ് ഉടമയുമായ സാബു ജേക്കബും, പഞ്ചായത്ത് ഭരണ സമിതിയും തമ്മിൽ പ്രശ്‌നമുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. കെവി ജേക്കബാണ് കിഴക്കമ്പലത്തെ പ്രസിഡന്റ്. കെവി ജേക്കബ് രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ വിവാദങ്ങളിൽ പരസ്യ പ്രതികരണത്തിന് ഇരുകൂട്ടരും തയ്യാറല്ലെന്നതും ശ്രദ്ധേയമാണ്. എല്ലാം ചില തത്പര കക്ഷികളുടെ പ്രചരണമാണെന്നും പറയുന്നു. അതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ്ത്തിന് ഒരു വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് പഞ്ചായത്ത് സെക്രട്ടറി മറുനാടനോട് സ്ഥിരീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതിക്കെതിരെ ഒരു വിഭാഗം ട്വന്റി20 പ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. സാബു ജേക്കബ് ഇവർക്കൊപ്പം ചേർന്ന് അഴിമതി ആരോപണം അംഗീകരിക്കും വിധം ട്വന്റി 20 ജനറൽ ബോഡിയിൽ സംസാരിച്ചു. ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ് സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രസിഡന്റ് ഉടൻ രാജിവയ്ക്കുമെന്നാണ് സൂചന. അടുത്ത വർഷമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഇതിനിടെയുണ്ടായ വിവാദങ്ങൾ കിഴക്കമ്പലത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

പഴയതും പുതിയതുമായ സാമ്പത്തിക ഇടപാടുകൾ ഇരുകൂട്ടരും ഉയർത്തുന്നുണ്ട്. പ്രളയത്തിന്റെ പേരിൽ പിരിച്ച 1 കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. പ്രകോപിതനായ സാബു ജേക്കബ് പ്രസിഡന്റിന്റെയും, മെമ്പർമാരുടെയും രാജി ആവശ്യപ്പെട്ടു. കിഴക്കമ്പലത്ത് ഒഴിച്ച് കേരളത്തിൽ എവിടെ മത്സരിച്ചാലും ട്വന്റി20 അനായാസം ജയിക്കുമെന്നും, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളൊന്നും പഞ്ചായത്തിൽ നടന്നിട്ടില്ലെന്നും സാബു ജേക്കബ് പൊതു യോഗത്തിൽ സ്വയം വിമർശനവും നടത്തി.

പഞ്ചായത്ത് ഭരണസമിതിയും, ട്വന്റി20 നേതൃത്വവും ഏറ്റുമുട്ടലിന്റെ പാതയിലായതോടെ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ട്വന്റി20യുടെ ഭാവിയും അനിശ്ചിതത്വത്തിലായി. കേരളം മുഴുവൻ ശ്രദ്ധിച്ച രാഷ്ട്രിയത്തിലെ കോർപ്പറേറ്റ് വസന്തമാണ് കിഴക്കമ്പലം മോഡൽ. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. അതുകൊണ്ട് തന്നെ കിഴക്കമ്പലത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനും നീക്കം സജീവമായി നടക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനേയും സാബു ജേക്കബിനേയും ഒരുമിച്ച് ചർച്ചകളിലൂടെ ഒരുമിപ്പിക്കാനാണ് നീക്കം.

69 ശതമാനം വോട്ടോടെ, ട്വന്റി-20 കിഴക്കമ്പലം പഞ്ചായത്ത് പിടിക്കുമ്പോൾ, രാഷ്ട്രീയ കക്ഷികളെല്ലാം ജനപിന്തുണ കണ്ട് തലയിൽ കൈവച്ചുപോയിരുന്നു. രാഷ്ട്രീയത്തിലെ കോർപറേറ്റവൽകരണം എന്ന് ആക്ഷേപിച്ചു. വികസനത്തിന്റെ പുത്തൻ മാതൃകകളുമായി ട്വന്റി-20 കുതിച്ചു. പഞ്ചായത്തിലുള്ള മുഴുവൻ സ്ഥിരതാമസക്കാർക്കും അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും നൽകി വരുന്ന ട്വന്റി-20 വിസ്മയമായി. കിഴക്കമ്പലത്തിന്റെ സ്വന്തം കിറ്റെക്സ് എന്ന പ്രസ്ഥാനം രൂപം കൊടുത്ത പാർട്ടിയാണ് ടി20. പഞ്ചായത്തിലെ 36000 പേരെ നാലു വിഭാഗമായി തിരിച്ച് കാർഡ് നൽകിയാണ് പഞ്ചായത്ത് ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നത്. ചുവപ്പു കാർഡുള്ളവർക്ക് എല്ലാം സൗജന്യമാണ്. അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും 90 രൂപയ്ക്ക് ഒരു കിലോ വെളിച്ചെണ്ണയും 15 രൂപയ്ക്ക പഞ്ചസാരയും വാങ്ങുന്ന കിഴക്കമ്പലം സ്വദേശികൾക്ക് ട്വന്റി20 അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

വീടില്ലാത്തവർക്ക് സൗജന്യമായി വീടു പണിതു നൽകുന്നതാണ് ഏറ്റവും ഒടുവിലായി പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന പദ്ധതി. സൗജന്യ ആരോഗ്യ പദ്ധതി, പഞ്ചായത്തിൽ സൗജന്യ വൈ ഫൈ, ഗർഭിണികൾക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികളും 36,000 പേരുള്ള കിഴക്കമ്പലം പഞ്ചായത്തിലെ മാത്രം പ്രത്യേകതകളാണ്. വെറും അഞ്ചു കോടി രൂപ മാത്രം വാർഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം ഒഴുക്കുന്നത് കിറ്റെക്സായിരുന്നു്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ കിറ്റെക്സ് ഏറ്റെടുത്തിരുന്നു. സിഎസ്ആർ പദ്ധതിയിൽ സ്ഥാപനങ്ങൾ ലാഭത്തിന്റെ രണ്ടു ശതമാനം ചെലവഴിക്കണമെന്നാണ് നിയമം. എന്നാൽ തങ്ങൾ 6-8 ശതമാനം പണമാണ് ചെലവഴിക്കുന്നതെന്ന് കിറ്റെക്സ് എംഡിയും ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രവുമായ സാബു എം. ജേക്കബ് പറയുകയും ചെയ്തിരുന്നു.

ടി20 പാർട്ടിയുടെ പ്രവർത്തകർക്ക് രാഷ്ട്രീയം ഒരു തൊഴിലല്ല. സേവനമാണ്. 2020 ആകുമ്പോഴത്തേക്ക് രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ആവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബും വ്യക്തമാക്കിയിരുന്നു. ഈ പഞ്ചായത്തിലാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. 19 വാർഡിൽ 18 ഇടത്തും ട്വന്റി ട്വന്റിയുടെ ജനപ്രതിനിധികളാണ്. ഒരിടത്ത് എസ് ഡി പി ഐയും ജയിച്ചു. അങ്ങനെ ജനകീയ മുന്നേറ്റത്തിലൂടെയാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ഭരണം പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP