Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു; പ്രമേയം പാസായത് ഭൂരിപക്ഷ പിന്തുണയിൽ; ഇനി വിചാരണ സെനറ്റിൽ; സെനറ്റും അംഗീകരിച്ചാൽ മാത്രം ട്രംപിന് അധികാര നഷ്ടം; സെനറ്റിൽ ബഹഭൂരിപക്ഷം റിപ്പബ്ലിക്ക് പാർട്ടിക്കുള്ളതിനാൽ ട്രംപിനെ പുറത്താക്കാനുള്ള പ്രതിപക്ഷ നീക്കം പൊളിയുമെന്നും വിലയിരുത്തൽ; ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായി ട്രംപ് മാറുമ്പോൾ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു; പ്രമേയം പാസായത് ഭൂരിപക്ഷ പിന്തുണയിൽ; ഇനി വിചാരണ സെനറ്റിൽ; സെനറ്റും അംഗീകരിച്ചാൽ മാത്രം ട്രംപിന് അധികാര നഷ്ടം; സെനറ്റിൽ ബഹഭൂരിപക്ഷം റിപ്പബ്ലിക്ക് പാർട്ടിക്കുള്ളതിനാൽ ട്രംപിനെ പുറത്താക്കാനുള്ള പ്രതിപക്ഷ നീക്കം പൊളിയുമെന്നും വിലയിരുത്തൽ; ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായി ട്രംപ് മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. അസാധാരണ നടപടികളാണ് ഉണ്ടായത്. അധികാര ദുർവിനിയോഗത്തിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ്. 435 അംഗങ്ങളുള്ള സഭയിൽ 431പേരാണ് വോട്ട് ചെയ്തത്. 226 വോട്ടോടെയാണ് അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് ചെയ്തത്. അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡണ്ടാണ് ഡോണൾഡ് ട്രംപ്.

ഇനി ഉപരിസഭയായ സെനറ്റിൽ വിചാരണ നടക്കും. ഈ പ്രമേയത്തിന് സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ ട്രംപിനെ പുറത്താക്കാൻ കഴിയൂ. എന്നാൽ ഇതിന് സാധ്യത കുറവാണ്. ട്രംപിന് സെനറ്റിൽ ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് തന്നെ പ്രസിഡന്റായി ട്രംപ് തുടരുമെന്നാണ് സൂചന. റിപ്പബ്ലിക്കൻ പാർട്ടി ട്രംപിന് പിന്നിൽ ഉറച്ചു നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സെനറ്റിൽ അട്ടിമറിയുണ്ടാകില്ലെന്നാണ് സൂചന. അതിനാൽ ട്രംപിന് തുടരാനാകും. പ്രസിഡന്റ് സ്ഥാനത്ത് ട്രംപിന് ജനപ്രിയത കൂടുന്നുവെന്നാണ് സർവ്വേ ഫലങ്ങളും. അതുകൊണ്ട് തന്നെ ജനപ്രതിനിധി സഭയിലെ ഇംപീച്ച്‌മെന്റിനെ രാഷ്ട്രീയ പ്രതികാരമായി ചിത്രീകരിക്കാനും ട്രംപിന് കഴിയും.

230 പേർ പ്രമേയത്തെ അനുകൂലിച്ചു. 197 പേർ എതിർത്തു. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഇനി യുഎസ് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്‌ക്കെത്തും.435 അംഗ ജനപ്രതിനിധി സഭയിൽ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാർട്ടിക്കാണു ഭൂരിപക്ഷം. 100 അംഗ സെനറ്റ് അനുമതി നൽകിയാൽ മാത്രമാണു ജനുവരിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. എന്നാൽ, സെനറ്റിൽ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാൽ പ്രമേയം തള്ളിപ്പോകാനാണു സാധ്യത. 

തനിക്കെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടി അമേരിക്കയെ തകർക്കാനുള്ള ശ്രമമാണെന്ന് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ജനപ്രതിനിധി സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടികൾ അവസാന ഘടത്തിലേക്ക് കടക്കവെ, സ്പീക്കർ നാൻസി പെലോസിക്ക് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരായ കേസുകൾ കുത്തിപ്പൊക്കാൻ ട്രംപ് ഉക്രയിന് മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. ഇതിനൊപ്പം ജനപ്രതിനിധി സഭയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിച്ചുവെന്നും ആക്ഷേപം ഉയർന്നു.

ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപ് ആരോപിച്ചു. പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഇതിന് വിരുദ്ധമായ സർവ്വേ ഫലമാണ് ഇപ്പോൾ അമേരിക്കയിൽ നിന്ന് പുറത്തു വരുന്നത്.

ഇംപീച്ച്‌മെന്റ് അംഗീകരിക്കാനുള്ള ഭൂരിപക്ഷ ജനപ്രതിനിധി സഭയ്ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്പീക്കർ നാൻസി പെലോസിക്ക് കത്തെഴുതിയത്. നിർബന്ധിത സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ഇംപീച്ച്‌മെന്റ് എന്ന വാക്കിനെ നിങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തിൽ ട്രംപ് കുറ്റപ്പെടുത്തുന്നു. ഇംപീച്ച്‌മെന്റ് നീക്കം അമേരിക്കയെ തകർക്കാനുള്ള ശ്രമമാണ്. തെളിവുകൾ ഹാജരാക്കാനുള്ള അവകാശം വകവെച്ച് തന്നില്ലെന്നും ട്രംപ് കത്തിൽ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് അടുക്കുന്തോറും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി വർധിക്കുന്നുണ്ട്. ഡെമോക്രാറ്റുകളുടെ ശക്തമായ ഇംപീച്ച്‌മെന്റ് നടപടികൾക്കിടയിലും തിങ്കളാഴ്ച പുറത്തുവിട്ട സൂചികയിൽ 43 ശതമാനംപേരാണ് ട്രംപിനൊപ്പംനിൽക്കുന്നത്. ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ഉയരത്തിലാണിപ്പോൾ പ്രസിഡന്റിനുള്ള ജനപിന്തുണ. അതേസമയം, ഭരണകാലത്തെ ജനപ്രീതിയിൽ ട്രംപ് മുൻഭരണാധികാരികളെക്കാൾ ബഹുദൂരം പിന്നിലാണെന്ന് സർവേ പറയുന്നു. ഡിസംബർ 11മുതൽ 15വരെയാണ് ക്വിൻപാക് സർവകലാശാല സർവേ നടത്തിയത്. 52 ശതമാനംപേരാണ് ട്രംപിന്റെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയത്.

പ്രസിഡന്റ് പദവിയിലിരിക്കെ ട്രംപിന്റെ ജനപ്രീതിയിൽ വലിയ ഇടിവാണ് ഇതുവരെ കണ്ടിരുന്നത്. അവസാന സർവേയിലാണ് മാറ്റംകാണുന്നത്. ഇതേ സർവകലാശാല തൊട്ടുമുമ്പ് നടത്തിയ സർവേയിൽ 41 ശതമാനം പേരായിരുന്നു ട്രംപിനെ അനുകൂലിച്ചിരുന്നത്. 55 ശതമാനംപേർ അതൃപ്തിയും രേഖപ്പെടുത്തി. ഇംപീച്ച്‌മെന്റ് നടപടി തുടങ്ങുംമുമ്പ് ഒക്ടോബറിൽ നടത്തിയ സർവേയിൽ ഇത് യഥാക്രമം 38 ശതമാനവും 58 ശതമാനവും ആയിരുന്നു. അതേസമയം, ട്രംപിനുനേരെയുള്ള ഇംപീച്ച്മെന്റ് നടപടികളെ 45 ശതമാനംപേർ അനുകൂലിച്ചപ്പോൾ 51 ശതമാനംപേർ എതിർക്കുകയും ചെയ്തു.

സാമ്പത്തികവളർച്ചയും തൊഴിലില്ലായ്മ കുറഞ്ഞതുമാണ് ട്രംപിനെ തുണയായത്. 73 ശതമാനംപേർ സാമ്പത്തികമേഖലയിലെ ഉണർവാണ് സർവേയിൽ എടുത്തുപറഞ്ഞതെന്ന് ക്വിൻപാക് യൂണിവേഴ്‌സിറ്റി പോളിങ് അനലിസ്റ്റ് മേരി സ്‌നോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP