Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺക്രീറ്റ് പണിക്കാരന്റെ സ്വഭാവത്തിന് മാറ്റം വന്നത് പെട്ടെന്ന്; അമ്മയും സഹോദരിയും കോവളത്തേക്ക് പോയപ്പോൾ നയിച്ചത് ഒറ്റപ്പെട്ട ജീവിതം; ആളൊഴിഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ കമ്പിയിൽ തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുകയും തീവെക്കുകയും ചെയ്തതുകൊടും ക്രിമിനലുകൾ; മോഷണ കഥയും ക്വട്ടേഷൻ നൽകലും ഗൂഢാലോചനയെന്ന് സംശയിച്ച് പൊലീസ്; മോഷണ പശ്ചാത്തലമില്ലാത്ത യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത് എന്തിന്? അജേഷ് അനുഭവിച്ചതും അട്ടപ്പാടിയിലെ മധുവിന് നേരിടേണ്ടി വന്ന അതേ ക്രൂരത

കോൺക്രീറ്റ് പണിക്കാരന്റെ സ്വഭാവത്തിന് മാറ്റം വന്നത് പെട്ടെന്ന്; അമ്മയും സഹോദരിയും കോവളത്തേക്ക് പോയപ്പോൾ നയിച്ചത് ഒറ്റപ്പെട്ട ജീവിതം; ആളൊഴിഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ കമ്പിയിൽ തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുകയും തീവെക്കുകയും ചെയ്തതുകൊടും ക്രിമിനലുകൾ; മോഷണ കഥയും ക്വട്ടേഷൻ നൽകലും ഗൂഢാലോചനയെന്ന് സംശയിച്ച് പൊലീസ്; മോഷണ പശ്ചാത്തലമില്ലാത്ത യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത് എന്തിന്? അജേഷ് അനുഭവിച്ചതും അട്ടപ്പാടിയിലെ മധുവിന് നേരിടേണ്ടി വന്ന അതേ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

കോവളം: തിരുവനന്തപുരത്തെ ആൾക്കൂട്ടകൊലയിൽ ദുരൂഹതകൾ ഏറെ. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത് കേരളം ഏറെ ചർച്ച ചെയ്തതായിരുന്നു. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് 2018 ഫെബ്രുവരി 22ന് പകൽ 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്.

മധുവിന്റെ കൊലപാതകത്തിലും ഇയാളെ ഒഴിവാക്കാനുള്ള നാട്ടുകാരുടെ ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നു. ഇത് തന്നെയാണ് കോവളത്തും നടന്നത്. ക്രൂരമായി യുവാവിനെ കൊന്നിട്ടും സാസ്‌കാരിക കേരളം പ്രതികരിക്കുന്നു പോലുമില്ല. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലയിൽ കണ്ണീരൊഴുക്കുന്നവരും കോവളത്തെ പ്രശ്‌നത്തെ ഗൗരവത്തോടെ കാണുന്നില്ല. അതുകൊണ്ട് തന്നെ അജേഷിന്റെ ആൾക്കൂട്ട കൊലപാതകം മോഷണത്തെ തുടർന്നുള്ള പ്രതികാരത്തിൽ മാത്രമായി ഒതുങ്ങും.

മോഷണത്തിന്റെ പശ്ചാത്തലമില്ലാത്ത അജേഷിനെ ദൂരെ നിന്നെത്തിയ സംഘംപിടികൂടി മർദ്ദിച്ചും പൊള്ളലേൽപ്പിച്ചും കൊല്ലാൻ കാരണമെന്തെന്നതിനെച്ചൊല്ലി ദുരൂഹത നിഴലിക്കുന്നുണ്ട്. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് കിടന്നുറങ്ങിയ ആളിന്റെ ബാഗ് മോഷണം പോയ സംഭവത്തിൽ കിഴക്കേക്കോട്ടയിൽ നിന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെട്ട സംഘം എങ്ങിനെ അജേഷിനെ സംശയിച്ച് തിരുവല്ലത്തിനു സമീപം വണ്ടിത്തടത്തെത്തി എന്നതും ദുരൂഹം.

ഇതൊരു ക്വട്ടേഷൻ കൊലപാതകം ആണെന്ന സംശയങ്ങളും ഉണ്ട്. ലഹരിക്ക് അടിപ്പെട്ടും ഒറ്റപ്പെട്ടും കഴിഞ്ഞിരുന്ന അജേഷിനെ ശല്യക്കാരനെന്ന നിലയിൽ ഒഴിവാക്കാൻ ആരെങ്കിലും ഈ അവസരം ഉപയോഗിക്കുകയായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നു. പണം കവർന്ന മറ്റാരെങ്കിലും അജേഷിനെ പ്രതിയാക്കാൻ ഈ അവസരം ഉപയോഗച്ചുവെന്നാണ് സൂചന.

മലപ്പുറം സ്വദേശി സജിമോന്റെ ബാഗ് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്ന് കാണാതാകുന്ന 11ന് പുലർച്ചെ മുതൽക്കാണ് സംഭവങ്ങളുടെ തുടക്കം. അജേഷിനെ സജിമോൻ കണ്ടുവെന്നാണ് പൊലീസിനോടു പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. പിന്തുടർന്ന് സജിമോൻ കിഴക്കേക്കോട്ടയിലെത്തി. കമ്പുമായി ഓടിയെത്തിയ സജിമോനെ കണ്ട ഓട്ടോഡ്രൈവർമാർ കാര്യമന്വേഷിച്ചു.

ലക്ഷണം പറഞ്ഞതോടെ പ്രദേശവാസിയായ ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിൽ പ്രതി അജേഷാണെന്നു തീരുമാനിക്കുകയായിരുന്നു. രണ്ടു മൊബൈൽ ഫോണുകളും 40,000 രൂപയും കണ്ടെടുത്തു നൽകിയാൽ പകുതി പണം പ്രതിഫലമായി നൽകാമെന്ന വാഗ്ദാനം കൂടിയായതോടെ സംഘം അജേഷിനെ തിരക്കി പോവുകയും ചെയ്തു. പിടികൂടി കൊല്ലുകയുമായിരുന്നു. 'ക്വട്ടേഷൻ' കൊടുത്ത സജിമോന്റെ പശ്ചാത്തലം സംബന്ധിച്ചും ദുരൂഹതയുണ്ട്. കൊല്ലപ്പെട്ട അജേഷിന് മോഷണത്തിന്റെ പശ്ചാത്തലമില്ലാത്തതും സംശയങ്ങൾക്ക് കാരണമാകുന്നു.

മോഷ്ടാവെന്ന് ആരോപിച്ച് സംഘം ചേർന്നു മർദിച്ചു പൊള്ളലേൽപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലാകും. ഇതോടെ കേസിൽ ഏഴു പ്രതികളാകും. കേസിലെ പ്രധാന പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം സ്വദേശി സജിമോ(35)നെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കല്ലിയൂർ പാപ്പാൻചാണി പുതുവൽ പുത്തൻവീട്ടിൽ അജേഷ്(30) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. എന്നാൽ സജിമോന്റെ പശ്ചാത്തലം സംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ലം എസ്എച്ച്ഒ: സജികുമാർ പറഞ്ഞു.

ബാഗ് നഷ്ടപ്പെട്ടതടക്കം ഇയാളുടെ വാക്കുകൾ വിശ്വാസ യോഗ്യമല്ലെന്നു പൊലീസ് പറഞ്ഞു. ഇയാളിൽ അത്രയും പണം ഉള്ളതായി കരുതുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. നെയ്യാർഡാം മരുതംമൂട് ഭാഗത്താണ് ഇയാൾ കുറേക്കാലമായി താമസം. കേസിൽ ഇനി പിടിയിലാകാനുള്ള പ്രതിയെ തിരിച്ചറിഞ്ഞതായും വൈകാതെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. നേരത്തെ പിടിയിലായ പ്രതികളും റിമാൻഡിലാണ്. ആദ്യം പിടിയിലായ പ്രതികളിൽ പാറശാല സ്വദേശി ജിനേഷ് വർഗീസ്(28) പാറശാല, വലിയതുറ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുള്ള ക്രിമിനലാണ്.

വെള്ളായണിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച അജേഷിന്റെ ജീവിതം ഒറ്റപ്പെട്ടതായിരുന്നു. ആരോടും അധികം സംസാരിക്കാതെ നടക്കുന്ന പ്രകൃതം. നാട്ടുകാർക്ക് യാതൊരു ഉപദ്രവവുമില്ല. പല സ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന സ്വഭാവം. നിർദ്ധന കുടുംബമായിരുന്നു അജേഷിേന്റത്. കോൺക്രീറ്റുപണിക്കു പോയായിരുന്നു അജേഷ് കുടുംബം പുലർത്തിയിരുന്നത്. പെട്ടെന്നാണ് അജേഷിന്റെ സ്വഭാവത്തിനു മാറ്റംവന്നതെന്ന് നാട്ടുകാർ പറഞ്ഞു. ദിവസം കഴിയുന്തോറും ആരോടും മിണ്ടാതായി.

മകന്റെ സ്വഭാവത്തിൽ മാറ്റം വന്നതോടെ അമ്മയും സഹോദരി പ്രിയയും മക്കളും ഭർത്താവും കോവളത്തേക്കു മാറി. വീട്ടിൽ ഒറ്റയ്ക്കായ അജേഷ് പൂർണമായും ആരോടും മിണ്ടാതായി. രാവിലെ വീട്ടിൽനിന്ന് തമ്പാനൂർ, വണ്ടിത്തടം എന്നിവിടങ്ങളിൽ പോകാറുള്ളതു കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. സന്ധ്യ കഴിഞ്ഞാണ് അജേഷ് പലപ്പോഴും വീട്ടിലെത്തിയിരുന്നത്. പാപ്പാൻചാണിയിലെ നാട്ടുകാരോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും അവർ പറയുന്നു.

ആളൊഴിഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ കമ്പിയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷമായിരുന്നു അജേഷിനെ മർദ്ദിക്കുകയും തീവെക്കുകയും ചെയ്തത്. മർദ്ദനമേറ്റു പിടഞ്ഞ അജേഷിന്റെ നിലവിളി കേട്ടിട്ടും അയൽവാസികളോ ബന്ധുക്കളോ തിരിഞ്ഞുനോക്കിയില്ല. എല്ലാവരും കാഴ്ചക്കാരായി നിന്നു. മർദനമേറ്റ് അവശനിലയിലായ അജേഷ് വന്നുകിടന്നത് ചതുപ്പുകൂടിയ സ്ഥലത്തെ വാഴത്തോപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP